സുന്ദരിയായി മൺപിലാവ് വെള്ളച്ചാട്ടം
text_fieldsകോന്നി: ചിറ്റാർ മൺപിലാവ് പാലരുവി വെള്ളച്ചാട്ടത്തിൽ സഞ്ചാരികളുടെ തിരക്ക് വർധിക്കുന്നു. ടൂറിസം ഭൂപടത്തിൽ ഇടംതേടാൻ തക്ക സൗന്ദര്യമാണ് മൺപിലാവ് പാലരുവി വെള്ളച്ചാട്ടത്തിനുള്ളത്. ചിറ്റാർ പഞ്ചായത്തിന്റെ ഒമ്പതാം വാർഡിലെ മൺപിലാവിലാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഉൾവനത്തിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളം 100 അടിയോളം ഉയരത്തിൽനിന്ന് പതിച്ചാണ് ഒഴുകുന്നത്.
വെള്ളം വീഴുന്ന സ്ഥലത്തിനു ചുറ്റും ഏകദേശം അഞ്ച് അടിയോളം താഴ്ച വരും. ഇവിടെ നിന്ന് സുരക്ഷിതമായി കുളിക്കാൻ കഴിയുന്നതിനാൽ ഒട്ടേറെ ആളുകളാണ് വെള്ളച്ചാട്ടം കാണാനും കുളിക്കാനുമായി എത്തുന്നത്. തണ്ണിത്തോട്-ചിറ്റാർ റോഡിൽ നീലിപിലാവ് തപാൽ ജങ്ഷനിൽനിന്ന് രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ വെള്ളച്ചാട്ടത്തിനു സമീപം എത്താം. ചിറ്റാറിൽനിന്ന് വയ്യാറ്റുപുഴ വഴിയാണെങ്കിൽ അഞ്ച് കിലോമീറ്റർ സഞ്ചരിക്കണം.
റോഡിൽനിന്ന് സ്വകാര്യ സ്ഥലത്തുകൂടി ചുറ്റി 400 മീറ്ററോളം നടന്ന് വേണം വെള്ളച്ചാട്ടത്തിന്റെ അടിവാരത്തിൽ എത്താൻ. ഏറെ വികസന സാധ്യതകൾ നിറഞ്ഞ ഈ പ്രദേശത്ത് വിവിധ ടൂറിസം പദ്ധതികളെപ്പറ്റി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആലോചന നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.