ഇനി മരുഭൂമിയിൽ രാപ്പാർക്കാം...
text_fieldsകുവൈത്ത് സിറ്റി: കൊടും ചൂടിൽനിന്ന് തണുപ്പാർന്ന കാലാവസ്ഥയിലേക്ക് രാജ്യം മാറുന്നതിന്റെ ഭാഗമായി സ്പ്രിങ് ക്യാമ്പിങ് സൈറ്റുകൾക്കായുള്ള ഒരുക്കം തുടങ്ങി. നവംബർ 15 മുതൽ 2024 മാർച്ച് 15വരെയാണ് ഈ വർഷത്തെ സ്പ്രിങ് ക്യാമ്പിങ്ങിന് അനുമതി. ക്യാമ്പിനുള്ള റിസർവേഷനും ലൈസൻസ് വിതരണവും ആരംഭിച്ചു. ക്യാമ്പുകൾ സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവർ ബുക്കിങ്ങിനും ലൈസൻസ് നേടാനും മുനിസിപ്പാലിറ്റിയുടെ വെബ്സൈറ്റ് വഴി അപേക്ഷിക്കണം. ക്യാമ്പിങ് സീസണിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുനിസിപ്പാലിറ്റി പബ്ലിക് റിലേഷൻസ് ഡയറക്ടർ മുഹമ്മദ് അൽ മുതൈരി അറിയിച്ചു.
സുരക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കാത്ത ടെന്റുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കില്ല. ടെന്റുകള്‍ മറ്റൊരാള്‍ക്ക് കൈമാറാന്‍ പാടില്ലെന്നും നിബന്ധനകള്‍ പാലിക്കാതെ പണിയുന്ന ടെന്റുകള്‍ പൊളിച്ചുനീക്കുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് അപകടങ്ങള്‍ കുറക്കാനും കുറ്റകൃത്യങ്ങള്‍ തടയാനും സുരക്ഷാനടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. വ്യക്തികള്‍ക്ക് 1000 ചതുരശ്ര മീറ്റർ വിസ്തീർണവും കമ്പനികൾക്കും സ്ഥാപനങ്ങൾക്കും 2000, 5000 ചതുരശ്ര മീറ്റർ വീതവും അനുവദിക്കും.
21 വയസ്സിന് മുകളിലുള്ള വ്യക്തികൾക്കാണ് പെർമിറ്റ് നൽകുക. 50 കുവൈത്ത് ദീനാര്‍ ആണ് അപേക്ഷ ഫീസ്. ക്യാമ്പിങ് സൈറ്റുകളിൽ ശുചിത്വം നിലനിർത്തുന്നതിന് പരിസ്ഥിതിസൗഹൃദ മാർഗങ്ങൾ സ്വീകരിക്കും. സ്പ്രിങ് ക്യാമ്പ് സൈറ്റുകളിൽ കണ്ടെയ്നറുകൾ, ക്ലീനിങ് സംവിധാനങ്ങൾ, സേവന കേന്ദ്രങ്ങൾ, സുരക്ഷാ പോയന്റുകൾ, സഹകരണ സംഘങ്ങളുടെ ശാഖകൾ എന്നിവയും ഒരുക്കും. ജഹ്റ, അഹമ്മദി ഗവർണറേറ്റുകളിൽ 20 സ്പ്രിങ് ക്യാമ്പിങ് സൈറ്റുകൾക്ക് നേരത്തെ കുവൈത്ത് മുനിസിപ്പാലിറ്റി അംഗീകാരം നൽകിയിരുന്നു. രാജ്യത്ത് ശൈത്യകാലത്ത് മിക്ക സ്വദേശികളും മരുഭൂമിയിൽ ക്യാമ്പ് ചെയ്യുന്നത് പതിവാണ്. മിക്ക ആളുകളും കുടുംബത്തോടെ ഏറെ ദിവസങ്ങൾ ഇവിടെ ചെലവഴിക്കുന്നു. ഈ ദിവസങ്ങളിൽ പാചകവും ഉറക്കവും ക്യാമ്പിൽ തന്നെയാകും. ചുരുങ്ങിയ ദിവസം ക്യാമ്പുകളിൽ താമസിക്കുന്ന പ്രവാസികളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.