മനസ്സും ശരീരവും ശുദ്ധീകരിക്കുന്ന പ്രയാഗുകൾ
text_fieldsഇന്ന് ഋഷികേശിൽനിന്ന് ജോഷിമഠിലേക്കുള്ള യാത്രയാണ്. നേരത്തെ എഴുന്നേൽക്കാൻ ഇത്രയും മടിയുള്ള ഞാൻ നാലര മണിക്ക് എഴുന്നേറ്റ് മറ്റുള്ളവരെ വിളിച്ചത് ഓർത്തു എനിക്ക് തന്നെ അത്ഭുതമായിരുന്നു. നിലവിൽ എന്നോടൊപ്പം വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ഇരുപത്തിയഞ്ചോളം ആളുകളുണ്ട്. പക്ഷെ, എവിടെയായാലും മലയാളി ഇല്ലാത്ത അവസ്ഥയില്ലയെന്ന് പറയാറില്ലേ. അതുപോലെ ഞങ്ങളുടെ കൂട്ടത്തിലുമുണ്ട് ആറു മലയാളികൾ. പാലക്കാട്ടുനിന്നും തൃശൂർനിന്നും രണ്ടുപേർ വീതം, ഒരു എറണാകുളം, പിന്നെ കണ്ണൂരുകാരിയായ ഞാനും.
രാവിലെ അഞ്ചരക്ക് ഞങ്ങൾ യാത്ര തിരിച്ചു. പുലർകാലത്ത് കോടമഞ്ഞിൽ പൊതിഞ്ഞുകിടക്കുന്ന ഋഷികേശ് ടൗൺ കാണാൻ നല്ല ഭംഗിയുണ്ട്. പക്ഷെ, ഇന്നലെ വൈകീട്ട് ഋഷികേശിന്‍റെ മുഖം വളരെ വ്യത്യസ്തമായിരുന്നു. പുലർകാലത്തും ഇവിടെ തണുപ്പ് ഒട്ടും തന്നെയില്ല. തണുത്ത് വിറങ്ങലിക്കും എന്നുകരുതി ഞാനിട്ട ജാക്കറ്റും സെറ്ററുമൊക്കെ ഊരികളയേണ്ടിവന്നു.
ഋഷികേശിലെ യാത്ര ആരംഭിച്ചത് മുതൽ മൊബൈലിൽ ചിത്രങ്ങൾ പകർത്തി കൊണ്ടിരിക്കുകയായിരുന്നു. താഴ്‌വരയുടെ വശ്യമായ സൗന്ദര്യം എത്ര പകർത്തിയിട്ടും തൃപ്തി വരുന്നുണ്ടായിരുന്നില്ല. സാങ്കേതികവിദ്യ എത്ര വളർന്നാലും, പ്രകൃതിയുടെ സൗന്ദര്യം കണ്ണുകൾ കാണാൻ പറ്റുന്ന അത്രയും ഭംഗിയിൽ ഫോട്ടോയിൽ പകർത്താൻ സാധിക്കുമോ? ഇല്ലെന്ന് ഒരിക്കൽക്കൂടി ഉറപ്പിക്കുകയാണീ യാത്ര.
അപരിചിതരായ കൂട്ടുകാർക്കൊപ്പം പൂക്കളുടെ താഴ്‌വരയിലേക്ക് - ഉത്തരാഖണ്ഡ് യാത്ര: ഭാഗം ഒന്ന്
പ്രകൃതിയുടെ സൗന്ദര്യത്തിൽ വശംവദയായി ഇരിക്കുമ്പോഴാണ്, വണ്ടി ഒരു വലിയ കുഴിയിൽ ചാടുന്നത്. ശ്ശെടാ, ഇന്നലെ അല്ലേ ഞാൻ ഋഷികേശിലെ റോഡുകളെക്കുറിച്ച് പുകഴ്ത്തി പറഞ്ഞത്. പക്ഷെ, ആ കുഴി തുടക്കം മാത്രമായിരുന്നു. പിന്നെ അങ്ങോട്ട് ഞങ്ങളെ കാത്തിരുന്നത് പൊട്ടിപ്പൊളിഞ്ഞ റോഡുകളാണ്. മണ്ണിടിച്ചിലിൽ മിക്ക സ്ഥലങ്ങളിലെയും റോഡുകളുടെ വശം ഒഴുകി പോയിട്ടുണ്ട്. ഇത്രയും വലിയ പാറകളെ ഭേദിച്ച് ഒരു റോഡ് പണിയുമ്പോൾ, ഇങ്ങനെയുള്ള സംഭവങ്ങൾ തികച്ചും സ്വാഭാവികം തന്നെ. പലപ്പോഴും താഴ്‌വരയിലേക്ക് വീഴുമോ എന്ന ഭയം തോന്നിയെങ്കിലും ഞങ്ങളുടെ ഡ്രൈവറുടെ കഴിവിൽ വിശ്വസിക്കുക അല്ലാതെ മറ്റുതരം ഉണ്ടായിരുന്നില്ല.
ഭീമാകാരമായ പാറകൾ, വിശാലമായ താഴ്‌വര, പിന്നെ നിറഞ്ഞൊഴുകുന്ന നദി. പ്രകൃതിയുടെ ആഴവും പരപ്പും വിളിച്ചോതുന്ന ദൃശ്യങ്ങളായിരുന്നു ഓരോ നിമിഷവും കൺമുന്നിൽ. 100 ആൾ പൊക്കത്തിലുള്ള ഈ പാറയിൽനിന്ന് ഒരു ചെറിയ പാറക്കഷണം വീണാൽ പോലും തീരാവുന്നതേയുള്ളൂ ഞങ്ങളുടെ ഓരോരുത്തരുടെയും ജീവിതം. ഇവയുടെ മുന്നിൽ കടുകുമണിയോളം ചെറുതല്ലേ നമ്മൾ. അങ്ങനെ വലിയ വലിയ ചിന്തകളിൽ എന്‍റെ മനസ്സ് ആഴ്ന്നിറങ്ങിയ സമയത്ത് പെട്ടെന്ന് വണ്ടിനിന്നു.
ടയർ പഞ്ചർ ആയത്രേ. അല്ലെങ്കിലും ഇതുപോലുള്ള റോഡിലൂടെ പോയിട്ട് ടയർ പഞ്ചറായില്ലെങ്കിലല്ലേ ഉള്ളൂ. വണ്ടി ഓരം ചേർത്ത് നിർത്തി, ഡ്രൈവർ ചേട്ടൻ പണിതുടങ്ങി. വളരെ ലാഘവത്തോടെ ചെറിയ സമയത്തിനുള്ളിൽ ടയർ മാറ്റിയിട്ട ഡ്രൈവറോട് എനിക്ക് എന്തെന്നില്ലാത്ത ആരാധന തോന്നി.
പക്ഷെ, ആരാധനക്ക് ഒരുപാട് നീളം ഉണ്ടായിരുന്നില്ല. ഒരു മണിക്കൂർ കഴിയും മുമ്പേ അടുത്ത ടയർ പഞ്ചറായി. ഉർവശീ ശാപം ഉപകാരമായിയെന്ന് പറഞ്ഞതുപോലെ, ടയർ പഞ്ചറായതുകൊണ്ട് മാത്രം ഞങ്ങൾക്ക് കർണ്ണപ്രയാഗിൽ കുറച്ചധികം സമയം ചെലവഴിക്കാൻ സാധിച്ചു. വെള്ളമണലും ഉരുളൻ കല്ലുകളും ശക്തമായ ഒഴുകുന്ന നദിയും നട്ടുച്ച സമയത്തും ഞങ്ങളുടെ മനസ്സ് കുളിർപ്പിച്ചു.
ഈ യാത്രക്കിടയിൽ ഞങ്ങൾ ഏറ്റവും കൂടുതൽ കേട്ട വാക്കാണ് പ്രയാഗ്. ഉത്തരാഖണ്ഡിൽ യാത്ര ചെയ്യുമ്പോൾ നിർബന്ധമായും കേട്ടിരിക്കേണ്ട ഒന്നുതന്നെയാണ് പ്രയാഗ് എന്ന വാക്കിൽ അവസാനിക്കുന്ന സ്ഥലങ്ങൾ. ഹിന്ദുമതത്തിൽ പ്രയാഗ് എന്നാൽ രണ്ടോ അതിലധികമോ നദികളുടെ വിശുദ്ധ സംഗമത്തെയാണ് സൂചിപ്പിക്കുന്നത്. ഇവിടെ മുങ്ങുന്നത് ഒരു വ്യക്തിയുടെ മനസ്സും ശരീരവും ആത്മാവും ശുദ്ധീകരിക്കുകയും അവനെ/അവളെ മോക്ഷത്തിലേക്കോ അവതാരത്തിലേക്കോ അടുപ്പിക്കുമെന്നും ഭക്തർ വിശ്വസിക്കുന്നു.
ഉത്തർപ്രദേശിലെ അലഹബാദിന് ശേഷം, ഉത്തരാഖണ്ഡിലെ പഞ്ച പ്രയാഗാണ് വിശ്വാസികൾ ഏറ്റവും ആരാധിക്കുന്നത്. പഞ്ച പ്രയാഗ് എന്നാൽ വിഷ്ണുപ്രയാഗ്, നന്ദപ്രയാഗ്, കർണ്ണപ്രയാഗ്, രുദ്രപ്രയാഗ്, ദേവപ്രയാഗ് എന്നീ അഞ്ചു പ്രയാഗുകളെയാണ് ഉദ്ദേശിക്കുന്നത്. ഹിമാലയത്തിലെ സതോപന്ത് ഹിമാനികളിൽനിന്ന് (Satopanth glacier) ഉൽഭവിക്കുന്ന അളകനന്ദ നദി വിവിധ നദികളുമായി ഈ പ്രയാഗുകളിൽ വെച്ച് സംഗമിക്കുകയും ചേർന്നു ഒഴുകുകയും ചെയ്യുന്നു.
ആദ്യം വിഷ്ണുപ്രയാഗിൽ അളകനന്ദ നദി ധൗലിഗംഗ നദിയിൽ സംഗമിക്കുന്നു. തുടർന്ന് നന്ദപ്രയാഗിൽ നന്ദകിനി നദിയും കർണ്ണപ്രയാഗിൽ പിണ്ടാർ നദിയും രുദ്രപ്രയാഗിൽ മന്ദകിനി നദിയും ഒടുവിൽ ദേവപ്രയാഗിൽ ഭാഗീരഥി നദിയുമായും ചേരുന്നു. അങ്ങനെ സമതലത്തിലേക്ക് എത്തുമ്പോഴേക്കും ഗംഗാനദി രൂപപ്പെടുന്നവത്രേ. പുസ്തകത്താളുകളിൽ നിന്ന് മനഃപ്പാഠമാക്കിയ കാര്യങ്ങൾ നേരിട്ട് അനുഭവിച്ചറിയുന്നതിന്‍റെ സുഖം, അത് വേറെ തന്നെയാണ്. മാത്രവുമല്ല നദികളുടെ നിറവ്യത്യാസം കൊണ്ട് ഈ സംഗമങ്ങൾ നയനമനോഹര ദൃശ്യങ്ങളാണ്.
യാത്രക്കിടയിൽ വിവിധ സ്ഥലങ്ങളിൽ ഞങ്ങളുടെ യാത്രാ രേഖകളുടെ പരിശോധന ഉണ്ടായിരുന്നു. ചമോലി ജില്ലയിൽ കയറിയപ്പോൾ മാത്രം വാഹനത്തിലുള്ള എല്ലാവരെയും പുറത്തിറക്കി പേരും വിവരങ്ങളും ചോദിച്ചറിഞ്ഞു. അവസാനം 5.30 ഞങ്ങൾ ജോഷിമഠിലെത്തി. അഞ്ചുപേർക്ക് ഒരു മുറിയെന്ന രീതിയിലാണ് ലഭിച്ചത്.
മുറിയിൽനിന്ന് പുറത്തിറങ്ങിയാൽ വിശാലമായ താഴ്‌വര കാണാം. യാത്രയുടെ ക്ഷീണം കൊണ്ടാണോ എന്നറിയില്ല പെട്ടെന്ന് ഉറങ്ങിപ്പോയി. നാളെയും നേരത്തെ എഴുന്നേൽക്കണം. പട്ടാളച്ചിട്ടയിൽ ആണ് ട്രെക്കിങ് യൂത്ത് ഹോസ്റ്റൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അഞ്ചര മണിക്ക് ചായ, ആറു മണിക്ക് പ്രാതൽ, ഏഴു മണിക്ക് പാക്കറ്റ് ലഞ്ച്.
ഇന്ന് ജോഷി മഠിൽനിന്ന് ഗോവിന്ദ്ഘാട്ടിലേക്കാണ് പോകുന്നത്. ഗോവിന്ദ്ഘാട്ട് വരെ ബസ് പോകും. അവിടെ തൊട്ട് തുടങ്ങും നമ്മുടെ ശരിക്കുള്ള യാത്ര. വാലി ഓഫ് ഫ്ലവേഴ്സിലേക്ക് പോകണമെങ്കിൽ ഗംഗാരിയാണ് (GHANGARIA) എത്തേണ്ടത്. ഗോവിന്ദ്ഘട്ടിൽനിന്ന് 14 കിലോമീറ്ററുണ്ട് ഗംഗാരിയിലേക്ക്. ഇതിൽ ആദ്യത്തെ നാല് കിലോമീറ്റർ വേണമെങ്കിൽ ജീപ്പ് എടുക്കാം. 600 രൂപയാണ് അവർ വാങ്ങുന്നത്.
എങ്കിലും 10 പേരെ വരെ അവർ കൊണ്ടുപോകും. ചെറുപ്പത്തിന്‍റെ ആവേശം ആണോ അതോ കുറേക്കാലമായി യാത്ര പോകാത്തതിന്‍റെ വിഷമം ആണോ എന്നറിയില്ല, ടാക്സി എടുക്കാൻ മനസ്സനുവദിച്ചില്ല. രണ്ടും കൽപ്പിച്ചു നടക്കാൻ ആരംഭിച്ചു. കഴിഞ്ഞ ഒന്നര വർഷമായി നടക്കാത്തത്തിന്‍റെ എല്ലാ ബുദ്ധിമുട്ടും കൃത്യമായി ശരീരത്തിലെ ഓരോ ഭാഗത്തും അറിയുന്നുണ്ടായിരുന്നു.
ആദ്യത്തെ നാല് കിലോമീറ്റർ കഴിഞ്ഞാൽ പിന്നെ കല്ലു പാകിയ വഴികളാണ്. ഗംഗാരിയ സ്ഥിതി ചെയ്യുന്നത് സമുദ്രനിരപ്പിൽനിന്ന് 3,049 മീറ്ററും (10,003 അടി) ഗോവിന്ദ്ഘട്ട് 1828 മീറ്ററും (5,997 അടി) ഉയരത്തിലാണ്. ഇപ്പോൾ നമ്മൾ സഞ്ചരിക്കേണ്ട വഴിയെപ്പറ്റി ചെറിയൊരു ധാരണ കിട്ടിയല്ലോ. യാത്ര എളുപ്പമാക്കാൻ ഇവിടെയുമുണ്ട് ചില ഉപാധികൾ.
ബാഗുകൾ വേണമെങ്കിൽ മ്യൂളിൽ (കോവർകഴുത) കയറ്റി വിടാം, അല്ലെങ്കിൽ നമുക്ക് തന്നെ മ്യൂളിൽ കയറി പോകാം. ആദ്യത്തെ നാല് കിലോമീറ്റർ ബാഗെടുത്തു നടന്നപ്പോൾ തന്നെ ഒരു കാര്യം മനസ്സിലായി, ബാഗ് എടുത്തു നടക്കുന്നത് നമ്മളെക്കൊണ്ട് കൂട്ടിയാൽ കൂടില്ല. അതുകൊണ്ട് ബാഗ് മ്യൂളിൽ കയറ്റിവിട്ടു.
ഒരു മണിക്ക് ഞങ്ങൾ അവിടെനിന്ന് നടത്തം ആരംഭിച്ചു. മനസ്സിന്‍റെ വേഗതക്കൊപ്പം ശരീരം എത്തുന്നില്ല എന്ന തിരിച്ചറിവ് വല്ലാതെ അലോസരപ്പെടുത്തിയെങ്കിലും കഴിഞ്ഞ ഒന്നര വർഷക്കാലമായിട്ട് ഒരു ദിവസം വെറും 1000 സ്റ്റെപ്പുകൾ മാത്രം നടന്ന ഞാൻ പെട്ടെന്ന് 30,000 നടക്കുമ്പോൾ ശരീരം തളരുന്നത് സ്വാഭാവികമല്ലേയെന്ന് സ്വയം ആശ്വസിപ്പിച്ചു.
പ്രകൃതിയിൽനിന്ന് ഊർജ്ജം ഉൾക്കൊണ്ടും വഴിയിലെ കടകളിൽനിന്ന് നീബൂ പാനി കുടിച്ചും നടത്തം തുടർന്ന് കൊണ്ടിരുന്നു. നടന്നുപോകുന്ന വഴിയിൽ വിവിധസ്ഥലങ്ങളിൽ വൃത്തിയുള്ള ശൗചാലയങ്ങളുണ്ട്. വീടുകളിലുള്ള അത്രയും വൃത്തിയിൽ ഇത് സൂക്ഷിക്കുന്ന കണ്ടപ്പോൾ പത്തുരൂപ കൊടുക്കുന്നത് ഒട്ടും കൂടുതലല്ലെന്ന് തോന്നി.
നടന്ന് നടന്ന് ശരീരം തളരുമ്പോൾ ഉള്ളിലിരുന്നു ആരോ ചോദിക്കുന്നുണ്ടായിരുന്നു ഇത് വേണമായിരുന്നോ? അങ്ങനെ ചിന്തിച്ചു തുടങ്ങുമ്പോഴേക്കും മനോഹരമായ ഒരു പാലത്തിലെത്തി. അവിടെ നിറഞ്ഞൊഴുകുന്ന നദിയും. ആ കാഴ്ച കുറച്ചുനേരം മനസ്സുതുറന്നു ആസ്വദിച്ചപ്പോൾ അതുവരെയുള്ള ക്ഷീണം മുഴുവൻ പറന്നു പോകുന്നത് പോലെ തോന്നി.
ഏഴ് മണിക്കൂർ നടത്തത്തിന് ഒടുവിൽ ഗംഗാരിയ ഗ്രാമത്തിലെത്തി. സമയം ഇരുട്ടി തുടങ്ങിയിരുന്നു. എങ്കിലും ഹോട്ടലിൽ ചെന്ന് കയറുമ്പോൾ മനസ്സിൽ അഭിമാനം തുളുമ്പുന്നുണ്ടായിരുന്നു. പറ്റില്ല എന്ന് തോന്നിയ കാര്യം ചെയ്തു തീർത്തപ്പോൾ ഉണ്ടായ ഒരു ചാരിതാർത്ഥ്യം. പക്ഷേ, ഇത് തുടക്കം മാത്രം ആണ്, ഇനിയാണ് ശരിക്കുമുള്ള യാത്രകൾ - വാലി ഓഫ് ഫ്ലവേഴ്സ് ഹേമകുണ്ഡ്..
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.