Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightമൂന്നാറിന് മുരളി...

മൂന്നാറിന് മുരളി തുമ്മാരുകുടിയുടെ മുന്നറിയിപ്പും പരിഹാരവും: ‘ഇങ്ങനെയായാൽ ടൂറിസ്റ്റുകൾ കൈവിടും, പരിഹാരം വെനീസ് മാതൃകയിൽ എൻട്രി ഫീസ്’

text_fields
bookmark_border
Muralee Thummarukudy
cancel
camera_alt

മുരളി തുമ്മാരുകുടി

കൊച്ചി: അനിയന്ത്രിതമായ തിരക്കും മാലിന്യവും കാരണം ടൂറിസ്റ്റുകൾ മൂന്നാറിനെ കൈവിടുമെന്ന മുന്നറിയിപ്പുമായി മുരളി തുമ്മാരുകുടി. തിരക്കും മാലിന്യപ്രശ്നവും പരിഹരിക്കാൻ വെനീസിനെ മാതൃകയാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

ട്രാഫിക് ബ്ലോക്ക് കാരണം താൻ ഇപ്പോൾ മൂന്നാറിൽ പോകാറില്ല. അവധി ദിവസങ്ങളിൽ മണിക്കൂറുകൾ വേണം അടിമാലിയിൽ നിന്നും മൂന്നാറിൽ എത്താൻ. മൂന്നാർ ടൗൺ മുറിച്ചു കടന്നു പോകാൻ രണ്ടോ മൂന്നോ മണിക്കൂർ എടുക്കുന്നതും അപൂർവമല്ല. മലിനമായതോ താമസ ചിലവ് അനാവശ്യമായി കൂടുന്നതോ ട്രാഫിക് കൂടുതൽ ഉള്ളതോ ക്രൈം ഉള്ളതോ ഒക്കെയായ നഗരങ്ങളിൽ ടൂറിസ്റ്റുകൾക്ക് പോകേണ്ട ആവശ്യമില്ല. ടൂറിസം കേന്ദ്രങ്ങൾ നന്നായി സൂക്ഷിച്ചില്ലെങ്കിൽ ആളുകൾ വേറെ സ്ഥലം അന്വേഷിച്ചു പോകും. മൂന്നാറിലും ഇതാണ് സംഭവിക്കാൻ പോകുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

ഒരു വർഷം മുൻപ് മൂന്നാർ വഴി പോയപ്പോൾ ഉച്ച സമയത്ത് ഭക്ഷണം കിട്ടാൻ ഏറെ കഷ്ടപ്പെട്ടു. ഹോട്ടലിന് പുറത്ത് തന്നെ ഒരു മണിക്കൂർ നിൽക്കണം, പാർക്കിങ്ങും ഇല്ല. വിനോദ സഞ്ചാരത്തെപ്പറ്റിയുള്ള തന്റെ സങ്കല്പം ട്രാഫിക്കിൽപെട്ട് കിടക്കുന്നതും ഭക്ഷണത്തിന് തിരക്ക് കൂട്ടുന്നതും ഒന്നുമല്ല. അതിനൊക്കെ ബംഗളൂരുവിലോ മറ്റോ പോയാൽ മതിയല്ലോ -തുമ്മാരു​കുടി ചോദിക്കുന്നു.

യൂറോപ്പിൽ ഏറെ ആളുകൾ വരുന്ന സ്ഥലമാണ് വെനീസ്. നഗരത്തിന്റെ കപ്പാസിറ്റിക്ക് പുറത്ത് ആളുകൾ വരുന്ന ഒരു പ്രശ്നം അവിടെയും ഉണ്ട്. ഇതിനെ കൈകാര്യം ചെയ്യാൻ വെനീസിൽ ഏപ്രിൽ മുതൽ ഒരു എൻട്രി ഫീ തീരുമാനിച്ചിട്ടുണ്ട്. മൂന്നാറിലേക്കും ഒരു എൻട്രി ഫീ വക്കേണ്ട സമയം അതിക്രമിച്ചു. പ്രവൃത്തി ദിവസവും അവധി ദിവസവും ഒക്കെ വേണമെങ്കിൽ വ്യത്യസ്തമായ റേറ്റ് വക്കാം. വരുന്ന ആളുകളുടെ എണ്ണത്തെ പറ്റി കൂടുതൽ കൃത്യമായ വിവരം കിട്ടും എന്ന് മാത്രമല്ല നഗരം കൂടുതൽ സൗന്ദര്യത്തോടെ സൗകര്യങ്ങളോടെ കൊണ്ട് നടക്കാനും സാധിക്കും. ഒന്ന് ട്രൈ ചെയ്തു നോക്കുന്നതിൽ തെറ്റില്ലല്ലോ എന്നും മുരളി തുമ്മാരുകുടി ചോദിക്കുന്നു.

പോസ്റ്റിന്റെ പൂർണരൂപം:

മൂന്നാർ - വെനീസിൽ നിന്നും ഒരു പാഠം

ഞാൻ ഇപ്പോൾ മൂന്നാറിലേക്ക് പോകാറില്ല. പടയപ്പയെ പേടിച്ചിട്ടൊന്നുമല്ല, ഹൈറേഞ്ചിലേക്ക് പോകുമ്പോൾ കാട്ടാന എതിരെ വന്നേക്കും എന്നൊരു പേടി എനിക്ക് എപ്പോഴും ഉണ്ടെന്നത് സത്യമാണ്. പക്ഷെ അതല്ല പ്രധാന കാരണം.

മൂന്നാറിലെ അനിയന്ത്രിതമായ തിരക്കാണ്. പ്രത്യേകിച്ചും അവധി ദിവസങ്ങളിൽ മണിക്കൂറുകൾ വേണം അടിമാലിയിൽ നിന്നും മൂന്നാറിൽ എത്താൻ. മൂന്നാർ ടൌൺ മുറിച്ചു കടന്നു പോകാൻ രണ്ടോ മൂന്നോ മണിക്കൂർ എടുക്കുന്നതും അപൂർവ്വമല്ല.

ഒരു വർഷം മുൻപാണ് ഞാൻ മൂന്നാർ വഴി അവസാനം പോയത്. മറയൂരിൽ നിന്നും തിരിച്ചു വരുന്ന വഴിയാണ്. ഉച്ച സമയത്ത് ഭക്ഷണം കിട്ടാൻ ഏറെ കഷ്ടപ്പെട്ടു. എല്ലാ ഹോട്ടലിലും വലിയ തിരക്കാണ്, ഭക്ഷണം കിട്ടാൻ ഹോട്ടലിന് പുറത്ത് തന്നെ ഒരു മണിക്കൂർ നിൽക്കണം, പാർക്കിങ്ങിന്റെ കാര്യം പറയുകയേ വേണ്ട.

വിനോദ സഞ്ചാരത്തെപ്പറ്റിയുള്ള എൻ്റെ സങ്കല്പം ട്രാഫിക്കിൽ പെട്ട് കിടക്കുന്നതും ഭക്ഷണത്തിന് തിരക്ക് കൂട്ടുന്നതും ഒന്നുമല്ല. അതിനൊക്കെ ബാംഗ്ളൂരിലോ മറ്റോ പോയാൽ മതിയല്ലോ.

തൊള്ളായിരത്തി എൺപത്തി ഒന്നിലാണ് ഞാൻ ആദ്യമായി മൂന്നാറിൽ പോകുന്നത്. എൻ്റെ സുഹൃത്ത് ജോർട്ടിക്ക് കല്ലാറിൽ ഒരു ഏലത്തോട്ടം ഉണ്ട്. അവിടെ പോയി താമസിച്ച സമയത്ത് ഒരു ദിവസം ഉച്ച കഴിഞ്ഞപ്പോൾ മൂന്നാറിൽ എത്തി.

അക്കാലത്ത് മൂന്നാർ ഇന്നത്തെ പോലെ അല്ല. രാവിലെ പോയാൽ പച്ചക്കറി ചന്തയും ആൾക്കൂട്ടവും ഒക്കെയുണ്ട്. ഉച്ച കഴിഞ്ഞാൽ മൂന്നാറിൽ ശ്മശാന മൂകതയാണ്. കച്ചവടങ്ങൾ ഒന്നും തന്നെ ഇല്ല. കണ്ണൻ ദേവൻ കമ്പനിയുടെ ഒരു ക്ലബ്ബ് ഉണ്ട്, അവിടെ അതിശയകരമായ ടേസ്റ്റ് ഉള്ള ചായ കിട്ടും. ചിലപ്പോൾ നല്ല സാൻഡ്‌വിച്ചസും (ആദ്യമായിട്ട് സാൻഡ്വിച്ചസ് എന്ന് കേൾക്കുന്നത് പോലും അവിടെ ആണ്).

അന്നും ഇന്നും മൂന്നാറിലേക്കുള്ള യാത്ര, മൂന്നാറിൽ നിന്നും അപ്പുറത്തേക്ക് ദേവികുളത്തേക്കോ മറയൂരിലേക്കോ ഉള്ള യാത്രയൊക്കെ അതി മനോഹരം ആണ്.

കൃത്യമായി വെട്ടിനിറുത്തിയിരിക്കുന്ന തേയില തോട്ടങ്ങൾ, നാട്ടിൽ ചൂടുള്ളപ്പോൾ പോലും നല്ല തണുപ്പ്, രാവിലേയും വൈകീട്ടും കോട മഞ്ഞുള്ള അന്തരീക്ഷം, താഴെ അന്നൊന്നും കാണാത്ത പൂക്കൾ ഇതൊക്കെയാണ് അന്ന് മൂന്നാറിനെ ആകർഷകമാക്കിയതും ഇന്നും ആളുകളെ ആകർഷിക്കുന്നതും.

പക്ഷെ ആളുകളുടെ എണ്ണം ഇപ്പോൾ ഏറെ കൂടി. ട്രാഫിക്ക് മാത്രമല്ല മലയിൽ എത്തുന്നവർക്കുള്ള താമസ സൗകര്യം വേണ്ടത്ര ഇല്ലാത്തത്, ആളുകൾ കൂടുതൽ എത്തുന്നതിനാൽ നിയമവിധേയമാണ് അല്ലാതെയും ഉണ്ടായിരിക്കുന്ന നൂറുകണക്കിന് റിസോർട്ടുകളും ഹോം സ്റ്റേ കളും, അവിടെ ഉണ്ടാകുന്ന മാലിന്യങ്ങൾ വേണ്ടത്ര കൈകാര്യം ചെയ്യാൻ സൗകര്യങ്ങൾ ഇല്ലാത്തത്. പള്ളിവാസൽ പഞ്ചായത്ത് ഓഫിസിന് മുൻപിലുള്ള റോഡിൽ പഞ്ചത്തിലെ ഉദ്യോഗസ്ഥരുടെ മൂക്കിന് താഴെയും സഞ്ചാരികളുടെ കണ്ണിൽ നിന്നും ഏറെ അകലെ കമ്പനി എസ്റേറ്റുകൾക്കിടയിലും ഒക്കെ മൊത്തമായി ഖരമാലിന്യങ്ങൾ നിക്ഷേപിച്ചിരിക്കുന്നതും അത് മൂന്നാറിലെ വെള്ളത്തെ അശുദ്ധക്കുന്നതും ഒക്കെ ഞാൻ അഞ്ചോ ആറോ വർഷം മുൻപ് അവിടെ പോയപ്പോൾ കണ്ടിരുന്നു. ഇതിലൊക്കെ എന്തെങ്കിലും മാറ്റം വന്നോ എന്തോ?

ടൂറിസത്തിൻ്റെ ഒരു പ്രത്യേകത അത് "സെൽഫ് കറക്റ്റിംഗ്" ആണെന്നുള്ളതാണ്. നമ്മൾ സ്ഥിരം താമസിക്കുന്ന നഗരം മലിനമായാൽ നമുക്ക് അവിടെ ജീവിച്ചേ പറ്റൂ. പക്ഷെ ടൂറിസ്റ്റുകൾക്ക് മലിനമായതോ, താമസ ചിലവ് അനാവശ്യമായി കൂടുന്നതോ, ട്രാഫിക്ക് കൂടുതൽ ഉള്ളതോ, ക്രൈം ഉള്ളതോ ഒക്കെയായ നഗരങ്ങളിൽ പോകേണ്ട ആവശ്യമില്ല. ടൂറിസം കേന്ദ്രങ്ങൾ നന്നായി സൂക്ഷിച്ചില്ലെങ്കിൽ ആളുകൾ വേറെ സ്ഥലം അന്വേഷിച്ചു പോകും. മൂന്നാറിലും ഇതാണ് സംഭവിക്കാൻ പോകുന്നത്.

യൂറോപ്പിൽ ഏറെ ആളുകൾ വരുന്ന സ്ഥലമാണ് വെനീസ്. നഗരത്തിന്റെ കപ്പാസിറ്റിക്ക് പുറത്ത് ആളുകൾ വരുന്ന ഒരു പ്രശ്നം അവിടെയും ഉണ്ട്. ഇതിനെ കൈകാര്യം ചെയ്യാൻ വെനീസിൽ ഏപ്രിൽ മുതൽ ഒരു എൻട്രി ഫീ തീരുമാനിച്ചിട്ടുണ്ട്.

എൻ്റെ അഭിപ്രായത്തിൽ മൂന്നാറിലേക്ക് ഒരു എൻട്രി ഫീ വക്കേണ്ട സമയം അതിക്രമിച്ചു. പ്രവർത്തി ദിവസവും അവധി ദിവസവും ഒക്കെ വേണമെങ്കിൽ വ്യത്യസ്തമായ റേറ്റ് വക്കാം. വരുന്ന ആളുകളുടെ എണ്ണത്തെ പറ്റി കൂടുതൽ കൃത്യമായ വിവരം കിട്ടും എന്ന് മാത്രമല്ല നഗരം കൂടുതൽ സൗന്ദര്യത്തോടെ സൗകര്യങ്ങളോടെ കൊണ്ട് നടക്കാനും സാധിക്കും.

ഒന്ന് ട്രൈ ചെയ്തു നോക്കുന്നതിൽ തെറ്റില്ലല്ലോ!

മുരളി തുമ്മാരുകുടി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muralee thummarukudyMunnar
News Summary - Muralee Thummarukudy's warning for Munnar: solution is Venice model
Next Story