മസൂറി - മലകളുടെ റാണി
text_fieldsജോഷിമഠിൽനിന്നും ഋഷികേശിൽ തിരിച്ചെത്തിയത് വൈകീട്ട് അഞ്ചുമണിക്കാണ്. പെട്ടെന്ന് കുളിച്ച്, ത്രിവേണി ഘട്ടിലെ ഗംഗ ആരതി കാണാൻ പുറപ്പെട്ടു. ഋഷികേശിലെ വിവിധ ഘാട്ടുകളിൽ വിശുദ്ധ ഗംഗയെ ആരാധിക്കാറുണ്ടെങ്കിലും, അതിൽ പരമാർഥ് നികേതൻ, ത്രിവേണി ഘട്ട് എന്നിവിടങ്ങളിലെ ഗംഗാ ആരതി ഏറെ പ്രശസ്തമാണ്.
ഗംഗ, യമുന, സരസ്വതി എന്നീ മൂന്ന് പുണ്യ നദികളുടെ സംഗമസ്ഥാനമായ ത്രിവേണി ഘട്ടിലെ ഏറ്റവും പ്രശസ്തമായ ആകർഷണം ദിവസേന വൈകീട്ട് ആറ് മുതൽ ഏഴ് വരെ നടക്കുന്ന 'മഹാ ആരതി' എന്നു വിളിക്കപ്പെടുന്ന ഗംഗാ ആരതിയാണ്. പുരോഹിതന്മാർ വിളക്കുകളും മണികളും താലപ്പൊലിയും ഭജനയും ഒക്കെയായി ഗംഗ നദിയെ ആരാധിക്കുന്ന ചടങ്ങ്.
പൂക്കൾ നിറച്ച ഇല വള്ളങ്ങളിൽ ദിയകൾ ജലത്തിലൂടെ ഒഴുക്കുന്നതും വർണ്ണശബളമായ അന്തരീക്ഷവും ഹൃദയംപൊട്ടി പാടുന്ന ഭജനയും ഒക്കെ ചേർന്ന് നമ്മളെ മറ്റൊരു ലോകത്തിലേക്ക് എത്തിക്കും. ഭജനക്കൊപ്പം മറ്റുള്ളവർ നൃത്തം വെക്കുന്നത് കണ്ട് ആദ്യം ഒക്കെ ചുമ്മാ കൈയടിച്ചിരുന്നെങ്കിലും, എപ്പോഴോ കാലുകൾ ശബ്ദത്തിനൊപ്പം ചലിച്ചു തുടങ്ങി. പിന്നെ അവർക്കൊപ്പം ഞങ്ങളും ആസ്വദിച്ചു ചുവടുകൾ വെച്ചു.
ആരതിക്ക് ശേഷം ഞങ്ങൾ നേരെ ലക്ഷ്മൺ ജൂലേക്കാണ് പോയത്. ഋഷികേശിൽ ഗംഗാ നദിക്ക് കുറുകെയുള്ള പ്രധാനപ്പെട്ട രണ്ട് തൂക്കുപാലങ്ങളാണ് റാം ജൂലയും ലക്ഷ്മൺ ജൂലയും. രാത്രി ഈ തൂക്കുപാലങ്ങൾ ദീപാലംകൃതമായിരിക്കും. സ്വർണ്ണ ശോഭയിൽ തിളങ്ങുന്ന അവയെ കണ്ടിരിക്കാൻ തന്നെ നല്ല ഭംഗിയാണ്.
ആ പ്രകാശ ശോഭ ആസ്വദിച്ച് ഭക്ഷണം കഴിക്കാനാണ് ഞങ്ങൾ ലക്ഷ്മൺ ജൂലയുടെ സമീപത്തുള്ള 'ലിറ്റിൽ ബുദ്ധ' എന്ന റെസ്റ്റോറൻറ് തേടിയിറങ്ങിയത്. വിലയിത്തിരി കൂടുതലാണെങ്കിലും ഗൂഗിൾ റിവ്യൂ പറഞ്ഞതിനേക്കാൾ നല്ല ലൊക്കേഷനിലാണ് ഈ റെസ്റ്റോറൻറ്. വെജിറ്റേറിയൻ ഭക്ഷണം മാത്രമേ ഋഷികേശിലെ മിക്ക ഹോട്ടലുകളിലും കിട്ടുകയുള്ളൂ. രാത്രി ഋഷികേഷ് ടൗണിലൂടെ തിരിച്ചു നടന്നതും 11 പേരും കൂടി ഒരു ഓട്ടോയിൽ സഞ്ചരിച്ചതും വ്യത്യസ്തമായ അനുഭവങ്ങളായിരുന്നു. വൈകി റൂമിൽ എത്തിയ ഞങ്ങളെ ഗേറ്റ് തുറക്കാതെ കുറച്ചുനേരം പുറത്തുനിർത്തി ഉപദേശിച്ച ചേട്ടൻ എന്നെ ഹോസ്റ്റൽ ജീവിതം വീണ്ടും ഓർമിപ്പിച്ചു.
നാളെ മസൂറിക്ക് പോകാനുള്ള ബാഗ് പാക്ക് ചെയ്തശേഷം ഞങ്ങൾ കുറേനേരം ഇരുന്ന് സംസാരിച്ചു. കൂട്ടത്തിൽ രണ്ടുപേർ നാളെ തിരിച്ചുപോവുകയാണ്. പരിചയപ്പെട്ടിട്ട് അധികനാൾ ആയില്ലെങ്കിലും അവരും കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് വെറുതെ ആഗ്രഹിച്ചു പോയി. നാട്ടിൽനിന്ന് വരുമ്പോൾ തന്നെ മസൂറി യാത്രാ പ്ലാൻ തയാറാക്കിയതാണ്. ഒറ്റക്കായിരിക്കുമെന്നു കരുതി ഒരുക്കിയ കാര്യങ്ങളൊക്കെ മാറ്റി, ഒമ്പതു പേർക്ക് ഒരുമിച്ച് ആസ്വദിക്കാനുള്ള പ്ലാനുകളിലേക്ക് ഞാൻ മാറിയത് എത്ര പെട്ടെന്നാണ്.
ഒരു ഇന്നോവയിലും ഡിസയറിലുമായി ഞങ്ങൾ ഒമ്പതുപേർ അങ്ങനെ ഋഷികേഷിൽനിന്നും നേരെ മസൂറിയിലേക്ക് പുറപെട്ടു. ഡെറാഡൂണിൽനിന്ന് 35 കിലോമീറ്റർ മാറി, ഗർവാൾ ഹിമാലയൻ പർവതനിരകളുടെ താഴ്‌വരയിലാണ് മലകളുടെ റാണിയെന്ന് (QUEEN OF HILLS) അറിയപ്പെടുന്ന മസൂറി ഹിൽ സ്റ്റേഷൻ. ടാർ ചെയ്ത റോഡുകളാണ് ഋഷികേശ് മുതൽ മസൂറി വരെ.
കഴിഞ്ഞ കുറേ ദിവസമായി ഒരുപാട് ദൂരം നടന്നതുകൊണ്ട്, മനസ്സിനും ശരീരത്തിനും വിശ്രമം നൽകാം എന്ന ഉദ്ദേശത്തോടെയാണ് മസൂറി യാത്ര. ഞങ്ങളുടെ മനസ്സ് അറിഞ്ഞത് പോലെ, കഴിഞ്ഞ കുറേ ദിവസമായി യാത്രക്ക് വേണ്ടി സൗകര്യമൊരുക്കി മാറിനിന്ന മഴ മെല്ലെ പെയ്തു തുടങ്ങി.
മസൂറിയിൽ നിന്ന് 15 കിലോമീറ്റർ മാറി, യമുനോത്രി റോഡിലുള്ള കേംത്തി വെള്ളച്ചാട്ടമാണ് ഇവിടത്തെ പ്രധാന ആകർഷണം. ലാൽ ഡിപ്പാ പോയിൻറും ഗൺ ഹിൽ പോയിൻറും കമ്പനി ഗാർഡനുമൊക്കെ സ്ഥിര സന്ദർശന സ്ഥലങ്ങളാണ്. കഴിഞ്ഞ ദിവസങ്ങളിൽ കാഴ്ചകളുടെ നിറവസന്തം കണ്ടത് കൊണ്ടാണോയെന്നറിയില്ല ഇവയൊന്നും തന്നെ മനസ്സിനെ ഒരുപാട് ആകർഷിച്ചില്ല. മസൂറി ടൗണിലെ പ്രധാന മാർക്കറ്റാണ് മാൾ റോഡ്. വ്യത്യസ്തമായ ഭക്ഷണങ്ങളും വസ്ത്രങ്ങളും ഗിഫ്റ്റ് സാധനങ്ങളുമൊക്കെ കിട്ടുമിവിടെ.
മാൾ റോഡിന് ഇടയിൽ തന്നെ വ്യൂപോയിൻറ് ഉണ്ട്. വൈകുന്നേരങ്ങളിൽ ഇവിടെ നിന്നുള്ള കാഴ്ച അവർണ്ണനീയമാണ്. ദൂരെ തീപ്പെട്ടി കൂടുപോലെ പരന്നുകിടക്കുന്ന കെട്ടിടങ്ങൾ, അവിടെ തെളിയുന്ന വെളിച്ചം. ആരോ ഭംഗിയായി ഗ്ലിറ്റർ കൊണ്ട് അലങ്കരിച്ച പരവതാനി പോലെ തോന്നും.
കൊറോണക്കാലമൊന്നും മാൾ റോഡിനെ ബാധിച്ചിട്ടില്ല. റോഡിന് ഇടയിൽ ഒരു പൊലീസ് സ്റ്റേഷൻ ഉണ്ട്. അവിടെ എത്തുമ്പോൾ മാത്രം ആളുകൾ മാസ്ക് ഇടും, ഇല്ലെങ്കിൽ ഫൈൻ അടപ്പിക്കുന്നുണ്ട്. നമ്മുടെ റോഡ് ചെക്കിങ് സമയത്ത് ഹെൽമറ്റ് ഇടുന്നത് പോലെ. കഴിഞ്ഞ കുറേ മാസങ്ങളായി മാസ്കുമായി ഒരുപാട് സൗഹൃദത്തിൽ ആയതിനാൽ ആവാം, മാസ്ക് ഇടുന്നത് അത്ര വലിയൊരു ബുദ്ധിമുട്ടായി എനിക്ക് തോന്നിയില്ല.
മാൾ റോഡിൽ കൂടി വെറുതെ അലഞ്ഞു നടന്നും ഇഷ്ടമുള്ള വൈവിധ്യമാർന്ന ഭക്ഷണം കഴിച്ചും ഞങ്ങൾ രണ്ടു ദിവസം ആസ്വദിച്ചു. കഴിഞ്ഞ കുറേ ദിവസത്തെ നടത്തതിൻെറ ക്ഷീണം മുഴുവൻ മസൂറിയിൽ തീർത്തിട്ടാണ് ഡെറാഡൂൺ എയർപോർട്ടിലേക്ക് പിറ്റേന്ന് മടങ്ങുന്നത്.
എയർപോർട്ടിലെ നീണ്ട കാത്തിരിപ്പും ഡൽഹി എയർപോർട്ടിലെ ലേ ഓവർലേയുമൊക്കെ കഴിഞ്ഞു കൊച്ചിയിൽ എത്തുമ്പോഴേക്കും രാത്രി 11 കഴിഞ്ഞിരുന്നു. ഒന്നുകിൽ ഡബിൾ വാക്സിനേഷൻ സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിലെ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് എന്ന കേരളത്തിൻെറ പ്രോട്ടോകോൾ കേട്ട് പേടിച്ചാണ് നാട്ടിലേക്ക് വരുന്നത്.
പക്ഷെ, ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് എയർപോർട്ടിൽ നിന്ന് എടുക്കാൻ അവസരമുണ്ട്. അതല്ലെങ്കിൽ ഏഴുദിവസം വീട്ടിൽ ക്വാറൻറീൻ ഇരിക്കണമെന്ന് നിർദേശിക്കും. അടുത്ത ദിവസം തൊട്ട് ജോലിക്ക് പോകണം എന്നുള്ളതിനാൽ ഞാൻ ടെസ്റ്റ് എടുത്തു.
എയർപോർട്ടിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോൾ ഒരു വല്ലാത്ത നിറവ് ആയിരുന്നു മനസ്സിന്. കുറേക്കാലമായി നടക്കാതെ പോയ യാത്ര എന്ന സ്വപ്നം വീണ്ടും പൂത്തിരിക്കുന്നു. ഇനിയും ഒരുപാട് യാത്രകൾ പോകാൻ പറ്റുമെന്ന് പ്രതീക്ഷ ഇപ്പോൾ മനസ്സിലുണ്ട്. അടുത്ത യാത്ര വരെ പുഞ്ചിരിയോടെ കാത്തിരിക്കാൻ അതുമതി.
***ശുഭം****
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.