Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightമരുഭൂമിയിലെ...

മരുഭൂമിയിലെ തണുപ്പിന്റെ പേരാണ് പുഷ്ക്കർ

text_fields
bookmark_border
pushkar
cancel

പുഷ്ക്കറിന്റെ മനസ്സിലെ കാഴ്ച്ചകൾ തുടങ്ങുന്നത് മിൽക്ക്മാൻവേ ഗെസ്റ്റ് ഹൗസിൽ നിന്നാണ്. നൂറിലേറെ വർഷങ്ങൾ പഴക്കമുള്ള, വിദേശികൾക്ക് ഏറെ പ്രിയമുള്ള ചുമരിൽ ഒരുപാട് ചിത്രങ്ങൾ വരച്ചിട്ട, വള്ളിപ്പടർപ്പുകളുടെ ഗോവണി കയറുന്ന ഒരു പുരാതന ഗെസ്റ്റ്ഹൗസ്. രണ്ട് ദീദിമാർ നടത്തി വന്നിരുന്ന ആ ഗെസ്റ്റ് ഹൗസിലാണ് പുഷ്ക്കറിലെ രണ്ട് ദിനങ്ങൾ താമസിച്ചത്.

അതിരാവിലെ അരിച്ചെത്തുന്ന തണുപ്പ് വകവെക്കാതെ പുഷ്ക്കർ മേള നടക്കുന്ന മൈതാനിയിലേക്ക് ഞങ്ങൾ നാലുപേരും നടന്നു. വഴിയിൽ മുഴുവൻ, ഒരു വർഷത്തെ അധ്വാനം കൊണ്ടുണ്ടാക്കിയ കരകൗശല വസ്തുക്കളും മറ്റുമായി ഗ്രാമീണർ തമ്പടിച്ചിരിക്കുന്നു. ഒരു പുതിയ പകലിൽ കൂടി അവർ ജീവിതത്തിന്റെ പ്രതീക്ഷകൾ കിനാവ് കാണുന്നു. ഏഷ്യയിലെ ഏറ്റവും വലിയ കരകൗശല മേളയാണ് പുഷ്ക്കറിലേത്. ലോകത്തിലെ ഏറ്റവും വലിയ ഒട്ടക ചന്തയും ഇത് ​തന്നെയാണ്. വർഷം തോറും പത്തോ പതിനഞ്ചോ ദിവസം നീളുന്ന കാലയളവിലാണ് പുഷ്ക്കർ മേള നടക്കാറുള്ളത്. കോവിഡിന് ശേഷമോ, ഇതാദ്യം.

നമുക്ക് കാഴ്ചകളിലേക്ക് വരാം. തണുപ്പിൽനിന്ന് ആശ്വാസം കണ്ടെത്താനായി ഗ്രാമീണർ തീകൂട്ടി കത്തിക്കുന്നു. പ്ലാസ്റ്റിക് കവറുകൾ കൂട്ടിയിട്ട് കത്തിച്ച് അതിനടുത്തിരുന്ന് കൈയും മുഖവും ചൂട് പിടിക്കുന്ന ഒരു ഗ്രാമീണനെ ഞങ്ങൾ കണ്ടു. പുറംലോകം കാണാത്ത രാജസ്ഥാൻ ഉൾഗ്രാമങ്ങളെ പോലെ തന്നെ വിചിത്രമാണ് അവിടത്തെ മനുഷ്യരും അവരുടെ രീതികളും. കണ്ണുകൾക്കപ്പുറത്ത് വിരിച്ചിട്ടുള്ള അറ്റം കാണാത്ത സ്വർണ്ണനിറമുള്ള മരുഭൂമി, ഒട്ടകങ്ങൾ വരിവരിയായി നിരന്നുകിടക്കുന്നു. സൂര്യൻ മണൽ നിറത്തിൽ ഉദിച്ചുവരുന്നു. ചില ഒട്ടകങ്ങളെ അലങ്കാര പട്ടുകളും മറ്റും വെച്ച് അലങ്കരിച്ചിരിക്കുന്നു. ഒട്ടക കൂട്ടങ്ങളുടെയടുത്ത് ഗ്രാമീണർ താമസിക്കുന്ന കൂടാരങ്ങളും കാണാം.


മരുഭൂമിയിലെ വിവിധ ഗ്രാമങ്ങളിൽനിന്ന് വന്ന കുട്ടികൾ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്നു. മൈതാനം പുരുഷന്മാരും സ്ത്രീകളുമായ ഫോട്ടോഗ്രാഫർമാരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. ഒരു ഫോട്ടോഗ്രാഫർ ഇല്ലാതെ ഒരു ഫ്രെയിമിൽ ഫോട്ടോയെടുക്കുക എന്നതാണ് പുഷ്ക്കർ മേളയിൽ ഫോട്ടോഗ്രാഫേഴ്സ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്ന് കൂടെയുള്ള സ്ട്രീറ്റ് ഫോട്ടോഗ്രാഫർ റാഫി പറഞ്ഞതോർത്തു. അന്ന് അത് പറഞ്ഞതിന് അവനെ എത്ര കളിയാക്കിയിരുന്നു. ഇന്ത്യയിലെ ഓരോ വർഷത്തെയും മികച്ച ചിത്രങ്ങളും അവാർഡുകളും വരാറുള്ളത് ഈ മേളയിലെ ഫ്രെയിമിൽനിന്നാണ്.

അഫ്താബ് ആ ഫോടോഗ്രാഫേഴ്സിന്റെ കൂട്ടത്തിൽ ചേർന്നു. റാഫി മനുഷ്യരുടെ മുഖങ്ങൾ പോർട്രെയ്റ്റ് പകർത്തുന്ന തിരക്കിലായി. മഹേഷ് മേളയുടെ ഐതീഹ്യം ചോദിച്ചറിയുന്നതിൽ വ്യാപൃതനായി.


അവിടെത്തെ സ്ത്രീകളുടെയും കുട്ടികളുടെയും പ്രായമായവരുടെയും കണ്ണുകൾക്ക് വല്ലാത്ത ഭംഗിയാണ്. കടും നിറങ്ങൾ കലർന്ന രാജസ്ഥാനി തൊപ്പികൾ അണിഞ്ഞ വൃദ്ധന്മാരും അവരുടെ കട്ടപിടിച്ച മീശയും ആഭരണങ്ങൾ അണിഞ്ഞ സ്ത്രീകളുമാണ് രാജസ്ഥാനി ഗ്രാമീണരിലെ ഹൈലൈറ്റ്സ്. അവരെ പടമെടുക്കണമെങ്കിൽ രൂപ പത്ത് കൊടുക്കണം. അതിന് വേണ്ടിയവർ പിറകെ കൂടും. കൊടുത്തില്ലങ്കിലവരുടെ സ്വഭാവം മാറും.

ഞാനും കുറച്ച് നേരം കാമറയിൽ പടങ്ങളൊക്കെയെടുത്ത് നടന്നു. ഒട്ടകങ്ങളെയും കുതിരകളെയും കൗതുകത്തോടെ നോക്കി. അവരോട് അറിയാവുന്ന ഭാഷയിൽ കുശലം പറഞ്ഞു. ഓർമ വന്നത് പൗലോ കൊയ്‌ലോയുടെ ആൽക്കെമിസ്റ്റിൽ സാന്റിയാഗോ പ്രകൃതിയുടെ ഭാഷയിൽ ഒട്ടകങ്ങളോട് സംസാരിക്കാൻ ശ്രമിക്കുന്നതാണ്. മരുഭൂമിയുടെ വരണ്ട മണൽ കൈയിലെടുത്ത് പിടിച്ചപ്പോൾ ചെറിയ ഒരു തണുപ്പ് തോന്നി. വരണ്ട് നീണ്ട് കിടക്കുന്ന, ജലാശയങ്ങളിലാത്ത, കാലവർഷമില്ലാത്ത മരുഭൂമിയിലെ ഈ തണുപ്പിന്റെ പേരാണ് പുഷ്ക്കർ. ആ തണുപ്പിനെ ഞങ്ങൾ അനുഭവിച്ചറിഞ്ഞു.


കുറച്ച് സമയം മനസ്സും ശരീരവും മരുഭൂമിയിലെ ആ തണുപ്പിന് നൽകിയ ശേഷം ഞങ്ങൾ റൂമിലേക്ക് തിരിച്ചുനടന്നു. ഉച്ചഭക്ഷണം കഴിച്ച് ചെറിയ വി​ശ്രമമെടുത്ത് വീണ്ടും മേള മൈതാനത്തേക്ക്. തീർത്തും മാംസരഹിതമാണ് പുഷ്ക്കർ. ഒരു മാംസ വിഭവങ്ങളും ഇവിടെ കിട്ടില്ല. മദ്യം ലഭിക്കില്ല. പക്ഷെ, ഇഷ്ട്ടം പോലെ കഞ്ചാവ് ലഭിക്കും.

ഷവർമ, ടിക്ക, ഷവായ്, അല്‍ഫഹാം, തന്തൂരി പോലെയുള്ള എല്ലാ വിഭവങ്ങളും ഇവിടെയുമുണ്ട്. പക്ഷെ, അത് തയാറാക്കുന്നത് വല്ല ഗോപിയോ കാബേജോ ഉരുളക്കിഴങ്ങ് കൊണ്ടോ ആയിരിക്കും എന്ന് മാത്രം. എന്നാലും ഇതുകൊണ്ടെക്കെ എങ്ങനെ ഇത്ര അടിപൊളിയായിട്ട് തയാറാക്കുന്നു എന്ന് ആശ്ചര്യം കൊള്ളാൻ നല്ല അടിപൊളി രുചിയുണ്ട് എല്ലാത്തിനും.


പുഷ്ക്കറിലെ വൈകുന്നേരം കടും നിറങ്ങളുടേതാണ്. മേളയിലെ യന്ത്ര ഊഞ്ഞാലുകളും മറ്റും കടും നിറങ്ങളിൽ മിന്നുന്നു. പണ്ടെന്നോ ഒരു ഏഴാം ക്ലാസ്സുകാരൻ ആദ്യമായി യന്ത്ര ഊഞ്ഞാൽ കണ്ടപ്പോൾ കൗതുകത്തോടെ നോക്കിയിരുന്ന പോലെ കുറച്ച് നേരം നോക്കിയിരുന്നു. തെരുവിലെ കരകൗശല വസ്തുക്കൾ കണ്ട് അത്ഭുതപ്പെട്ടു. പുറം ലോകവുമായി വലിയ ബന്ധമില്ലാത്ത ഈ ഗ്രാമീണർ എങ്ങനെ കൈകൊണ്ട് ഇത്ര മനോഹരമായ വസ്തുക്കളും മറ്റും ഉണ്ടാക്കുന്നു എന്ന് അത്ഭുതപ്പെട്ട് പോയി. വിലയിൽ കുറവുള്ള വ്യത്യസ്തമായി തോന്നുന്ന ചില വസ്തുക്കൾ നാട്ടിലേക്ക് വാങ്ങി. ഓരോ യാത്രയും പോയി വരുമ്പോഴുള്ള പതിവ് ആചാരം പോലെ തന്നെ.

ദൈപുത്രൻമാർ

പുഷ്ക്കർ മേളയും ക്ഷേത്ര പരിസരവും സന്യാസിമാരെ കൊണ്ടും 'ദസ് റുപ്പ്യ' ചോദിച്ചെത്തുന്ന യാചകന്മാരെകൊണ്ടും നിറഞ്ഞിരിക്കുന്നു. വൈകല്യമുള്ളതെല്ലാം ദൈവങ്ങളാണ്. നാലു കാലുകൾക്ക് പുറമെ ജന്മനാ ഒരു കാൽ കൂടിയുള്ള ഒന്നിലധികം പശുക്കളെ പൂജകൾ ചാർത്തി പ്ലേറ്റ് വെച്ച് പണം ചോദിക്കുന്നു. വൈകല്യമുള്ള ഒരു കുട്ടിയെ കിടത്തി അലങ്കരിച്ച് ദൈവപുത്രനെന്ന രീതിയിൽ ദൈവത്തിന് കളക്ഷൻ നടത്തുന്നു.


പല വേഷത്തിലുള്ള മറ്റു ദൈവങ്ങൾ വേറെയും. ഒരു ആകാംഷയെന്നോളം അവരെ പോലെ ദസ് റുപ്പ്യയും ചോദിച്ച് ഞാനും ആളുകൾക്ക് നേരെ നടന്നു. പൈജാമക്ക് മേലെ കോട്ടും ലെതറിന്റെ ഒരു ചെറിയ ഹാൻഡ് ബാഗും കൂളിംഗ് ഗ്ലാസുമാണ് വേഷം. കാഴ്ച്ചയിൽ റിച്ചായത് കൊണ്ടാവും ആരും പണം തന്നില്ല. ചിലർ ഫോട്ടോ പകർത്തി. ഏതാനും ചിലർ തട്ടിക്കയറി. റിച്ചായ ദൈവങ്ങളെ അവർക്ക് പറ്റില്ലായിരിക്കും. അല്ലെങ്കിലും റിച്ചായ ദൈവങ്ങൾക്ക് വീണ്ടും പണം ആവശ്യമില്ലല്ലോ..?

പുറമേക്ക് പോകുമ്പോൾ സ്ഥിരം കാണിച്ചുകൂട്ടാറുള്ള വട്ട് കാട്ടികൂട്ടലായി ഞാനതിനെ കണക്കാക്കി. മേളയിൽ നടക്കുന്ന ഒട്ടകങ്ങളുടെ ചുംബനമത്സരം, നൃത്തം തുടങ്ങിയവയെല്ലാം കൗതുകത്തോടെ നോക്കി. 5000 രൂപ മുതൽ കോടി രൂപ വരെ വിലയിട്ടിരിക്കുന്ന കുതിരകളെ കണ്ടു. ഒട്ടക പുറത്തേറി സവാരി ചെയ്തു. വലിയ എന്തോ ജീവിതത്തിൽ ചെയ്ത് തീർത്ത അനുഭവം.

സാവിത്രി അമ്പലത്തിലേക്ക്

അസ്തമയം തുടങ്ങാറായപ്പോൾ ദൂരെ പൊട്ടുപോലെ കാണുന്ന മേള മൈതാനത്തിൽനിന്ന് വളരെയേറെ ഉയരമുള്ള സാവിത്രി അമ്പലം കാണാൻ ആകാശത്തിലെ കേബിൾ കാർ വഴി പോയി. കേബിൾ കാറിൽനിന്ന് നോക്കുമ്പോൾ ഒരേസമയം അറ്റമില്ലാത്ത കാഴ്ച്ചയും താഴ്ചയും. ഒരേസമയം ആശ്ചര്യവും പേടിയും.


സാവിത്രി അമ്പലത്തിന് മുകളിൽനിന്ന് മേള മൈതാനവും ഒട്ടക കൂട്ടങ്ങളും പുഷ്കർ തടാകവും അതിനോട് ചുറ്റിപറ്റിയുള്ള നഗരവും ജീവിതവും ഒരു 100 x സൂം വ്യൂവിൽ കാണാം. അജ്മീർ ദർഗയിൽ അനുഭവിച്ച പോലെയൊരു പേരിടാത്ത അനുഭൂതി അവിടെയും അനുഭവിച്ചു.

നിൽപ്പ് കിട്ടാത്ത കാറ്റിൽ ആടിക്കൊണ്ടിരുന്നു. ശേഷം കേബിൾ കാർ ഒഴിവാക്കി പടികൾ വഴി താഴോട്ട് ഇറങ്ങി. മൂന്ന് മണിക്കൂറും പത്ത് ഇരിക്കലും കഴിഞ്ഞിട്ടുണ്ടാകും. താഴെ ക്ഷീണിച്ചെത്തി നേരെ പുഷ്ക്കർ തടാകത്തിലേക്ക്. പുഷ്ക്കറിലെ പ്രധാന സംഭവമായിട്ടും രാത്രിയിലേക്ക് തടാക സന്ദർശനം മാറ്റിവെച്ചത് രാത്രി അതിന്റെ സൗന്ദര്യം ശരിക്കും ആസ്വദിക്കാൻ വേണ്ടിയാണ്.


30 കിലോമീറ്ററോളം നീണ്ടുകിടക്കുന്ന തടാകം. വെള്ളം തഴുകുന്നതിന്റെ താളം, ബാക്ക്ഗ്രൗണ്ടിൽ വളരെ ചെറിയ ശബ്ദത്തിൽ ഒരു മെഡിറ്റേഷൻ ഗാനം. ആ രാത്രിയുടെ നീളത്തിന് ഇത്രയും ഭംഗിയുടെ അകമ്പടി മതിയായിരുന്നു. രാത്രിയുടെ സൗന്ദര്യമാണ് പകലിന്റെ ഏക വെല്ലുവിളി.

കുറച്ചുനേരം ഒരുമിച്ചിരുന്നു സംസാരിച്ച് തടാകം ആസ്വദിച്ച ശേഷം നാലുപേരും നാല് ഭാഗത്തേക്ക് മാറിയിരുന്നു. കണ്ണുകളടച്ച് ഏകാന്തരായി. തടാകത്തിലെ വെള്ളത്തിന് മീതെ പതിയെയുള്ള തഴുകലായും ആഴത്തിലെ ഒഴുക്കായും ഉള്ള് മാറി. മനസ്സ് തടാകം പോലെ വിശാലമായി തോന്നി. നെഗറ്റീവുകൾ തടാകത്തിലലിയിച്ചു കളഞ്ഞു പോസിറ്റീവുകൾ ഒഴുകിയെത്തി. എത്രനേരം അവിടെയിരുന്നു എന്നറിയില്ല. മനസ്സ് നിറയുവോളം. ആ നിറവിന് അവസാനമില്ലെന്ന് മനസ്സിലായി. അതിന്റെ നിറവ് നമ്മുടെ മനസ്സിന്റെ തെളിയാണ്.


ശേഷം ശാന്തരായി നടന്നു. ഒരു നല്ല ദിനത്തിന്റെ ഓർമകളിൽ ആ രാത്രിയുടെ ശിഷ്ട്ടത്തിൽ കണ്ണ് തുറന്ന് കിടന്നു. അന്ന് രാത്രി ഞാൻ ഉറങ്ങാതെ സ്വപ്നം കണ്ടു. അല്ല... ഞാനന്ന് കണ്ട സ്വപ്നസമാന പുഷ്ക്കർ കാഴ്ച്ചകളുടെ മനസ്സിന്റെ ഒരു റീവൈൻഡ് എഡിഷൻ. അന്ന് രാത്രി കണ്ട ആ റീവൈൻഡ് എഡിഷൻ ഇപ്പോഴുമിടക്ക് കാണാറുണ്ട്. അപ്പോഴെല്ലാം പുഷ്ക്കറിനെയും മിൽക് വേ ഗെസ്റ്റ് ഹൗസിനേയും തടാകത്തെയും ഒട്ടക കൂട്ടങ്ങളെയും മേള മൈതാനത്തെ കുട്ടികളെയും ദീദിമാരെയും മിസ്സ് ചെയ്യും.

എന്തെങ്കിലുമൊക്കെ മിസ്സ് ചെയ്തെങ്കിലേ പിന്നീട് മിസ്സ് ചെയ്യാൻ തരത്തിലുള്ള എന്തെങ്കിലും ജീവിതത്തിൽ ഉണ്ടാവണമെന്ന് നമ്മൾ ആഗ്രഹിക്കുകയുള്ളൂ. അതിന് വേണ്ടി ശ്രമിക്കുകയുള്ളൂ. ആ ആഗ്രഹവുമായി അടുത്ത പുഷ്കർ മേളക്ക് കാത്തിരിക്കുന്നു. സാഹചര്യവും കാലവും ഒത്തുവന്നാൽ പോകണം, കാണണം, അനുഭവിക്കണം.


കർഷക വിജയ് ദിവസ്

പുഷ്‌കർ ആയിരുന്നു യാത്രയുടെ ലക്ഷ്യം. യാത്രാ നിയോഗമോ, കർഷക സമര വിജയ ദിനത്തിൽ പങ്കെടുക്കുക എന്നതും. ലക്ഷ്യവും നിയോഗവും രണ്ടും ഒന്നല്ല. ലക്ഷ്യം നിയോഗമാവണമെന്നില്ല. നിയോഗമായിരിക്കും ലക്ഷ്യത്തെക്കാൾ നമ്മെ ചിലപ്പോൾ സന്തോഷിപ്പിക്കുന്നതും കരുത്തുള്ളവനാക്കുന്നതും.

രാജസ്ഥാനിലെ അജ്മീറും ശേഷം പുഷ്ക്കർ മേളയിലെ രണ്ട് ദിവസവും നിസാമുദ്ധീൻ ദർഗയും ഓൾഡ് ഡൽഹിയിലെ ജുമാമസ്ജിദും ഹുമയൂൺ ടോമ്പും ഇന്ത്യ ഗേറ്റും റെഡ് ഫോർട്ടുമൊക്കെ കണ്ട് നാട്ടിലേക്ക് മടങ്ങാൻ ഡൽഹി റെയിൽവേ സ്റ്റേഷനിൽ നിൽക്കുമ്പോഴാണ് കാർഷിക നിയമങ്ങൾ പിൻവലിക്കാൻ പോകുന്നുവെന്ന വാർത്ത ഞങ്ങൾ കണ്ടത്.


കേട്ട സന്തോഷത്തിൽ കിട്ടിയ ടാക്സിക്ക് കർഷക സമര ഭൂമിയിലേക്ക് കുതിച്ചു. സമര ഭൂമിയിലെത്താൻ ഏറെ പണിപ്പെട്ടെങ്കിലും, പ്രതിസന്ധികള്‍ ഉണ്ടായെങ്കിലും എത്തിക്കഴിഞ്ഞുള്ള കാഴ്ച്ചകൾ, ശബ്ദങ്ങൾ, അനുഭവങ്ങൾ എല്ലാം ഹൃദ്യമായിരുന്നു. സമര ഭൂമിയിലേക്ക് കടന്നുവരുന്നവരെ സന്തോഷത്തോടെ വണങ്ങി സ്വാഗതം ചെയ്യുന്ന പഞ്ചബികൾ. പ്രാതൽ മുതൽ ഡിന്നർ വരെയുള്ള ഭക്ഷണങ്ങൾ സൗജന്യമായി തയാർ ചെയ്തുകൊടുക്കുന്ന നീണ്ട ഭക്ഷണ ശാലകള്‍, ട്രാക്ട്ടറിൽ താൽക്കാലികമായി സംവിധാനിച്ച അവരുടെ താമസ സ്ഥലങ്ങളിലേക്ക് ആവേശപൂർവം കൊണ്ടുപോയി അവരുടെ കുടുംബങ്ങളെ പരിചയപ്പെടുത്തുന്നവർ, താമസത്തിനും വിശ്രമത്തിനും ഹാളും കട്ടിലും ഒരുക്കിത്തരുന്നവർ, മധുരം വിതരണം ചെയ്യുന്നവർ, സൗജന്യ ആശുപത്രികൾ... അങ്ങനെ തീരാത്ത അനുഭവങ്ങൾ.

മുടിനാരകള്‍ നരച്ചിട്ടും നരബാധിക്കാത്ത നിലപാട് കൊണ്ട് തൊണ്ട പൊട്ടുമാറുറക്കെ മുദ്രാവാക്യം വിളിക്കുന്നവർ, ഇത്ര മനോഹരമായി മുദ്രാവാക്യം വിളിക്കാൻ അവർ എവിടെ നിന്നാവും പഠിച്ചിട്ടുണ്ടാവുക. അത്ഭുതം തന്നെ. അവർ ആവർത്തിച്ചു പറയുന്നുണ്ട്, അവർ വരുന്നത് ഭഗത് സിങ്ങിന്റെ നാട്ടിൽ നിന്നാണെന്ന്. അതു തന്നെയായിരിക്കും കാര്യം.


സൗമ്യമായി നിൽക്കുമ്പോഴും എപ്പോളാവശ്യം വരുമ്പോഴും കൊടുങ്കാറ്റ് പോലെ ആഞ്ഞടിക്കാൻ ഉള്ളിൽ കരുത്ത് സൂക്ഷിച്ചുവെച്ചവർ, നിഹാങ്കുകൾ എന്ന പേരിൽ നീല വസ്ത്രധാരികളായ സൈന്യമുള്ളവർ, കർഷകരുടെ വിശേഷങ്ങൾ അങ്ങനെ നീണ്ടുപോകുന്നു. സമരം പോലെ...

അവിടുന്ന് തിരിച്ചുപോരാൻ നേരം സമരം നിർത്തുകയാണോ എന്ന ചോദ്യത്തിന് കൂട്ടത്തിൽ പ്രായമുള്ള ഒരു പഞ്ചാബി വയോധികന്റെ മറുപടിയാണ് എന്നെ ആശ്ചര്യപ്പെടുത്തിയത്. വായ തുറന്നാൽ നുണയും വെറുപ്പും മാത്രം പറയുന്ന മോദിയുടെ വാക്ക്‌ കേട്ട് സമരം നിർത്തില്ല, പിൻവലിച്ചുവെന്ന് പാർലമെന്റിൽ രേഖാമൂലം തീരുമാനം വരും വരെ. അവിടെയാണ് അവരെ തോൽപ്പിക്കാൻ കഴിയാത്തത്‌. അവിടെയാണ് പലപ്പോഴും നമ്മൾ തോറ്റത്. പ്രവേശന കവാടത്തിന് തൊട്ടടുത്തുള്ള ഒരു വെള്ള ബോർഡിൽ ഇങ്ങനെ എഴുതി വെച്ചിട്ടുണ്ട്,

26 Nov 2020 to 19 Nov 2021

11 months 24 days

Days-358

Deaths-719

Hours-8592+

Minutes-515520+

Seconds -30931200+

അവരുടെ പോരാട്ട യാത്രയിലെ കനൽ വഴികള്‍ ഈ ആറ് വരി കണക്കുകൾ നമ്മളോട് പറയും.

ഒരാഴ്ച്ച കഴിഞ്ഞുള്ള യാത്രയുടെ ശിഷ്ട്ടം എന്നാൽ ഈ വലിയ സമരത്തിന്റെ ഭാഗമായി എന്നത് കൂടിയാണ്. പുഷ്ക്കർ മേളയും രാജസ്ഥാനും ഓൾഡ് ഡൽഹിയും നിസാമുദ്ധീനും അജ്മീറും ആ അഞ്ചു ദിവസങ്ങളും പൂർണമാകുന്നത് ഇതുകൂടി ഉൾക്കൊള്ളുമ്പോഴാണ്. കാരണം ഇന്ത്യയുടെ യഥാർത്ഥ കാഴ്ച്ചയും കണ്ണും കർഷകരാണ്. അതിൽ കൃത്രിമത്വങ്ങളില്ല. അവരുടെ കണ്ണിലൂടെ മാത്രമേ നമുക്ക് കാണാൻ കഴിയൂ. അവരിലൂടെ മാത്രമേ ജീവിക്കാൻ കഴിയൂ. അവരിലൂടെ മാത്രമേ നമ്മുടെ യാത്ര പൂർണമാവുകയുള്ളൂ.


അവിടെയുള്ള ഒരു ബാനറിലെഴുതിയത് പോലെ -'കിസാൻ നഹി ഹെതൊ ഹം നഹിയെ.. സർഫറോശീ കീ തമന്നാ, അബ് ഹമാരേ ദിൽ മെയിൻ ഹേ, ദേക്കാതെ ഹൈൻ ദുഷ്‌മൻ കാ പാസ് കിത്ത്നാതാക്കാത്ത് ഹേ - The desire for revolution is in our hearts. Let's see how much strength the enemy has'.

വിപ്ലവത്തിനുള്ള ആഗ്രഹം നമ്മുടെ ഹൃദയത്തിലുണ്ട്. അതോടെപ്പം ശത്രുവിന് എത്രമാത്രം ശക്തിയുണ്ടെന്ന് നോക്കാം. കർഷകരുടെ ഹൃദയത്തിൽ വിപ്ലവത്തിനുള്ള ആ വലിയ ആഗ്രഹങ്ങളുണ്ടായിരുന്നു. അവർക്ക് ശത്രുവിന്റെ വലിപ്പവും ശക്തിയും നല്ലപോലെ അറിയാമായിരുന്നു. അതനുസരിച്ച് കള പറിച്ച് വേരറിഞ്ഞു വളമെറിഞ്ഞപ്പോൾ വിപ്ലവം പൂത്തു. വിജയക്കൊടി പാറി.

അന്നേദിവസം ആ സമര ഭൂമിയിലെ മണ്ണിൽ ചവിട്ടാൻ, സമരത്തിൽ പങ്കെടുക്കാൻ, അവരിലെ അല്‍ഭുതപ്പെടുത്തുന്ന, നിശ്ചയദാർഢ്യത്തിന്റെ അണയാത്ത സമരാവേശത്തിന്റെ, ആശ്ചര്യപെടുത്തുന്ന ഐക്യബോധത്തിന്റെ കാഴ്ച്ചക്കാരനാവാൻ, അതിൽ ഒരു ഉന്മാദചിത്തനെ പോലെ ആടാൻ കഴിഞ്ഞതിലെ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്. ഉള്ളിൽ നിറയെ എന്തെന്നില്ലാത്ത ആത്മ സംതൃപ്തിയും അഭിമാന ബോധവും. അതിൽപരം എന്ത് വേണം ഒരു കർഷകന്റെ മകനായി ജനിച്ചു വളർന്ന എനിക്ക് ഇനിയങ്ങോട്ട് ജീവിക്കാൻ.

(അവസാനിച്ചു)

ഭാഗം ഒന്ന്: അജ്മീറിൽനിന്ന് ലഭിച്ച ഉത്തരങ്ങൾ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajastan travelpushkar
News Summary - Pushkar is the name of the desert cold
Next Story