എന്റെ കേരളം എന്നും സുന്ദരം
text_fieldsടൂറിസം വകുപ്പ് കേരളത്തിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളെയും കൂടുതൽ എക്സ് പ്ലോർ ചെയ്യുന്നതിനായി സമൂഹമാധ്യമങ്ങളിലൂടെ ‘എന്റെ കേരളം എന്നും സുന്ദരം’ എന്ന കാമ്പയിനുമായി മുന്നോട്ടുപോവുകയാണ്. എല്ലാവരും അതിന്റെ ഭാഗമാവണം എന്നതാണ് ആദ്യം പറയാനുള്ളത്. ചൂരൽമല ദുരന്തം നമുക്ക് വലിയ പ്രയാസമാണ് സൃഷ്ടിച്ചത്. ഒരുപാട് ജീവനുകൾ നഷ്ടപ്പെട്ടു, വീടുകളും സ്കൂളും നഷ്ടപ്പെട്ടു. പാലം തകർന്നു, റോഡുകൾ തകർന്നു... കൃഷിനാശമുണ്ടായി. ചൂരൽമലയിലാണ് ദുരന്തമുണ്ടായതെങ്കിലും പുറത്തേക്ക് ‘വയനാട് ദുരന്തം’ എന്നരീതിയിലാണ് അറിയപ്പെട്ടത്. വയനാട്ടിലേക്ക് വരേണ്ടിയിരുന്ന സഞ്ചാരികൾ യാത്രകൾ ഒഴിവാക്കി. ചെറുകിട കച്ചവടക്കാർ മുതൽ താമസ സൗകര്യങ്ങളൊരുക്കുന്നവർ വരെ അതുമൂലം പ്രതിസന്ധിയിലായി. അതിന്റെ ഭാഗമായി ടൂറിസം മേഖലക്ക് വലിയ ക്ഷീണമുണ്ടായി.
വയനാട് കേരളത്തിലെ ഏറ്റവും ടൂറിസം പൊട്ടൻഷ്യൽ ഉള്ള ജില്ലയാണ്. കോവിഡിനു ശേഷം വയനാട് ജില്ലയെ ഫോക്കസ് ചെയ്ത് പ്രത്യേക മാർക്കറ്റിങ് കാമ്പയിനുകൾ ടൂറിസം വകുപ്പ് നടത്തിയിരുന്നു. വയനാടിനെ സംബന്ധിച്ചിടത്തോളം 2021 മേയിൽ ഈ സർക്കാർ അധികാരത്തിലേറുമ്പോൾ കോവിഡ് രൂക്ഷമായിരുന്നു. ടൂറിസത്തെക്കുറിച്ച് ഓർക്കാൻപോലും അന്ന് പറ്റില്ലായിരുന്നു. അന്ന് സർക്കാർ നിലവിളിച്ച് കരയുകയായിരുന്നില്ല, ഭാവിയിൽ എന്തുചെയ്യണമെന്ന പദ്ധതികൾ ആവിഷ്കരിക്കുകയായിരുന്നു. അതിൽ അൺ എക്സ് പ്ലോർഡ് ആയ വയനാടിനെ പ്രത്യേകം ടൂറിസം രംഗത്ത് എടുത്തുകാണിക്കാൻതന്നെ തീരുമാനിച്ചു. തിരുവനന്തപുരത്തേക്കാൾ വയനാടിനടുത്തുള്ളത് ഐ.ടി ഹബ് ആയ ബംഗളൂരു ആണ്. ബംഗളൂരുവിന്റെ വീക്കെൻഡുകൾ വയനാട്ടിലാക്കി മാറ്റാനാകും നല്ല മാർക്കറ്റിങ് സ്ട്രാറ്റജിയുണ്ടെങ്കിൽ എന്ന് ഞങ്ങൾ കരുതി. അതിന്റെ ഭാഗമായി തുടർച്ചയായി കാമ്പയിനുകൾ നടത്തി. വലിയ മാറ്റമുണ്ടായി. വയനാട് ടൂറിസം കുതിച്ചുയരുകതന്നെ ചെയ്തു. ജില്ല രൂപവത്കരിച്ചതിനുശേഷമുള്ള സർവകാല റെക്കോഡാണ് ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വയനാട് സ്വന്തമാക്കിയത്. വയനാട് ഡി.ടി.പി.സി സെന്ററുകളുടെ വരുമാനവും സർവകാല റെക്കോഡിലെത്തി.
വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വയനാട് ജില്ല സമീപകാലത്ത് കൈവരിച്ച സർവകാല റെക്കോഡ് നേട്ടം മറ്റ് ടൂറിസം ഇടങ്ങളെയും ഉണർത്തി. കേരളത്തിലേക്ക് സഞ്ചാരികളുടെ വരവ് കൂടുകയും ചെയ്തു. ചൂരൽ മല ദുരന്തത്തെ തുടർന്നുണ്ടായ വലിയ വാർത്താ പ്രചാരണങ്ങൾ വയനാട് ജില്ലയിലേക്ക് വരാൻ തയാറാകുന്ന നിരവധി സഞ്ചാരികളെ പിന്തിരിപ്പിക്കുന്ന സ്ഥിതിവിശേഷം ഉണ്ടാക്കിയിട്ടുണ്ട് എന്നത് സത്യമാണ്. പക്ഷേ, നമ്മൾ വീണ്ടും ഉണർന്നുപ്രവർത്തിച്ചാൽ വയനാട് നമ്മുടെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമായി നിലനിർത്താനാകും. വയനാട് സുരക്ഷിതമല്ല എന്ന തോന്നൽ കേരളത്തിന്റെ പുറത്തുള്ളവർക്കുണ്ട്. അത് മാറ്റാൻ നമ്മൾതന്നെ ശ്രമിക്കണം.
അതുകൊണ്ടാണ് കേരളത്തിലാകെ ടൂറിസത്തിന്റെ ഭാഗമായി കാമ്പയിനുകൾ നടക്കുന്നതിൽ വയനാടിനെ പ്രത്യേകം കേന്ദ്രീകരിച്ചുകൊണ്ട് ‘എന്റെ കേരളം എന്നും സുന്ദരം’ എന്ന ടാഗ് ലൈനോടെ ടൂറിസം വകുപ്പ് മാസ് കാമ്പയിൻ ആരംഭിച്ചിരിക്കുന്നത്. സമൂഹത്തിന്റെ എല്ലാ മേഖലകളിലുള്ളവർക്കും ഈ കാമ്പയിന്റെ ഭാഗമായി കേരളത്തിലെ മനോഹരമായ ഡെസ്റ്റിനേഷനുകളെ പ്രമോട്ട് ചെയ്യാം. വയനാടിന്റെ വിനോദ സഞ്ചാര മേഖലയെ കൈപിടിച്ചുയർത്താനും കേരള ടൂറിസത്തിനാകെ ഒരു പുതിയ ഉണർവുനൽകാനുമാണ് വകുപ്പ് ലക്ഷ്യമാക്കുന്നത്. നിങ്ങൾക്കിഷ്ടപ്പെട്ട കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രം ‘എന്റെ കേരളം എന്നും സുന്ദരം’ എന്ന ഹാഷ്ടാഗിൽ വിഡിയോ ആയോ ഫോട്ടോ ആയോ എല്ലാം പ്രചരിപ്പിക്കണം. സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യണം. ലോകത്താകെയുള്ള മലയാളികൾ ഇതിന്റെ ഭാഗമാവുന്നുണ്ട്. നമ്മുടെ നാട്ടിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ലോകത്തിന് പരിചയപ്പെടുത്തുക എന്നതാണ് ഉദ്ദേശം. അതിന് എല്ലാവരും സഹകരിക്കണം.
തയാറാക്കിയത്: സന്ദീപ് ഗോവിന്ദ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.