ക്രൂസ് സഞ്ചാരികൾക്കായി മുവാസലാത്തും
text_fieldsദോഹ: ക്രൂസ് കപ്പലുകൾ വഴി ഖത്തറിലേക്ക് യാത്ര ചെയ്യുന്ന സന്ദർശകർക്ക് മെച്ചപ്പെട്ട ടൂറിസം അനുഭവം നൽകുകയെന്ന ലക്ഷ്യവുമായി ഖത്തർ ടൂറിസം മുവാസലാത്തുമായി (കർവ) ധാരണപത്രം ഒപ്പുവെച്ചു. ഖത്തറിലെ ക്രൂസ് ടൂറിസം വ്യവസായം മെച്ചപ്പെടുത്തുന്നതിൽ പ്രാഥമിക ശ്രദ്ധ കേന്ദ്രീകരിച്ച് കൊണ്ട് രണ്ട് സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണവും ഏകോപനവും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ധാരണപത്രത്തിൽ ഖത്തർ ടൂറിസം ചെയർമാൻ സഅദ് ബിൻ അലി അൽ ഖർജിയും മുവാസലാത്ത് കമ്പനി സി.ഇ.ഒ ഫഹദ് സഅദ് അൽ ഖഹ്താനിയുമാണ് ഒപ്പുവെച്ചത്. വരാനിരിക്കുന്ന ക്രൂസ് സീസൺ വിജയകരമാക്കുന്നത് ഉറപ്പാക്കാൻ ആവശ്യമായ പിന്തുണ വാഗ്ദാനം ചെയ്യുക, ചെലവ് കാര്യക്ഷമത മെച്ചപ്പെടുത്തുക എന്നിവയും സഹകരണത്തിന്റെ പ്രധാന മേഖലകളാണ്.
സഹകരണം കൂടുതൽ സുഗമമാക്കുന്നതിന്റെ ഭാഗമായി ഖത്തർ ടൂറിസം മുവാസലാത്തിന് വിനോദസഞ്ചാര സ്ഥിതിവിവരക്കണക്കുകളും ക്രൂയിസ് കപ്പലുകളെത്തുന്ന സമയക്രമങ്ങൾ മുൻകൂറായി നൽകുകയും ചെയ്യും. ഇതുവഴി ഗതാഗത സേവനങ്ങളുടെ കാര്യക്ഷമമായ ആസൂത്രണം സാധ്യമാക്കാനാവും. ഖത്തറിന്റെ ദേശീയ വിനോദസഞ്ചാര പദ്ധതിക്ക് സംഭാവന നൽകുകയും ആഗോള ടൂറിസം ഭൂപടത്തിൽ ഖത്തറിന്റെ സ്ഥാനം ഉയർത്തുകയും ചെയ്യുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് ക്രൂസ് ടൂറിസമെന്ന് ചടങ്ങിൽ സഅദ് ബിൻ അലി അൽ ഖർജി പറഞ്ഞു. ഖത്തറിലെത്തുന്ന അതിഥികൾക്ക് സമഗ്രവും അവിസ്മരണീയവുമായ അനുഭവം ഉറപ്പാക്കാൻ ഖത്തർ ടൂറിസം പ്രധാന പങ്കാളികളുമായി നിരന്തരം പ്രവർത്തിച്ച് വരുകയാണെന്നും, സന്ദർശക അനുഭവങ്ങളെ രൂപപ്പെടുത്തുന്ന നിർണായക ഘടകമാണ് ഫലപ്രദമായ ഗതാഗത സേവനങ്ങളെന്നും അൽ ഖർജി വ്യക്തമാക്കി.
മുവാസലാത്തുമായുള്ള പങ്കാളിത്തം വിജയകരമായ പുതിയ ക്രൂസ് സീസണിന് സംഭാവന നൽകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കൂട്ടിച്ചേർത്തു. വിനോദസഞ്ചാരികളുടെ ലക്ഷ്യസ്ഥാനത്തിന്റെ മത്സരക്ഷമതയിൽ സുഗമമായ ഗതാഗതം നിർണായക ഘടകമാണെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും, സന്ദർശകർക്ക് തടസ്സമില്ലാത്തതും സൗകര്യപ്രദവും സുരക്ഷിതവുമായ ഗതാഗതം പ്രദാനം ചെയ്യുന്നത് ഖത്തറിന്റെ വിനോദസഞ്ചാര വ്യവസായത്തിന്റെ വികസനത്തിൽ ഏറെ പ്രാധാന്യമുള്ളതാണെന്നും മുവാസലാത്ത് സി.ഇ.ഒ ഫഹദ് സഅദ് അൽ ഖഹ്താനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.