നൈലിന്റെ നാട്ടിൽ
text_fieldsചരിത്രം കുടികൊള്ളുന്ന നൈൽ നദീതീരം. അവിടത്തെ പുരാതന നഗരം, ഈജിപ്ത്. പ്രാചീനകാലത്തെ ഏഴ് ലോകാത്ഭുതങ്ങളിൽ ഇന്നും അതിന്റെ തന്മയത്വത്തോടെ നിലനിൽക്കുന്ന ഗിസയിലെ പിരമിഡ് കാണാനും ചരിത്ര സ്മാരകങ്ങളുടെ കലവറ തൊട്ടറിയാനും അവസരം കിട്ടുന്നത് ഭാഗ്യംതന്നെ. രാജ്യത്തെ ജനങ്ങളിൽ ഭൂരിഭാഗവും നൈൽ നദീതടങ്ങൾക്ക് സമീപമാണ് താമസിക്കുന്നത്.
രാജ്യത്തെ കൃഷിഭൂമിയും നൈൽ നദീതടങ്ങൾ മാത്രമാണ്. വലിയൊരു ഭാഗം ജനവാസം കുറഞ്ഞ സഹാറ മരുഭൂമി. രാജ്യത്തെ ജനസംഖ്യയുടെ അർധഭാഗം നഗരങ്ങൾ ചുറ്റിപ്പറ്റിയാണ് താമസിക്കുന്നത്. കൈറോ, അലക്സാൻഡ്രിയ നഗരങ്ങളിലാണ് ജനസാന്ദ്രത കൂടുതൽ. ഈജിപ്ഷ്യൻ പൈതൃകമുറങ്ങുന്ന നൈലിന്റെ നാട്ടിലൂടെയുള്ള സഞ്ചാരവും അവിടത്തെ അത്ഭുതപ്പെടുത്തുന്ന കാഴ്ചകളും ചരിത്രസ്മൃതികളിലേക്ക് നടന്നിറങ്ങാൻ കിട്ടുന്ന അവസരവും ഏതൊരു സഞ്ചാരിക്കും ഏറെ ആഹ്ലാദം പകരും.
കൈറോ നഗരം
ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള പുരാതന നഗരങ്ങളിലൊന്നാണ് കൈറോ. ഗതാഗതത്തിരക്കുള്ള കൈറോയുടെ തെരുവോരങ്ങളിൽ ഭക്ഷണം കഴിക്കുന്നവരുടെ തിരക്ക് കാണാം. ഈജിപ്ഷ്യൻ സംസ്കാരം കുടികൊള്ളുന്ന ഈജിപ്തിന്റെ തലസ്ഥാന നഗരമായ കൈറോക്ക് ലോകത്തിന്റെ മാതാവ് എന്ന അർഥത്തിലുള്ള ‘ഉമ്മുദുൻയാ’ എന്നൊരു അപരനാമംകൂടി രേഖപ്പെടുത്തിയതായി അറബ് ചരിത്രഗ്രന്ഥങ്ങളിൽ കാണാം. അറബ് സംസ്കാരത്തിന്റെ നേർക്കാഴ്ചകളുടെ പരിച്ഛേദം ഇവിടെ ദൃശ്യമാണ്. നൂറ്റാണ്ടുകളുടെ പഴക്കം പേറുന്ന ഐതിഹാസിക മാനങ്ങളുള്ള അത്യപൂർവ കാഴ്ചകളുടെ കമ്പോളമാണിവിടെ.
ഗിസയിലെ പിരമിഡ്
കൈറോ നഗരത്തിൽനിന്ന് ഏകദേശം 20 മിനിറ്റ് യാത്ര ചെയ്താൽ ഗിസയിൽ എത്താം. ഗ്രേറ്റ് പിരമിഡും അതിനു ചുറ്റുമുള്ള ചെറിയ പിരമിഡുകളും സ്ഫിൻക്സും ഇവിടെയാണ്. മരുപ്രദേശത്ത് തലയെടുപ്പോടെ ഉയർന്നുനിൽക്കുന്ന പിരമിഡുകൾ അത്ഭുത കാഴ്ചതന്നെ. പിരമിഡ് നിർമിതിയുടെ അകത്തേക്ക് സന്ദർശകരുടെ പ്രവാഹമാണ് എപ്പോഴും. വടക്കു ഭാഗത്ത് രണ്ട് കവാടങ്ങളാണ് പിരമിഡുകൾക്കുള്ളത്. പ്രവേശനത്തിന് പ്രത്യേക ടിക്കറ്റ് എടുത്താൽ ഇടുങ്ങിയ ഇടനാഴിയിലൂടെ അകത്തേക്ക് പ്രവേശിക്കാം.
അകത്ത് കടന്നാൽ വിശാലമല്ലാത്ത ചേംബർ കാണാം. ഇടനാഴിയിലൂടെ തല താഴ്ത്തി നടന്നുമാത്രമേ പ്രവേശിക്കാൻ കഴിയൂ. ‘ഫറോവ’യുടെ ശവക്കല്ലറ കാണാൻ കഴിയില്ല. അകത്തെ സഞ്ചാരത്തിന്റെ അറ്റത്തെത്തിയാൽ ചെറിയൊരു നിലവറ കാണാം. ഈജിപ്തിലെ ഗിസയിൽ പിരമിഡുകളുടെ സമീപത്തായി മനുഷ്യന്റെ ശിരസ്സും സിംഹത്തിന്റെ ഉടലും എന്ന് തോന്നിക്കുന്ന വിധത്തിൽ ചുണ്ണാമ്പുകല്ലിൽ നിർമിച്ച ‘ഗ്രേറ്റ് സ്ഫിൻക്സ്’ നിലകൊള്ളുന്നു.
ചരിത്രമുറങ്ങുന്ന അലക്സാൻഡ്രിയ
മെഡിറ്ററേനിയൻ കടലിന്റെ തെക്കൻ തീരത്ത് സ്ഥിതിചെയ്യുന്ന ഈജിപ്തിലെ ഏറ്റവും പുരാതന നഗരമാണ് അലക്സാൻഡ്രിയ. ഈജിപ്തിലെ ഏറ്റവും വലിയ നഗരങ്ങളിൽ രണ്ടാമത്തേതും പ്രധാന തുറമുഖങ്ങളിൽ ഒന്നുമാണിത്. മെഡിറ്ററേനിയൻ സൗന്ദര്യവും മനോഹരമായ ക്ലാസിക് കെട്ടിടങ്ങളുടെ ഇടതൂർന്ന സമുച്ചയവും ചുവന്ന ഇഷ്ടിക പാകിയ നിരത്തുകളും അവയുടെ വശങ്ങളിലെ മരങ്ങളുമൊക്കെ ചാരുതയേറിയ കാഴ്ച സമ്മാനിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അലക്സാൻഡ്രിയ വ്യവസായിക നഗരമായി വളർന്നുതുടങ്ങി. ഗ്ലാസ്, വളം, തുകൽ എന്നിവയുടെ വ്യവസായങ്ങൾ ഇന്ന് ഈ നഗരത്തിൽ ധാരാളമായി കാണാം.
ചരിത്രപ്രസിദ്ധമായ ഒരു ഗ്രന്ഥാലയവും ഈ നഗരത്തിലുണ്ട്. അലക്സാണ്ടർ ചക്രവർത്തിയുടെ ആഗമനത്തോടെ വൈവിധ്യമാർന്ന സംസ്കാരങ്ങളുടെ കേന്ദ്രമായി മാറിയ അലക്സാൻഡ്രിയയിൽ ടോളമിയുടെ ഭരണകാലത്ത് ഉയർന്നുവന്നതാണ് അലക്സാൻഡ്രിയ ലൈബ്രറിയും അതിനോടനുബന്ധിച്ചുള്ള മ്യൂസിയവും. ഏഴു ലക്ഷത്തിലധികം പുസ്തകങ്ങൾ ഈ ഗ്രന്ഥശാലയിൽ ഇന്നുണ്ട്. ഇസ്ലാമിക വൈജ്ഞാനിക ശാസ്ത്രരംഗത്ത് മുസ്ലിം പണ്ഡിതർ സംഭാവന ചെയ്ത ഒട്ടേറെ കൃതികളുടെ കൈയെഴുത്ത് പ്രതികൾ ഭദ്രമായി തരംതിരിച്ച് ഇവിടെ സൂക്ഷിച്ചിരിക്കുന്നു. ലോകപ്രസിദ്ധമായ ഈ ലൈബ്രറിയുടെ ഇപ്പോഴത്തെ പേര് ‘ബിബ്ലിയോതീക അലക്സാൻഡ്രിന’ (Bibliotheca Alexandrina) എന്നാണ്.
സലാഹുദ്ദീൻ കോട്ട
ലോകചരിത്രത്തിലെ വിസ്മയങ്ങളിലൊന്നാണ് സലാഹുദ്ദീൻ അയ്യൂബിയുടെ കോട്ട. പൗരാണികതയുടെ എല്ലാ തനിമയും നിലനിർത്തി ഈജിപ്തിൽ സംരക്ഷിച്ചുവരുന്നു. കുരിശ് പടയിൽനിന്ന് ഖുദ്സ് തിരിച്ചുപിടിച്ച് മുസ്ലിം ലോകത്തിന്റെ കണ്ണീർ തുടച്ച ധീരജേതാവായിരുന്ന സലാഹുദ്ദീൻ അയ്യൂബി 1176നും 1183നും ഇടയിൽ പണികഴിപ്പിച്ച മധ്യകാല കോട്ടകളിൽ പ്രധാനപ്പെട്ട ഒന്നാണ് സലാഹുദ്ദീൻ സിറ്റാഡൽ എന്നപേരിൽ അറിയപ്പെടുന്ന ഈ കോട്ട. കൈറോയിൽ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത്. കോട്ടക്കകത്ത് നിരവധി കെട്ടിടങ്ങൾ, ഈജിപ്ത് മിലിട്ടറി മ്യൂസിയം, നാഷനൽ പൊലീസ് മ്യൂസിയം തുടങ്ങിയവയും പള്ളികളുമുണ്ട്.
അൽഅസ്ഹർ പള്ളി സമുച്ചയം
അൽഅസ്ഹർ പള്ളി സമുച്ചയവും സർവകലാശാലയും കൈറോ നഗരത്തിലെ മറ്റൊരു കാഴ്ചയാണ്. ഈജിപ്തിലെ ഫാത്വിമിയ ഭരണകാലത്ത് ഖലീഫ അൽ മുഇസ്സ് എ.ഡി 969ൽ (ഹിജ്റ 358ൽ) സ്ഥാപിച്ചതാണിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആയിരക്കണക്കിന് വിദ്യാർഥികൾ ഇവിടെനിന്ന് പഠിച്ചിറങ്ങുന്നു. ധാരാളം മലയാളി വിദ്യാർഥികളും ഇവിടെയുണ്ട്.
കൈറോയിലെ പിരമിഡുകൾ കഴിഞ്ഞാൽ ഏറ്റവുമധികം സന്ദർശകരെത്തുന്ന ഒരിടമാണ് ഖാൻ അൽ ഖലീലി. അറബ് സംസ്കാരത്തിന്റെ ഒരു പരിച്ഛേദമാണിത്. വ്യത്യസ്ത കമാന വാതിലുകളിലേക്ക് നീങ്ങുന്ന ഇടുങ്ങിയ കല്ലുപാകിയ തെരുവാണ് ഖലീലി. ഈജിപ്ഷ്യൻ സംസ്കാരത്തിന്റെ പൈതൃക സാധനങ്ങൾ, തുണിത്തരങ്ങൾ, കരകൗശല വസ്തുക്കൾ, സുഗന്ധദ്രവ്യങ്ങൾ, അറേബ്യൻ തൂക്കുവിളക്കുകൾ, ദോഫാർ കുന്തിരിക്കം തുടങ്ങി മാർക്കറ്റിൽ കിട്ടാത്തതായി ഒന്നുമില്ല. പരമ്പരാഗത ഭക്ഷണശാലകളാണ് ഈ മാര്ക്കറ്റിന്റെ മറ്റൊരു സവിശേഷത.
ഈജിപ്ഷ്യൻ മ്യൂസിയം
ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയങ്ങളിൽ ഒന്നാണ് ഈജിപ്തിലെ ‘മ്യൂസിയം ഓഫ് ഈജിപ്ഷ്യൻ ആന്റിക്സ്’. പുരാവസ്തുക്കളുടെ അപൂർവ ശേഖരങ്ങളുടെ നിധിയാണിത്. ഈജിപ്ഷ്യൻ ചരിത്രത്തിന്റെ സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള പുരാവസ്തുക്കളുടെ വലിയൊരു ശേഖരം തന്നെ ഇവിടെയുണ്ട്. പുരാതന ഫറോവമാരുടെ കഥകളും ഈജിപ്തിലെ നാഗരികതയുടെ നാൾവഴികളും വിവരിക്കുന്ന അമൂല്യമായ ശേഷിപ്പുകൾ, രാജകീയ മമ്മികൾ, പ്രതിമകൾ, പുരാതന വസ്തുക്കൾ എല്ലാം മ്യൂസിയത്തിലുണ്ട്.
പൗരാണിക ശേഖരങ്ങളുടെ വിസ്മയക്കാഴ്ചകൾ ഒരു ദിവസം മുഴുവൻ കണ്ടാലും സന്ദർശകർക്ക് മതിവരില്ല. ഗവേഷകരും ചരിത്രവിദ്യാർഥികളും ഇവിടത്തെ മ്യൂസിയങ്ങളിൽ ദിവസങ്ങളോളം ചെലവിട്ട് പഠനം നടത്തുന്നത് കാണാം. ഫറോവമാരുടെ മമ്മികളാണ് ഈ മ്യൂസിയത്തിലെ മുഖ്യ ആകർഷകം. മൂവായിരം വർഷങ്ങളുടെ പഴക്കമുള്ള പത്തിൽ കൂടുതൽ മമ്മികൾ അതിന്റെ തനിമയോടെ ഇന്നും ചില്ലുകൂട്ടിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഫറോവമാരുടെ തലയോട്ടിയും മുടിയുമൊക്കെ അതേപടി കിടക്കുന്നു.
നൈൽ നദിയിലൂടെ ക്രൂയിസ് യാത്ര
ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ഏറെ ഹൃദ്യമായ അനുഭവം സമ്മാനിക്കുന്ന ഒന്നാണ് നൈൽ നദിയിലൂടെ ക്രൂസ് യാത്ര. കടൽക്കാഴ്ചകളും നദീതീര ദൃശ്യങ്ങളും ആവോളം ആസ്വദിച്ച് നദിയിലൂടെയുള്ള കപ്പൽയാത്ര വേറിട്ട അനുഭവമാണ് നൽകുക. ചെറിയ ക്രൂസുകൾ മുതൽ നൂറ്റിയമ്പതോളം കാബിനുകളുള്ള വലിയ ക്രൂസുകൾവരെ വിനോദസഞ്ചാരത്തിനായി ഇവിടെ ഒരുക്കിയിട്ടുണ്ട്.
കൈറോ ടവറും തഹ്രീർ ചത്വരവും
കൈറോ ടവർ ഈജിപ്ത് തലസ്ഥാന നഗരക്കാഴ്ചയുടെ നേർചിത്രം സഞ്ചാരികൾക്ക് പകരും. 67 നിലകളുള്ള ടവറിന്റെ മുകളിലേക്ക് പ്രത്യേക പാസ് എടുത്ത് പ്രവേശിക്കാം. ഏകദേശം 187 മീറ്റർ ഉയരത്തിൽ ചാരുതയോടെ നിർമിച്ച ടവറിന്റെ മുകളിൽനിന്നുള്ള കൈറോ നഗരക്കാഴ്ചകൾ വിസ്മയ ദൃശ്യമാണ് പകർന്നുനൽകുക. പിരമിഡുകളും സലാഹുദ്ദീൻ അയ്യൂബിയുടെ കോട്ടയും ദൂരദൃഷ്ടിയിൽ പതിയും. നൈൽ നദിയുടെ ഇരുകരകളും ചരിത്രത്തിൽ അടയാളപ്പെടുത്തിയ പൈതൃക ശേഷിപ്പുകളും അതിന്റെ വർണാഭ ദൃശ്യങ്ങളും വിസ്മയകരമായ കാഴ്ചയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.