കുറുക്കനെ വരെ റാഞ്ചും രാജാപ്പരുന്ത്
text_fieldsവെറും ചുട്ടുപൊള്ളുന്ന മരുഭൂമി മാത്രമല്ല കുവൈത്ത്. ഋതുഭേദങ്ങളുടെ ആവർത്തനങ്ങളിൽ രാജ്യം പല കാലാവസ്ഥകളിലൂടെ കടന്നുപോകുന്നു. പല കാഴ്ചകൾക്കും സാക്ഷിയാകുന്നു. കുവൈത്തിലെ ശരത്കാലം അത്തരം കാഴ്ചകളുടെ വസന്തകാലമാണ്. രാജ്യത്ത് വൻതോതിൽ ദേശാടനപ്പക്ഷികൾ എത്തുന്ന സമയം. തണ്ണീർത്തടങ്ങളിലും കടലോരത്തും അവ പറന്നിറങ്ങും. ചില്ലകളിൽ കൂടുകൂട്ടും. ആകാശത്ത് ചിറകു വിരിക്കും. അങ്ങനെ കാഴ്ചകളുടെ വർണത്തൂവലുകൾ വിടർത്തി ദിവസങ്ങൾ കുവൈത്തിൽ തുടരും. ഒടുവിൽ മറ്റൊരു ദേശത്തേക്ക് പറന്നുപോകും.ഇതിനൊപ്പം കുവൈത്തിന്റെ മാത്രം പക്ഷിവർഗങ്ങളുമുണ്ട്. മരുഭൂമിയിലെ ചൂടും തണുപ്പും ഒരുപോലെ മറികടന്ന് അത്ഭുതപ്പെടുത്തുന്നവ. പല രൂപങ്ങളിൽ, കാഴ്ചകളിൽ, സ്വഭാവങ്ങളിൽ തുടരുന്നവ. മലയാളിയും പക്ഷിനിരീക്ഷകനുമായ ഇർവിൻ ജോസ് നെല്ലിക്കുന്നേൽ അവ പരിചയപ്പെടുത്തുന്നു. ‘കുവൈത്തിലെ തൂവൽ കുപ്പായക്കാർ’ എന്ന കോളത്തിലൂടെ.
കുവൈത്തിലൂടെ ദേശാടനം ചെയ്യുന്ന വലിയ ഇനം ഇരപിടിയൻ പരുന്താണ് രാജാപ്പരുന്ത്. തെക്കുകിഴക്കൻ യൂറോപ് മുതൽ മധ്യ പടിഞ്ഞാറൻ ഏഷ്യയിൽ ഉടനീളം കാണുന്ന പരുന്താണ് ഇവ. ഐ.യു.സി.എൻ റെഡ് ലിസ്റ്റ് പ്രകാരം വംശനാശ സാധ്യതയുള്ള ജീവികളുടെ പട്ടികയിൽപെട്ടതാണിത്. എണ്ണത്തിൽ കുറവാണെങ്കിലും എല്ലാ വർഷവും കുവൈത്തിൽ ഇവയുടെ സാന്നിധ്യം ഉണ്ടാകാറുണ്ട്. ദേശാടന സമയത്ത് ഇവ യൂറോപ്പിൽനിന്ന് ആഫ്രിക്കയിലേക്കും പശ്ചിമേഷ്യന് പ്രദേശങ്ങളിലേക്കും യാത്ര തിരിക്കുന്നു. അപൂർവമായി കുവൈത്തിലും ഇവ ശൈത്യകാലം ചെലവിടാറുണ്ട്. നാലര കിലോ വരെ ഭാരം വരുന്ന വമ്പൻ പരുന്താണ് രാജാപ്പരുന്ത്. ആൺപക്ഷികളെ അപേക്ഷിച്ച് പെൺ പക്ഷികൾക്ക് തൂക്കവും വലുപ്പവും കൂടുതലാണ്.
എന്നാൽ, കാഴ്ചയിൽ ഇവ രണ്ടും ഒരേ തൂവൽ കുപ്പായക്കാരാണ്. ഇവയുടെ മുഖ്യ ആഹാരം മറ്റു പക്ഷികളും ഉരഗങ്ങളും ഇടത്തരം വലുപ്പമുള്ള സസ്തനികളുമാണ്. സ്വർണപ്പരുന്ത് കഴിഞ്ഞാൽ കുറുക്കൻ അടക്കമുള്ള വലിയ സസ്തനികളെ പിടിക്കാൻ വൈദഗ്ധ്യമുള്ള ചുരുക്കം ഇരപിടിയൻ പക്ഷികളിൽ ഒന്നാണ് ഇവ. മാളങ്ങളിൽ ജീവിക്കുന്ന സസ്തനികളെ പിടിക്കാൻ കവാടത്തിൽ കാത്തുനിൽക്കുന്ന അപൂർവ സ്വഭാവമുണ്ട് ഇവക്ക്. പൊതുവെ ഏകാകികളായ രാജാപ്പരുന്ത് ഇണചേർന്നു കഴിഞ്ഞാൽ തികച്ചും ഏകപത്നി വ്രതക്കാരാണ്.
മാർച്ച് മുതൽ സെപ്റ്റംബർ വരെയാണ് പ്രജനന കാലയളവ്. പൊതുവെ വലിയ മരങ്ങളിലാണ് കൂടുകൂട്ടുന്നത്. ഇവയുടെ അഭാവത്തിൽ കിഴുക്കാന്തൂക്കായ മലഞ്ചരിവുകളിലും കൂടുകൂട്ടുന്നു. തങ്ങളെക്കാൾ വലുപ്പം കുറഞ്ഞ കായൽ പരുന്തുകളിൽനിന്നും കൂട് തട്ടിയെടുക്കുന്ന പ്രവണതയും ഇവക്കുണ്ട്. പ്രജനന കേന്ദ്രങ്ങളിലുള്ള വലിയ മരങ്ങളുടെ നശീകരണം ഇവയെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. Aquila heliaca എന്നാണ് ശാസ്ത്രീയ നാമം.
കുവൈത്തിൽ എവിടെ കാണാം
കുവൈത്തിൽ വസന്തകാലത്തും ശരത്കാലത്തും രാജാപ്പരുന്തിനെ കാണാം. മിക്കപ്പോഴും ജഹ്റ, വഫ്ര എന്നിവിടങ്ങളിലെ വിജനമായ മരുഭൂമികളിലായിരിക്കും എത്തുക. എന്നാൽ, ചുരുക്കം ചില രാജാപ്പരുന്തുകൾ കുവൈത്തിൽ ശരത്കാലത്തിന്റെ തുടക്കം മുതൽ വസന്തകാലം വരെ തങ്ങാറുണ്ട്. ഇത് മിക്കപ്പോഴും സുലൈബിയ പോലുള്ള പ്രദേശങ്ങളിലെ ഏതെങ്കിലും വലിയ ഫാമുകളിൽ ആയിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.