ക്രൂസ് സഞ്ചാരികളെ സ്വീകരിക്കാൻ മുശൈരിബിലെ മ്യൂസിയങ്ങൾ
text_fieldsദോഹ: പുതിയ ക്രൂസ് സീസണിൽ ദോഹ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് പുതിയ അനുഭവങ്ങൾ സമ്മാനിക്കാൻ മുശൈരിബിലെ മ്യൂസിയങ്ങൾ. ദോഹയിലെ സുസ്ഥിര സ്മാർട്ട് സിറ്റി വികസനത്തിലൂടെ പുനഃസ്ഥാപിച്ച നാലു ചരിത്ര പൈതൃക ഭവനങ്ങളുടെ ആസ്ഥാനമായറിയപ്പെടുന്ന മുശൈരിബ് മ്യൂസിയങ്ങൾ, വരാനിരിക്കുന്ന ക്രൂസ് സീസണിലെ ഖത്തർ സന്ദർശകർക്ക് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങിക്കഴിഞ്ഞു.
ഖത്തറിന്റെ സമ്പന്നമായ ചരിത്രത്തിലും പാരമ്പര്യത്തിലും സന്ദർശകരെ കൂടുതൽ ഇഴുകിച്ചേർക്കുകയാണ് മുശൈരിബ് മ്യൂസിയങ്ങളുമായുള്ള സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്. മ്യൂസിയങ്ങൾ ആതിഥേയത്വം വഹിക്കുന്ന പ്രദർശനങ്ങൾക്കും പരിപാടികൾക്കും പുതിയ സഹകരണം ഉണർവ് നൽകും. കഴിഞ്ഞ സീസണുകളിൽ മുശൈരിബ് മ്യൂസിയങ്ങൾ സന്ദർശകരുടെ പ്രിയ ഇടമായി മാറിയതിനാൽ ഖത്തറിന്റെ ചരിത്രവും സംസ്കാരവും അടുത്തറിയുന്നതിനുള്ള പാത സന്ദർശകർക്ക് വീണ്ടും തുറക്കുന്നതിന് ഖത്തർ ടൂറിസവുമായുള്ള പ്രവർത്തനം തുടരുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് മുശൈരിബ് മ്യൂസിയം ഓപറേഷൻസ് മാനേജർ മുഹമ്മദ് അൽ യൂസുഫ് പറഞ്ഞു.
2030ഓടെ മിഡിലീസ്റ്റിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറാനുള്ള ഖത്തറിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലെ പ്രധാന പദ്ധതികളിലൊന്നാണ് ക്രൂസ് കപ്പൽ ടൂറുകൾ. ഓരോ ക്രൂസ് സീസണും രാജ്യത്തിന്റെ ടൂറിസം മേഖലക്ക് വമ്പൻ നേട്ടങ്ങളാണ് സമ്മാനിക്കുന്നത്. വർധിച്ച് വരുന്ന സന്ദർശകരുടെ എണ്ണത്തിൽ ദോഹയിലേക്ക് അധിക ക്രൂസ് റൂട്ടുകൾ ആരംഭിക്കുമെന്നും ദോഹ വഴിയുള്ള ലേ ഓവർ യാത്രകളുടെ എണ്ണത്തിൽ വർധനയുണ്ടായതായും ഖത്തർ ടൂറിസത്തിലെ ടൂറിസം പ്രോജക്ട് സപ്പോർട്ട് വിഭാഗം മേധാവി മർയം സഊദ് പറഞ്ഞു.
തിരക്കേറിയ ശൈത്യകാലത്ത് ക്രൂസ് സീസൺ സാധാരണയായി ഒക്ടോബർ അവസാനത്തിൽ ആരംഭിച്ച് ജനുവരി വരെ നീളും. ഓരോ സീസണിലും 80ലധികം ക്രൂസ് കപ്പലുകളാണ് ദോഹ തുറമുഖത്തെത്തുന്നത്. സന്ദർശകർക്ക് ആഴത്തിലുള്ള അനുഭവം നൽകുന്ന പുതിയ ദൃശ്യ-ശ്രാവ്യ സാങ്കേതികവിദ്യകൾ സ്വീകരിച്ച് ഖത്തരി പൈതൃകത്തിന്റെ സത്ത പ്രതിഫലിപ്പിക്കുന്ന നാല് പൈതൃക ഭവനങ്ങളാണ് മ്യൂസിയത്തിലുള്ളത്. ബിൻ ജെൽമൂദ് ഹൗസ്, മുഹമ്മദ് ബിൻ ജാസിം ഹൗസ്, കമ്പനി ഹൗസ്, റദ്വാനി ഹൗസ് എന്നിവയാണവ.
ആപ് സ്റ്റോറിലും ഗൂഗ്ൾ പ്ലേ സ്റ്റോറിലും സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്ന ആപ്പിലൂടെ മുശൈരിബിലെ മ്യൂസിയങ്ങൾ അനുഭവിക്കാൻ അധികൃതർ സന്ദർശകരെ പ്രോത്സാഹിപ്പിക്കുന്നു. എട്ടു ഭാഷകളിൽ ആപ് ലഭ്യമാണ്. മ്യൂസിയങ്ങൾക്കുള്ളിലെ സൗജന്യ ഓഡിയോ ടൂറുകളും മറ്റു പ്രവർത്തനങ്ങളും ബുക്ക് ചെയ്യാനുള്ള ഓപ്ഷനുകളും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.