സന്ദർശകർക്ക് അനുമതി....പറമ്പിക്കുളത്ത് പാറിനടക്കാം
text_fieldsപറമ്പിക്കുളം (പാലക്കാട്): സന്ദർശകർക്കായി ഒരുങ്ങി പറമ്പിക്കുളം കടുവാസങ്കേതം. കോവിഡ് പശ്ചാത്തലത്തിൽ ഒമ്പതുമാസമായി ഏർപ്പെടുത്തിയ സന്ദർശക വിലക്ക് നീക്കി വനംവകുപ്പ്.
ശനിയാഴ്ച മുതൽക്കാണ് പറമ്പിക്കുളം സന്ദർശകർക്കായി തുറന്നുനൽകുന്നത്. സന്ദർശകർക്കായി സഫാരിയും താമസ സൗകര്യങ്ങളുമാണ് ചെയ്തു നൽകുന്നത്. കോവിഡ് മാനദണ്ഡം പാലിച്ചാണ് സന്ദർശകരെ അനുവദിക്കുന്നത്.
സഫാരികൾക്ക് വരുന്ന വിനോദ സഞ്ചാരികൾ ഇൻഫർമേഷൻ സെൻററിൽ മുൻകൂട്ടി ബുക്ക് ചെയ്യണം. ബുക്കിങ് ചെയ്യാതെ വരുന്ന സന്ദർശകരെ അനുവദിക്കില്ലെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. www..parambilkulam.com. ഫോൺ: 9442201690, 9442201691.
പാലക്കാട് ജില്ലയിലെ മുതലമട പഞ്ചായത്തിലാണ് പറമ്പിക്കുളം കടുവ സങ്കേതം. അതേസമയം, പഞ്ചായത്ത് ആസ്ഥാനത്തുനിന്ന് റോഡുമാർഗം പൊള്ളാച്ചി വഴി 60ലേറെ കിലോമീറ്റർ തമിഴ്നാട്ടിലൂടെ ചുറ്റിവേണം കാടിെൻറ മടിത്തട്ടിൽ ഒളിച്ചിരിക്കുന്നു ഇൗ മനോഹരമായ പ്രദേശത്ത് എത്താൻ.
2010ൽ ഇവിടം കടുവ സങ്കേതമായി പ്രഖ്യാപിച്ചു. കടുവ, പുലി, ആന, കാട്ടുപോത്ത്, വരയാട്, മുതല തുടങ്ങിയ വന്യജീവികള്‍ പറമ്പിക്കുളത്തെ സമ്പന്നമാക്കുന്നു. വിവിധ ആദിവാസി ഗോത്രവിഭാഗങ്ങളുടെ വാസസ്ഥലം കൂടിയാണ് പറമ്പിക്കുളം.
ട്രക്കിങ്, ജംഗിള്‍ സഫാരി, നാച്വറല്‍ ക്യാമ്പ് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പാക്കേജുകള്‍ സഞ്ചാരികള്‍ക്കായി വനംവകുപ്പ് ഒരുക്കിയിട്ടുണ്ട്. കൂടാതെ മരമുകളിലെയും കുടിലുകളിലെയും പുഴയോരത്തെയും താമസം നവ്യാനുഭവമാകും. ലോകത്തിലെ ഏറ്റവും വലിപ്പമുള്ള തേക്കുകളിലൊന്നായ കന്നിമാരയും പറമ്പിക്കുളത്തിെൻറ അഭിമാനമായി ഉയർന്നുനിൽക്കുന്നു. ഏഴ് മീറ്റർ വണ്ണവും 40 മീറ്റർ ഉയരവുമുണ്ട് ഇതിന്. 450ലധികം വർഷങ്ങൾക്ക് മുകളിലാണ് ഇതിെൻറ പ്രായം. ആധുനികതയുടെ തിരക്കുകളും ബഹളങ്ങളും അന്യമായ പറമ്പിക്കുളം ഏതൊരു സഞ്ചാരിയുടെയും മനം കീഴടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.