മീനുകൾ ഒളിച്ചുകളിക്കുന്ന മീനൊളിയാൻപാറ
text_fieldsചെറുതോണി: പ്രകൃതി രമണീയമായ മീനൊളിയാൻപാറയിലേക്ക് രണ്ടു വർഷം മുമ്പ് വരെ നല്ല തിരക്കായിരുന്നു. 1500 അടിയോളം ഉയർന്നുനിൽക്കുന്ന കരിമ്പാറ മീനൊളിയാൻപാറയുടെ ഭാഗമാണ്. 15 ഏക്കറോളം ഉപരിതല വിസ്തൃതിയുണ്ട്. ഇതിനു മുകളിൽ പാറയുടെ മധ്യത്തിലായി ഒരു ദ്വീപു പോലെ രണ്ടേക്കറോളം വനവുമുണ്ട്.
കാട്ടു മുയലുകളും കിളികളും ധാരാളം. വേനൽക്കാലത്താണ് ഈ വനത്തിന്റെ കുളിരണിയാൻ സഞ്ചാരികൾ ഏറെ എത്തുന്നത്. പാറയുടെ മുകളിൽ നിന്നു നോക്കിയാൽ താഴെ വളഞ്ഞുപുളഞ്ഞു ഒഴുകുന്ന പെരിയാറും അതിനുകുറുകെയുള്ള നേര്യമംഗലം പാലവും ലോവർ പെരിയാർ വൈദ്യുതി നിലയവും കാണാം. മറുവശത്ത് പുൽമേടുകളും പാറക്കെട്ടുകളും ആദിവാസിക്കുടികളും കാണാം. ഇവിടെ നിന്നു സൂര്യാസ്തമനം കാണാൻ വിഷുവിനും പത്താമുദയത്തിനും നാട്ടുകാർ കൂട്ടമായി എത്താറുണ്ടായിരുന്നു.
പാറയുടെ ഒരു വശത്തുകൂടി താഴേക്കിറങ്ങാം. സാഹസികത ഇഷ്ടപ്പെടുന്നവർ മാത്രമേ ഇങ്ങനെ ചെയ്യാറുള്ളു. ഏണിയടിപ്പാറയിലേക്കാണു ഇറങ്ങിച്ചെല്ലുന്നത്. പണ്ട് കുടികളിലും കൃഷിഭൂമിയിലും ആനയിറങ്ങുമ്പോൾ ആദിവാസികൾ ഏണിവച്ചു ഈ പാറയിൽ കയറി രക്ഷപ്പെടും.
മീനൊളിയാൻപാറ സംബന്ധിച്ചു ആദിവാസികൾ പറയുന്ന ഒരു കഥയുണ്ട്. പാറക്കു മുകളിലെ പച്ചമരങ്ങൾക്കു നടുവിലായി ഒരിക്കലും ഉറവവറ്റാത്ത കിണറുണ്ടായിരുന്നുവെന്നും അവിടെ എക്കാലത്തും മീൻ ഒളിച്ചു കളിക്കാറുണ്ടായിരുവെന്നും ആദിവാസികൾ പറയുന്നു. ഇതിൽ നിന്നാണ് ആ പേരുകിട്ടിയതത്രെ. ഇടുക്കി നേര്യമംഗലം റോഡിൽ തട്ടേക്കണ്ണിയിലിറങ്ങി ഒരു കിലോമീറ്ററോളം കുത്തനെ കയറ്റം കയറിയാൽ പൊന്നരത്താനിലെത്താം.
അവിടെ നിന്നും വീണ്ടും ഒരു കിലോമീറ്ററോളം നടന്നാൽ പ്രകൃതി സ്നേഹികൾക്കു കുളിരേകുന്ന മീനൊളിയാൻപാറയായി. തൊടുപുഴയിൽ നിന്ന് കലൂർ പൈങ്ങോട്ടൂർ വഴി മുള്ളരിങ്ങാടുകൂടി ഇവിടെയെത്താം. ചേലച്ചുവട് വണ്ണപ്പുറം ബസിൽ / വെൺമണിയിലിറങ്ങി പുളിക്കത്തൊട്ടി വഴിയും മീനൊളിയാൻപാറയിലെത്താം.
കഞ്ഞിക്കുഴി വണ്ണപ്പുറം പഞ്ചായത്തുകളുടെ അതിർത്തിയിലാണ് മീനൊളിയാൻപാറ. ഇവിടെ ലക്ഷക്കണക്കിനു രൂപയുടെ മത്സ്യസമ്പത്തുണ്ടന്നാണ് പറയപ്പെടുന്നത്. ഇവിടെയുള്ള പാറയുടെ അള്ളിലുള്ള കയത്തിൽ മീനുകൾ ഒളിച്ചുകളിക്കുകയാണന്ന് മറ്റൊരു കഥയും ആദിവാസികൾ പറയുന്നുണ്ട്.
ഇടുക്കി നേര്യമംഗലം റോഡിൽ തട്ടേക്കണ്ണിയിൽ നിന്ന് മലമുകളിലേക്കു റോഡുവെട്ടാനും ടൂറിസം വകുപ്പ് ആലോചിക്കുന്നുണ്ട്. വനംവകുപ്പ് തടസ്സം നിൽക്കുന്നതുകൊണ്ടാണ് തൽക്കാലം ഈ ശ്രമം മാറ്റി വെച്ചിരിക്കുന്നത്. മീനൊളിയാംപാറ ടൂറിസത്തിനു ജീവൻ വയ്ക്കുണമെങ്കിൽ അത്യാവശ്യം റോഡുകൾ തീരണം.
പട്ടയക്കുടിയിൽ നിന്നും ആനക്കുഴി വഴി റോഡു തീർക്കാനാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. മീനൊളിയാൻപാറ ടൂറിസം യഥാർഥ്യമായാൽ സമീപപ്രദേശങ്ങളായ പെൺമണി, മൈലപ്പുഴ, വരിക്ക മുത്തൻ, മുണ്ടൻ മുടി, കള്ളിപ്പാറ പാലപ്ലാവ് തുടങ്ങിയ ഗ്രാമങ്ങളിൽ വികസന രംഗത്ത് ഒരു കുതിച്ചുകയറ്റമുണ്ടാകുമെന്നാണ് നാട്ടുകാരുടെയും പ്രാദേശിക പ്രതിനിധികളുടെയും പ്രതീക്ഷ. മീനൊളിയാൻപാറയെക്കുറിച്ച് പഠിച്ച് റിപോർട്ട് നൽകാൻ അധികൃതർ മുള്ളരിങ്ങാട് റെയിഞ്ചാഫീസർക്കാണ് ചുമതല നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.