മോണ്ടിനെഗ്രോ എക്സ്പ്രസ്
text_fieldsയൂറോപ്പിലെ ട്രെയിൻ യാത്രകൾ പ്രകൃതിരമണീയമായ കാഴ്ചകൾകൊണ്ട് സമ്പന്നമാണ്. യാത്രക്കാർക്ക് ആസ്വദിക്കാനായി പ്രത്യേകം രൂപകൽപന ചെയ്ത ട്രെയിൻ റൂട്ടുകൾ ലോകത്തിലെ ഏറ്റവും മികച്ചരീതിയിൽ തന്നെയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. അത്തരത്തിലുള്ള യാത്രകളിൽ പേരുകേട്ട ഒന്നാണ് മോണ്ടിനെഗ്രോ എക്സ്പ്രസിൽ സെർബിയയുടെ തലസ്ഥാനമായ ബെൽഗ്രേഡിൽനിന്നും മോണ്ടിനെഗ്രോയിലെ ബാർ എന്ന പട്ടണത്തിലേക്കുള്ള ദീർഘയാത്ര.
സുഹൃത്ത് ഷമീറുമൊത്ത് ദുബൈയിൽനിന്നും ബെൽഗ്രേഡിലേക്ക്. പഴയ യൂഗോസ്ലാവിയയുടെ തലസ്ഥാന നഗരം. ഇന്നൊരു ദിവസം മാത്രമാണ് ബെല് ഗ്രേഡിൽ ഉള്ളത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ബെല്ഗ്രേഡ് കോട്ടയും യൂറോപ്പിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദിയായ ഡാന്യൂബിന്റെയും സാവനദിയുടെയും സംഗമസ്ഥാനവും പിന്നീട് ബെല്ഗ്രേഡിലെ പ്രശസ്തമായ മിഹൈലോവ സ്ട്രീറ്റിലെ വ്യത്യസ്ത കാഴ്ചകളുംകണ്ട് നേരെ ഹോട്ടൽ മുറിയിലേക്ക്...
ആൽപ്സ് പർവതനിര
ബെൽഗ്രേഡ് എന്ന ചരിത്രനഗരത്തിൽനിന്നും ട്രെയിൻ യാത്ര ആരംഭിച്ചു. ആറു പേർക്കിരിക്കാവുന്ന മനോഹരമായ കമ്പാർട്മെന്റ്. അൽപസമയം കഴിഞ്ഞപ്പോൾ സെർബിയയുടെ മനോഹരമായ ഗ്രാമപ്രദേശങ്ങളും കൃഷിയിടങ്ങളുമെല്ലാം കാണാൻ തുടങ്ങി. ദൂരെ മേഞ്ഞുനടക്കുന്ന കാലികളും കൂട്ടംകൂട്ടമായി നടക്കുന്ന ചെമ്മരിയാടുകളും ഗ്രാമീണരുടെ വീടുകളുമെല്ലാം കാഴ്ചക്ക് ആനന്ദം നൽകി. കമ്പാർട്മെന്റിൽ ഞങ്ങളുടെ എതിർവശത്തായി മോണ്ടിനെഗ്രോക്കാരനായ ജോവാൻ ഉണ്ടായിരുന്നു. ജോവാൻ ഈ ട്രെയിനിലെ സ്ഥിരം യാത്രക്കാരനാണ്. സെർബിയയിൽനിന്നും യൂസ്ഡ് കാറുകൾ വാങ്ങി മോണ്ടിനെഗ്രോയിൽ കൊണ്ടുപോയി വിൽക്കുന്നയാൾ.
ജോവാൻ പഴയ യുഗോസ്ലാവിയയുടെയും സെർബിയയുടെയും ബോസ്നിയയുടെയും മോണ്ടിനെഗ്രോയുടെയും ചരിത്രകഥകൾ പറഞ്ഞുതന്നു. അൽപസമയം കഴിഞ്ഞപ്പോൾ കൂറ്റൻ പർവതങ്ങൾ കണ്ടുതുടങ്ങി. താഴെ അഗാധമായ ഗർത്തം. മനോഹരമായി ഒഴുകുന്ന നദികൾ, ശുദ്ധജല തടാകങ്ങൾ. ആൽപ്സ് പർവതനിരകളിലൂടെയാണ് ഈ ട്രെയിൻ കടന്നു പോകുന്നത്. പർവതങ്ങളെ തമ്മിൽ ഒരു നേർത്ത നൂലിലെന്ന പോലെ ബന്ധിപ്പിച്ചിരിക്കുന്ന നീളമുള്ള പാലങ്ങൾ. പിന്നീട് ട്രെയിൻ കറുത്ത കൂറ്റൻ പാറകൾ തുരന്നുണ്ടാക്കിയ വലിയ തുരങ്കങ്ങളിലൂടെ കടന്നുപോകാൻ തുടങ്ങി.
254 തുരങ്കങ്ങൾ കടന്ന്...
1952ലാണ് ഇൗ റെയിൽപാതയുടെ നിർമാണം ആരംഭിക്കുന്നത്. 1976ൽ അന്നത്തെ യുഗോസ്ലാവിയൻ പ്രസിഡന്റായിരുന്ന ടിറ്റോ ഇത് ജനങ്ങൾക്കായി തുറന്നുകൊടുത്തു. 254 തുരങ്കങ്ങളും നൂറുകണക്കിന് പാലങ്ങളും 476 കിലോമീറ്റർ ദൂരവും സഞ്ചരിച്ചാണ് ഏകദേശം 11 മണിക്കൂർ സമയമെടുത്ത് ട്രെയിൻ ബാർ എന്ന തീരദേശ നഗരത്തിൽ എത്തുന്നത്. യൂഗോസ്ലാവിയയുടെ മികച്ച നേട്ടങ്ങളിൽ ഒന്നായും എൻജിനീയറിങ് രംഗത്തെ വിസ്മയമായും ഈ പാതയിലൂടെ ഇന്നും ട്രെയിൻ ഓടിക്കൊണ്ടിരിക്കുന്നു.
സെർബിയക്കും മോണ്ടിനെഗ്രോക്കും പുറമേ ഒമ്പത് കിലോമീറ്റർ ബോസ്നിയയിലൂടെയും ഈ ട്രെയിൻ കടന്നുപോകുന്നുണ്ട്. അടുത്ത സ്റ്റേഷൻ മോണ്ടിനെഗ്രോയുടെ തലസ്ഥാനമായ പൊഡ്ഗോറിസ്തയാണ്. ഞങ്ങൾ ഇന്നു രാത്രി അവിടെയാണ് തങ്ങുന്നത്. ജോവാനോട് യാത്ര പറഞ്ഞു പുറത്തിറങ്ങി. ട്രെയിൻ അവസാന സ്റ്റേഷനായ ബാർ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി.
കോട്ടോർ, പുരാതന പട്ടണം
രാവിലെ പൊഡ്ഗോറിസ്തയിൽനിന്നും കോട്ടോറിലേക്ക് തിരിച്ചു. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച പുരാതന പട്ടണം. നൂറ്റാണ്ടുകൾ പഴക്കമുള്ള പഴയ വെനീഷ്യൻ നഗരം. മധ്യകാലത്തെ പള്ളികളും കോട്ടകളും താമസ കെട്ടിടങ്ങളും എല്ലാം അതേപോലെ നിലനിർത്തിയിരിക്കുന്നു. അഡ്രിയാറ്റിക് കടൽ തീരത്താണ് കോട്ടോർ സ്ഥിതിചെയ്യുന്നത്.കോട്ടോറിന്റെ നഗരപ്രദേശം ഈ പുരാതന നഗരത്തെ ചുറ്റിപ്പറ്റി കിടക്കുന്നു.
പഴയ നഗരത്തിലെ കെട്ടിടങ്ങളിൽ പലതും ഇന്ന് സുവനീർ ഷോപ്പുകളും റസ്റ്റാറന്റുകളും ഹോട്ടലുകളും ഒക്കെയായി മാറിയിരിക്കുന്നു. ഈ പഴയ നഗരത്തിലെ ഒരു ഹോട്ടലിലാണ് ഞങ്ങൾ മുറി ബുക്ക് ചെയ്തിരിക്കുന്നത്. ഹോട്ടൽമുറിയിൽനിന്നുള്ള കാഴ്ച അതിമനോഹരമാണ്. നീലനിറത്തിലുള്ള അഡ്രിയാറ്റിക് കടലിലേക്ക് ചുറ്റും പർവതങ്ങൾ ആഴത്തിൽ ഇറങ്ങിനിൽക്കുന്നു. ജല വിനോദങ്ങളുടെ പറുദീസയാണ് ഇവിടെ. വേനൽക്കാലമായാൽ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് സഞ്ചാരികൾ ഇങ്ങോട്ട് ഒഴുകും. ചെറിയ ഉല്ലാസബോട്ടുകൾ മുതൽ അത്യാധുനിക ആഡംബരങ്ങളോടുകൂടിയ കപ്പലുകൾ വരെ ഇവിടെ നിറഞ്ഞുനിൽക്കുന്നു.
അഡ്രിയാറ്റിക് കടൽതീരം
കോട്ടോറിലെത്തുന്ന ഓരോ സഞ്ചാരിയും തീർച്ചയായും അനുഭവിച്ചറിയേണ്ടതാണ് അഡ്രിയാറ്റിക് കടലിലൂടെയുള്ള ബോട്ട് യാത്ര. ‘ഔവർ ലേഡി ഓഫ് ദ റോക്ക്’ എന്ന മനുഷ്യനിർമിത ദ്വീപും അവിടത്തെ പുരാതന ദേവാലയവും യൂഗോസ്ലാവിയയുടെ ഭരണകാലത്ത് യുദ്ധങ്ങളിൽനിന്ന് സംരക്ഷണാർഥം സ്ഥാപിച്ച സബ്മറൈൻ ടണലും പ്രകൃതിയുടെ പ്രതിഭാസമായി കാലക്രമേണ രൂപപ്പെട്ട നീലനിറത്താൽ വെള്ളം ചുറ്റപ്പെട്ട ബ്ലൂകേവ് എന്നറിയപ്പെടുന്ന ഗുഹയിലെ കുളിയും പിന്നെ പെറാസ്റ്റ് എന്ന പുരാതന നഗരത്തിലെ വിസ്മയ കാഴ്ചകളും എല്ലാം ഈ ബോട്ടുയാത്രയിൽ കാണാം. ജീവിതത്തിൽ എക്കാലവും ഓർമിക്കാൻ അഡ്രിയാറ്റിക് കടലിന്റെ തീരങ്ങളിലൂടെയുള്ള ഒരു വിസ്മയ സഞ്ചാരം.
സ്വെതി സ്റ്റെഫാൻ
മോണ്ടിനെഗ്രോയിൽ എത്തുന്ന ഏതൊരാളും സന്ദർശിക്കേണ്ട കൊച്ചു ദ്വീപാണ് സ്വെതി സ്റ്റെഫാൻ. കോട്ടോറിനെപ്പോലെ പുരാതന നഗരവും മനോഹരമായ കടൽത്തീരവുമുള്ള മറ്റൊരു തീരദേശ പട്ടണമായ ബുഡുവായിൽനിന്ന് അൽപദൂരം സഞ്ചരിച്ചാൽ ഈ മനോഹര ദ്വീപിൽ എത്തിച്ചേരാം. ആദ്യം എത്തുന്നത് നൂറ്റാണ്ടുകൾ പഴക്കമുള്ള ഒലിവ് മരങ്ങളുടെ തോട്ടത്തിലേക്കാണ്.
പിന്നീട് പരന്നുകിടക്കുന്ന ഒരു ഉദ്യാനം, അതിനു തൊട്ടടുത്തായി വിശാലമായ കടൽത്തീര, നിറയെ റസ്റ്റാറന്റുകൾ. അൽപം മാറി പുരാതന നഗരവും. യൂഗോസ്ലാവിയയുടെ ഭരണ തകർച്ചക്കുശേഷം അടഞ്ഞുകിടന്നിരുന്ന ഈ ദ്വീപിനെ മോണ്ടിനെഗ്രോയിലെ പുതിയ സർക്കാർ ഒരു റിസോർട്ട് കമ്പനിക്ക് 30 വർഷത്തെ പാട്ടത്തിന് കൊടുത്തിരിക്കുന്നു. ദ്വീപിന്റെ നഷ്ടപ്പെട്ടുപോയ പഴയ ചാരുതയെ പുനസൃഷ്ടിക്കുകയായിരുന്നു ഇതിലൂടെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.