പൊന്നാണ് ഈ പുന്നയാർ വെള്ളച്ചാട്ടം
text_fieldsതൊടുപുഴ: മലനിരകളുടെയും വെള്ളച്ചാട്ടങ്ങളുടെയും കാഴ്ചകൾ ഒട്ടേറെയുണ്ട് ഇടുക്കിയിൽ. എന്നാൽ, മഴക്കാലത്ത് മിടുമിടുക്കിയാകുന്ന ഒരു വെള്ളച്ചാട്ടമുണ്ട് കഞ്ഞിക്കുഴിയിൽ. പുന്നയാർ വെള്ളച്ചാട്ടമെന്നാണ് പേര്.
അധികം യാത്രികര്‍ അറിയാത്ത ഒരിടം കൂടിയാണ് പുന്നയാർ വെള്ളച്ചാട്ടം. ഹൈറേഞ്ചിെൻറ പ്രവേശന കവാടമായ ഇവിടെ സഞ്ചാരികള്‍ക്കായി അനവധി വ്യൂ പോയൻറുകളും ഗുഹകളും വെള്ളച്ചാട്ടങ്ങളും പ്രകൃതി തന്നെ ഒരുക്കിയിരിക്കുന്നുവെന്നതാണ് പ്രത്യേകത.
തൊടുപുഴ വണ്ണപ്പുറം വഴി 40 കി.മീ സഞ്ചരിച്ചാൽ പുന്നയാർ വെള്ളച്ചാട്ടത്തിലെത്താം. മൈലാപ്പുഴയുടെ അടിവാരത്തുനിന്നും പിറവിയെടുക്കുന്ന പഴയരിക്കണ്ടം പുഴ ചെറുതോടുകളുടെ കൂടിച്ചേരലുകളാൽ കിലോമീറ്ററുകളോളം നിരനിരയായി ചെറുവെള്ളച്ചാട്ടങ്ങള്‍ സൃഷ്ടിച്ച് ഒഴുകി പുന്നയാറില്‍ പതിക്കുന്നു.
ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ മാത്രമേ പുന്നയാർ വെള്ളച്ചാട്ടത്തെ ഈ രൂപത്തിൽ കാണാൻ കഴിയൂ. കഞ്ഞിക്കുഴിയില്‍നിന്നും ആലപ്പുഴ-മധുര സംസ്ഥാന പാതയിലെ വട്ടോന്‍പാറ ജങ്ഷനില്‍നിന്ന് ഇടത്തോട്ട് ഇറക്കമിറങ്ങി രണ്ട് കിലോമീറ്ററോളം സഞ്ചരിച്ചാല്‍ പുന്നയാര്‍ എത്താം. ഇവിടെനിന്ന് ഓഫ് റോഡില്‍ ഒരുകിലോമീറ്ററോളം താഴേക്ക് ഇറങ്ങിയാല്‍ വെള്ളച്ചാട്ടമായി.
അരകിലോമീറ്റർ നടക്കേണ്ടിവരും. നടന്ന് രണ്ട് ഭാഗവും ചെങ്കുത്തായ മലയിലാണ് എത്തുക. കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവ് വന്നതോടെ അവധി ദിനങ്ങളിലും മറ്റും നിരവധി സഞ്ചാരികൾ എത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.