മഞ്ഞണിഞ്ഞ് പാലുകാച്ചി മല
text_fieldsകേളകം: മഴ ശമിച്ചതോടെ മഞ്ഞണിഞ്ഞ മാമലകളിൽ കുളിര് തേടി പ്രകൃതിദൃശ്യങ്ങളാസ്വദിക്കാൻ ഇക്കോ ടൂറിസം മേഖലയായ പാലുകാച്ചി മലയിലേക്ക് സഞ്ചാരികളുടെ വരവ് തുടങ്ങി. കാടും മലയും താണ്ടി, ഉയരങ്ങളിലെത്തി ഭൂമിയെ നോക്കി കുളിരണിയാൻ പാലുകാച്ചി മലയിലേക്ക് ട്രക്കിങ് ഊർജിതമായി പുനരാരംഭിച്ചതായി കേളകം ഇക്കോ ടൂറിസം സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു.
യാത്രകൾക്ക് സാഹസികതയുടെ മുഖം നൽകണമെന്നുള്ളവർ ഏറെ ഇഷ്ടപ്പെടുന്ന പാലുകാച്ചി മലയിലേക്കുള്ള ട്രക്കിങ്ങിന് ബേസ് ക്യാമ്പായ സെന്റ് തോമസ് മൗണ്ടിൽനിന്നാണ് തുടക്കം. കണ്ണൂരിന്റെ മൂന്നാർ എന്നറിയപ്പെടുന്ന പാലുകാച്ചി മലയിലേക്കുള്ള പാതയിലെ വള്ളിപ്പടർപ്പുകളും കൂറ്റൽ മരങ്ങളും തട്ടുതട്ടായ ഭൂപ്രകൃതിയും സഞ്ചാരികളെ ഏറെ ആകർഷിക്കുന്നുണ്ട്. സമുദ്രനിരപ്പിൽനിന്ന് 1200 അടി ഉയരത്തിലുള്ള പാലുകാച്ചി മലയിൽനിന്നുള്ള വിഗഹവീക്ഷണം സഞ്ചാരികൾക്കേറെ പ്രിയങ്കരമാണ്. 2023ലാണ് പാലുകാച്ചി മല ഇക്കോ ടൂറിസം പദ്ധതി നിലവിൽ വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.