ത്രിപുരയുടെ ജീവതാളങ്ങൾ
text_fieldsകുന്നുകളുടെയും മലകളുടെയും നാടാണ് ത്രിപുര. കൃഷിപാടങ്ങളും നദികളും തടാകങ്ങളും കൊണ്ട് സമൃദ്ധമായ, വ്യത്യസ്ത സംസ്കാരങ്ങൾ നിറഞ്ഞ, ത്രിപുരയിലേക്കാണ് ഈ യാത്ര. ഇന്ത്യയിലെ വലുപ്പം കുറഞ്ഞ മൂന്നാമത്തെ സംസ്ഥാനമാണിത്. മണിപ്പൂരിലെ സിസിപൂരിൽ നിന്നും ഇംഫാൽ വഴി അഗർത്തല എയർപോർട്ടിൽ ഇറങ്ങുമ്പോൾ വൈകുന്നേരമായി. പടിഞ്ഞാറ് അസ്തമയച്ചായം വിതറി, സൂര്യൻ ചുവന്ന സിന്ദൂരപ്പൊട്ടായി മാനത്തുനിന്നും താഴോട്ടിറങ്ങുന്നു. ചുറ്റും ചാരം പൂശിയ മേഘക്കൂട്ടങ്ങൾ.
ആകാശമൊരുക്കിയ നിറച്ചാർത്ത്. അത്യുഗ്രൻ കാഴ്ചവിരുന്ന്. എക്സിറ്റ് കടന്നപ്പോൾ ടാക്സിക്കാരും ഓട്ടോക്കാരും വട്ടമിട്ടുനിൽപ്പാണ്. എയർപോർട്ടിനടുത്തുതന്നെ താമസിക്കാനായിരുന്നു തീരുമാനം. ഓട്ടോപിടിച്ച് ടൗണിലേക്ക് നീങ്ങി. നാലഞ്ച് കി.മീ. അപ്പുറത്തായി VIP International എന്നെഴുതിയ ഒരു ഹോട്ടലിന്റെ മുന്നിൽ ശകടം നിർത്തി. പേരൊക്കെ കൊള്ളാം, എങ്കിലും താമസിക്കാൻ കൊള്ളാമോ എന്ന് നോക്കണം. അകത്തുപോയി പരിശോധിച്ചു. പുതിയൊരു ഹോട്ടലാണ്. നല്ല വൃത്തിയും സൗകര്യങ്ങളുമുണ്ട്. റൂഫ് ടോപ്പിൽ തന്നെ റസ്റ്റാറന്റും. അവിടെ കൂടാമെന്നായി. ബാഗുകൾ റൂമിൽ കൊണ്ടുവച്ച് ഫ്രഷ് ആയി മുകളിൽ ചെന്ന് ചായക്ക് ഓർഡർ കൊടുത്തു.
സുന്ദരമായ ഇന്റീരിയറും ഫർണിച്ചറും അലങ്കാരങ്ങളും കൊണ്ട് ആകെപ്പാടെ ഭംഗിയുള്ള ഒരന്തരീക്ഷം. പലനിറമുള്ള പൂങ്കുലകൾ നിറഞ്ഞ പൂപ്പാത്രങ്ങളും തൂക്കുവിളക്കുകളും തോരണങ്ങളും. ഇരിപ്പിടങ്ങളും മേശയുമെല്ലാം അതിമനോഹരം. ഗ്ലാസ്‌മറയിലൂടെ സുതാര്യമാകുന്ന പുറം കാഴ്ചകൾ. അഗർത്തല നഗരവും പ്രാന്തപ്രദേശങ്ങളുമടങ്ങുന്ന ദൂരക്കാഴ്ചകൾ കണ്ട് ഭക്ഷണപാനീയങ്ങൾ ആസ്വദിക്കാം. കുറച്ച് നേരം ആ കാഴ്ചകളിൽ മതിമറന്നിരുന്നു. അതിനിടയിൽ ചായ എത്തി. അത് കുടിച്ച്, രാത്രിഭക്ഷണത്തിനുള്ള ഓർഡറും കൊടുത്ത് താഴെ മുറിയിലെത്തി വിശ്രമിച്ചു.
പിറ്റേന്നത്തെ പ്ലാനുകളും റൂട്ടുമൊക്കെ കണ്ടുപിടിച്ച് ലീഡേഴ്‌സ് സദൻപിള്ളയും ശിവദാസും ഹോട്ടലിന്റെ മറ്റൊരു റൂമിലുണ്ട്. അയൽപക്കത്തെ താമസക്കാരായി ജഗ്ഗുവും കുടുംബവും അഖിലുമൊക്കെയുണ്ട്. ത്രിപുരയിൽ ഞങ്ങൾ എട്ടുപേർ മാത്രം. ബാക്കിയുള്ളവർ വേറെ വഴിക്കുപോയി. ത്രിപുര എന്ന നാടിന്റെ ജീവിതവും കാഴ്ചകളും കണ്ട് നാലഞ്ച് നാളുകൾ കഴിഞ്ഞ് നാട്ടിലേക്ക് തിരിക്കണം. ഒമിക്രോണിന്റെ പേടിക്കൊപ്പം യാത്രയുടെ കിടിലൻ ത്രില്ലുകളും ഒരുപോലെ മനസ്സിൽ മത്സരിച്ചു നുരയിട്ടുപൊന്തിക്കൊണ്ടിരുന്നു.
ഒമ്പതുമണിക്ക് ഡിന്നറിനായി മുകളിലെത്തുമ്പോൾ ഫുഡ് റെഡി. സൂപ്പും ചപ്പാത്തിയും, മലായ് കോഫ്തയും, പിന്നെ കശുവണ്ടിപ്പരിപ്പും ഉണക്കമുളകും ചേർത്ത് ഡ്രൈ ഫ്രൈ ചെയ്ത സ്പെഷൽ ചിക്കനും. ഒരു ചെമ്പ് പാത്രത്തിലാണ് സൂപ്പ്. രണ്ടുമൂന്ന് പേർക്ക് കഴിക്കാവുന്നത്ര അളവുണ്ട്. ചിക്കൻ ഫ്രൈയുടെ അലങ്കാരത്തിൽ ആരും വീണുപോകും. അത്രക്ക് ഭംഗിയായി ഒരു തടിപ്പാത്രത്തിൽ കൊതിപ്പിക്കും വിധത്തിൽ നിരത്തിവെച്ചിട്ടുണ്ട്. കറുത്ത ഒരു കുപ്പി രണ്ടായി പിളർന്നപോലുള്ള ചേലുള്ള പാത്രം. അതിൽ വറുത്ത കശുവണ്ടിയും ചെറിയ ചിക്കൻ പീസുകളും മൊരിഞ്ഞുചുവന്ന പിരിയൻ മുളകും. അധികം മസാലകൾ ചേർക്കാതെ തയാറാക്കിയ, മറ്റെങ്ങും കാണാത്ത ഒരു വിഭവം. കാണാൻ മാത്രമല്ല കഴിക്കാനും രുചിയും രസവുമുണ്ട്.
ചപ്പാത്തിയോ റോട്ടിയോ എന്ന് തിരിച്ചറിയാൻ പറ്റാത്തപോലെ പരന്നുമൊരിഞ്ഞ ഗോതമ്പു വിഭവം. എല്ലാം ആസ്വദിച്ച് കഴിച്ചു. ഷെഫിനോടും ക്രൂവിനോടും നന്ദി പറഞ്ഞ് താഴെ റൂമിലേക്ക് പോയി. ഏറെ വൈകാതെ മെത്തയിൽ വീണു. തണുപ്പ് കുറഞ്ഞ അഗർത്തലയിലെ രാത്രിയിൽ ഞങ്ങൾ സുഖമായുറങ്ങി.
അഗർത്തലയിലെ നഗരവീഥികൾ
വെളുപ്പിന് നാലരക്ക് തന്നെ സഹയാത്രികരുടെ മെസ്സേജ് വന്നു. മോർണിങ് വാക്കിന്റെ സമയമായി. നടക്കാൻ പോകാമെന്ന് തലേന്ന് തന്നെ പ്ലാൻ ചെയ്തിരുന്നെങ്കിലും ഞാനും ജൂലിയും പിന്നെയും മൂടിപ്പുതച്ചുകിടന്നു. ഉണർന്നപ്പോൾ സമയം എട്ടുമണി. വൈകിയെങ്കിലും നടത്തം മുടക്കണ്ട എന്ന് കരുതി പുറത്തിറങ്ങി. വലത്തോട്ട് തിരിഞ്ഞ് ഹൈവേയിലൂടെ നടന്നു. തെളിവെയിലിന്റെ സ്വർണത്തിളക്കത്തിൽ അഗർത്തല നഗരം കൂടുതൽ ഭംഗിയായി തോന്നി. നേരിയ തണുപ്പുണ്ട്. റോഡിന് വലതുവശത്തായി രാധാനഗർ മോട്ടോർ സ്റ്റാൻഡ്. മുന്നിൽ വലിയൊരു പാലം. അതും കടന്ന് മുന്നോട്ട് നടന്നു.
ഇടതുവശത്ത് അഗർത്തലയുടെ കളിസ്ഥലവും ഗാലറിയും. ഓട്ടക്കാരും ചാട്ടക്കാരും പതിവുവ്യായാമങ്ങളുമായി ഗ്രൗണ്ടിൽ ചിതറി നിൽക്കുന്നു. മുന്നോട്ട് ചെന്ന് ഏതാണ്ട് ഒരു കി.മീ. കഴിഞ്ഞപ്പോൾ ഒരു സിഗ്നൽ കണ്ടു. സിഗ്നലിനു സമീപം തെളിഞ്ഞു നിൽക്കുന്ന ഒരു വലിയ ബോർഡും. പ്രസാർഭാരതിയുടെ ബോർഡാണത്. അഗർത്തല ആകാശവാണിയുടെ ബോർഡ്. അതിനപ്പുറം കുറേക്കൂടി മാറി ദൂരദർശന്റെ ബോർഡും കണ്ടു. ഞങ്ങൾ തിരികെ നടന്നു. ബസ്റ്റോപ്പിൽ മാത്രം കുറച്ച് ആളുകൾ നിൽപ്പുണ്ട്. രാവിലെ ജോലിക്ക് പോകുന്നവരുടെ തിരക്കാണത്. തുരുതുരെ ചായക്കടകളും മുറുക്കാൻ കടകളും. ഒരു കടയുടെ മുന്നിൽ ചെന്ന് ചായ ചോദിച്ചു.
വാസനമുറുക്കാന്റെയും മീഠാപാനിന്റെയും രൂക്ഷഗന്ധം നിറഞ്ഞ പരിസരം. വെറ്റിലയും ചുണ്ണാമ്പും മറ്റെന്തൊക്കെയോ ചേർത്തും മുറുക്കാൻ പൊതിഞ്ഞുവാങ്ങുന്നവരുടെ തിരക്ക്. അവ വായിലിട്ടു ചവച്ചുകൊണ്ട് സംസാരിക്കുന്നവരുടെ ബഹളം, കുശലം പറച്ചിലുകൾ. അതിനിടയിൽ ചായ കിട്ടി. ഒരു മിനി പേപ്പർ ഗ്ലാസ്സിൽ ഒന്നൊന്നര ഔൺസ് ചായ. കടുപ്പത്തിൽ മധുരം ചേർത്ത ചൂടുചായക്ക് നല്ല രുചിതോന്നി. ചായ ഒന്നിന് അഞ്ച് രൂപ. ചായകുടിച്ച് കാശുകൊടുത്ത് തിരികെ നടന്നു. ഹൈവേയുടെ സൈഡിലൂടെ, പാലത്തിനടിയിലെ വഴിക്കച്ചവടത്തിന്റെ ഇടയിലൂടെ, അഗർത്തല മാർക്കറ്റിലേക്ക്.
നഗരഹൃദയത്തിലെ നാട്ടുചന്ത
മാർക്കറ്റിലേക്കുള്ള വഴിനീളെ ചെറുകിട വ്യാപാരികളാണ്. പൂക്കളും പച്ചക്കറികളും കിഴങ്ങുവർഗങ്ങളും ധാന്യങ്ങളും മറ്റു കൃഷിയുൽപന്നങ്ങളും വനവിഭവങ്ങളും നിരത്തിവെച്ച ചില്ലറ വിൽപനക്കാർ. പുരുഷന്മാരാണ് ഈ വഴി കൂടുതലും. വയോധികരും ചെറുപ്പക്കാരുമായ ഗ്രാമവാസികളും ഗോത്രവിഭാഗങ്ങളും ഉണ്ട്. കോഴിയും താറാവും മുയലും കാടയും ഒക്കെയുണ്ട്. അതിനിടയിലൂടെ നടന്ന് മാർക്കറ്റിലെത്തി. വിശാലമായ മാർക്കറ്റ്. നീളെയും കുറുകെയും സ്റ്റാളുകൾ. പലനിറമുള്ള പഴങ്ങളും പച്ചക്കറികളും കൊണ്ട് നിറപ്പകിട്ടുള്ള ഒരു വമ്പൻ മാർക്കറ്റാണിത്. ആൺപെൺ വ്യത്യാസമില്ലാതെ പ്രായഭേദമില്ലാതെ വ്യവഹാരങ്ങൾ നടത്തുന്ന അഗർത്തലയുടെ മക്കൾ. കാട്ടിലും നാട്ടിലുമുള്ള എല്ലാത്തരം ഭക്ഷ്യ ഉൽപന്നങ്ങളുടെയും സമാഹരണ വിപണനകേന്ദ്രമാണിത്.
ജൈവിക നാടൻ രീതിയിൽ കൃഷി ചെയ്ത ഉൽപന്നങ്ങളാണ് അഗർത്തല മാർക്കറ്റിൽ കൂടുതലും. ഒരു കളർഫുൾ മാർക്കറ്റാണിത്. നിറവൈവിധ്യവും ഉൽപന്ന വൈവിധ്യവും കൊണ്ട് സമൃദ്ധമായ വിപണി. അതിനിടയിലൂടെ നടന്നു. പച്ചയും നീലയും വയലറ്റും ചുവപ്പും ഓറഞ്ചും നിറമുള്ള പഴം പച്ചക്കറി കൂമ്പാരങ്ങൾ. ഓറഞ്ചും മാതളപ്പഴവും ആപ്പിളും ബംബ്ലൂസും വാഴപഴങ്ങളും യഥേഷ്ടമുണ്ട്. തക്കാളി, മുളക് എന്നിവയുടെ പലയിനങ്ങൾ. ചെറിയ നാടൻതക്കാളി, ഉരുണ്ട് തുടുത്ത വലിയ തക്കാളി, പച്ചത്തക്കാളി എന്നിവക്കൊപ്പം പച്ചമുളക്, നീലമുളക്, മൂത്തുപഴുത്ത കിങ്ങ് ചില്ലി, പച്ചക്കാന്താരി, വെള്ളക്കാന്താരി എന്നിവയുമുണ്ട്.
മല്ലിയില, മുളങ്കൂമ്പ്, കാരറ്റ്, ചുരക്ക, മത്തങ്ങ, കുറിയൻ വെള്ളരി, വെണ്ട, നീല നിറമുള്ള നീളൻ വഴുതിന, കത്തിരിക്ക, റോസ് മുള്ളങ്കി, വെള്ള മുള്ളങ്കി, കാരറ്റ് ചെറുതും വലുതും, സോയാബീൻ, കരിമ്പച്ചനിറമുള്ള കുള്ളൻ പാവയ്ക്ക, അമരക്ക, അച്ചിങ്ങപയർ, ചെമ്മീൻ പുളി, ഇഞ്ചി, പച്ചമഞ്ഞൾ, വാഴപ്പിണ്ടി, വാഴക്കൂമ്പ് എന്നിങ്ങനെ നീളുന്നു പച്ചക്കറിയിനങ്ങൾ. ഇതെല്ലാം കിലോ കണക്കിന് വാങ്ങണമെന്നില്ല. ചെറിയ തോതിൽ വാങ്ങാം. ചീര, മല്ലിയില, ചേമ്പിൻ താൾ, മത്തനില എന്നിവ കൂടുതലായുണ്ട്. ഇലക്കറികൾക്ക് കൂടുതൽ പ്രാധാന്യമുള്ളവരാണ് ഇവിടത്തുകാർ എന്ന് ബോധ്യമായി.
പച്ചക്കറികൾക്കൊപ്പം പലവ്യഞ്ജനങ്ങളും മീനും ഇറച്ചിയുമെല്ലാമുണ്ട്. കൂടാതെ പലനിറത്തിലും വലുപ്പത്തിലുമുള്ള അരിമണികൾ. പച്ചരിയും കുത്തരിയുമുണ്ട്. ഔഷധയിനത്തിൽ പെട്ട അരിയുമുണ്ട്. ഇതെല്ലാം തൃപുരയുടെ മണ്ണിൽ വിളഞ്ഞതാണ്. വിലയും തൂക്കവും എഴുതി ചെറിയ പ്ലാസ്റ്റിക് കിറ്റുകളിലാണ് അരി വച്ചിരിക്കുന്നത്. ഒരു പരന്ന പ്ലാസ്റ്റിക് പാത്രത്തിലെ വെള്ളത്തിൽ പിരിയൻ ഒച്ചുകൾ. അവയുടെ ചലനം കണ്ട് നോക്കിനിന്നു. കറുത്ത ഒച്ചുകൾ നമുക്ക് അറപ്പുള്ളവാക്കുമെങ്കിലും ഇവിടത്തുകാരുടെ ഇഷ്ടവിഭവമാണിത്. മറ്റൊരിടത്തേക്ക് ശ്രദ്ധ തിരിഞ്ഞു. പ്രായമുള്ളൊരാൾ ഇടിച്ചക്ക അരിവാൾ കൊണ്ട് നുറുക്കിയെടുക്കുന്നു. കൗതുകം തോന്നി. അടുത്ത് ചെന്ന് വില ചോദിച്ചു. ഒരു പിടിക്ക് മുപ്പതു രൂപ എന്ന് പറഞ്ഞ് കുനിഞ്ഞിരുന്ന് മുഖത്ത് നോക്കാതെ അദ്ദേഹം ശ്രദ്ധയോടെ തന്റെ ജോലിയിൽ മുഴുകി.
കിഴങ്ങുവർഗവിളകളുടെ വിൽപനയും കാര്യമായി ഇവിടെയുണ്ട്. പലതരം കാച്ചിലുകൾ, ചേമ്പ്, ചേന, ചെറുകിഴങ്ങ്, നനകിഴങ്ങ്, ശതാവരിക്കിഴങ്ങ്, മധുരക്കിഴങ്ങ് എന്നിങ്ങനെ കിഴങ്ങുകൾ ധാരാളം. നമ്മുടെ നാട്ടിൽ ഇപ്പോൾ അപൂർവമായി കാണുന്ന ഇവ കണ്ടപ്പോൾ സന്തോഷം തോന്നി. മാർക്കറ്റിന്റെ വശങ്ങളിൽ പൂക്കച്ചവടവുമുണ്ട്. മഞ്ഞയും ഓറഞ്ചും നിറമുള്ള ചെണ്ടുമല്ലി, ജമന്തി, ചെമ്പരത്തി, കൂവളത്തില തുടങ്ങിയവ കാണാം. ഞങ്ങൾ മാർക്കറ്റ് ചുറ്റിക്കറങ്ങി നാടും നഗരവും ഒരുമിക്കുന്ന ഒരു വിപണിയുടെ എല്ലാ കാഴ്ചകളും കണ്ടു. ഒരു പഴക്കടയിൽ നിന്നും നൂറ് രൂപ വീതം കൊടുത്ത് ഓറഞ്ചും ആപ്പിളും വാങ്ങി പുറത്തിറങ്ങി.
നഗരം ഇപ്പോഴും ശൂന്യം. ബസ് സ്റ്റാൻഡിന് സൈഡിലൂടെ വലത്തോട്ട് തിരിഞ്ഞ് ഞങ്ങൾ താമസസ്ഥലത്തെത്തി. റൂമിൽ ചെന്ന് ഫ്രഷ് ആയി റസ്റ്റാറന്റിൽ പോയി ചായയും റോട്ടിയും കഴിച്ച് അടുത്ത യാത്രക്കുള്ള തയാറെടുത്തു. കൃത്യം 11 മണിക്ക് വാഹനമെത്തി. ത്രിപുരയുടെ കാഴ്ചവട്ടങ്ങളിലേക്കിറങ്ങി. അഗർത്തലയിൽ നിന്നു 56 കി.മീ. ദൂരത്തുള്ള ത്രിപുര സുന്ദരിക്ഷേത്രമാണ് പ്രഥമലക്ഷ്യം. നഗരഹൃദയത്തിലൂടെ, നാട്ടുകാഴ്ചകളിലൂടെ വണ്ടി നീങ്ങി. നെൽപ്പാടങ്ങളും കാബേജ് പാടങ്ങളും, വാഴത്തോട്ടങ്ങളും റബർ ത്തോട്ടങ്ങളും കണ്ട് നീങ്ങുമ്പോൾ ഇത് കേരളത്തിന്റെ പ്രകൃതിയാണോ എന്ന് സംശയിക്കും. അത്രക്ക് സാമ്യം തോന്നും നമ്മുടെ നാടുമായി. ഇടക്ക് കാണുന്ന കരിമ്പനകളും മാതളവും തെങ്ങും തമിഴ് മണ്ണിനേയും ഓർമപ്പെടുത്തി.
ത്രിപുരേശ്വരി ക്ഷേത്രനടയിൽ
ത്രിപുരയുടെ മാതാവാണ് ത്രിപുരേശ്വരി. ഉദയ്പൂരിലാണ് ത്രിപുരസുന്ദരി ക്ഷേത്രം. ഇന്ത്യയിലെ തന്നെ പ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്നാണിത്. കാളി ദേവിയുടെ 51 ശക്തിപീഠങ്ങളിൽ ഒന്നാണിതെന്നു കരുതപ്പെടുന്നു. കാളിയുടെ സൊരോഷി അവതാരമാണത്രേ ഇവിടെ ഉള്ളത്. കൂർമ്മാകൃതിയിലുള്ള ക്ഷേത്രമാണ് ത്രിപുരസുന്ദരി ക്ഷേത്രം. 'ത്രിപുരയിലെ കാമാഖ്യ' എന്നും ഇത് അറിയപ്പെടുന്നു.
സതീദേവിയുടെ വലതുകാൽപാദം അറ്റ് വീണത് ഇവിടെയാണെന്നാണ് ഐതിഹ്യം. സതീദേവിയുടെ വിയോഗത്താൽ ദുഖിതനായ ശിവൻ സതിയുടെ മൃതശരീരം തോളിലേറ്റി താണ്ഡവമാടിയപ്പോൾ അതുകണ്ട് മറ്റു ദേവന്മാർ അസ്വസ്ഥരായി എന്നും, ശിവന്റെ താണ്ഡവം അവസാനിപ്പിക്കുന്നതിനായി വിഷ്ണുഭഗവാൻ തന്റെ സുദർശനചക്രം കൊണ്ട് സതീദേവിയുടെ ശരീരം ഛേദിച്ചു കഷണങ്ങളാക്കി എന്നും കഥ. സതിയുടെ ശരീരഭാഗങ്ങൾ ചെന്ന് വീണ സ്ഥലങ്ങളാണ് പിന്നീട് ശക്തികേന്ദ്രങ്ങളായി അറിയപ്പെട്ടത്. ഭാരതത്തിനു വെളിയിൽ പാകിസ്താൻ, ബർമ്മ, നേപ്പാൾ തുടങ്ങിയ സ്ഥലങ്ങളിലും ഈ ശരീരഭാഗങ്ങളിൽ പതിച്ചിട്ടുണ്ടത്രേ.
സതിയുടെ വലതുപാദം പതിഞ്ഞയിടമാണിവിടം എന്ന് വിശ്വസിക്കുന്നു. വലതുകാൽ ശ്രീചക്രത്തിൽ അമർത്തി സിംഹസനസ്ഥയായ ത്രിപുരസുന്ദരിക്ക് ചുറ്റും ബ്രഹ്മാവ്, വിഷ്ണു, ശിവൻ, ഗണേശൻ, ലക്ഷ്മി, സരസ്വതി, എന്നിവരുടെ പ്രതിഷ്ഠയുമുണ്ട്. ത്രിപുരസുന്ദരി മഹാവിദ്യാദേവിയും ആദിപരാശക്തിയുടെ തീവ്രഭാവവുമായി ഹൈന്ദവവിശ്വാസികൾ കരുതുന്നു. ക്ഷേത്രത്തിനു തൊട്ടുതാഴെയാണ് കല്യാൺസാഗർ തടാകം. അനേകം മത്സ്യവർഗങ്ങളും പ്രത്യേകയിനം ആമകളും പരിരക്ഷിക്കപ്പെടുന്ന ഇടം കൂടിയാണിത്. ക്ഷേത്രത്തിലെത്തുന്ന ഭക്തർ ഈ കുളത്തിൽ ആമകൾക്കും മീനുകൾക്കും തീറ്റ കൊടുക്കുന്നതും കാണാം.
അപൂർവ വർഗത്തിൽ പെട്ട ആമകളാണ് ഇവിടെയുള്ളത്. ദേവപ്രതീകങ്ങളായി ഇവയെ ക്ഷേത്രവിശ്വാസികൾ ആരാധിച്ചുപോരുന്നു. ആറരയേക്കർ വിസ്തൃതിയുള്ള കുളത്തിൽ വലിയ ഒരു താമരപ്പൂവിന്റെ രൂപവുമുണ്ട്. കുളത്തിലെ ആമകൾ പടികൾ കയറി ക്ഷേത്രമുറ്റത്തെത്തുന്ന പതിവുമുണ്ടത്രേ. ഞങ്ങൾ ഉച്ചയോടെ ക്ഷേത്രപരിസരത്തെത്തി. കാവിയുടുത്ത ക്ഷേത്രത്തിന്റെ മുകൾഭാഗം താഴെ നിന്ന് കാണാം. ചുറ്റും കച്ചവടത്തിരക്കുകൾ. കളിപ്പാട്ടങ്ങളും ആഭരണങ്ങളും പാത്രങ്ങളും പൂജാസാമഗ്രികളും. കടും നിറമുള്ള വസ്ത്രങ്ങളണിഞ്ഞ, കുങ്കുമം പൂശിയ, ആഭരണഭൂഷിതരായ വടക്കുകിഴക്കിന്റെ മക്കൾ തിക്കിത്തിരക്കിയോടുകയാണ് ദേവിയെ വണങ്ങാൻ, മുകളിലേക്ക്.
മുപ്പത് പടികളുള്ള ക്ഷേത്രനടയിൽ വരുന്നവരുടെയും പോകുന്നവരുടെയും തിരക്ക്. നിറയെ യാജകരുമുണ്ട്. ക്ഷേത്രമുറ്റത്ത് നീളത്തിലുള്ള ക്യൂ ആണ്. അതിനിടയിലൂടെ നൂണ്ട് അകത്തെത്തി. ആരും അലോസരമുണ്ടാക്കിയില്ല. പ്രതിഷ്ഠയെ ഒരുനോക്ക് കണ്ട് തിരക്കിൽ നിന്ന് വലിഞ്ഞു.
ക്ഷേത്രവളപ്പിൽ തണൽ വൃക്ഷങ്ങളും പൂച്ചെടികളും ധാരാളം. കൈയിൽ പൂത്താലവും കാണിക്കയുമായി നിൽക്കുന്നവരുടെ ഇടയിലൂടെ താഴേക്കിറങ്ങി ക്ഷേത്രക്കുളത്തിലെത്തി. ചെറുമീനുകൾ നീന്തിതുടിക്കുന്നു. ആമയെ കാണാൻ മോഹിച്ചെങ്കിലും നടന്നില്ല. താമസിയാതെ പടി കയറി അടുത്തു കണ്ട കരിക്കുകാരനോട് കരിക്കുവാങ്ങി കുടിച്ചു. അപ്പോഴുണ്ട് മറ്റൊരിടത്ത് വായിൽ വെള്ളമൂറുന്ന കാഴ്ച്. മൂത്തുചിനച്ച അമ്പഴങ്ങ പിളർത്തി പൂ പോലെ കമ്പിൽ കുത്തി മുളകുപൊടി വിതറിവെച്ചിരിക്കുന്നു. കൊതിപ്പിക്കുന്ന രീതിയിൽ. അത് വാങ്ങി കഴിച്ചു. എരിവും പുളിയും ചെറുമധുരവും ചേർന്ന രുചി. പിന്നെയും വാങ്ങി പലവട്ടം. കൊച്ചുനാളിൾ കോലുമുട്ടായി കിട്ടുമ്പോൾ തോന്നുന്ന സന്തോഷം മനസ്സിൽ തികട്ടിവന്നു. ചില കൗതുകവസ്തുക്കളും വാങ്ങി വണ്ടിയിൽ കയറി.
ഉച്ചയൂണ് കഴിച്ച് വെള്ളത്തിനു നടുവിലുള്ള കൊട്ടാരം കാണാനുള്ള തിടുക്കമായി. വണ്ടി ത്രിപുരയുടെ ഹരിതഭൂമിയിലൂടെ പാഞ്ഞു. കുറച്ച് കഴിഞ്ഞ് ഒരു ഹോട്ടലിന്റെ മുന്നിൽ നിർത്തി. സാരിയുടുത്ത സുന്ദരിയായ ഒരു മധ്യവയസ്ക നിറഞ്ഞ ചിരിയോടെ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു. അവരുടെ സ്വന്തം ഹോട്ടലാണിത്. ഒരു കുടുംബസംരംഭം. അകത്തുനിറയെ സ്കൂൾ കുട്ടികളാണ്. അവരുടെ ഉച്ചഭക്ഷണം ഇവിടുന്നാണ്. ഞങ്ങളും കൈകഴുകി വന്നിരുന്നു. പൂപ്പടമുള്ള പേപ്പർ പ്ലേറ്റുകൾ മുന്നിൽ നിരന്നു. ചോറിനൊപ്പം മീൻ വറുത്തതും മീൻ കറിയും അച്ചാറും തോരനും കുഴമ്പൻ പച്ചക്കറിക്കൂട്ടും. പുളി ചേർക്കാത്ത മീൻകറി. രുചിയത്ര പിടിച്ചില്ല. എങ്കിലും കഴിക്കാതെ നിവൃത്തിയില്ല. അത്രക്കുണ്ട് വിശപ്പ്. വടക്കുകിഴക്കിന്റെ മെനുവിൽ മത്സ്യവിഭവങ്ങൾ മുന്നിൽ തന്നെ. അതിനോട് സമരസപ്പെട്ടു.
വയറു നിറയെ കഴിച്ച് കാശ് കൊടുത്ത് പുറത്തിറങ്ങി. അപ്പോഴും ആ ഹോട്ടലമ്മ എല്ലാവരെയും മാടിവിളിക്കുന്നുണ്ട്. ഭക്ഷണം കഴിക്കാൻ. ഞാൻ അടുത്തുചെന്ന് പേരുചോദിച്ചു. ലക്ഷ്മി. കാഴ്ചയിലും പെരുമാറ്റത്തിലും ലക്ഷ്മി തന്നെയെന്ന് മനസ്സിൽ പറഞ്ഞു. പിന്നെ വണ്ടിയിൽ കയറി അടുത്ത താവളമായ നീർമഹലിനെ ലക്ഷ്യമാക്കി യാത്ര തുടർന്നു. രുദ്രസാഗർ തടാകക്കരയിലെത്തി ടിക്കറ്റ് എടുത്തു. ജെട്ടി നിറയെ ബോട്ടുകളാണ്. അകലെ കായൽപ്പരപ്പിൽ തലയുയർത്തി നിൽക്കുന്ന നീർമഹൽ. പ്രൗഡഗംഭീരമായ കാഴ്ച്. കായലിലൂടെ കൊട്ടാരത്തിലേക്ക് ഓളങ്ങൾ പരത്തി ഒഴുകുന്ന ബോട്ടുകൾ. ഇതെല്ലാം കണ്ട് ക്ഷമയോടെ ജെട്ടിയിൽ നിന്നു. ഒരു ഉത്സവപ്രതീതിയുണ്ട് പരിസരമാകെ. ടൂറിസ്റ്റുകളുടെ തിരക്ക് തന്നെ.
കളിപ്പാട്ടങ്ങളും ഐസ്ക്രീമും വിൽക്കുന്നവർ, വളയും മാലയും വിൽക്കുന്നവർ, അങ്ങനെ പലരുമുണ്ട്. താമസിയാതെ ഒന്ന് രണ്ട് ബോട്ടുകൾ വന്നടുത്തു. അതിൽ കയറിപ്പറ്റി. തിക്കിത്തിരക്കിയാണ് ആളുകളെ കയറ്റുന്നത്. അല്പം പേടി തോന്നി. എങ്കിലും കായലിലേക്ക് കണ്ണ് നട്ടിരുന്നു. നീർപക്ഷികളും താറാവും നീന്തിതുടിക്കുന്നു. കൊച്ചുവള്ളങ്ങളിൽ മീൻ പിടിക്കുന്നവർ. നീർമഹൽ അടുത്തടുത്തു വരുന്നു. നീണ്ടുപരന്നുകിടക്കുന്ന, താഴെ ചുവപ്പും മുകളിൽ വെള്ളനിറവുമുള്ള മാണിക്യകൊട്ടാരം സായാഹ്നവെയിലിൽ തിളങ്ങുന്നു. ബോട്ട് കരക്കടുത്തപ്പോൾ ഇറങ്ങി ചതുപ്പിനിടയിലൂടെ കമ്പുകൾ കോർത്തുകെട്ടിയ വഴിയിലൂടെ കൊട്ടാരമുറ്റത്തേക്ക് നടന്നു.
മനം മയക്കും മാണിക്യകൊട്ടാരം
അഗർത്തലയിൽ നിന്നു 54 കി.മീ. ദൂരെയാണ് രുദ്രസാഗർ തടാകമധ്യത്തിൽ സ്ഥിതി ചെയ്യുന്ന നീർമഹൽ. ത്രിപുരയിലെ സിപാഹിജാല ജില്ലയിലെ മെലാഘർ ഗ്രാമത്തിലാണിത്. 500 വർഷക്കാലം തുടർച്ചയായി ത്രിപുര ഭരിച്ച മാണിക്യ രാജവംശത്തിലെ രാജാക്കന്മാർ പണി കഴിപ്പിച്ചതാണ് നീർമഹൽ എന്ന പ്രശസ്തമായ ഈ കൊട്ടാരം. നോച്ചേര, കേമ്രാലിചേരാ, ദുർലവ് നാരായ എന്നീ മൂന്ന് നദികളുടെ സംഗസ്ഥാനമാണ് രുദ്രസാഗർ തടാകം. മാണിക്യ വംശത്തിലെ ഒടുവിലത്തെ രാജാവായിരുന്നു ബിയർ വിക്രം കിഷോർ മാണിക്യ ബെഹാദൂർ ആണ് വേനൽക്കാല വസതിയായി ഈ കൊട്ടാരം നിർമ്മിച്ചത്. ഒൻപതു വർഷങ്ങൾ കൊണ്ട് ഒരു ബ്രിട്ടീഷ് കമ്പനിയുടെ മേൽനോട്ടത്തിൽ ആയിരുന്നു കൊട്ടാരത്തിന്റെ നിർമ്മാണം എന്ന് പറയപ്പെടുന്നു.
അതിമനോഹരമായ രീതിയിൽ രൂപകല്പന ചെയ്ത ഒരു കൊട്ടാരമാണിത്. 24 മുറികളുള്ള ഈ ഇരുനില കൊട്ടാരത്തിൽ മനോഹരമായ ജാലകങ്ങളും പിരിയൻ ഗോവണികളും കാണാം. തടാക കാഴ്ചകൾക്കും കൊട്ടാരത്തിനു മുകളിലേക്കുള്ള പ്രവേശനത്തിനുമാണ് ഈ പിരിയൻ ഗോവണികൾ. അന്തർ മഹൽ എന്നറിയപ്പെടുന്ന അകത്തളവും രാജാവിന്റെയും രാജ്ഞിയുടെയും മുറികളും, സൈനികർ, കൊട്ടാര ജോലിക്കാർ, പരിചാരകർ എന്നിവർക്കുള്ള മുറികളും വെവ്വേറെയുണ്ട്. അടുക്കളയും ഭക്ഷണശാലയും കൂടാതെ നൃത്ത മണ്ഡപങ്ങൾ, ഓപ്പൺതിയേറ്റർ, വാച്ച് ടവർ എന്നീ സംവിധാനങ്ങളും ഉണ്ട്. അകത്തും പുറത്തും തണുപ്പ് തളം കെട്ടിയ അന്തരീക്ഷം. വെണ്മയുടെ പ്രൗ ഡഭംഗി. വെളിച്ചവും വായുവും യഥേഷ്ടം കിട്ടാൻ പാകത്തിനുള്ള മികച്ച നിർമ്മിതി.
ആകൃതികൊണ്ടും നിർമിതികൊണ്ടും സുന്ദരമായ നീർമഹലിന്റെ മുറ്റവും പരിസരവും ഹരിതാഭമാണ്. പച്ചപ്പുല്ലും പൂച്ചെടികളും നിറയെ കാണാം. കായ്ച്ചുപഴുത്തുനിൽക്കുന്ന അനേകം കവുങ്ങുകൾ, അതിൽ കരിമ്പച്ചയും ഓറഞ്ചും നിറത്തിലുള്ള അടക്കാക്കുലകൾ. സമൃദ്ധിയുടെ കാഴ്ച്ച. നീർമഹലിലെ കാഴ്ചകണ്ട് ഞങ്ങൾ പുറത്തിറങ്ങി പടിക്കെട്ടുകളിൽ ഇരുന്നു. ബിസ്‌ക്കറ്റും സ്നാക്സ്മൊക്കെ കിട്ടുന്ന ഒരു കൊച്ചു കട സമീപത്തുണ്ട്. ആളുകൾ തിരക്കു കൂട്ടി വാങ്ങുന്നുണ്ട്. ബോട്ടുകൾ അങ്ങോട്ടുമിങ്ങോട്ടും കായലിലൂടെ സഞ്ചരിക്കുന്നു. ഏത് ബോട്ടിലും അക്കരെയെത്താം. പക്ഷേ തിരക്ക് കുറയുന്നില്ല. ഇനി നോക്കിയിരുന്നിട്ട് കാര്യമില്ലെന്നോർത്തു അല്പം കഴിഞ്ഞ് ബോട്ടിനടുത്തേക്ക് നടന്നു. ഒന്ന് രണ്ട് ബോട്ടുകൾ പോയപ്പോൾ ഞങ്ങളും പുറകെ വന്ന ബോട്ടിൽ കയറി. വീണ്ടും തടാകയാത്ര. കിളികൾ, മീൻവലകൾ, മീൻപിടുത്തക്കാർ...കായലിൽ അസ്തമയ സൂര്യന്റെ ചായക്കൂട്ട്.... നീർമഹൽ അകന്നകന്നു പോകുന്നു. തീരം അടുക്കുന്നു. ജെട്ടിയിൽ
തിരക്ക് കൂട്ടുന്ന സഞ്ചാരികൾ. ചുറ്റും ഒന്നുകൂടി കണ്ണോടിച്ചു. തിരിഞ്ഞ് നോക്കുമ്പോൾ കായലിൽ നിഴൽ വീഴ്ത്തി നിൽക്കുന്ന നീർമഹൽ. പിന്നെയും പിന്നെയും കണ്ടു, ജലപ്പരപ്പിന് മീതെ നീണ്ടു കിടക്കുന്ന ആ മാണിക്യക്കൊട്ടാരം. വർഷം തോറും ആഗസ്റ്റിൽ ഇവിടെ ജലോത്സവം സംഘടിപ്പിക്കാറുണ്ട്. ഒട്ടേറെ ടൂറിസ്റ്റുകൾ എത്തുന്ന സമയമാണത്. ബോട്ട് ജെട്ടിയിൽ അടുത്തപ്പോൾ ഞങ്ങൾ ഓരോരുത്തരായി കരപറ്റി. പിന്നെ അഗർത്തലയെ ലക്ഷ്യമാക്കി വണ്ടിയിൽ കയറി.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.