Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightഭയം മനസ്സിനെ...

ഭയം മനസ്സിനെ കീഴ്​പ്പെടുത്തിയ പുരിയിലെ രാത്രി

text_fields
bookmark_border
puri
cancel
camera_alt

പുരി ജഗന്നാഥ് ക്ഷേത്രത്തിലെ പ്രവേശന കവാടം 

ഇത്ര പെട്ടെന്ന് രാത്രി ആകുമെന്ന് ഓര്‍ത്തത് പോലുമില്ല. കൊണാർക്കിലെ കാഴ്ചകളില്‍ ലയിച്ച് നിന്നുപോയി. സമയം അഞ്ച് മണി. ക്ഷേത്രത്തിന്‍റെ ഗേറ്റ് കടന്ന് പുറത്തേക്കിറങ്ങി. തെരുവിൽ പകലിലെ ആളും ആരവവുമില്ല. പിന്നിലേക്ക് ഒന്ന് തിരിഞ്ഞുനോക്കി. പടര്‍ന്നുവരുന്ന ഇരുട്ടില്‍ കൂടുതല്‍ മനോഹരിയായി കൊണാര്‍ക്ക് സൂ​ര്യക്ഷേത്രം.

രാവിലെ ആരംഭിച്ച മഴ അന്തരീക്ഷത്തെ തണുപ്പിച്ച്​ മഴത്തുള്ളികളായി കൂടെയുണ്ട്. 'ചന്ദ്രബാഹു രമചാണ്ടി' ബീച്ച് പിന്നിട്ട് തിരികെ പുരിയിലേക്ക് സഞ്ചരിക്കുകയാണ്. തെരുവ് വിളക്കിന്‍റെ നേരിയ വെളിച്ചത്തില്‍ മറൈന്‍ ഡ്രൈവ് റോഡിന് ഒരു പ്രത്യേക സൗന്ദര്യം വന്നിട്ടുണ്ട്. സുന്ദരമായി കറുത്ത നിറത്തില്‍ അതങ്ങനെ നീണ്ടുകിടക്കുന്നു.

കൊണാർക്ക്

പാതയോരങ്ങളിലെ കാറ്റാടി മരങ്ങള്‍ കടലിലേക്കുള്ള കാഴ്ച മറച്ച് തിങ്ങി ഞെരുങ്ങി നില്‍ക്കുന്നു. സൂര്യ ഭഗവാന്‍റെ അവസാന കിരണം ദർശിക്കാനായി രമചാണ്ടി ബോട്ടിങ്​ പോയിന്‍റില്‍ കാഴ്ചക്കാരുടെ കൂട്ടം കാണാം. 200 വര്‍ഷത്തില്‍ ഒരിക്കല്‍ ഉദയസൂര്യ രശ്മികള്‍ കൊണാര്‍ക്കിനുള്ളിലൂടെ കടന്നുപോകുമെന്ന കഥ എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു. ചരിത്രവും സങ്കൽപ്പവും ഇഴപിരിഞ്ഞ് അങ്ങനെ എത്രയെത്ര കഥകളാണ് കൊണാർക്കിന് ചുറ്റും. സത്യത്തില്‍ പാടി നടക്കുന്ന കഥകള്‍ക്കും എത്രയോ മുകളിലാണ് ആ ചരിത്ര വിസ്മയം.

നുവനായി പാലത്തില്‍ ഇരുട്ട് വീണിരിക്കുന്നു. മീന്‍പിടിത്തക്കാരെയും കാഴ്ചക്കാരായി നിന്നവരെയും കാണാനില്ല. നിശ്ശബ്​ദതയില്‍ ഇരുട്ടിനെപ്പോലും നോവിക്കാതെ മഹാനദി ശാന്തമായി ഒഴുകി കടലില്‍ ചേരുന്നത് രാത്രിയുടെ മറവിലും മനസ്സിനെ പ്രണയാതുരമാക്കുന്ന കാഴ്ചയാണ്. ഈ ലോകം എന്തു മനോഹരമാണ്...

മറൈൻ ഡ്രൈവ് റോഡിലെ ബോട്ടിങ് പോയിന്‍റ്​

ഇരുട്ടില്‍ പിന്നില്‍ നിന്നുള്ള വണ്ടികള്‍ ഹോണ്‍മുഴക്കി കടന്നുപോകുന്നുണ്ട്. കാറ്റാടി മരങ്ങൾ നിഴൽ വീഴ്ത്തിയ ഇരുട്ടില്‍നിന്ന് പുറത്ത് കടക്കാന്‍ കിലോമീറ്ററുകള്‍ താണ്ടേണ്ടി വന്നു. വഴിയോരങ്ങളിലെ ചെറിയ കടകളില്‍ സഞ്ചാരികളുടെ കൂട്ടം കാണാം. നല്ല തണുപ്പ്, ഒരു ചായ കുടിച്ചാല്‍ കൊള്ളാമെന്നുണ്ട്. ഒറ്റക്കാണ്, സമയം അതിക്രമിച്ചിരിക്കുന്നു. ഏറെ ദൂരം പിന്നിടേണ്ടതുണ്ട്. മിന്നൽ വേഗത്തില്‍ മനസ്സിലൂടെ കടന്നുപോയ ചിന്തകള്‍ ഒടുവില്‍ യാത്ര തുടരാനാണ് പറയുന്നത്.

റോഡിലെ കാളകളും കുരങ്ങൻമാരും

റോഡിന്‍റെ അരികുവശം ചേര്‍ന്ന് സഞ്ചരിക്കാന്‍ സാധിക്കില്ല. നാട്ടുകാര്‍ കാളകളെ അഴിച്ചുവിട്ടിരിക്കുകയാണ്. ഇരുട്ടിന്‍റെ മറവിലൂടെ കടന്നുപോകുന്ന അവയെ തട്ടി വാഹനം അപകടത്തില്‍പെട്ടേക്കാം. പത്തു കിലോമീറ്ററോളം പിന്നിട്ടിരിക്കുന്നു. ഇടക്ക് വേഗത്തില്‍ ഓടി മറയുന്ന ഫോര്‍ വീലറുകളല്ലാതെ ബൈക്കും സ്‌കൂട്ടറും പോലുള്ള വണ്ടികളൊന്നും കാണാനില്ല എന്ന ചിന്ത പെട്ടെന്ന് മനസ്സിലേക്ക് വീണു. താമസംവിനാ റോഡിന് സമീപത്തെ മരച്ചില്ലകളില്‍നിന്നും മരച്ചില്ലകളിലേക്ക് സിംഹവാലന്‍ കുരങ്ങന്മാര്‍ എടുത്ത് ചാടി. മനസ്സൊന്നു പിടച്ചു, അറിയാതെ വാഹനത്തിന്‍റെ വേഗത കൂടി. ഈ റോഡിലേക്ക് കയറും മുമ്പ് കൊള്ളക്കാരും പിടിച്ചുപറിക്കാരും വിഹരിക്കുന്ന മേഖലയാണെന്ന് സുഹൃത്ത് മുന്നറിയിപ്പ് നൽകിയിരുന്നു.

പേടിച്ചത് കൊണ്ടാകണം, ശ്രദ്ധമാറി വലത് വശത്തുള്ള അപരിചിതമായ റോഡിലേക്ക് കയറി. കുറച്ച് മുന്നോട്ട് പോയി. വഴി തെറ്റിയിരിക്കുന്നു. അസുന്ദരമായ ഇരുട്ട്. ഗൂഗിൾ മാപ്പിൽ പുരി 50 കിലോമീറ്ററാണ് കാണിക്കുന്നത്. ഇങ്ങോട്ട് വന്ന ദൂരം വെച്ച് അതൊരിക്കലും ശരിയാകില്ല. ആരെയും കാണാനുമില്ല. ടെൻഷൻ കൂടി. ഫോൺ തിരികെ വെച്ച് കുറച്ചു ദൂരം പിന്നോട്ട് പോയി. എവിടെയോ തിരിയേണ്ടിയിരുന്നു.

സുഭാഷ് ശൗക്കിലെ ഹോട്ടലുകൾക്ക് സമീപത്തെ തെരുവ്

ഒരു സൈക്കിള്‍ റിക്ഷാക്കാരനെ കണ്ടു. ഭയം മുഴച്ച് നില്‍ക്കുന്ന ശബ്ദത്തിൽ ഉച്ചത്തിൽ വിളിച്ചു ചോദിച്ചു, 'പുരി ജഗന്നാഥ്'. കൂടുതല്‍ ഒന്നും തൊണ്ടയിൽനിന്നും പുറത്ത് വന്നില്ല. വലത് വശത്തേക്ക് ചൂണ്ടി ഒഡിയ ഭാഷയില്‍ മറുപടി വന്നു. ചിന്തിക്കാന്‍ ഒന്നുമില്ല, അങ്ങോട്ടേക്ക് തന്നെ വിട്ടു. ഇരുട്ടില്‍ അറിയാത്ത പാതകള്‍ പിന്നിട്ട് പുരി ജഗന്നാഥ ക്ഷേത്രത്തിന്​ സമീപത്തെ പരിചിതമായ തെരുവിലേക്ക് തിരികെയെത്തി.

റൂമിനായുള്ള അലച്ചിൽ

സമയം ഏഴര പിന്നിട്ടു. താമസം അന്വേഷിക്കണം. പുരിയില്‍ ലഭ്യമായ ഓയോ റൂം ബുക്ക് ചെയ്ത് ലിങ്ക് അയക്കാന്‍ നാട്ടിലെ സുഹൃത്തിനെ ഏര്‍പ്പാട് ചെയ്തിരുന്നു. ഗൂഗിള്‍ മാപ്പില്‍ പുരി ബീച്ചിന് സമീപത്തെ സീ ഡ്രീം ലോഡ്ജിലേക്ക് 6.5 കിലോമീറ്ററാണ് കാണിക്കുന്നത്. അവിടെ എത്തണം, ഒന്നു വിശ്രമിക്കണം.

സുബാഷ് ചൗക്കില്‍നിന്ന് ബീച്ച് റോഡിലൂടെ ലോഡ്ജിലേക്ക് പോവുകയാണ്. പ്രൈവറ്റ് ബസ്​സ്റ്റാൻഡ്​ കഴിഞ്ഞാല്‍ പിന്നെ രണ്ട് കിലോമീറ്ററോളം തിരക്കാണ്. ചെറിയ പാതയിലൂടെ വഹനങ്ങള്‍ മെല്ലെ നീങ്ങുന്നു. തട്ടുകടകള്‍ സജീവമാണ്. പാനിപൂരിയുടെ ഒറിയന്‍ വകഭേദമാണ് പ്രധാന ഭക്ഷണം. കൊല്‍ക്കത്ത അടുത്ത് ആയതു കൊണ്ടാകാം സഞ്ചാരികളിലധികവും ബംഗാളികളാണ്. തിരക്കിനിടയില്‍പ്പെട്ട് വണ്ടി മെല്ലെ മുന്നോട്ട് നീങ്ങി.

സീ ഷൈൻ ഹോട്ടലിന്‍റെ മുൻവശം

സഞ്ചാരികളെക്കൊണ്ട്​ നിറഞ്ഞ പുരി ബീച്ച്. കാല് കുത്താന്‍ പോലുമിടമില്ല. സീ ഡ്രീം ലോഡ്ജിനായി ട്രാഫിക് റൗണ്ട് വലത്തേക്ക് ചുറ്റി ഇടത്തേക്ക് കയറാന്‍ ഗൂഗിൾ മാപ്പ് പറയുന്നുണ്ട്. ഹോണ്‍ മുഴക്കിയാല്‍ പോലും മുന്നില്‍ നില്‍ക്കുന്നവര്‍ക്ക് കേള്‍ക്കാന്‍ കഴിയാത്തത്ര തിരക്കും ബഹളവും. തെരുവോരത്തെ ലൊക്കേഷനിലെത്തി. പക്ഷെ സീ ഡ്രീം ലോഡ്ജ് കാണുന്നില്ല. ലൊക്കേഷന്‍ കാണിക്കുന്ന ഭാഗത്തുള്ള ഹോട്ടലില്‍ കയറി. ഇംഗ്ലീഷില്‍ കാര്യം പറഞ്ഞു. മറുപടിയില്ല, മനസ്സിലായില്ലെന്ന് തോന്നുന്നു.

ചുറ്റിനും നോക്കി. ആരോടും ചോദിക്കാന്‍ തോന്നുന്നില്ല. ഒടുവില്‍ 'സര്‍ ലോഡ്ജ്, സ്റ്റേ, സീ ഡ്രീം' എന്നൊക്കെ പറഞ്ഞു നോക്കി. നാട്ടു ഭാഷയിലെ മറുപടിയില്‍നിന്ന് ഒന്നും മനസ്സിലായില്ല. സമീപത്തെ ചെറിയ ലോഡ്ജുകളിലേക്ക് ആണുങ്ങളും പെണ്ണുങ്ങളും കയറുന്നുണ്ട്. കൂട്ടത്തില്‍ പടിക്കെട്ടുകള്‍ ഇറങ്ങിവന്നവനുമായി സംസാരിച്ചതില്‍ നിന്നും ലേഡീസ് എന്ന വാക്ക് പിടികിട്ടി. ഒന്നു രണ്ടു പേര് മുകളിലേക്ക് കയറുന്നുമുണ്ട്. പതിയെ അവിടെ നിന്നിറങ്ങി തിരികെ വണ്ടിയില്‍ കയറി.

ഇടുങ്ങിയ തെരുവിന് സമീപം നില്‍ക്കുന്ന എനിക്ക് ചുറ്റും ഒട്ടനവധി പേര് നോട്ടമെറിയുന്നുണ്ട്. തെരുവില്‍ കെട്ടിടങ്ങള്‍ക്ക് ഇടയിലൂടെ വഴികള്‍ ഒരുപാട് കാണാം. വണ്ടിയും ബാക്ക്പാക്കും ഉള്ളതിനാല്‍ ഇറങ്ങി അന്വേഷിക്കാന്‍ കഴിയില്ല. ചില പിമ്പുകള്‍ സമീപിച്ചു. ഹിന്ദിയിലും ഒറിയയിലും വില പറയുന്നുണ്ട്. എവിടെയോ പെട്ടു പോയിരിക്കുന്നു എന്ന് മനസ്സിലായി. ധൃതിയില്‍ വണ്ടി തിരിച്ചു തിരികെ ട്രാഫിക് റൗണ്ടിന് സമീപമെത്തി. സ്‌കൂട്ടര്‍ സൈഡാക്കി അതില്‍ കുറച്ചുനേരം തലതാഴ്ത്തിയിരുന്നു. സമയം 8.30 പിന്നിട്ടു. ഇനി എന്ത് ചെയ്യുമെന്നറിയില്ല. രാവിലെ തുടങ്ങിയ ചുറ്റലാണ്. റൗണ്ട് ചുറ്റി കടന്നുപോയ ഓട്ടോക്കാര്‍ ശകാരിക്കുന്നത് കേട്ടപ്പോഴാണ് ചിന്തപോയത്. ട്രാഫിക് ബ്ലോക്കിന് മധ്യേയാണ് നില്‍പ്പ്. ബീച്ചിലെ തിരക്കുകള്‍ റോഡിനെയും ബാധിച്ചിരിക്കുന്നു.

അടുത്തുള്ള രണ്ട് ഹോട്ടലുകളില്‍ കയറി. 'നോ റൂം' എന്ന മറുപടിയാണ്. തിരികെ വന്നു ഓട്ടോ സ്റ്റാൻഡിനു സമീപം സ്‌കൂട്ടര്‍ ഒതുക്കി ബീച്ചിലേക്ക് നോക്കിനിന്നു. ജനങ്ങളുടെ ആരവം തിരമാലകളെ പോലും നിശ്ശബ്​ദമാക്കിയിരിക്കുന്നു. കൂടെ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ... അല്ലെങ്കിൽ വേണ്ട ഈ നിമിഷവും കടന്നുപോകും.

അടുത്ത പദ്ധതിയെക്കുറിച്ച് ചിന്തിച്ചു കൊണ്ടിരുന്ന എന്‍റെ അരികിലേക്ക് ഒരു ഓട്ടോക്കാരന്‍ നടന്നടുത്തു. 'മദ്രാസി, തെലുങ്ക്, തമിഴ്'... കേരളത്തില്‍ നിന്നുമുള്ളതാണെന്ന് മറുപടി പറഞ്ഞു. മറുപടി കേട്ടപാടെ അടക്കിപ്പിടിച്ച് ഒരു ചിരി. 'മല്ലു വാങ്കെ റൂമിറ്ക്ക് '. 'ഹൗ മച്ച് റേറ്റ് -300, 500, 600 എനി'. മറുപടി പറഞ്ഞ് ആള്‍ വണ്ടിയുടെ ഹാന്‍ഡിലില്‍ പിടുത്തമിട്ടു. ആകെ ഒരുമാതിരി നോട്ടം.

പുരി ജഗന്നാഥ് ക്ഷേത്രത്തിന്‍റെ മുന്നിലെ റോഡ്

എന്തായാലും ഇവിടെ ഈ റേറ്റിന് റൂം കിട്ടില്ല. എന്തോ പന്തികേടുണ്ട്. ഒറ്റക്കുള്ള യാത്രകളിൽ അപകടങ്ങൾ നമ്മൾക്ക് മുൻകൂട്ടി കാണാൻ പറ്റും. കാരണം ഇവിടെ എന്‍റെ ഹൃദയത്തിന്‍റെ താളം ശ്രവിക്കാൻ എനിക്കല്ലാതെ ദൈവത്തിന്​ പോലുമാകില്ല.

വണ്ടി മുന്നോട്ട് ഒന്നുരുട്ടി. ധൈര്യം സംഭരിച്ച് ചോദിച്ചു, 'റൂം വേർ?'. ഹാൻഡിലിൽ നിന്നും കൈയെടുത്ത് അയാൾ സമീപത്തുള്ള ഹോട്ടലിലേക്ക് ചൂണ്ടി, '400 വാങ്കൊ' എന്നു പറഞ്ഞു. അയാളുടെ നോട്ടം എന്നില്‍നിന്നും മാറിയതും വണ്ടിയുമായി മുന്നോട്ട് കുതിച്ചു.

കുറേ ദൂരം ഓടി പ്രൈവറ്റ് സ്റ്റാൻഡില്‍ നിർത്തി. സുഹൃത്തിന്‍റെ ഫോണ്‍കോള്‍. സുബാഷ് ചൗക്കില്‍ റൂമുണ്ടെന്ന് കാണിക്കുന്നുണ്ട്, ഹോട്ടല്‍ സീ ഇന്‍. പക്ഷേ ലൊക്കേഷന്‍ അയക്കാന്‍ കഴിയുന്നില്ല. അതുകൊണ്ട് ഹോട്ടലിന്‍റെ വിവരങ്ങൾ അടങ്ങിയ സ്ക്രീൻ ഷോട്ട് അയച്ചിട്ടുണ്ട്. വഴി ചോദിച്ചുപോകൽ ചടങ്ങാണ്. എന്ത് ചെയ്യാന്‍, വേറേ മാർഗമില്ല. പതിയെ മധുരപലഹാരങ്ങള്‍ വില്‍ക്കുന്ന തിരക്ക് കുറഞ്ഞ ബേക്കറിയിലേക്ക് കയറി ഒരു രസഗുള വാങ്ങി. കൂടെ ഹോട്ടലിന്‍റെ പേരും വിവരങ്ങളും അടങ്ങുന്ന ചിത്രവും കാണിച്ചു. ഹോട്ടല്‍ അറിയില്ലെന്ന് പറഞ്ഞ അയാള്‍, നേരേ പോയാല്‍ ട്രാഫിക് ജംഗ്ഷന്‍ എത്തും, അവിടെയാണ് സുഭാഷ് ചൗക്ക് എന്ന മറുപടി നൽകി. ചൗക്കിലെത്തി പൊലീസുകാരനോട്​ കാര്യം തിരിക്ക്​. അയാളും ഹോട്ടലിനെക്കുറിച്ച് കേട്ടിട്ടില്ല. നേരേ പോയാല്‍ സി.ടി റോഡ് എത്തും, അവിടെ അന്വേഷിച്ചാലറിയാം എന്നും കൂട്ടിച്ചേർത്തു.

ആരവങ്ങള്‍ക്കിടയില്‍നിന്നും വിജനമായ വീഥിയിലേക്ക്. ഇരുട്ടിന്‍റെ കാല്‍പ്പെരുമാറ്റം. സി.ടി റോഡിലെ വലിയ ഹോട്ടലില്‍ കയറി. ഇത്രയും നേരത്തേ അന്വേഷണത്തില്‍നിന്നും ഇത്തരം ഹോട്ടലുകളിലെ റിസപ്ഷനിസ്റ്റിന് ഇംഗ്ലീഷ് നല്ലതു പോലെ അറിയാമെന്ന് മനസ്സിലായി. അതുകൊണ്ട് ചിലപ്പോള്‍ ഉപയോഗപ്രദമാകുന്ന മറുപടി കിട്ടിയേക്കാം. എന്നാൽ, നിരാശയായിരുന്നു ഫലം.

അവിടത്തെ വാടക അന്വേഷിച്ചു, പറ്റുമെങ്കിൽ ഒരു റൂം എടുക്കാല്ലോ. 'ഫൈവ് തൗസൻഡ് പെർ ഡേ സാർ'. ആകെ പതിനായിരം രൂപയുമായി വന്ന എന്നോടോ ബാലാ. ഞെട്ടൽ പുറത്തുകാണിക്കാതെ പുറത്തേക്കിറങ്ങി.

പുരി ജഗന്നാഥ് ക്ഷേത്രം

സി.ടി റോഡിന്‍റെ ഇടതുവശത്ത് ഹോട്ടല്‍ എന്ന ചെറിയ ബോര്‍ഡ് കണ്ടു. റൂം ചോദിച്ചു. ലോക്കല്‍ വേഷം ധരിച്ച ഒരുവന്‍ സമീപത്തായി നിന്ന ആകര്‍ഷകമായി വസ്ത്രം ധരിച്ച ഒരു സ്ത്രീയോട് എന്തോ പറഞ്ഞു. ശേഷം വന്ന മറുപടി ഇതായിരുന്നു. 'വെയിറ്റ് വൺ ഹവര്‍, വൺ കസ്റ്റമര്‍, കം ഔട്ട്'. അവരുടെ വശപ്പിശക് വെച്ച ചിരി അത്ര പന്തിയല്ല. മുന്നോട്ട് നീങ്ങി. മറ്റൊരുവന്‍ റൂം തരാം, പക്ഷെ രണ്ട് പേര്‍ക്കേ തരൂ എന്ന വാശിയിലാണ്. രണ്ടുപേരുടെ പൈസ കൊടുക്കാമെന്ന് പറഞ്ഞു നോക്കി. രക്ഷയില്ല.

മുന്നോട്ട് ചെന്നപ്പോള്‍ ഒരുവൻ ഉള്ളിലെ ഇടവഴിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവനെ അനുഗമിച്ച് ഇരുട്ട് വീണ ചുറ്റുപാടിലേക്ക് കയറി. ഒന്നു രണ്ടു പേര് ചുറ്റിനും നിരന്നു."ഫിഫ്റ്റി ഹണ്‍ട്രഡ് റൂം.. " പെട്ടെന്ന് അവിടെനിന്നും പാഞ്ഞു. പിറകെ എന്തോ പുലമ്പികൊണ്ട് ഒരുവന്‍ ഓടുന്നുണ്ടായിരുന്നു. സമയം 9.30. വിശക്കുന്നുണ്ട്, തലയും ചുറ്റുന്നു. രാവിലെ സഞ്ചാരം ആരംഭിച്ചതാണ്. ഇരിക്കാന്‍ കഴിഞ്ഞിട്ടില്ല.

ഇതുവരെയും 30ല്‍ പരം ഹോട്ടലുകള്‍ കയറിയിറങ്ങി. ഇടവഴിയിലേക്ക് കയറി. റിസപ്ഷനിസ്റ്റിന് ഓയോയില്‍ കണ്ട നമ്പര്‍ കാണിച്ചു. ഫോണിൽ ഡയൽ ചെയ്തു നൽകി. അതിനപ്പുറത്തെ മുറിയിലെ ഹോട്ടലുകാരനാണ് ഫോണ്‍ എടുത്തത്. ഓണ്‍ലൈനില്‍ കണ്ട സീ ഇന്‍ അല്ല, ഹോട്ടലിന്‍റെ പേര് സീ ഷൈന്‍ എന്നാണെന്ന് അപ്പോഴാണ് മനസ്സിലാക്കുന്നത്. എട്ട്​ മണിക്ക് ചെക്കൗട്ട് ചെയ്യണം. ഓയോയില്‍ അതിമനോഹരമായി കണ്ട ലൈറ്റ് ചുവപ്പുള്ള ബെഡില്‍ വെള്ള തലയണ വെച്ച മുറി. റൂമിലാകെ ഒരു ഗന്ധം. ടോയ്​ലെറ്റിലെ വെള്ളത്തിൽ പൊടിപടലങ്ങൾ. ബെഡ്ഡില്‍ അഴുക്കും കറയും. വാഷ് ബേസിനില്‍ മഞ്ഞക്കറ. ഫാന്‍ വര്‍ക്ക് ചെയ്യുന്ന ഒരു സ്വിച്ച് ബോര്‍ഡ് ഉണ്ട്. ആകെ മോശം. വേറെ വഴിയില്ല. ഒന്ന് വിശ്രമിക്കാന്‍ ഇതുമതി.

പുരി ജഗന്നാഥ് ക്ഷേത്രത്തിന് മുന്നിലെ ടൗൺ പൊലീസ് സ്റ്റേഷൻ

തട്ടുകടയില്‍നിന്നും ഭക്ഷണം കഴിച്ചു. ഒരു കുപ്പി വെള്ളം വാങ്ങി. 20 രൂപ. അച്ചടിച്ചിരിക്കുന്ന വില 14 രൂപ. 15 തരാമെന്ന് പറഞ്ഞു. അയാള്‍ വെള്ളമെടുത്ത് തിരികെ വെച്ചു. അടുത്ത കടയിലും ഇത് തന്നെയാണ് അവസ്ഥ. അങ്ങനെ എന്നെ പറ്റിക്കാന്‍ പറ്റൂല എന്ന വാശിയില്‍ തിരികെ റൂമില്‍ കയറി. സമയം രാത്രി 11.30. ദാഹം കലശലായി. പുറത്ത് പോകാന്‍ റിസപ്ഷനിസ്റ്റ് വിടുന്നില്ല. വെള്ളം അവന്‍ വാങ്ങിത്തരും. വില 40 രൂപ.

ദേഷ്യവും അമര്‍ഷവും വിലപ്പോകില്ല. അവന് ഒറിയന്‍ മാത്രമേ വശമുള്ളൂ. ഒടുവില്‍ സമ്മതിച്ചു. ഒറ്റ വലിക്ക് പകുതി വെള്ളം അകത്താക്കി. ഇന്നത്തെ യാത്രയുടെ ചിത്രങ്ങൾ ഒന്ന് ഓടിച്ചുനോക്കി. ഓർമകൾ മനസ്സിലൂടെ മിന്നിമറഞ്ഞു. എത്ര പെട്ടെന്നാണല്ലേ കാഴ്ചകൾ ഓർമകളായി മാറുന്നത്. അടുത്ത ദിനം ചിൽക്കയിലേക്കാണ്. നാളെ എന്തൊക്കെ വെല്ലുവിളികളാണ് കാത്തിരിക്കുന്നത് എന്ന് ആര്‍ക്കറിയാം. ഉറക്കം മറന്നവനെപ്പോലെ ഞാന്‍ മിഴിയടച്ചു കിടന്നു.

തുടരും...

ഒഡിഷ യാത്ര: ഭാഗം ഒന്ന്​

ഒഡിഷ യാത്ര: ഭാഗം രണ്ട്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:odisha travel
News Summary - Night in Puri where fear subdued the mind
Next Story