ശിൽപങ്ങള്‍ കഥ പറയുന്ന ഗുഹാമുഖങ്ങള്‍
text_fieldsഇന്ന് ഒഡിഷയിലെ അവസാന ദിനമാണ്. നാല് പ്രധാന സ്ഥലങ്ങളാണ് സന്ദര്‍ശിക്കേണ്ടത്. ആദ്യത്തെ യാത്ര ചരിത്ര പ്രസിദ്ധമായ ഉദയഗിരി - കാണ്ഡഗിരി ഗുഹാ ക്ഷേത്രങ്ങളിലേക്കാണ്. ഗുഹ അന്വേഷിച്ച് പോയ വഴിക്കാണ് ആഗ്രഹിച്ച് കറങ്ങിയ ഭക്ഷണം കണ്ണില്‍പെട്ടത്, ദഹി ബറ അലുദം. കൂട്ടുകാരിയുടെ ഭാഷയില്‍ പറഞ്ഞാല്‍ കലവട. ഒഡീഷന്‍ ഭക്ഷണം നെറ്റില്‍ തിരയുന്നതിനിടയില്‍ വായിച്ചതാണ് ഈ തെരുവ് ഭക്ഷണത്തെ പറ്റി. കലത്തിന്‍റെ മുകളറ്റം വരെ വടയുടെ രൂപത്തില്‍ കൂടി കിടക്കുന്ന പലഹാരം.
ഒഡിഷയില്‍ പ്രായ വ്യത്യാസവും സാമ്പത്തിക അന്തരങ്ങളുമില്ലാതെ വയറുനിറയ്ക്കുന്ന ഭക്ഷണമാണ് അലുദം. എരുവിലും മധുരത്തിലും ലഭിക്കുന്ന ഇവ നാട്ടിന്‍ പുറങ്ങളില്‍ ഇലയിലാണ് വിളമ്പുന്നത്. സൈക്കിളില്‍ ഇരു വശത്തുമായി രണ്ട് കലത്തില്‍ അലുദം തൂക്കി തെരുവ് തോറും സഞ്ചരിക്കുന്ന കച്ചവടക്കാരെ കാണാം. ഒരു കലത്തില്‍ കിഴങ്ങിനെ കേന്ദ്രീകരിച്ച് രൂപപ്പെടുത്തിയ എരിവുള്ള കറി. മറ്റേതില്‍ വെള്ള നിറത്തില്‍ മോര്. അതില്‍ ചെറിയ ബോള്‍ വലിപ്പത്തില്‍ ഗോതമ്പ് നിറത്തില്‍ ദഹി വട. ഇവ ചെറിയ ബോളുകളുടെയും വടയുടെയും ആകൃതിയില്‍ ലഭിക്കും.
ഒരു സെറ്റ് 25 രൂപയേ ഉള്ളൂ. കച്ചവടക്കാരന്‍ കലത്തില്‍ കൈയിട്ട് തെര്‍മോക്കോളിന്‍റെ കുഞ്ഞന്‍ കിണ്ണത്തില്‍ നാല് ദഹി വട എടുത്തുവെച്ചു. അടുത്ത കലത്തില്‍നിന്നും കിഴങ്ങ് കൊണ്ടുള്ള കറി മുകളിലേക്ക് ഒഴിച്ചു. പിന്നെ കുറച്ച് സേവ, മല്ലിയില, ചാര്‍ (പാനിപൂരിക്ക് ഉപയോഗിക്കുന്നത് എല്ലാം), തൈര്, ഏറ്റവും മുകളിലായി അരിഞ്ഞ സവാളയും. സമീപം ഒരു പ്ലാസ്റ്റിക് കരണ്ടിയും വെച്ച് അലുദം എന്‍റെ കൈവെള്ളയിലേക്ക് നീട്ടി. മോശമല്ലാത്ത രുചി. കിഴങ്ങു കഷ്ണങ്ങളും മുകളിലെ കൂട്ടും തീര്‍ത്താല്‍ മാത്രമെ ചെറിയ ബോളുകള്‍ കൈയിലേക്ക് എത്തുകയുള്ളു. അതിന് പ്രത്യേക രുചി ഒന്നും അനുഭവപ്പെട്ടില്ല. ഒഡിഷയിലെ പ്രധാന ഭക്ഷണം ആയതിനാൽ എങ്ങനെയും അകത്താക്കാന്‍ ശ്രമിച്ചു.
കഴിച്ച് കഴിഞ്ഞ് സമീപത്ത് നിന്നവര്‍ തെര്‍മോക്കോളിന്‍റെ കിണ്ണം കച്ചവടക്കാരന് നേരെ നീട്ടി. അയാള്‍ കുഞ്ഞ് ബോളുകള്‍ നിറഞ്ഞ കലത്തില്‍ കൈയിട്ട് ഒരു ഇളക്ക് ഇളക്കി. പിന്നെ കുറച്ച് വെള്ളം കോരി പാത്രത്തില്‍ ഒഴിച്ചു. അത് കണ്ടതും പിന്നെ കഴിക്കാന്‍ തോന്നിയില്ല. വാങ്ങിയവന്‍ ആസ്വദിച്ച് കുടിച്ചു. ഞാന്‍ പാത്രം കാലിയാക്കാതെ വേസ്റ്റ് ബിന്നിലേക്കെറിഞു. ചുറ്റിനും നിന്നവര്‍ അലുദം കളഞ്ഞ എന്നെ രൂക്ഷമായി നോക്കി.
ഉദയദഗിരി-കാണ്ഡഗിരി ഗുഹകള്‍
പേര് അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ അമ്പലങ്ങളുടെ നാടായ ഭുവനേശ്വറില്‍ പ്രചീന കാലത്തെ ജൈന മത ആരാധനാലയങ്ങള്‍ മുതല്‍ ആധുനിക ക്ഷേത്രങ്ങള്‍ വരെ പ്രൗഢിയോടെ നിലനില്‍ക്കുന്നു. പഴയ ആരാധന കേന്ദ്രങ്ങള്‍ക്ക് മാറിവരുന്ന മത സംസ്‌കാരത്തിന് അനുസൃതമായ മാറ്റങ്ങള്‍ വരുന്നുണ്ടെങ്കിലും ചിലത് അത്ഭുതമെന്നോണം നിലനിന്നു പോകുന്നു. ഏറ്റവും വലിയ ഉദാഹരണമാണ് ഉദയഗിരി - കാണ്ഡഗിരി ജൈനമത ഗുഹാക്ഷേത്രങ്ങള്‍. ഇന്ത്യന്‍ പുരാവസ്തു വകുപ്പ് ഇവയെ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഇന്ത്യന്‍ പൈതൃകത്തിന്‍റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. റെയില്‍വേ സ്റ്റേഷനില്‍നിന്നും 8.5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഗുഹാക്ഷേത്രങ്ങളിലെത്താം. കട്ടക് ഗുഹകളെന്നും ഇവ അറിയപ്പെടുന്നു.
റോഡിന് ഇരുവശവും നിലനില്‍ക്കുന്ന ഗുഹകള്‍ ബി.സി ഒന്നാം നൂറ്റാണ്ടില്‍ ജൈന മത സന്യാസിമാര്‍ക്കായി നിർമിച്ചതാണ്. കുറച്ച് ഭാഗം സ്വാഭാവികമായി വന്നതും ബാക്കി നിർമിച്ചതുമായി കരുതപ്പെടുന്നു. ബി.സി ഏഴാം നൂറ്റാണ്ടില്‍ കലിംഗ വംശത്തിലെ ഭരണാധികാരിയായിരുന്ന കരവേലന്‍ കണ്ടെത്തി പുതുക്കി പണിഞ്ഞവയാണ് ഇന്നും നിലനില്‍ക്കുന്നത്. ഉദയദഗിരിയിലും കാണ്ഡഗിരിയിലുമായി 32 ഗുഹകളാണുള്ളത്. അതില്‍ റാണി ഗുംബയും ഗണേശ ഗുംബയും ശ്രദ്ധേയമാണ്. ഗുഹ നിലനില്‍ക്കുന്ന സ്ഥലത്തുനിന്നും 300 മീറ്റര്‍ അകലെയാണ് ടിക്കറ്റ് കൗണ്ടര്‍. അവിടെ പാര്‍ക്കിങ്ങ് സൗകര്യവുമുണ്ട്.
പാറതുരന്ന ഗുഹകള്‍
20 രൂപ ടിക്കറ്റ് എടുത്ത് ആദ്യം കയറിയത് കാണ്ഡഗിരി ഗുഹയിലാണ്. പടിക്കെട്ടുകളില്‍ ഭിക്ഷാപാത്രവുമായി കാത്തുനില്‍ക്കുന്ന യാചകര്‍. മരങ്ങളില്‍ ചാടിമറിയുന്ന സിംഹവാലന്‍ കുരങ്ങന്മാര്‍ സന്ദര്‍ശകരുടെ കൈയിൽനിന്നും പഴങ്ങള്‍ പിടിച്ച് വാങ്ങാനുള്ള തത്രപാടിലാണ്. 15 ഗുഹകളാണ് കാണ്ഡഗിരിയില്‍ കണ്ടെത്തിയിരിക്കുന്നത്. വലിയ പാറകളില്‍ അറകള്‍ പോലെ കൊത്തി എടുത്ത ഗുഹകള്‍.
തതോവ ഗുംബ, ആനന്ദ ഗുംബ, നവമുനി ഗുംബ എന്നിങ്ങനെ പോകുന്നു ഗുഹകളുടെ പേരുകള്‍. കയറി ചെല്ലുമ്പോള്‍ ഇടത് വശത്തായി കാണുന്ന നവമുനി ഗുഹയില്‍ തീര്‍ത്ഥങ്കരന്മാരുടേയും സേവകരുടേയും ശില്പങ്ങള്‍ ഭിത്തിയില്‍ കൊത്തിവെച്ചിരിക്കുന്നു. കറുത്ത നിറത്തില്‍ എണ്ണച്ചായം തേച്ച് മിനുക്കിയിരിക്കുന്നു. പാറയില്‍ തീര്‍ത്ത ചെറിയ പടിക്കെട്ടുകള്‍ കയറിയാല്‍ പലരീതിയില്‍ പാറതുരന്ന ഗുഹകള്‍ കാണാം.
ദീര്‍ഘ ചതുരാകൃതിയില്‍ ഗുഹകള്‍ പലപല അറകളായി തിരിച്ചിട്ടുണ്ട്. ഉള്ളില്‍ കുനിഞ്ഞ് നില്‍ക്കാനുള്ള ഇടമേയുള്ളൂ. കാഴ്ചയില്‍ തന്നെ സ്വാഭാവികമായി ഉണ്ടായതാണെന്നു മനസ്സിലാകും. സന്ദര്‍ശകര്‍ കരി വരച്ച് ഗുഹാ മുഖങ്ങള്‍ വൃത്തികേടാക്കിയിരിക്കുന്നു. മലമുകളില്‍ എതിര്‍ ദിശയില്‍, റോഡിന് അപ്പുറമായി ഉദയഗിരി ഗുഹ കാണാം.
ഒറ്റനോട്ടത്തില്‍ തന്നെ വളരെ വലുതാണെന്ന് മനസ്സിലാകും. കാണ്ഡഗിരിയുടെ മുകളില്‍ ആധുനിക ക്ഷേത്രമുണ്ട്. വംശങ്ങളെ പ്രതിഫലിപ്പിക്കുന്ന നിര്‍മിതികള്‍ ചരിത്രം വിളിച്ചോതുന്ന കലാസൃഷ്ടികളായപ്പോള്‍ ആധുനിക നിര്‍മിതികള്‍ വെറും കെട്ടിടങ്ങളായി അധഃപതിച്ചിരിക്കുന്നു. പുരാവസ്തു വകുപ്പ് കഴിയുന്ന രീതിയിലുള്ള സംരക്ഷണം ഒരുക്കിയിട്ടുണ്ടങ്കിലും കമിതാക്കള്‍ കൂടുകൂട്ടുന്ന ഒറ്റപ്പെട്ടയിടങ്ങളില്‍ അവരുടെ പേരുകള്‍ കല്ലുകളില്‍ പോറാതെ പോകില്ലല്ലോ...
സൂര്യന്‍ ഉദിക്കുന്ന കുന്ന്
ഉദയഗിരി എന്നാല്‍ സൂര്യന്‍ ഉദിക്കുന്ന കുന്നുകള്‍ എന്നാണ് അര്‍ഥം. കാണ്ഡഗിരിയില്‍നിന്നും ഇറങ്ങി റോഡ് മുറിച്ച് കടന്നാല്‍ ഉദയഗിരി ഗുഹ. ടിക്കറ്റ് സെക്യൂരിറ്റിയെ കാണിച്ച് അകത്തേക്ക് കയറി. മനോഹരമായ ഉദ്യാനം. ബുഷ് ചെടികള്‍ ഉദയഗിരി എന്ന പേരില്‍ വെട്ടി ഒതുക്കിയിരിക്കുന്നു. ബി.സി ഒന്നില്‍ കൊത്തുപണി ചെയ്‌തെടുത്ത ഗണേഷ ഗുംബയും ഇരുനിലയിലെ റാണി ഗുംബയുമാണ് പ്രധാന നിര്‍മിതി. 18 ഗുഹകളില്‍ ഹതകുംബയിലാണ് ഖരവേലന്‍റെ ശാസനം കൊത്തിവെച്ചിരിക്കുന്നത്. അന്ന് മുതലാണ് ഗുഹകള്‍ കണ്ടെത്തി സംരക്ഷിക്കാന്‍ ആരംഭിച്ചത്. കരിങ്കല്ലില്‍ തീര്‍ത്ത മുകളിലേക്കുള്ള വഴി. ഇരുവശവും കമ്പിവേലി നാട്ടിയിട്ടുണ്ട്. മുകളിലേക്ക് കയറി ചെന്നാല്‍ ഓരോ സൃഷ്ടിയും കാണാം. കാണ്ഡഗിരിയേക്കാള്‍ മനോഹരമായി ഇവ സംരക്ഷിച്ച് പോരുന്നു.
പാറതുരന്ന് രണ്ട് നിലകളിലായി തൂണുകളോട് കൂടിയ നിര്‍മിതിയാണ് റാണി ഗുംബ. ഭൂമിയുടെ മിടിപ്പറിഞ്ഞ തച്ചന് മാത്രം സാധിക്കുന്ന കലാവിരുത്. അതിനാലാവണം അവ ചെറിയ മാറ്റങ്ങളിലും മനോഹരമായി നിലനില്‍ക്കുന്നത്. ചിലതിനെ താങ്ങി നിര്‍ത്താന്‍ പുതിയ തൂണുകള്‍ നിര്‍മിച്ചിട്ടുണ്ട്. മുകളിലേക്ക് കയറി വലത് വശത്തേക്ക് നടന്നാല്‍ ഗണേശ ഗുംബ കാണാം. മുന്നില്‍ കല്ലില്‍ തീര്‍ത്ത മനോഹരമായ രണ്ട് ആനകള്‍, ഉള്ളിലെ അറയില്‍ ഗണേശനെ കൊത്തിവെച്ചിരിക്കുന്നു. പില്‍ക്കാലത്ത് തീര്‍ത്ത ഗണേശ വിഗ്രഹത്തിന്‍റെ പേരിലാണ് ഗുഹ അറിയപ്പെടുന്നത്.
മൃഗങ്ങള്‍, നര്‍ത്തകിമാര്‍, യുദ്ധ സന്നാഹങ്ങള്‍, പാറ തുരന്ന ഓവ് ചാലുകള്‍... അങ്ങനെ ശിൽപങ്ങള്‍ കഥ പറയുന്ന ഗുഹാമുഖങ്ങള്‍. ഏറ്റവും മുകളില്‍നിന്ന് പട്ടണത്തെ നോക്കിയാല്‍ അംബരം മുട്ടുന്ന ഉയരത്തിലുള്ള കെട്ടിടങ്ങളും പല വര്‍ണങ്ങളിലുള്ള വീടുകളും സ്വാഭാവിക കാഴ്ചയാണ്.
വഴുക്കല്‍ വീണ പാറയില്‍ പിടിച്ചുകയറി റാണി ഗുംബയുടെ രണ്ടാമത്തെ നിലയിലെത്തി. ഓരോ അറയിലും കണ്ട കൊത്തുപണിയില്‍ തീര്‍ത്ത ചിത്രങ്ങള്‍ ഇന്നാലോചിക്കുമ്പോള്‍ അത്ഭുതമാണ്. കൂടുതല്‍ കൊത്തുപണിയുള്ളതും ഇവിടെയാണ്. പ്രവേശന കവാടത്തിന് സമീപം ആധുനിക ക്ഷേത്രമുണ്ട്. കവാടത്തിന് മുന്നില്‍ പാറയില്‍ തീര്‍ത്ത ഉദയഗിരിയുടെ മാപ്പ്. സമീപം ഉദയഗിരിയുടെ ചെറു ചരിത്രവും. ആധുനിക നിര്‍മിതികള്‍ കണ്ണുകളില്‍ മാത്രമാക്കി, ഗുഹാമുഖങ്ങളിലെ അത്ഭുതങ്ങള്‍ ഹൃദയത്തിലേറ്റി മടങ്ങി. എന്നാലും, ഈ അത്ഭുതങ്ങള്‍ സൃഷ്ടിച്ച തച്ചന്‍ ആരാകും? ഒരു പക്ഷെ അദ്ദേഹത്തിനെ ആരാധന മൂര്‍ത്തിയാക്കും എന്ന് ഭയന്നാകുമോ ജൈന ഋഷിമാര്‍ തച്ചന്‍റെ ചരിത്രം സൂക്ഷിക്കാത്തത്!?
ലിംഗരാജ ക്ഷേത്രം
ഒഡിഷയിലെ കോദ്ര ജില്ലയില്‍ നിലനില്‍ക്കുന്ന ക്ഷേത്രം എ.ഡി പതിനൊന്നാം നൂറ്റാണ്ടിലാണ് പണികഴിപ്പിച്ചത്. ഇന്ത്യയിലെ ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് മികച്ച ഉദാഹരണമായാണ് ചരിത്രകാരനായ ജെയിംസ് ഫെര്‍ഗൂസന്‍ വിശേഷിപ്പിച്ചത്. ശൈവിസത്തില്‍പ്പെട്ട ക്ഷേത്രം സോമവംശ രാജാവായ യതി ഒന്നാമന്‍റെ കാലത്ത് നിര്‍മിച്ചതായി കരുതപ്പെടുന്നു. 55 മീറ്റര്‍ ഉയരമുള്ള കരിങ്കല്ല് കൊണ്ട് നിര്‍മിച്ച ക്ഷേത്രഗോപുരം സിറ്റി ഓഫ് ടെമ്പിള്‍സില്‍ ഏറ്റവും വലുതാണ്. ആരാധന സജീവമായ അമ്പലത്തിലെ പ്രതിഷ്ഠ സ്വയംഭൂലിംഗമാണ്. പന്ത്രണ്ടാം നൂറ്റാണ്ടോട് കൂടെ വൈഷ്ണവ വിഗ്രഹങ്ങള്‍ ഇടം പിടിച്ചതായി കരുതപ്പെടുന്നു. 50ഓളം പ്രതിഷ്ഠകളുണ്ട്. കലിംഗാ വാസ്തു വിദ്യയില്‍ നിര്‍മിച്ചിരിക്കുന്ന ക്ഷേത്രത്തെ ഗര്‍ഭഗൃഹം, യജ്ഞ മണ്ഡപം, നടു മണ്ഡപം, ഭോഗ മണ്ഡപം തുടങ്ങി നാല് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
ഭുവനേശ്വര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നും അഞ്ച് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പഴയ ഭുവനേശ്വര്‍ ടൗണിലെ ലിംഗരാജ ക്ഷേത്രത്തിലെത്തും. ഇതുവരെ സന്ദര്‍ശിച്ച ക്ഷേത്രങ്ങളില്‍നിന്നും വ്യത്യസ്തമായിരുന്നു കരിങ്കല്ലില്‍ തീര്‍ത്ത ഗോപുര ഭാഗങ്ങളോട് കൂടിയുള്ള ക്ഷേത്രം. ക്ഷേത്രത്തിന്‍റെ ചുറ്റുമതിലിന് പുറത്തും റോഡിന് മറുവശത്തും പൂന്തോട്ടത്തിലും കൊത്തുപണികളോട് കൂടിയ അനവധി ഗോപുരങ്ങള്‍ കാണാം.
അഹിന്ദുകള്‍ക്ക് പ്രവേശനമില്ലാത്തത് കൊണ്ട് അകത്തേക്ക് കയറാന്‍ കഴിഞ്ഞില്ല. മുന്‍വശത്തെ പാര്‍ക്കിങ് ഏരിയയില്‍ വണ്ടി ഒതുക്കി അമ്പലമൊന്ന് ചുറ്റി. ചതുരാകൃതിയില്‍ വെട്ടിയെടുത്ത കരിങ്കല്ലിലാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. ഇരുവശത്തും പൊതുവഴിയാണ്. പിന്നില്‍ പച്ചക്കറിച്ചന്തയും.
കച്ചവട സാധനങ്ങള്‍ ക്ഷേത്രത്തിന്‍റെ പിന്നിലെ തിണ്ണയിലും ഇടംപിടിച്ചിരിക്കുന്നത് വളരെ വിഷമം തരുന്ന ഒരു കാഴ്ചയായിരുന്നു. ഏത് ഭാഗത്തേക്ക് തിരിഞ്ഞാലും ക്ഷേത്രത്തിന്‍റെ ഏതെങ്കിലും ഒരു ഗോപുരത്തില്‍ എത്താം. കൊത്ത് പണികളില്‍ മനോഹരമാക്കിയ ഗോപുരങ്ങള്‍ അകത്തും പുറത്തുമായി ഒട്ടനവധിയുണ്ട്. ഇവിടെ ചെറിയ പാറക്കഷ്ണങ്ങളില്‍ വരെ കലാവിരുത് തെളിഞ്ഞുകാണാം.
മുന്‍വശത്തായി ഒരു പൂന്തോട്ടമുണ്ട്. അതിന്‍റെ ഇരുവശത്തും വലിയ ഗോപുരങ്ങളും. സമീപത്തായുള്ള കുളത്തിന് അരികില്‍ ക്ഷേത്രം ദര്‍ശിക്കാന്‍ പറ്റുന്ന തരത്തില്‍ ഉയരത്തില്‍ ഒരു പീഠം ഒരുക്കിയിട്ടുണ്ട്. സഞ്ചാരികള്‍ക്ക് കയറി ചിത്രങ്ങള്‍ പകര്‍ത്താം.
കുളം അമ്പലത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. കുളത്തിനകത്തെ പീഠത്തില്‍നിന്നും ക്ഷേത്രത്തിന്‍റെ കമാന ഭാഗവും കൊടിമരവും വ്യക്തമായി കാണാം. ശിവരാത്രിയാണ് പ്രധാന ഉത്സവം നടക്കുന്നത്. അവിടെനിന്ന് ഇറങ്ങി വീണ്ടും സ്കൂട്ടറിൽ കയറി. ഇനിയുള്ള യാത്ര മുക്തേശ്വര-സിദ്ധേശ്വര ക്ഷേത്രത്തിലേക്കാണ്.
തുടരും...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.