സുസ്ഥിരവളര്‍ച്ച നേടി റാക് ടൂറിസം
text_fieldsപോയ വര്‍ഷം 1.22 ദശലക്ഷം സന്ദര്‍ശകര്‍ക്ക് സ്വാഗതമരുളിയ റാസല്‍ഖൈമ ടൂറിസം രംഗത്ത് സുസ്ഥിരവളര്ച്ചയിലെന്ന് റാക് ടൂറിസം ഡെവലപ്പ്മെന്റ് അതോറിറ്റി (റാക് ടി.ഡി.എ). ലോക സന്ദര്‍ശകരുടെ എണ്ണത്തില്‍ 24 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. റോഡ് ഷോകള്‍, വ്യാപാര മേളകള്‍, മീഡിയ ഈവന്റുകള്‍ തുടങ്ങിയ തന്ത്രപരമായ സംരംഭങ്ങള്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ബിസിനസ്-സാമൂഹിക ഈവന്റുകളുടെ ഹബ് എന്ന നിലയിലും റാസല്‍ഖൈമ ആകര്‍ഷണ കേന്ദ്രമാണ്. 23 ശതമാനം വളര്‍ച്ചയാണ് ഈ രംഗത്ത് രേഖപ്പെടുത്തിയത്. വിവാഹ ചടങ്ങ് വഴിയുള്ള വരുമാനത്തില്‍ 103 ശതമാനമായിരുന്നു വര്‍ധന. സി.എന്‍.എന്‍ ട്രാവല്‍, കോണ്ടെ ട്രാവലര്‍, ഫോബ്സ് തുടങ്ങിയ പ്രശസ്ത പ്രസിദ്ധീകരണങ്ങളില്‍ സന്ദര്‍ശനത്തിനുള്ള മികച്ച ലക്ഷ്യ സ്ഥാനങ്ങളില്‍ 2023ല്‍ റാസല്‍ഖൈമയും ഇടം പിടിച്ചിരുന്നു. റാക് അന്താരാഷ്ട്ര വിമാനത്താവളം കൂടുതല്‍ സജീവമായതും ലോക സഞ്ചാരികള്‍ക്ക് റാസല്‍ഖൈമയിലത്തെുന്നത് എളുപ്പമാക്കി. ഖത്തര്‍ എയര്‍വെയ്സ്, ഇന്‍ഡിഗോ തുടങ്ങിയ എയര്‍ലൈനുകള്‍ നേരിട്ടുള്ള ഫ്ലൈറ്റുകള്‍ അവതരിപ്പിച്ചതിലൂടെ അന്താരാഷ്ട്ര കണക്ടിവിറ്റി ഗണ്യമായി വര്‍ധിച്ചതും നേട്ടമായി. ഒമാന്‍ ടൂറിസം ഡെവലപ്പ്മെന്റ് കമ്പനിയുമായി റാസല്‍ഖൈമ സ്ഥാപിച്ച പങ്കാളിത്തം ഇരു രാജ്യങ്ങളുടെയും വിനോദ മേഖലക്ക് ഉണര്‍വേകി. 32 ലോക ടീമുകളെ പങ്കെടുപ്പിച്ച് ആതിഥേയത്വം വഹിച്ച മിനി ഫുട്ബാള്‍ ലോകകപ്പ് മല്‍സരങ്ങള്‍ വീക്ഷിക്കാനെത്തിയത് 30,000ലേറെ കാണികളാണ്. എര്‍ത്ത് ചെക്ക് ലോക സമ്മേളന സംഘാനത്തിലൂടെ സില്‍വര്‍ സര്ട്ടിഫിക്കേഷന് കൈവരിച്ച റാസല്‍ഖൈമ ഈ നേട്ടം കൈവരിക്കുന്ന മിഡില്‍ ഈസ്റ്റിലെ ഏക ലക്ഷ്യ സ്ഥാനമായി. രണ്ട് പുതിയ ലോക റെക്കോര്‍ഡുകള്‍ സ്ഥാപിച്ച് പുതുവര്‍ഷത്തെ വരവേറ്റ റാസല്‍ഖൈമ വിനോദ വ്യവസായ രംഗത്ത് ജൈത്രയാത്ര തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.