വാസ്തു വിസ്മയമായി പേളിലെ പള്ളി
text_fieldsനിർമിതികൾകൊണ്ട് അതിശയിപ്പിക്കുന്ന ഖത്തറിലെ അത്ഭുതകരമായൊരു കേന്ദ്രമാണ് പേൾ ഐലൻഡ്. ആഢംഭരത്തോടെ ആകാശംമുട്ടെ ഉയർന്നുനിൽക്കുന്ന കെട്ടിടങ്ങളും വിനോദ കേന്ദ്രങ്ങളും അത്യാധുനിക സൗകര്യങ്ങളോടെയൊരുക്കിയ മാളുകളുമായി സജ്ജമായ പേൾ ഐലൻഡിന് തിലകക്കുറിയായി ഒരു ആരാധന കേന്ദ്രം അടുത്തിടെയാണ് വിശ്വാസികൾക്കായി തുറന്നു നൽകിയത്. കാഴ്ചയിൽ വെണ്ണക്കൽ കൊട്ടാരം പോലെ തലയുയർത്തി നിൽക്കുന്ന മുസ്‍ലിം പള്ളി.
ഹമദ് ബിൻ ജാസിം ബിൻ ജാബിർ ആൽഥാനി മസ്ജിദ് എന്ന പേരിൽ അറിയപ്പെടുന്ന പള്ളി ഖത്തറിന്റെ വാസ്തുവിദ്യാ ഭൂമികയിലെ പുതിയ നാഴികക്കല്ലായി രേഖപ്പെടുത്തപ്പെടും. ബറൂഖ് ശൈലിയിൽ ഖത്തറിലെ ആദ്യത്തെ പള്ളിയായി നിർമാണം പൂർത്തിയാക്കിയ ഇവിടം ഇതിനകം തന്നെ സമൂഹ മാധ്യമങ്ങളിലും മറ്റും ശ്രദ്ധേയമായി മാറിക്കഴിഞ്ഞു. ഔഖാഫ്, ഇസ്‍ലാമികകാര്യ മന്ത്രാലയവും പേൾ ഐലൻഡിന്റെയും ജിവാൻ ഐലൻഡിന്റെയും മാസ്റ്റർ ഡെവലപ്പറായ യുനൈറ്റഡ് ഡെവലപ്‌മെന്റ് കമ്പനിയും (യു.ഡി.സി) സംയുക്തമായാണ് പള്ളി നിർമിച്ചിരിക്കുന്നത്.
പള്ളിയുടെ വ്യത്യസ്തമായ പുതിയ ബറൂഖ് വാസ്തുവിദ്യ രാജ്യത്തിന്റെ മതപരമായ ഇടത്തിൽ സവിശേഷവും അതിശയിപ്പിക്കുന്നതുമായ പുതിയ കൂട്ടിച്ചേർക്കലാണ്. പള്ളിയുടെ മുഴുവൻ അലങ്കാരവും വിശദമായി സൂക്ഷ്മതയോടെയും ശ്രദ്ധയോടെയുമാണ് തയാറാക്കിയിരിക്കുന്നത്. കാലിഗ്രഫിക് മേഖലയിലെ പ്രാഫഷനലുകൾ കൈകൊണ്ട് വരച്ചതാണ് പള്ളിയിൽ വിവിധ സ്ഥലങ്ങളിലായി രേഖപ്പെടുത്തിയിരിക്കുന്ന കാലിഗ്രഫിക് ഘടകങ്ങൾ. ദിവസങ്ങളെടുത്ത്, നിരവധി കലാകാരന്മാരുടെ കരവിരുതിൽ പൂർത്തിയായ ഈ കാഴ്ച ഏറെ ശ്രദ്ധേയമാകുന്നു.
27720 ചതുരശ്രമീറ്റർ വിസ്തൃതിയിലുള്ള സ്ഥലത്ത് 20898 ചതുരശ്ര മീറ്ററാണ് പള്ളിയുടെ ആകെ വിസ്തൃതി. 47.30 മീറ്റർ ഉയരത്തിൽ ഉയർന്നുനിൽക്കുന്ന ഗംഭീരമായ താഴികക്കുടം പേൾ ഐലൻഡിലെ ഈ വാസ്തുവിദ്യാ വിസ്മയത്തിലെ പ്രധാന ഘടകമാണ്. 63.77 മീറ്റർ ഉയരത്തിലെ മനോഹരമായ മിനാരം പള്ളിയുടെ ആത്മീയ പ്രാധാന്യത്തെ പ്രതീകപ്പെടുത്തുന്ന വിളക്കുമാടമായാണ് സ്ഥാപിച്ചിരിക്കുന്നത്.
പേൾ ഐലൻഡിലേക്കുള്ള പ്രവേശന കവാടത്തിലാണ് പള്ളി സ്ഥിതിചെയ്യുന്നത്. പള്ളിക്ക് ചുറ്റും പച്ചപ്പ് നിറഞ്ഞ ഭൂപ്രകൃതിയാണ് സ്ഥാപിച്ചിരിക്കുന്നത്. കൂടാതെ ധാരാളം മരച്ചെടികളും കുറ്റിച്ചെടികളും പള്ളിക്ക് ചുറ്റും ശാന്തതയും പ്രകൃതി സൗന്ദര്യവും പകരുന്നു. പേളിന്റെ ഐക്കണിക് റൗണ്ട്എബൗട്ടും ക്ലോക്കിനും പശ്ചാത്തലത്തിലാണ് പള്ളി.
2441 പുരുഷന്മാർക്കും 247 സ്ത്രീകൾക്കും ഒരേ സമയം ആരാധനയും പ്രാർഥനയും നിർവഹിക്കാൻ ശേഷിയുള്ള പള്ളിയിൽ രണ്ട് എസ്‌കലേറ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. പുരുഷന്മാർക്ക് നാല്, സ്ത്രീകൾക്ക് രണ്ട് എന്നിങ്ങനെ ലിഫ്റ്റുകളും സ്ഥാപിച്ചിരിക്കുന്നു.
പള്ളിയിലെത്തുന്ന വിശ്വാസികൾക്ക് ഭൂഗർഭ മേഖലയിൽ വിശാലമായ പാർക്കിങ് ഏരിയയും നിർമിച്ചിരിക്കുന്നു. ഭിന്നശേഷി സൗഹൃദ മേഖലയിൽ കൂടുതൽ ഊന്നൽ നൽകിയിരിക്കുന്നതിനാൽ അവർക്കായി പ്രത്യേകം സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ദ്വീപിലേക്കുള്ള വിനോദസഞ്ചാര മേഖലയുടെ വളർച്ചക്ക് ഹമദ് ബിൻ ജാസിം ആൽഥാനി പള്ളി ഭാവിയിൽ സുപ്രധാന പ്രേരകമായി വർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രദേശത്തെ ഏറ്റവും ശ്രദ്ധേയമായ ഇസ്‍ലാമിക നിർമിതികളിലൊന്നായി തീർച്ചയായും സന്ദർശിക്കേണ്ട രാജ്യത്തെ ഇടങ്ങളിൽ ഇനി ഈ പള്ളിയും സ്ഥാനംപിടിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.