മസായി ഗോത്ര വിശേഷങ്ങൾ
text_fieldsമാറ, ഒരു ആഫ്രിക്കൻ വിസ്മയം’ തുടർച്ച
മാറയെ കുറിച്ച് പറയുമ്പോൾ മസായി ഗോത്രക്കാരെ പരാമർശിക്കാതെ കടന്നുപോകാൻ ഒരിക്കലും കഴിയില്ല. കെനിയയിലെയും താൻസാനിയയിലെയും പ്രശസ്ത വന്യജീവി സങ്കേതങ്ങളുടെ ചാരത്തായി പല വിഭാഗങ്ങളായി നൂറു കണക്കിന് വർഷങ്ങളായി ജീവിച്ചു പോരുന്നവരാണ് മസായികൾ.
ഈ വന്യജീവി സങ്കേതങ്ങൾ ഉണ്ടാകുന്നതിനു മുമ്പേ തന്നെ അവിടെ ജീവിച്ചു വരുന്നവരാണവർ. ലോകം പരിഷ്കാരത്തിന്റെ പടവുകൾ നിരവധി കയറിയെങ്കിലും മസായികൾ പരമ്പരാഗത ശൈലികൾ ജീവിതത്തിൽ പുലർത്താൻ ഇന്നും ശ്രമിക്കുന്നു. കെനിയ, താൻസാനിയ സർക്കാരുകൾ ഇവരെ ആധുനികവൽക്കരിക്കാൻ ശ്രമിക്കുന്നുവെങ്കിലും പലരും പഴയ ശൈലിയിൽ ഉറച്ചുനിൽക്കാനാണ് ഇഷ്ടപ്പെടുന്നത്.
യാത്രയുടെ അടുത്ത ദിവസം രാവിലെ ഞങ്ങളുടെ യാത്ര ഒരു മസായി ഗ്രാമത്തിലേക്കായിരുന്നു. മോട്ടോർ സൈക്കിൾ, മൊബൈൽഫോൺ, ടോർച് ലൈറ്റ്, റേഡിയോ തുടങ്ങി ഏതാനും സാമഗ്രികൾ ഒഴിച്ചാൽ ആധുനികതയുടേതെന്ന് പറയാവുന്ന മറ്റൊന്നും അവിടെ കണ്ടില്ല.
സർക്കാർ അവർക്കുവേണ്ടി നടത്തുന്ന പ്രാഥമിക വിദ്യാഭ്യാസം കൊണ്ടും വിദേശ രാജ്യങ്ങളിൽനിന്നുള്ള സഞ്ചാരികളുമായി നിരന്തരം ഇടപെടുന്നതും കൊണ്ടുമായിരിക്കാം പലർക്കും വളരെ നന്നായി തന്നെ ഇംഗ്ലീഷ് സംസാരിക്കാൻ സാധിക്കുന്നുണ്ട്. കട്ടി ചുവപ്പും മഞ്ഞയും ഓറഞ്ചും വർണങ്ങളിൽ ഉള്ള അവരുടെ വസ്ത്രം എടുത്തു പറയേണ്ടുന്ന പ്രത്യേകതയാണ്.
വന്യ മൃഗങ്ങളെ അകറ്റി നിർത്താനാണ് പ്രധാനമായും അവർ ഇത്തരം വർണങ്ങളിലുള്ള വസ്ത്രം ഉപയോഗിക്കുന്നത്. കൂടാതെ വസ്ത്രവും ധരിക്കുന്ന ആഭരണങ്ങളും നോക്കി സമൂഹത്തിൽ ഓരോരുത്തരുടെയും സ്ഥാനം മനസ്സിലാക്കാം. കന്നുകാലികൾ മസായിഗോത്രക്കാരുടെ പ്രധാന ഉപജീവന മാർഗമാണ്.
ഒരാളുടെ സാമ്പത്തികാവസ്ഥ നിർണയിക്കുന്നത് എത്ര പശുക്കൾ, അല്ലെങ്കിൽ ആടുകൾ സ്വന്തമായുണ്ട് എന്നൊക്കെ നോക്കിയാണ്. പുരുഷന്മാർ കന്നുകാലികളെ മേക്കാൻ പോകുമ്പോൾ സ്ത്രീകൾ ചില കരകൗശല വസ്തുക്കൾ ഉണ്ടാക്കി സഞ്ചാരികൾക്ക് വിൽക്കുന്നു.
ഉയരത്തിലെ ചാട്ടവും കല്യാണവും
മസായി ഗ്രാമത്തിൽ അതിഥികളെ സ്വീകരിക്കാനും വേട്ടക്ക് പോയ സംഘം മടങ്ങി വരുമ്പോഴും മറ്റു വിശേഷ ദിവസങ്ങളിലും നൃത്തം ചെയ്യുന്ന പതിവുണ്ട്. വളരെ മനോഹരമായ രീതിയിൽ കുറെ യുവാക്കൾ വരിയായി നിന്ന് കൈകൾ ശരീരത്തോട് ചേർത്ത് വെച്ച് ഉയരത്തിൽ ചാടിയുള്ള നൃത്തത്തിൽ പങ്കെടുക്കാൻ സാധിച്ചത് മാറയിലെ മറക്കാനാവാത്ത ഒരു ഓർമയാണ്. ഓരോരുത്തരും മറ്റുള്ളവരെക്കാൾ ഉയരത്തിൽ ചാടാൻ ഉള്ള ശ്രമത്തിലാണ്.
അവരുടെ കൂട്ടത്തിൽ പൊക്കം കുറഞ്ഞ, എന്നാൽ ഏകദേശം എന്റെ തന്നെ പൊക്കമുള്ള ഒരുത്തനുമായി ഞാൻ ഒന്ന് മുട്ടി നോക്കി. ഒരു രക്ഷയുമില്ല. കാലിന്നടിയിൽ സ്പ്രിങ് വെച്ച പോലെയാണ് അവന്റെ ചാട്ടം. പിന്നീടാണ് അവർ ഇങ്ങനെ ചാടുന്നതിന്റെ കാരണം ഒരു മസായിക്കാരൻ പറഞ്ഞു തന്നത്. മസായി പുരുഷന്മാർ ഒന്നിലധികം സ്ത്രീകളെ കല്യാണം കഴിക്കുന്നവരാണ്.
കെട്ടാൻ പോകുന്ന ചെറുക്കൻ പെണ്ണിന് ഒരു നിശ്ചിത എണ്ണം കന്നുകാലികളെ സ്ത്രീധനമായി കൊടുക്കണം എന്നാണ് നിയമം. എന്നാൽ അയാൾക്ക് ചാടാൻ കഴിയുന്ന ഉയരത്തിന്റെ അടിസ്ഥാനത്തിൽ അയാൾ കൊടുക്കേണ്ട കാലികളുടെ എണ്ണത്തിൽ അയാൾക്ക് ഇളവ് ലഭിക്കും.
ഉദാഹരത്തിന് ഒരു പെണ്ണിനെ കല്യാണം കഴിക്കാൻ 20 ആടുകളെ ചെറുക്കൻ പെണ്ണിന് കൊടുക്കണം എന്നാണ് നിയമമെങ്കിൽ ചെറുക്കന്റെ ചാട്ടത്തിന്റെ ഉയരം കണക്കാക്കി അത് പത്തോ പതിനഞ്ചോ ആകും. അപ്പോൾ പിന്നെ അവിടത്തെ യുവാക്കൾ ഇങ്ങനെ ഉയരത്തിൽ ചാടി പഠിക്കുന്നതിൽ എന്താണ് അൽഭുംതം അല്ലെ?
അവിടെവെച്ച് ഒരു ചെറിയ മരക്കുറ്റി ഉപയോഗിച്ച് തീ ഉണ്ടാക്കാൻ ശ്രമിച്ചത് വേറിട്ട ഒരനുഭവമായിരുന്നു. പത്തു മിനുട്ടോളം ശ്രമിച്ചിട്ടും ഒരു തീപൊരി പോലും ഉണ്ടാക്കാൻ എനിക്കായില്ല. ശേഷം ഒരു മസായിക്കാരൻ ഒരു മിനിറ്റ് കൊണ്ട് തീയുണ്ടാക്കി കാണിച്ചു തന്നു. നമ്മുടെ പൂർവികർ പണ്ട് തീയുണ്ടാക്കിയ കാര്യം ഓർത്തപ്പോൾ അഭിമാനം തോന്നിയെങ്കിലും പത്തു മിനിറ്റ് എടുത്തിട്ടും എനിക്കതിന് പറ്റിയില്ലല്ലോ എന്ന ജാള്യത എന്റെ മുഖത്തു പടർന്നിരുന്നു.
വനവാസത്തിന് പോകുന്ന കുട്ടികൾ
മസായി ഗോത്രത്തിൽ ആൺകുട്ടികൾ പ്രായപൂർത്തിയായാൽ കാട്ടിൽ നാലോ അഞ്ചോ വർഷം ജീവിക്കുന്ന പതിവുണ്ട്. ഒരു ഗോത്രത്തിലെ പല കുടുംബങ്ങളിൽ നിന്നുമായി ചിലപ്പോൾ പത്തോ ഇരുപതോ കുട്ടികൾ ഇങ്ങനെ ഒന്നിച്ചു കാട്ടിലേക്കു പോകും. പോകുന്നതിന് മുമ്പ് തന്നെ ഗോത്രത്തിലെ മുതിർന്ന അംഗങ്ങൾ അവർക്ക് കാട്ടിൽ ജീവിക്കാനുള്ള എല്ലാ പരിശീലനങ്ങളും നൽകും.
വേട്ട, ആരോഗ്യസംരക്ഷണം, രോഗചികിൽസ, പാചകം എന്ന് വേണ്ട എല്ലാ കാര്യങ്ങളിലും പ്രാഥമിക പരിശീലനം നൽകിയാണ് അവരെ അയക്കുന്നത്. സർക്കാർ ഇതിനെ നിരുൽസാഹപ്പെടുത്തുന്നുണ്ട്. കുട്ടികൾക്കു വിദ്യാഭ്യാസം നൽകാനായി ഒരു പാട് സ്കൂളുകൾ സർക്കാർ സ്ഥാപിച്ചിട്ടുമുണ്ട്. പഠനം പൂർത്തിയാക്കിയാൽ ജോലി നൽകാനും സംവിധാനങ്ങൾ നിലവിലുണ്ട്. ഇന്ന് പല മസായികുട്ടികളെയും രക്ഷിതാക്കൾ സ്കൂളുകളിൽ അയക്കുന്നുണ്ട്.
എങ്കിലും തങ്ങളുടെ പാരമ്പര്യം കാത്തു സൂക്ഷിക്കണം എന്ന താൽപര്യമുള്ളവർ കുട്ടികളെ കാട്ടിലേക്ക് ഇന്നും അയക്കുന്നു. കാട് കയറുന്ന കുട്ടികൾ അവിടെ പ്രകൃതിയുമായി ഇണങ്ങി ജീവിതം പഠിക്കുന്നു. മറ്റു ജീവികളോട് മൽസരിച്ചു സ്വന്തം ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നതിനിടയിൽ ചിലർ രോഗം വന്നു മരിക്കുന്നു.
ചിലർ വന്യമൃഗങ്ങൾക്ക് ഇരയാകുന്നു. ചിലർ മൃഗങ്ങളുടെ ആക്രമണത്തിൽ അംഗവൈകല്യമുള്ളവരാകുന്നു. ദീർഘമായ നാലോ അഞ്ചോ വർഷത്തിന് ശേഷം അവർ ഗോത്രത്തിലേക്ക് മടങ്ങി വരുന്നു. തങ്ങളുടെ കുട്ടികൾ മരിച്ചു പോയോ ജീവനോടെയുണ്ടോ എന്നത് അന്ന് മാത്രമാണ് കുടുംബം അറിയുന്നത്. തിരിച്ചു വന്നവരിൽ ആരെങ്കിലും അവരുടെ കാനനവാസത്തിനിടയിൽ ഒരു സിംഹത്തെ കൊന്നിട്ടുണ്ടെങ്കിൽ അവനു സമൂഹത്തിൽ കിട്ടുന്ന പദവി വളരെ ഉയർന്നതായിരിക്കും.
മാത്രമല്ല അവനു കല്യാണം കഴിക്കാൻ വേണ്ടി ധനമായി കൊടുക്കേണ്ടി വരുന്ന കന്നുകാലികളുടെ എണ്ണത്തിൽ വലിയ ഇളവും ലഭിക്കും. കുട്ടികളുടെ തിരിച്ചു വരവ് അവർക്ക് ഒരാഘോഷ ദിവസമാണ്. പുലർച്ചെ വരെ ആട്ടവും പാട്ടും നൃത്തവും ഭക്ഷണവും. കൂട്ടത്തിൽ കുടിക്കാൻ പശുക്കളുടെ കഴുത്തിൽ ചെറിയ മുറിവ് ഉണ്ടാക്കി(അവയെ കൊല്ലാതെ) ശേഖരിക്കുന്ന രകതവും.
തിരിച്ചെത്തുന്നതോടെ അവർ സമൂഹത്തിലെ മുതിർന്നപൗരന്മാരും യോദ്ധാക്കളുമായി മാറുന്നു. പിന്നീടുള്ള കാലം അവർ ഗോത്രത്തെ സംരക്ഷിക്കുന്നു. കന്നുകാലികളെ മേച്ചു അതിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് സ്വന്തമായി കന്നുകാലികളെ ഉടമപ്പെടുത്തുന്നു. പിന്നീട് അവയെ ഒരു പെണ്ണിന് സ്ത്രീധനമായി നൽകി വിവാഹം ചെയ്ത് മറ്റൊരു മസായി തലമുറയെ വളർത്തിയെടുക്കുന്നു.
സംഭവ ബഹുലമായ ഒരു സഫാരിക്ക് ശേഷം ഞങ്ങൾ മസായി ഗ്രാമത്തിൽനിന്നും യാത്ര തിരിച്ചു. ഞങ്ങൾക്ക് യാത്രാമംഗളം നേരാനെന്ന പോലെ ദൂരെ ഒരു മരത്തിൽ ഒരു കുരങ്ങ് ഞങ്ങളെ നോക്കി ഇരിപ്പുണ്ടായിരുന്നു. തൊട്ടടുത്ത മറ്റൊരു മരത്തിൽ നിന്നും പരിചിതമായ ഒരു ശബ്ദം.
ആഫ്രിക്കൻ കാക്കകളാണ്. നമ്മുടെ നാട്ടിൽ കാണുന്ന ബലിക്കാക്കയുടെ വലുപ്പവും ആകാരവും. പക്ഷെ പുള്ളി കെനിയയിൽ എത്തിയപ്പോൾ വലിയ പരിഷ്കാരി ആയെന്ന് തോന്നുന്നു. ഒരു വെള്ളകുപ്പായം ഒക്കെ ഇട്ടാണ് നിൽപ്പ്. വീണ്ടും മാറയിലെത്താനുള്ള കൊതിയോടെ ഞങ്ങൾ മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.