മലമടക്കുകളിലെ സുഖവാസ കേന്ദ്രങ്ങളുമായി 'ചെങ്കടൽ' ടൂറിസം പദ്ധതി
text_fieldsജിദ്ദ: അത്യുന്നതങ്ങളിൽ നിന്ന് കടലിെൻറയും കരയുടെയും കണ്ണഞ്ചിപ്പിക്കും കാഴ്ചകൾ ആസ്വദിക്കാനും സുഖവാസം നടത്താനും മലമടക്കുകളിൽ ആഡംബര വിസ്മയ സൗധങ്ങൾ. ചെങ്കടൽ വിനോദ സഞ്ചാര പദ്ധതി പ്രദേശത്താണ് 'ഡെസേർട്ട് റോക്ക്' എന്ന പേരിൽ പർവത മടക്കുകളിലെ സുഖവാസ കേന്ദ്രങ്ങളുടെ നിർമാണം പുരോഗമിക്കുന്നത്. റെഡ്സീ ഡവലപ്െമൻറ് കമ്പനിയാണ് ലോകത്തിലെ ഏറ്റവും വലിയ വിനോദസഞ്ചാര സംരംഭമെന്ന നിലയിൽ ഇതിനകം പേരെടുത്ത 'റെസ്സീ പദ്ധതി' പ്രദേശത്തെ പർവത മടക്കുകളിൽ അമ്പരിപ്പിക്കുന്ന മനോഹര വാസ്തുവിദ്യയിൽ സുഖവാസ സൗധങ്ങൾ ഒരുക്കുന്നത്. അത്ഭുതകരമായ വിനോദ സഞ്ചാരാനുഭവം ലഭ്യമാകും വിധം മലമടക്കുകളുടെ അഴകളവുകൾക്ക് അനുസൃതമായാണ് റിസോർട്ടുകൾ നിർമിക്കുന്നത്. ഈ വർഷം ജൂലൈയിൽ റിസോർട്ടിെൻറ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. അടുത്ത വർഷം അവസാനത്തോടെ വിനോദ സഞ്ചാരികൾക്കായി തുറന്നുകൊടുക്കാനാവും വിധമാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
പരിസ്ഥിതിയെ സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്ന വിധത്തിൽ റിസോർട്ടിെൻറ വാസ്തുവിദ്യ രൂപകൽപന ചെയ്തത് ആഗോള സ്ഥാപനമായ ഒാപ്പൺഹൈം ആക്കിടെക്ചർ ആണെന്ന് റെഡ്സി പദ്ധതി സി.ഇ.ഒ ജോൺ ബഗാനോ പറഞ്ഞു. ലോകമെമ്പാടുമുള്ള സന്ദർശകർക്ക് സൗദി അറേബ്യയിലെ പ്രകൃതിയുടെ കണ്ടെത്താത്ത സൗന്ദര്യം ആസ്വദിക്കാൻ സാധിക്കുന്നവിധത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. റിസോർട്ടിലെത്തുന്നവർക്ക് അതിമനോഹരമായ സ്ഥലത്ത് നിന്ന് കണ്ണെത്താ ദൂരത്തോളം അതിശയകരമായ പ്രകൃതിദൃശ്യങ്ങൾ ആസ്വദിക്കാൻ കഴിയും. സന്ദർശകർക്ക് അവിസ്മരണീയമായ ടൂറിസ്റ്റ് അനുഭവങ്ങൾ ലഭിക്കും.
പ്രകൃതിയെ അതേപടി നിലനിർത്തുകയും ഭാവി തലമുറക്ക് ആസ്വദിക്കാൻ കഴിയുംവിധത്തിലാണ് അതുല്യമായ രൂപകൽപനയെന്നും സി.ഇ.ഒ പറഞ്ഞു. വാസ്തുവിദ്യയും പ്രകൃതിയുമായി ഇണങ്ങുന്ന 'ഡെസർട്ട് റോക്ക്' റെഡ്സീ കമ്പനിയുടെ പദ്ധതി പരമ്പയിൽപ്പെട്ടതാണ്. പ്രകൃതദത്തമായ താഴ്വരയിലൂടെ കടന്നുപോകുന്ന വിനോദസഞ്ചാരികളെ പർവതമുകളിൽ കാത്തിരിക്കുന്നത് 48 വില്ലകളും 12 ഹോട്ടൽ സ്യൂട്ടുകളുമാണ്. സൗന്ദര്യാത്മക രൂപം നിലനിർത്താൻ പർവത നിരയുടെ ആകൃതിക്കൊത്ത വിധം വാസ്തുവിദ്യാ രൂപകൽപ്പനകളെ അനുയോജ്യമാക്കിയിരിക്കുകയാണെന്നും സി.ഇ.ഒ പറഞ്ഞു.
ഡിസൈനുകൾക്കല്ല, പ്രകൃതിയുടെ തനത് ഭംഗിക്കും ആകൃതിക്കുമാണ് ഈ നിർമാണത്തിൽ പ്രാധാന്യം. ഭൂതലം മുതൽ മലമടക്കുകളിൽ വരെ പല നിലകളിലായി ഹോട്ടൽ സ്യൂട്ടുകൾ, പാറക്കുള്ളിൽ കൊത്തിയൊരുക്കിയെടുക്കുന്ന ഹോട്ടൽ മുറികൾ തുടങ്ങിയ ആഡംബര സുഖവാസ കേന്ദ്രങ്ങളാണ് ഈ പദ്ധതിയിലുള്ളത്. റിസോർട്ടിെൻറ തനതായ രൂപകൽപ്പന ഉൗർജ ഉപഭോഗം കുറയ്ക്കുന്നതാണ്. പ്രദേശത്തെ വന്യജീവികളുടെ ആവാസ വ്യവസ്ഥക്ക് പരിക്കേൽപിക്കാത്ത നിലയിലുമാണ് നിർമാണം. മഴവെള്ളം സംഭരിക്കാനും സംരക്ഷിക്കാനും വിതരണം നടത്താനുമുള്ള സംവിധാനങ്ങൾ സ്ഥാപിക്കും. താഴ്‌വരയിലെ സസ്യജാലങ്ങളുടെ സംരക്ഷണത്തിനും ഇങ്ങനെ ശേഖരിക്കുന്ന മഴവെള്ളം ഉപയോഗപ്പെടുത്തും.
റിസോർട്ടിനെ ബന്ധിപ്പിക്കുന്ന റോഡ് ശൃംഖല പ്രധാന താഴ്വരയുടെ അരികിലൂടെ നിലവിലുള്ള ഭൂപ്രകൃതിയുടെ കാഴ്ച മറക്കാതെയും ശബ്ദമലിനീകരണം കുറച്ചുമാണ് ഒരുക്കിയിരിക്കുന്നത്. സന്ദർശകർക്ക് ചുറ്റുമുള്ള മരുഭൂമിയിലെ പ്രകൃതിദൃശ്യങ്ങളിൽ പൂർണമായും മുഴുകാനുള്ള അവസരം നൽകും. മികച്ച ഹോട്ടൽ സൗകര്യങ്ങൾ ഉൾക്കൊള്ളുന്ന പദ്ധതിയിൽ ലോകോത്തര ഫിറ്റ്നസ് സെൻറർ, ഡൈവിങ് സ്പോട്ടുകൾ, തടാകങ്ങൾ എന്നിവയുണ്ടാകും. ദീർഘദൂരം നടക്കാനും മരുഭൂവാഹനങ്ങളിൽ ഉല്ലാസയാത്ര നടത്താനും മലമുകളിൽ നിന്ന് നക്ഷത്രങ്ങളെ വീക്ഷിക്കാനും സൗകര്യങ്ങളൊരുക്കുമെന്നും സി.ഇ.ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.