കാഴ്ചകളുടെ വിസ്മയം; മഞ്ഞണിഞ്ഞ് തെക്കിന്റെ കശ്മീർ
text_fieldsമൂന്നാര്‍: തെക്കിന്റെ കശ്മീരായി അറിയപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രം, മൂന്നാര്‍. മലമേടുകളും മഞ്ഞണിഞ്ഞ തേയിലത്തോട്ടങ്ങളും ഒപ്പം കോടമഞ്ഞുവാരി വിതറുന്ന തണുപ്പും. വിശേഷണങ്ങള്‍ ഒരുപാടുണ്ട് മൂന്നാറിനെക്കുറിച്ച് പറയാന്‍. കണ്ണുകളെയും മനസ്സിനെയും ഒരേപോലെ വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ് അവിടെ പ്രകൃതി ഒരുക്കിയിരിക്കുന്നത്. ബ്രിട്ടീഷുകാര്‍ നട്ടുവളര്‍ത്തിയ തേയിലത്തോട്ടങ്ങളും രാജഭരണകാലത്തെ അവശേഷിപ്പും മൂന്നാറില്‍ ഇന്നും കാണാം. വരയാടുകളുടെ ആവാസ കേന്ദ്രമായ രാജമലയും വലിയ കൊടുമുടിയായ ആനമുടിയും മൂന്നാറിലാണ്. സമുദ്രനിരപ്പില്‍നിന്ന് 8841 അടി ഉയരമാണ് ആനമുടിക്ക്. ഇരവികുളം ദേശീയ ഉദ്യാനത്തിന്റെ തെക്കന്‍ മേഖലയിലാണ് ആനമുടി.
നല്ലതണ്ണിയാര്‍, കന്നിയാര്‍, കുണ്ടളയാര്‍ എന്നീ മൂന്ന് ‘ആറുകള്‍’ ചേരുന്നിടം എന്ന വിശേഷണത്തില്‍നിന്നാണ് മൂന്നാറിന്റെ പിറവി. പള്ളിവാസല്‍, ദേവികുളം, മറയൂര്‍, മാങ്കുളം, കുട്ടമ്പുഴ പഞ്ചായത്തുകള്‍ക്കു നടുവിലാണ് മൂന്നാര്‍. ടാറ്റയുടെ തേയിലത്തോട്ടങ്ങളാണ് ഭൂപ്രകൃതിക്ക് അടുക്കും ചിട്ടയുമുണ്ടാക്കിയത്.
അതേസമയം, ബ്രിട്ടീഷുകാരാണ് മൂന്നാര്‍ പട്ടണത്തിനരികെ ആദ്യത്തെ ടൂറിസ്റ്റ് ബംഗ്ലാവുകള്‍ നിര്‍മിച്ചത്. പഴയ മൂന്നാറിലുള്ള സി.എസ്.ഐ ദേവാലയവും ദേവാലയത്തിന് മുന്നേ ഉണ്ടായ സെമിത്തേരിയും ബ്രിട്ടീഷ് ഭരണകാലത്തുണ്ടായത്. ഇതിന്റെ മുകളിലാണ് എലെയ്നര്‍ ഇസബെല്‍ മെയ് എന്ന ബ്രിട്ടീഷുകാരിയുടെ പള്ളിക്ക് മുമ്പേയുള്ള ശവക്കല്ലറ.
പ്രകൃതി ഭംഗിയും വ്യാഴവട്ടത്തിലൊരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞിയുടെ സാന്നിധ്യവുമാണ് മൂന്നാറിന്റെ പ്രശസ്തി ലോകരാജ്യങ്ങളില്‍ എത്തിച്ചത്. തെക്കേ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണാധികാരികളുടെ വേനല്‍ക്കാല സുഖവാസ കേന്ദ്രമായിരുന്നു മൂന്നാര്‍. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറുപട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍ എന്നിങ്ങനെ മൂന്നാര്‍ ഇന്ന് ഏറെ ജനകീയമായ വിനോദ സഞ്ചാര കേന്ദ്രമാണ്.
ഇരവികുളം ദേശീയോദ്യാനം
ഇരവികുളം ദേശീയോദ്യാനം മൂന്നാറിനടുത്തു സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന കേന്ദ്രമാണ്. വംശനാശം നേരിടുന്ന വരയാടിനെ സംരക്ഷിക്കാനുള്ള പ്രത്യേക സംരക്ഷിത മേഖലയാണിത്. 97 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുണ്ട് ഈ സംരക്ഷിത വനമേഖലക്ക്. 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞിയുടെ പുഷ്പിക്കല്‍ സമയത്ത് ഇരവികുളം ദേശീയോദ്യാനത്തിലേക്കുള്ള സന്ദര്‍ശക പ്രവാഹം പത്തിരട്ടിയാകും.
ആനമുടി
ഇരവികുളം ദേശീയോദ്യാനത്തിലാണ് പശ്ചിമഘട്ടങ്ങളിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടി. 2700 മീറ്ററോളം ഉയരമുണ്ട് ഇതിന്. വനം വകുപ്പിന്റെ അനുമതിയോടെ ആനമുടിയിലേക്ക് ദീര്‍ഘദൂര നടത്തത്തിന് അനുമതിയുണ്ട്. മൂന്നാറിലെ ഇരവികുളം ദേശീയോദ്യാനം അധികൃതരാണ് അനുമതി നല്‍കേണ്ടത്.
മാട്ടുപ്പെട്ടി
മൂന്നാര്‍ ടൗണില്‍നിന്ന് 12 കി.മീ. അകലെയാണ് മാട്ടുപ്പെട്ടി. 1700 മീറ്റര്‍ ഉയരത്തിലുള്ള മാട്ടുപ്പെട്ടിയില്‍ പഴയ അണക്കെട്ടും വലിയ ജലാശയവുമുണ്ട്. ഈ തടാകത്തില്‍ ബോട്ടിങ്ങിനും സൗകര്യമുണ്ട്. ചുറ്റുമുള്ള കുന്നുകളും തോട്ടങ്ങളും കാണാന്‍ കഴിയും. ഇന്‍ഡോ-സ്വിസ് പദ്ധതി പ്രകാരം നടക്കുന്ന കന്നുകാലി പ്രജനന കേന്ദ്രവും ഇവിടെയാണ്. ഉയര്‍ന്ന പാൽ ഉല്പാദന ശേഷിയുള്ള പശുക്കളെ ഇവിടെ കാണാനാകും.
പള്ളിവാസല്‍
മൂന്നാറില്‍നിന്ന് ഒമ്പത് കി.മീ. താഴെയാണ് ചിത്തിരപുരത്തെ പള്ളിവാസല്‍. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുതി പദ്ധതി ഇവിടെയാണ്. മൂന്നാറിന്റെ സമാന കാലാവസ്ഥയും പ്രശസ്തവുമായ ഒരിടം. ഒട്ടേറെ റിസോര്‍ട്ടുകളുള്ള പള്ളിവാസല്‍ നല്ല ഉല്ലാസകേന്ദ്രമാണ്.
ചിന്നക്കനാലും ആനയിറങ്കലും
പവര്‍ഹൗസ് വെള്ളച്ചാട്ടം എന്നറിയപ്പെടുന്ന ചിന്നക്കനാല്‍ മൂന്നാറിനടുത്താണ്. കടല്‍ നിരപ്പില്‍നിന്ന് 2000 മീറ്റര്‍ ഉയരത്തിലാണ് ഈ വെള്ളച്ചാട്ടം. ചിന്നക്കനാലില്‍നിന്ന് ഏഴ് കി.മീ. യാത്ര ചെയ്താല്‍ ആനയിറങ്കല്‍ എത്താം. തേയിലത്തോട്ടങ്ങളും സ്വാഭാവിക വനങ്ങളും വലയം ചെയ്യുന്ന തടാകവും അണക്കെട്ടുമുണ്ട്. ആന ഉൾപ്പെടെ വന്യമൃഗങ്ങളെയും കാണാം. ചിന്നക്കനാലും ആനയിറങ്കലും താമസ സൗകര്യങ്ങളുള്ള പ്രകൃതി സുന്ദരമായ പ്രദേശങ്ങളാണ്.
ടോപ് സ്റ്റേഷന്
മൂന്നാറില്‍നിന്ന് 32 കി.മീ. അകലെയാണ് ടോപ്സ്റ്റേഷന്. മൂന്നാര്‍- കൊടൈക്കനാല്‍ റോഡില്‍ സമുദ്ര നിരപ്പില്‍നിന്ന് 1700 മീറ്റര്‍ ഉയരെയാണ് ഈ സ്ഥലം. തമിഴ്നാട് തെക്കുഭാഗത്തായി കൊളുക്കുമലയും വടക്കുപടിഞ്ഞാറായി കുണ്ടള പ്രദേശങ്ങളും കാണാന്‍ കഴിയുന്ന ടോപ്സ്റ്റേഷനില്നിന്ന് കൊടൈക്കനാല്‍ വരെ നീളുന്ന നടപ്പാതയുണ്ട്.
ടീ മ്യൂസിയം
തേയിലത്തോട്ടങ്ങളുടെ ആരംഭവും വളര്‍ച്ചയും മൂന്നാറിന്റെ ചരിത്രം കൂടിയാണ്. മൂന്നാറിന്റെ ഈ പ്രാധാന്യം കണക്കിലെടുത്ത് ടാറ്റ ടീയാണ് തോട്ടങ്ങളുടെ ഉത്ഭവവും വളര്‍ച്ചയും രേഖപ്പെടുത്തുന്ന ടീ മ്യൂസിയം ആരംഭിച്ചത്. മൂന്നാറിലെ ടാറ്റ ടീയുടെ നല്ലതണ്ണി എസ്റ്റേറ്റിലാണ് ഈ മ്യൂസിയം. ആദ്യകാലത്ത് സമയമളക്കാന്‍ ഉപയോഗിച്ചിരുന്ന നിഴലളക്കുന്ന സൂര്യഘടികാരം (സണ്‍ഡയല്‍) ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഗതാഗതക്കുരുക്ക് പ്രധാന വെല്ലുവിളി
മൂന്നാര്‍ നേരിടുന്ന പ്രധാന പ്രശ്നം ഗതാഗതക്കുരുക്കാണ്. അവധി ദിവസങ്ങളില്‍ മൂന്നാറിലേക്ക് ഒഴുകിയെത്തുന്ന സഞ്ചാരികളില്‍ ഭൂരിഭാഗവും വാഹനങ്ങളില്‍ കുടുങ്ങിക്കിടന്നത് മൂന്നാറിന്റെ സൗന്ദര്യം ആസ്വദിക്കാൻ സമയംതികയാതെ മടങ്ങുന്ന സ്ഥിതിയാണ്. വീതികുറഞ്ഞ റോഡുകളും പാര്‍ക്കിങ് സൗകര്യവും ഇല്ലാത്തതുമാണ് പ്രശ്നം.
ഇരവികുളം ദേശീയ ഉദ്യാനത്തിന്റെ കവാടത്തിലും സമാന സ്ഥിതിയാണ്. മാട്ടുപ്പെട്ടി, ദേവികുളം, മറയൂര്‍ റോഡുകളോക്കെ വാഹനങ്ങളാല്‍ നിറഞ്ഞ് നിശ്ചലമാകും, പ്രത്യേകിച്ച് ഒഴിവ് ദിവസങ്ങളിൽ. ഓണത്തോടെ മൂന്നാറില്‍ തിരക്ക് തുടങ്ങും.
ഗതാഗത പ്രശ്നം പരിഹരിക്കാന്‍ ഒരു പ്രവര്‍ത്തനവും അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. അതുപോലെ വഴിവാണിഭക്കാരും ഗതാഗത പ്രശ്നങ്ങള്‍ക്ക് കാരണക്കാരാണ്. ഇത്തരം വ്യാപാരികള്‍ക്ക് ഒഴിഞ്ഞ് പോകാന്‍ നോട്ടീസ് നല്‍കിയിട്ട് മൂന്ന് മാസം കഴിഞ്ഞെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.