മോടിയോടെ ബംഗളൂരുവിലെ മോദി മസ്ജിദ്
text_fieldsപേരുകൊണ്ടുതന്നെ അടുത്തകാലത്ത് ലോകം മുഴുവൻ അറിഞ്ഞ പള്ളിയാണിത്. നൂറിലധികം വർഷം പഴക്കമുണ്ട്. 1849ലാണ് പണിയുന്നത്. ഇന്ത്യയുടെ ഐ.ടി നഗരത്തിന്റെ ആകാശത്തിലേക്ക് തലയുയർത്തി നിൽക്കുകയാണ് ഈ പള്ളിമീനാരങ്ങൾ
കർണാടകയുടെ തലസ്ഥാനമായ ബംഗളൂരുവിലെ ശിവാജിനഗറിൽ ഏറെ ഭംഗിയുള്ള ഒരു പള്ളിയുണ്ട്, മോദി മസ്ജിദ്. വിദേശരാജ്യങ്ങളിലുള്ളതുപോലെ നല്ല പ്രൗഢിയിൽ പണിതീർത്ത വിശാലമായ പള്ളി. പെരുന്നാൾ അടക്കം വിശേഷദിവസങ്ങളിൽ വൈദ്യുതാലങ്കാരത്തിൽ കൂടുതൽ തിളങ്ങും. ചിക്കബസാർ റോഡിൽ ടസ്കർ ടൗൺ പ്രദേശത്താണ് മസ്ജിദ്. ശിവാജിനഗർ ബസ് സ്റ്റാൻഡിൽനിന്ന് 15 മിനിറ്റ് നടന്നാൽ പള്ളിയിലെത്താം.
പേരുകൊണ്ടുതന്നെ അടുത്ത കാലത്ത് ലോകം മുഴുവൻ അറിഞ്ഞ പള്ളിയാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള സ്നേഹം മൂത്ത് ബംഗളൂരുവിൽ പുതുതായി പണിത പള്ളിക്ക് മുസ്ലിംകൾ മോദിയുടെ പേര് നൽകിയെന്നായിരുന്നു കുറച്ച് വർഷങ്ങൾക്ക് മുമ്പ് സംഘ്പരിവാറിന്റെ പ്രചാരണം. 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വൻവിജയം നേടിയ സന്ദർഭമായിരുന്നു അത്. എന്നാൽ, സത്യാവസ്ഥ പുറത്തുവന്നതോടെ പ്രചാരണങ്ങളും ഒടുങ്ങി.
പള്ളിക്ക് നൂറിലധികം വർഷം പഴക്കമുണ്ട്. 1849ലാണ് പള്ളി പണിയുന്നത്. ഇന്ത്യയുടെ ഐ.ടി നഗരത്തിന്റെ ആകാശത്തിലേക്ക് തലയുയർത്തി നിൽക്കുകയാണ് ഈ പള്ളിമിനാരങ്ങൾ.
മോദി അബ്ദുൽ ഗഫൂർ പണിത മോദി മസ്ജിദ്
1849 കാലത്ത് ശിവാജിനഗറിലെ ടസ്കർ ടൗൺ പ്രദേശം പട്ടാളകേന്ദ്രവും സിവിൽ സ്റ്റേഷനുമായിരുന്നു. അക്കാലത്ത് മോദി അബ്ദുൽഗഫൂർ എന്ന സമ്പന്ന വ്യാപാരിയും പൗരപ്രമുഖനും ഇവിടെ ജീവിച്ചിരുന്നു. 19ാം നൂറ്റാണ്ടിൽ പേർഷ്യയും ഇന്ത്യയും മറ്റ് ചില രാജ്യങ്ങളും തമ്മിലുള്ള വ്യാപാരമേഖലയിലെ പ്രധാനിയായിരുന്നു ഇദ്ദേഹം. പ്രാർഥന നിർവഹിക്കാൻ അന്ന് പ്രദേശത്ത് പള്ളികൾ ഇല്ലായിരുന്നു. ആവശ്യം തിരിച്ചറിഞ്ഞ് അദ്ദേഹവും കുടുംബവും ബംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി പള്ളികൾ നിർമിച്ചു. അങ്ങനെയാണ് 1849ൽ ടസ്കർ ടൗണിലെ പള്ളി പണിതതും അതിന് ‘മോദി മസ്ജിദ്’ എന്ന പേര് വീണതും. തുടർന്ന് മോദി അബ്ദുൽ ഗഫൂറിന്റെ കുടുംബം മറ്റിടങ്ങളിലും പള്ളികൾ നിർമിച്ചു. ടസ്കർ ടൗണിലെ ഈ പള്ളിക്ക് പുറമെ മോദി മസ്ജിദ് എന്ന പേരിൽ മറ്റ് രണ്ട് പള്ളികളും ടാണറി റോഡിന്റെ ചുറ്റുവട്ടത്തുണ്ട്. ടാണറി ഭാഗത്തെ പ്രധാന റോഡും ഈ കുടുംബം നിർമിച്ചുകൊടുത്തതാണ്. ഈ റോഡും ‘മോദി റോഡ്’ എന്നാണ് അറിയപ്പെടുന്നത്.
കാലപ്പഴക്കം മൂലമുള്ള പ്രശ്നങ്ങൾ കാരണം 2015ലാണ് മോദി മസ്ജിദ് പൊളിച്ച് അതേസ്ഥലത്ത് പുതുശൈലിയിൽ പുതിയ പള്ളി പണിതത്. 2019 മേയിലാണ് പുതുക്കിപ്പണിത പള്ളി തുറന്നുകൊടുത്തത്. പള്ളിയുടെ മുന്നിൽ മനോഹരമായി ‘മോദി മസ്ജിദ്’ എന്ന് ഇംഗ്ലീഷിലും ഉർദുവിലും രേഖപ്പെടുത്തിയിട്ടുമുണ്ട്. ആ സമയത്താണ് നരേന്ദ്ര മോദി രണ്ടാംതവണയും രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്നത്. ഇതോടെയാണ് സംഘ്പരിവാർ കേന്ദ്രങ്ങൾ പള്ളിയുടെ പേരിനെ ചൊല്ലി നുണപ്രചാരണം തുടങ്ങിയത്.
ഇന്തോ ഇസ്ലാമിക് ശൈലിയിലാണ് 30,000 ചതുരശ്ര അടിയിലുള്ള മോദി മസ്ജിദ് പുനർനിർമിച്ചത്. സ്ത്രീകൾക്ക് നമസ്കരിക്കാനുള്ള നിലയടക്കം എല്ലാ സൗകര്യങ്ങളുമുണ്ട്. ഹസീബുറഹ്മാനാണ് ചീഫ് ആർക്കിടെക്ട്. കർണാടക വഖഫ് ബോർഡിന് കീഴിലാണ് പള്ളിയുള്ളത്. റമദാനിൽ ആയിരക്കണക്കിനാളുകൾക്ക് നോമ്പുതുറക്കാനുള്ള സൗകര്യമടക്കം പള്ളിയിൽ ഒരുക്കാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.