പോയാലോ, പോയാലി മലയിലേക്ക്
text_fieldsമൂവാറ്റുപുഴ: പോയാലി മലയിലേക്ക് സന്ദർശക പ്രവാഹം. മലയുടെ പ്രകൃതിസൗന്ദര്യം ആസ്വദിക്കാനും ഇളംകാറ്റിലും കുളിരിലും ഇത്തിരിനേരം ചെലവഴിക്കാനുമാണ് സഞ്ചാരികൾ മലകയറുന്നത്. പായിപ്ര പഞ്ചായത്തിലാണ് പാറക്കെട്ടുകളും മൊട്ടക്കുന്നുകളുംകൊണ്ട് അനുഗ്രഹീത പ്രദേശം സ്ഥിതിചെയ്യുന്നത്. പഞ്ചായത്തിലെ രണ്ട്, മൂന്ന് വാര്‍ഡുകളിലായി സ്ഥിതിചെയ്യുന്ന മലയിൽ ഏറ്റവുമധികം സഞ്ചാരികൾ എത്തുന്നത് നവംബർ മുതൽ ഫെബ്രുവരി വരെയാണ്. പ്രകൃതി ഭംഗികൊണ്ട് അനുഗ്രഹീതമായി കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന മലമുകളിലെ ഒരിക്കലും വെള്ളംവറ്റാത്ത കിണർ സഞ്ചാരികളെ അദ്ഭുതപ്പെടുത്തുന്നതാണ്. പ്രകൃതിഭംഗി ആസ്വദിക്കാന്‍ നിരവധിപേര്‍ എത്തുന്നുെണ്ടങ്കിലും സൗകര്യങ്ങള്‍ പരിമിതമാണ്.
പലരും സാഹസികമായി കല്ലുകളില്‍നിന്ന് പാറകളിലേക്ക് ചാടിക്കടന്നാണ് എത്തിപ്പെടുന്നത്. മൂവാറ്റുപുഴ നഗരത്തില്‍നിന്ന് ആറുകിലോമീറ്റര്‍ മാത്രം ദൂരത്തിൽ സ്ഥിതിചെയ്യുന്ന പോയാലിമല ടൂറിസ്റ്റ് കേന്ദ്രമാക്കുന്നതിനുള്ള സാഹചര്യങ്ങളും നിലവിലുണ്ട്. സമുദ്രനിരപ്പില്‍നിന്ന് അഞ്ഞൂറടിയോളം ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. നൂറേക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന മലയില്‍ ഏതുസമയവും വീശിയടിക്കുന്ന ഇളംകാറ്റും കൂട്ടിനുണ്ട്.നിലവില്‍ നിരപ്പ് ഒഴുപാറയില്‍നിന്ന് ആരംഭിക്കുന്ന ചെറിയ ഒരു വഴി മാത്രമാണ് മലമുകളിലേക്കുള്ളത്. മലയുടെ മറുഭാഗത്തെ മനോഹര കാഴ്ചയായിരുന്ന വെള്ളച്ചാട്ടം കരിങ്കല്‍ ഖനനംമൂലം അപ്രത്യക്ഷമായി.
മുളവൂര്‍ തോടിെൻറ കൈവഴിയായി ഒഴുകിയെത്തിയിരുന്ന കല്‍ചിറ തോട്ടിലെ നീന്തല്‍ പരിശീലനകേന്ദ്രവും ഇല്ലാതായി. മുന്‍ എം.എല്‍.എ ബാബുപോളും അന്ന് പഞ്ചായത്ത് മെംബറായിരുന്ന പി.എ. കബീറുംകൂടി തയാറാക്കിയ പോയാലി ടൂറിസം പ്രോജക്ടും നിവേദനവും ടൂറിസം മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന് നല്‍കിയിരുന്നു. എന്നാൽ, തുടര്‍നടപടിയുണ്ടായില്ല. പായിപ്ര പഞ്ചായത്തിെൻറ ബജറ്റില്‍ പോയാലി ടൂറിസം പദ്ധതിക്ക് 10 ലക്ഷം രൂപ വകയിരുത്തിയെങ്കിലും പിന്നീട് പദ്ധതികളൊന്നും നടപ്പിലായില്ല.
കഴിഞ്ഞ സംസ്ഥാന ബജറ്റിലും പോയാലിമല ടൂറിസം പദ്ധതിക്ക് ഫണ്ട് വകയിരുത്തിയിരുന്നു. പോയാലിമല ടൂറിസം പദ്ധതി നടപ്പായാല്‍ നിരവധിപേര്‍ക്ക് തൊഴിലും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.