Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
mount etna
cancel
Homechevron_rightTravelchevron_rightDestinationschevron_rightറൊമാൻറിക്,...

റൊമാൻറിക്, ഹിസ്​റ്റോറിക്​​ ആൻഡ് അഡ്വഞ്ചറസ് സിസിലി

text_fields
bookmark_border

ഏതൊരു സഞ്ചാരിയെയും വശീകരിക്കാനുള്ള മാസ്മ​രിക സൗന്ദര്യമുണ്ട് സിസിലിക്ക്. മെഡിറ്റേറിയൻ കടലിലെ ഏറ്റവും വലിയ ദ്വീപ്. ചരിത്രം കൊണ്ടും പാരമ്പര്യവും കൊണ്ട് സമ്പന്നമായയിടം. വൈവിധ്യമാർന്ന കലയും സംസ്​കാരവും പ്രകൃതി ഭംഗിയും കൂടിക്കലർന്ന നാട്​. അഞ്ച്​ മില്യൺ ആളുകൾ താമസിക്കുന്ന ഇറ്റലിയുടെ ഭാഗമായ സ്വയംഭരണാധികാരമുള്ള പ്രദേശം. മനോഹരമായ പർവതനിരകൾ. സുന്ദരമായ ബീച്ചുകൾ. പുകഞ്ഞുകൊണ്ടിരിക്കുന്ന മൂന്ന്​ അഗ്​നി പർവതങ്ങൾ. ചരിത്ര ശേഷിപ്പുകൾ. യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലങ്ങൾ. ശാന്ത സുന്ദരമായ ഗ്രാമപ്രദേശങ്ങൾ. കൃഷിയിടങ്ങൾ. വൈൻ യാർഡുകൾ. വ്യത്യസ്​തമായ ഭക്ഷണ വിഭവങ്ങൾ... ഇങ്ങനെ പോകുന്നു സിസിലിയുടെ പ്രത്യേകതകൾ.

അവിടത്തെ രാജാവായിരുന്ന ഫ്രെഡറിക്​ രണ്ടാമൻ വർഷങ്ങൾക്ക്​ മുമ്പ്​ പറഞ്ഞത് ഇപ്രകാരമായിരുന്നു - 'ഞാനൊരിക്കലും ദൈവത്തി​െൻറ സ്വർഗത്തോട് അസൂയപ്പെടില്ല. കാരണം ഞാൻ സിസിലിയിൽ ജീവിക്കുന്നതിൽ സംതൃപ്തനാണ്'. 10,000 വർഷങ്ങൾക്ക്​ മു​േമ്പ ഇവിടെ ജനവാസം തുടങ്ങിയിട്ടുണ്ട്. പിന്നീട് ഗ്രീക്ക്​സ്​, റോമൻസ്, ബിസൻറിനെസ്, അറബികൾ, നോർമാൻസ്, ഫ്രഞ്ച്, ജർമൻസ്, സ്​പാനിഷ്, ബ്രിട്ടീഷ് അങ്ങിനെ പലരുടെയും അധീനതയിലായിരുന്ന ഈ ദ്വീപ് 1946 മുതൽ ഇറ്റാലിയൻ റിപബ്ലിക്കി​െൻറ ഭാഗമായി. ഇത്രയും വ്യത്യസ്​ത സംസ്കാരങ്ങളിലൂടെ കടന്നുപോയതുകൊണ്ട് തന്നെ സിസിലിക്കാരുടെ സ്വാഭാവവും ഭക്ഷണരീതിയും എന്തിനേറെ, ഇറ്റാലിയൻ ഭാഷാവരെ മെയിൻ ലാൻഡിൽനിന്നും ഏറെ വ്യത്യസ്​തമാണ്​.

ഏതൊരു സഞ്ചാരിയെയും വശീകരിക്കാനുള്ള മാസ്മ​രിക സൗന്ദര്യമുണ്ട് സിസിലിക്ക്

ഇങ്ങനെയെല്ലാം ആണെങ്കിലും സിസിലി എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിലെത്തുക അവിടത്തെ കുപ്രസിദ്ധമായ മാഫിയയെ കുറിച്ചാണ്. ഇവിടെ കാര്യങ്ങൾ എല്ലാം മാഫിയയുടെ നിയന്ത്രണത്തിലാണത്രെ. അവരറിയാതെ ഒരിലപോലും സിസിലിയിൽ അനങ്ങില്ല. അത്ര ശക്തമാണവർ. മാഫിയ എന്ന​ വാക്കുപോലും ലോകത്തിന്​ പരിചയപ്പെടുത്തിയത്​ സിസിലിയാണ്​. നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്​ അവർക്ക്​. എല്ലാവിധ കുറ്റകൃത്യങ്ങൾക്കും പ്രശസ്​തമാണ്​ ഈ നാട്​. മാത്രമല്ല, ധാരാളം പേർ ഇവിടെനിന്ന്​ ലോകത്തി​െൻറ വിവിധ ഭാഗങ്ങളിലേക്ക്​ കുടിയേറുകയും അവിടെ തങ്ങളുടെ 'കുലത്തൊഴിൽ' വ്യാപിപ്പിക്കുകയും ചെയ്​തു. മാഫിയയുടെ സ്വാധീനം കാരണം സിസിലിയുടെ എല്ലാ മേഖലയിലും അഴിമതിയാണ്​. അതിനാൽ വികസനത്തി​െൻറ കാര്യത്തിലും ഏറെ പിന്നിലാണ്​. പൊതുഗതാഗത സംവിധാനമെല്ലാം യൂറോപ്പിനെ നാണിപ്പിക്കുംവിധം ഒരുപാട്​​ പഴഞ്ചൻ​. മിക്ക സഞ്ചാരികളും സ്വന്തം കാറെടുത്താണ്​ ഇവിടേക്ക്​ വരാറ്​. അല്ലെങ്കിൽ അവിടെ ചെന്ന് കാർ വാടകക്കെടുക്കും.

കോവിഡ്​ കാലത്തെ യാത്ര

ആഗസ്​റ്റാണ്​ യൂറോപ്പിലെ വേനൽ അവധിക്കാലത്തി​െൻറ തിരക്കേറിയ സമയം. എല്ലാവരും കുടുംബസമേതം എങ്ങോട്ടെങ്കിലും യാത്രപോകും. ചൂടൂകാലമായതിനാൽ ബീച്ചുകളിലും ഹിൽ സ്​റ്റേഷനുകളിലുമായിരിക്കും തിരക്ക് കൂടുതൽ. ഈ സമയത്ത് യാത്രാടിക്കറ്റും താമസചെലവും സ്വാഭാവികമായി വർധിക്കും. പക്ഷെ, ഈ വർഷം അപ്രതീക്ഷിതമായി വന്ന കൊറോണ കീഴ്‌വഴക്കങ്ങലെല്ലം മാറ്റിമറിച്ചു. പലയിടത്തും യാത്രാ വിലക്കുകൾ. അല്ലെങ്കിൽ പലരും സുരക്ഷ മുൻനിർത്തി യാത്രകൾ മാറ്റിവെച്ചു. ചൈനക്കുശേഷം കൊറോണ വളരെയധികം തകർത്തെറിഞ്ഞ നാടായിരുന്നു ഇറ്റലി. എങ്കിലും അധികാരികളുടെ സമയോചിത ഇടപെടലും ജനങ്ങളുടെ സഹകരണവും കൊണ്ട് മൂന്ന്​-നാല്​ മാസത്തെ പരിശ്രമം കൊണ്ട് പഴയ നിലയിലേക്ക് തിരിച്ചുകൊണ്ടുവരാൻ ഒരുപരിധി വരെ കഴിഞ്ഞു. യാത്രാവിലക്കുകളെല്ലാം നീക്കുകയും ചെയ്​തു.

സിസിലിയിലെ പുരാതന ആംഫി തിയറ്റർ

ലോകത്ത ഏറ്റവും കൂടുതൽ സഞ്ചാരികൾ വരുന്ന രാജ്യങ്ങളിലൊന്നാണ് ഇറ്റലി. ചരിത്ര ശേഷിപ്പുകൾ കൊണ്ടും പ്രകൃതിഭംഗി കൊണ്ടും അനുഗ്രഹീതമായ രാജ്യം. ടൂറിസം അവരുടെ വരുമാനത്തി​െൻറ ഒരു പ്രധാന ഭാഗം തന്നെയാണ്. കൊറോണ കാരണം വിദേശ ടൂറിസ്​റ്റുകളുടെ വരവ് പാടെ നിലച്ചുപോയപ്പോൾ തകർന്നുകിടക്കുന്ന ടൂറിസം മേഖലയെ ഉണർത്താനും മാനസികമായി തകർന്ന ഇറ്റാലിയൻ ജനതക്ക്​ ഒരു കൈ സഹായവുമായി സർക്കാർ എല്ലാവർക്കും 150 യൂറോ വീതവും രണ്ടോ അതിൽ കൂടുതലോ കുട്ടികളുള്ള കുടുംബത്തിന്​ 500 യൂറോ വീതവും വിനോദ സഞ്ചാര സാമ്പത്തിക സഹായവും നൽകി. രാജ്യത്ത്​ നിയമപരമായി താമസിക്കുന്ന സ്വദേശി-വിദേശി ഭേദമന്യേ എല്ലാവർക്കും ഈ തുക കിട്ടിയെന്നതാണ്​ മറ്റൊരു പ്രത്യേകത.

ഞാൻ ജോലി ചെയ്യുന്ന മിലാനിലെ ഓഫിസ്​ ആഗസ്​റ്റ്​ രണ്ടാം വാരം പൂർണമായും അടച്ചിടാറുണ്ട്. രണ്ട് ശനിയും ഞായറും കൂടി ലഭിക്കു​േമ്പാൾ ഒമ്പത്​ ദിവസത്തെ അവധി. ആഗസ്​റ്റ്​ എട്ട്​ മുതൽ 16 വരെ. ഈ സമയത്ത്​ എങ്ങോട്ട് പോകണമെന്ന കാര്യത്തിൽ ആശയക്കുഴപ്പമായിരുന്നു. കാരണം യൂറോപ്യൻ യൂനിയനിലെ മിക്ക രാജ്യങ്ങളും സഞ്ചാരികൾക്കായി തുറന്നിട്ടുണ്ടെങ്കിലും പല സ്ഥലങ്ങളും അത്ര സുരക്ഷിതമായി തോന്നിയില്ല. മാത്രമല്ല ചിലയിടങ്ങളിലെല്ലാം കൊറോണയുടെ രണ്ടാം വരവി​െൻറ സൂചനയുമുണ്ട്. ഒടുവിൽ ഇറ്റലിയുടെ തെക്ക്​ ഭാഗത്തേക്ക്​ പോകാമെന്ന് തീരുമാനിച്ചു. നാല്​ ദിവസം നാപോളി, ബാക്കി ദിവസം സിസിലി ദ്വീപ്. അതനുസരിച്ച്​ ടിക്കറ്റുകളും താമസ സ്ഥലങ്ങളും ബുക്ക് ചെയ്​തു​.

ഇറ്റലിയുടെ മെയിൻലാൻഡിൽനിന്ന്​ സിസിലിയിലേക്ക്​ കടത്തുബോട്ടിൽ പോകുന്ന ട്രെയിൻ ബോഗികൾ

കടത്തുബോട്ടിലെ ട്രെയിൻ

നാലു ദിവസത്തെ സംഭവബഹുലമായ നാപോളി സന്ദർശന ശേഷമാണ്​ സിസില​ിലേക്ക്​ യാത്ര തിരിക്കുന്നത്​. നാപോളി സെൻട്രൽ സ്​റ്റേഷനിൽ നിന്നാണ് ട്രെയിൻ. ഉച്ചയോടെ ട്രെയിൻ പുറപ്പെട്ടു. ഇറ്റലിയുടെ ഗ്രാമീണ കാഴ്​ചകൾ ജാലകത്തിലൂടെ മിന്നിമറഞ്ഞ്​ പോകുന്നു. വൈകുന്നേരമായപ്പോഴേക്കും വില്ല എസ്​. ജിയോവന്നി എന്ന സ്​റ്റേഷനിലെത്തി. ഇവിടെ ഇറ്റലിയുടെ മെയിൻ ലാൻഡ്​ അവസാനിക്കുകയായി. ഇനി കടലാണ്​. അതിനപ്പുറത്താണ്​ ഏറെനാൾ കാത്തിരുന്ന സിസിലിയെന്ന മനോഹര നാടുള്ളത്​. ട്രെയിൻ ഇനി കടൽ കടക്കുക വലിയ കടത്തുബോട്ടിലാണ്​. മലപ്പുറം ജില്ലയിലെ തിരൂരിൽ ജനിച്ചുവളർന്ന ഞാൻ സ്​ഥിരമായി കാണുന്ന ​കാഴ്​ചയായിരുന്നു പടിഞ്ഞാറെക്കരയിൽനിന്ന്​ പൊന്നാനിയിലേക്ക്​ വാഹനങ്ങൾ കൊണ്ടുപോകുന്ന ജങ്കാർ. അത്തരം ജങ്കാറുകൾ കണ്ട്​ പരിചരിച്ച എനിക്കിത്​ ഒരു അദ്​ഭുതം തന്നെയായിരുന്നു. ട്രെയിൻ കടത്തുബോട്ടിൽ കയറ്റി കൊണ്ടുപോകുന്ന ലോകത്തിലെ ചുരുക്കം സ്ഥലങ്ങളിലൊന്നാണിത്​.

ഇൻറർസിറ്റി എന്ന പേരിലെ ട്രെയിനാണ്​ സിസിലിയിലേക്കുള്ളത്​. റോമിൽ നിന്നാണ് ഇതി​െൻറ യാത്ര തുടങ്ങുക. പകൽ രണ്ട്​ ട്രെയിനും രാത്രി ഒന്നും വർഷം മുഴുവനും ഈ റൂട്ടിൽ ഓടുന്നു. രാത്രി വണ്ടിയെ 'ഇൻറർസിറ്റി നോ​ട്ടെ'എന്നു വിളിക്കും. ഇതിൽ സാധാരണ സീറ്റുകളില്ല. എല്ലാം സ്ലീപ്പർ കോച്ചുകളായിരിക്കും. കടൽ കടന്ന് സിസിലിയിൽ എത്തിയാൽ ഈ ട്രെയിൻ രണ്ടായി മാറി വ്യത്യസ്​ത ദിശയിലേക്ക് പോകും. ഒന്ന് പലെർമോയിലോട്ടും മറ്റൊന്ന് കതാനിയയിലൂടെ സിരാകൂസയിലേക്കും. മുൻകൂട്ടി ബുക്ക് ചെയ്യുകയാണങ്കിൽ സെക്കൻഡ്​ ക്ലാസിൽ 20 യൂറോക്ക്​ മുതൽ ടിക്കറ്റ് ലഭിക്കും. ട്രെനിറ്റാലിയയുടെ വെബ്‌സൈറ്റിൽ നിന്നാണ് ടിക്കറ്റെടുത്തത്.

മറുകര എത്തുന്നത് വരെ യാത്രക്കാർക്ക്​ ഫെറിയുടെ ഡെക്കിൽ പോയി കടൽ കാഴ്ചകൾ ആസ്വദിക്കാം

ഇറ്റലിയുടെ തെക്ക്​ ഭാഗത്ത്​ മെയിൻ ലാൻഡിനും സിസിലി ദ്വീപിനും ഇടക്ക് ഒരു ചെറിയ കടലിടുക്കുണ്ട്. മെസീന എന്നാണ്​ പേര്​. ടൈറേനിയൻ കടലിനെയും അയോണിയൻ കടലിനെയും കൂട്ടിച്ചേർക്കുന്ന ഒരു ചാലുപോലെയുള്ള സ്ഥലം. ഇതിലൂടെയാണ് കടത്തുബോട്ട്​ പോവുക. മെയിൻലാൻഡിലെ വില്ല എസ്. ജിയോവന്നി എന്ന സ്​റ്റേഷനിൽവെച്ച്​ ട്രെയിൻ നാല്​ ബോഗികളുടെ കഷ്​ണമാക്കി മാറ്റി ബോട്ടിൽ കയറ്റി. ഇതിനകത്തും റെയിൽവേ ട്രാക്കുണ്ട്​. കരയിലെയെും ബോട്ടിലെയും റെയിലുകൾ തമ്മിൽ ബന്ധിപ്പിച്ചശേഷം ട്രെയിൻ ഓടിച്ചുതന്നെയാണ് കയറ്റുന്നത്. ഏകദേശം 6.5 കിലോമീറ്റർ ദൂരമുള്ള ബോട്ട്​ യാത്ര അരമണിക്കൂർ ദൈർഘ്യമുള്ളൂവെങ്കിലും ട്രെയിൻ കയറ്റലും ഇറക്കലും കൂടി ചേർത്ത്​ സിസിലിയിലെ ആദ്യ സ്​റ്റേഷനായ മെസീന സെൻററിലെത്താൻ ഒന്നര മണിക്കൂറെടുക്കും.

ട്രെയിൻ കടത്തുബോട്ടിൽ കയറ്റികഴിഞ്ഞാൽ മറുകര എത്തുന്നത് വരെ യാത്രക്കാർക്ക്​ ഫെറിയുടെ ഡെക്കിൽ പോയി കടൽ കാഴ്ചകൾ ആസ്വദിക്കാം. രണ്ട് കര ഭാഗത്തെയും കാഴ്ചകൾ അതിമനോഹരമാണ്. സിസിലിയെ മൈൻലാൻഡുമായി ബന്ധിപ്പിക്കാൻ കടൽമാർഗം തൂക്കു പാലത്തി​െൻറ നിർമാണം 2009ൽ തുടങ്ങിയെങ്കിലും സാമ്പത്തിക പ്രതിസന്ധിമൂലം ഇറ്റാലിയൻ സർക്കാർ 2013ൽ ഈ പദ്ധതി തൽക്കാലം മരവിപ്പിച്ചു. റെയിൽ മാർഗം കൂടാതെ വിമാനം, ഫെറി/ബോട്ട് വഴിയെല്ലാം സിസിലിയിലെത്താൻ കഴിയും.

മെസീന കടലിടുക്കിലെ മനോഹര കാഴ്​ചകൾ

കൊറോണയുടെ പശ്ചാത്തലത്തിൽ സഞ്ചാരികളെ സഹായിക്കാനും ആവശ്യഘട്ടത്തിൽ വേണ്ട വൈദ്യസഹായം നൽകാനുമായി സിസിലിയൻ ഭരണകൂടം 'സിസിലിയ സിക്യുറ' എന്ന പേരിൽ പദ്ധതി രൂപീകരിച്ചിട്ടുണ്ട്. നമ്മൾ അങ്ങോട്ട് പോകുന്നതിന് മു​േമ്പ അതിൽ രജിസ്​റ്റർ ചെയ്യണം. അവിടെ എത്തിയപാടെ ചെക്ക്ഇന്നും ചെയ്യണം. നമ്മുടെ ആരോഗ്യ സ്ഥിതികളെല്ലാം അപ്പപ്പോൾ അതിൽ പുതുക്കാൻ കഴിയും.

കതാനിയയി​ൽ

ഞാൻ ആദ്യം പോകുന്നത് സിസിലിയിലെ രണ്ടാമത്തെ വലിയ നഗരമായ കതാനിയയിലേക്കാണ്. നാപോളിയിൽനിന്നും എട്ട്​ മണിക്കൂർ ദൈർഘ്യമുള്ള ട്രെയിൻ യാത്രകഴിഞ്ഞ്‌ കതാനിയ എത്തു​േമ്പാൾ സമയം രാത്രി പത്തായി​. ബുക്ക് ചെയ്​ത ഹോസ്​റ്റലിലേക്ക് 15 മിനിറ്റ്​ നടക്കാനുണ്ട്. Booking.com ഉപയോഗിച്ചാണ് താമസം ബുക്ക് ചെയ്​തിരുന്നത്​. 15 യൂറോ മുതൽ തരക്കേടില്ലാത്ത ഹോസ്​റ്റലുകൾ ലഭിക്കും. രാത്രി സ്​റ്റേഷനിൽനിന്നും ഹോസ്​റ്റലിലേക്കുള്ള നടത്തം സുരക്ഷിതമോണോ എന്ന് മു​േമ്പ അവരോട് ചോദിച്ചിരുന്നു. കാരണം യൂറോപ്പിലെ പല നഗരങ്ങളും രാത്രി ഒറ്റക്കുള്ള യാത്ര അത്ര സുരക്ഷിതമല്ലെന്നറിയാം. പ്രത്യേകിച്ച്​ മാഫിയകളുടെ നാടായ സിസിലിയിൽ. റെയിൽവേ സ്​റ്റേഷനിൽ നിന്നിറങ്ങി റൂമിലേക്ക് നടക്കുമ്പോൾ ഉപഭോക്​താക്കളെയും കാത്ത്​ ലൈംഗിക തൊഴിലാളികൾ അണിഞ്ഞൊരുങ്ങി നിൽക്കുന്നത് കാണാം. റൂമിൽ എത്തിയപാടെ കുളിച്ചു ഫ്രഷായി കിടക്കയിലേക്ക്​ ചാഞ്ഞു. കാരണം രാവിലെ നേരത്തെ എഴുന്നേറ്റ് കാഴ്​ചകൾ തേടി പോകാനുള്ളതാണ്​. നാലുപേരുള്ള റൂമാണ് ബുക്ക് ചെയ്​തിരുന്നത്. പക്ഷെ, അവിടെ ആരും ഉണ്ടായിരുന്നില്ല. എല്ലാവരും രാത്രിജീവിതം ആസ്വദിക്കാൻ പോയതായിരിക്കാം.

കതാനിയ നഗരകാഴ്​ച

രാവിലെ ആറിന്​ എഴുന്നേൽക്കു​േമ്പാൾ ചുറ്റുമുള്ള കട്ടിലിലെല്ലാം ആളുകൾ ഉറങ്ങുന്നുണ്ട്​. അവർക്ക്​ ശല്യമാകാത്ത രീതിയിൽ പ്രാഥമിക കർമങ്ങളെല്ലാം നിർവഹിച്ചു. ബാഗും തോളിലിട്ട്​ നേരെ ബസ് സ്​റ്റേഷനിലേക്ക് വിട്ടു. ​െറയിൽവേ സ്​റ്റേഷന്​ മുമ്പിൽ തന്നെയാണ് ബസ് സ്​റ്റേഷൻ. മൗണ്ട് എത്​ന എന്ന അഗ്നിപർവതം കാണാൻ പോകുന്ന ബസ് പിടിക്കണം. ആകെ ഒരറ്റ ബസ് മാത്രമേയുള്ളൂ അങ്ങോട്ട്. അതും ഒരൊറ്റ ട്രിപ്പ്. രാവിലെ 8.15ന്​ പോകും. രണ്ട് മണിക്കൂർ എടുക്കും അവിടെ എത്താൻ. വൈകുന്നേരം 4.30നാണ്​​ തിരിച്ചുള്ള യാത്ര. ടൂറിസ്​റ്റ്​ സീസൺ സമയത്തെല്ലാം ഇതിൽ സീറ്റ് കിട്ടാൻ ബുദ്ധിമുട്ടാണ്​. അതുകൊണ്ടാണ് അതിരാവിലെ തന്നെ ഇറങ്ങിയത്.

പുകതുപ്പും പർവതം

ടിക്കറ്റ്​ കരസ്​ഥമാക്കിയ ശേഷം അടുത്തുള്ള കോഫി ഷോപ്പിൽ കയറി. കഫെ മക്കിയാതൊ (പാലുള്ള കോഫി) ആണ് ഞാൻ ചോദിച്ചതെങ്കിലും അവർ തന്നത് നല്ല അസ്സൽ ഇറ്റാലിയൻ കോഫി. ഇതിൽ പാലുണ്ടാകില്ല. കുറച്ച്​ മാത്രമേ ഉള്ളൂവെങ്കിലും നല്ല സ്ട്രോങ്​ ആണ്. ഓഫിസിൽ ഉറക്കം തൂങ്ങു​േമ്പാഴെല്ലാം ഇതാണ് കുടിക്കാറ്​. കടക്കാരൻ അതി​െൻറ മഹത്വത്തെ കുറിച്ച് തനത്​ ഭാഷയിൽ എന്തെല്ലാമോ വിശദീകരിച്ചു തന്നു. ​ഗ്രാസ്​​യെ ചാവോ (നന്ദി) എന്ന്​ പറഞ്ഞു ഞാൻ തടിതപ്പി. വീണ്ടും ബസിനായി കാത്തുനിന്നു. ആളുകൾ വന്നുതുടങ്ങിയതേയുള്ളൂ. എട്ട്​ മണിക്ക്​ തന്നെ ബസുമെത്തി. അപ്പോഴേക്കും വലിയൊരു നിരതന്നെ ഉണ്ടായിരുന്നു അതിൽ കയറാൻ. ഓരോരുത്തരെയും ടിക്കറ്റെല്ലാം നോക്കി കയറ്റി. ഞാൻ ആദ്യം കയറി മുമ്പിൽ തന്നെ ഒരു വിൻഡോ സീറ്റും പിടിച്ചിരുന്നു. എ​െൻറ അടുത്തിരുന്നത് അർജൻറീനക്കാരനാണ്​. അർജൻറീന ഫുട്​ബാൾ ലീഗിലെ എതിരാളികളായ ബൊക്ക ജൂനിയേഴ്സും റിവർ​േപ്ലറ്റും തമ്മിലെ മത്സരത്തെക്കുറിച്ചും അത് നേരിട്ട് കാണാനുള്ള എ​െൻറ സ്വപ്​നത്തെക്കുറിച്ചും യാത്രക്കിടെ ഞങ്ങൾ പങ്കുവെച്ചു. ഒരു മണിക്കൂർ യാത്ര കഴിഞ്ഞാപ്പോൾ ബസ് ചെറിയ കവലയിൽ കാപ്പികുടിക്കാൻ നിർത്തി.

റിഫുജിയോ സപിയാൻസയിലെ കച്ചവട കേന്ദ്രങ്ങൾ

കാപ്പികുടിയും കഴിഞ്ഞ്‌ യാത്ര തുടർന്നതോടെ കാഴ്​ചകൾ മാറാൻ തുടങ്ങി. നഗരപ്രദേശമെല്ലാം പിന്നിട്ട്‌ നിറയെ വളവുകളുള്ള റോഡിലൂടെ ബസ്​ മെല്ലെ മലകയറാൻ തുടങ്ങി. ചുറ്റും മനോഹരമായ കാഴ്​ചകൾ​. പ്രകൃതിയുടെ സാന്ദര്യം ആവോളം ആസ്വദിച്ച് മുന്നോട്ടുനീങ്ങി. ചുറ്റും വൈൻ യാർഡുകളാണ്. എത്​നയിൽനിന്നുള്ള വൈൻ പ്രസിദ്ധമാണ്. വീണ്ടും മുന്നോട്ടുപോയപ്പോൾ പ്രകൃതിയുടെ വികൃതി കാഴ്​ചകളാണ് വിരുന്നെത്തിയത്​. ചുറ്റുപാടും ലാവ ഒലിച്ചിറങ്ങി ഉണങ്ങിയിരിക്കുന്നു. ലാവയിൽ മൂടിപ്പോയ പഴയ താമസ സ്ഥലങ്ങളൊക്കെ കാണാം. ബസ് യാത്ര അവസാനിക്കുന്നത് റിഫുജിയോ സപിയാൻസ എന്ന 1900 മീറ്റർ ഉയരത്തിലുള്ള സ്ഥലത്താണ്. റെസ്​റ്റോറൻറുകളും സുവനീർ കടകളും സ്വകാര്യ ടൂറിസ്​റ്റ്​ ഓഫിസുകളുമുള്ള ഒരിടം. അവിടെനിന്ന്​ നോക്കിയാൽ തലമുകളിൽ പുക തുപ്പുന്ന എത്​​ന പർവതം കാണാം. ഇനി മുകളിലെത്താൻ കേബിൾ കാറിൽ കയറണം.

യൂറോപ്പിലെ ഏറ്റവും വലിയ സജീവമായ അഗ്​നിപർവതമാണ്​ എത്​​ന. പുള്ളി തുടർച്ചയായി പുകയോ ലാവയോ പുറത്തുവിട്ടുകൊണ്ടിരിക്കും. 1,190 ചതുരശ്ര കിലോമീറ്റർ വിസ്​തൃതിയിൽ വ്യാപിച്ചുകിടക്കുന്ന പർവതത്തി​െൻറ ഇപ്പോഴത്തെ ഉയരം 3,326 മീറ്ററാണ്. ഇതിന്​ ചെറിയ വലിപ്പമുള്ള ലാവാദ്വാരങ്ങൾ മുതൽ വിശാലമായ അഗ്​നിപർവത മുഖങ്ങൾ വരെയുള്ള മുന്നൂറിലധികം വിസ്​ഫോടന കേന്ദ്രങ്ങളുണ്ട്​. എന്നുമാത്രമല്ല, ഒരുപാട്​ പേരെ എത്​ന കാലാപുരിയിലേക്ക്​ അയച്ചിട്ടുമുണ്ട്. ഗ്രീക്ക് പുരാണങ്ങൾ പ്രകാരം കൊലയാളി രാക്ഷസനായ ടൈഫോണിനെ ആകാശത്തി​െൻറ ദേവനായ 'സ്യൂസ്'കുടുക്കിയിട്ടിരിക്കുന്നത് ഈ മലയുടെ അടിയിലാണെന്നാണ്​ വിശ്വാസം.

മലമുകളിലേക്കുള്ള കേബിൾ കാർ

കേബിൾ കാറിൽ മലമുകളിലേക്ക്​

ബസിറങ്ങി കേബിൾ കാർ ലക്ഷ്യമാക്കി നടന്നു. കുറച്ചുനേരം വരിനിന്ന്​ ടിക്കറ്റെടുത്തു. 30 യൂറോയാണ് പോയി വരാനുള്ള നിരക്ക്. ട്രെക്കിങ്​ ബൂട്ടും ജാക്കെറ്റുമെല്ലാം ഇവിടെ വാടകക്ക്​ ലഭിക്കും. അഞ്ച്​ യൂറോയാണ് വാടക. ഷൂ ചീത്തയാക്കണ്ട എന്നുകരുതി ബൂട്ട് വാടകക്കെടുത്തു. ആറ്​ പേർക്കിരിക്കാവുന്ന കേബിൾ കാറിൽ കൂടെയുള്ളത്​ ജർമൻ കുടുംബമാണ്​. കൂട്ടത്തിലുള്ള സ്​ത്രീ കുട്ടികൾക്കു മുകളിൽ എത്തുന്നത് വരെ ജർമനിൽ എ​ന്തൊക്കെയോ വിവരിച്ചുകൊടുക്കുന്നു​. ഏകദേശം 2,500 മീറ്റർ ഉയരത്തിലാണ് കേബിൾ കാർ യാത്ര അവസാനിക്കുക. മു​െമ്പാരു അഗ്​നിപർവത വിസ്​ഫോടനത്തിൽ തകർന്ന കേബിൾ കാർ വീണ്ടും നന്നാക്കിയതാണ്.

ചുറ്റും ലാവ ഉറച്ചുപോയ കറുത്ത നിറത്തിലെ മണ്ണാണ്​. നല്ല ചൂടുമുണ്ട്​. ഇനിയും മുകളിലേക്ക്​ പോ​േകണ്ടതുണ്ട്​. അതിനായി ഫോർവീൽ ഡ്രൈവ്​ ബസ് പിടിക്കണം. മുകളിൽ നടന്നുകാണാനുള്ള ഗൈഡി​െൻറ പൈസയും ചേർത്ത്‌ പോയിവരാനുള്ള ബസ് ടിക്കറ്റ് 36 യൂറോയാണ്. ടിക്കറ്റ് എടുത്ത് ബസിൽ കയറി. 20 പേർക്കിരിക്കാവുന്ന ബസ്​​. ഓഫ്‌ റോഡ് യാത്രയാണ്. ലാവ ഉണങ്ങിയുണ്ടായ കറുത്ത ചരൽ നിറഞ്ഞ വഴിയിലൂടെ വളഞ്ഞും പുളഞ്ഞും ബസ് മുന്നോട്ട് നീങ്ങി. 2,900 മീറ്റർ ഉയരത്തിലാണ്​ ബസ്​ കൊണ്ടെത്തിച്ചത്​. മുകളിലെത്തിയപ്പോൾ മരംകോച്ചുന്ന തണുപ്പും കാറ്റും. കതാനിയയിൽ നല്ല ചൂടായിരുന്നു. അതിനാൽ തന്നെ കട്ടിയില്ലാത്ത കോട്ടൺ ടീഷർട്ടാണ്​ ധരിച്ചിട്ടുള്ളത്​. തണുത്ത്​ വിറക്കാൻ തുടങ്ങി.

ഫോർവീൽ ഡ്രൈവ്​ ബസിൽ കയറുന്ന യാത്രക്കാർ

ഇനി മുകളിലേക്ക് ഗൈഡി​െൻറ കൂടെ നടന്നുപോകണം. ഗൈഡ് എല്ലാവരെയും വട്ടത്തിൽ നിർത്തി അവിടത്തെ ചരിത്രം വിവരിച്ചുതന്നു. ഇറ്റലിയിലും ഇഗ്ലീഷിലും വിവരിക്കുന്നുണ്ട്. അധികവും ഇറ്റലിക്കാർ തന്നെ​. കൊറോണ കാരണം വിദേശികൾ കുറവാണ്. അയാളുടെ ചരിത്രപഠനം കഴിഞ്ഞതോടെ മുകളിലേക്ക് നടത്തം തുടങ്ങി.

ചുറ്റും വലിയ കൽക്കരി കട്ട പോലത്തെ ലാവ ഉറച്ച പാറകളും അത് പൊടിഞ്ഞുണ്ടായ മണ്ണും. വോൾക്കാനോയുടെ ഏറ്റവും മുകളിൽനിന്ന്​ പുക ചീറ്റിക്കൊണ്ടിരിക്കുന്നു. പിന്നെ ഒടുക്കത്തെ തണുത്ത കാറ്റും കറുത്ത പൊടിയും. മൊത്തത്തിലൊരു ഡാർക്ക്​ സീൻ​.

അഗ്​നിപർവതം പൊട്ടിത്തെറിച്ചത്​ മൂലമുണ്ടായ വലിയ കുഴികളാണ്​ എവിടെയും

നടന്ന് ഒരു വലിയ അഗ്​നിപർവത മുഖത്തിന്​ അടുത്തെത്തി. മലക്ക്​ നടുവിലായി വലിയ ഗർത്തം. അതി​െൻറ അരികിലൂടെ നടന്നുകാണാം. ഗൈഡ് കാലുകൊണ്ട് മണ്ണുനീക്കി ചെറിയ കുഴിയുണ്ടാക്കി.

അവിടെ തൊട്ടുനോക്കാൻ പറഞ്ഞു. നല്ല ചൂടുള്ള മണ്ണ്. നടുവിൽ മുമ്പ്​ പൊട്ടിത്തെറിച്ചത്​ മൂലമുണ്ടായ വലിയ കുഴികളുള്ള കുറെ മലകൾ. ഏറ്റവും മുകളിലത്തെ ഗർത്തത്തിൽനിന്നും ശക്തിയായി പുക വമിച്ചുകൊണ്ടേയിരിക്കുന്നു. ചുറ്റും നോക്കിയാൽ നമ്മുടെ വിഷുവിന് പടക്കം കത്തിക്കഴിഞ്ഞശേഷമുള്ള അവസ്​ഥ.

ഗൈഡ്​ സഞ്ചാരികൾക്ക്​ നിർദേശങ്ങൾ നൽകുന്നു

ഭയപ്പെടുത്തുന്ന ചുറ്റുപാടാണെങ്കിലും വളരെ സുരക്ഷിതമാണ് എന്നാണ് ഗൈഡ് പറഞ്ഞത്. മാത്രമല്ല വോൾക്കാനോയുടെ പ്രവർത്തനങ്ങൾ ശ്രദ്ധയോടെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് അധികൃതർ. എന്നാലും അൽപ്പം സാഹസികത തന്നെയാണ്​ ഇങ്ങോട്ടുള്ള യാത്ര. നല്ല മനക്കെട്ടി വേണം. മുമ്പ്​ പെ​ട്ടെന്നുണ്ടായ വിസ്​ഫോടനത്തിൽ രണ്ട്​ സഞ്ചാരികൾ മരിച്ചിട്ടുണ്ട്.

പലയിടത്തും നടവഴികൾക്ക്​ വളരെ വീതികുറവാണ്​. കാലുതെറ്റിയാൽ തീകൂമ്പാരത്തിൽ എരിഞ്ഞൊടുങ്ങാനാകും വിധി. ഒരുപാടു നടന്നുകാണാനുണ്ട്. കുറെയെല്ലാം നടന്നുകണ്ടു. ചെവിയിൽ തണുത്ത കാറ്റടിച്ച്​ കയറുന്നു. ക്ഷീണം വന്നു തുടങ്ങിയപ്പോൾ മെല്ലെ തിരിച്ചിറങ്ങി.

പുക തുപ്പുന്ന എത്​ന പർവതം

പോയ വഴിയേ തിരിച്ച്​ ബസും പിന്നെ കേബിൾ കാറും. ചിലരെല്ലാം ഇവ രണ്ടും ഒഴിവാക്കി നടന്നിറങ്ങുന്നു. ചില വിദ്വാൻമാരുടെ യാത്ര സൈക്കിളിലാണ്​. നല്ലൊരു അനുഭവമായിരിക്കുമതെല്ലാം. ഞാൻ മിക്കപ്പോഴും ഇതുപോലെയുള്ള ട്രെക്കിങ്ങ് അവസരങ്ങൾ ഉപയോഗപ്പെടുത്താറുണ്ടെങ്കിലും ക്ഷീണമുണ്ടായതുകൊണ്ട് ഇത്തവണ വേണ്ടെന്നുവെച്ചു.

ലാവയിലുറച്ച ജീവിതങ്ങൾ

റിഫുജിയോ സപിയാൻസയിൽ തിരിച്ചെത്തിയപ്പോൾ ബസ് എടുക്കാൻ സമയമായിട്ടില്ല. പാതയോരത്തെ ഒരു മതിലിൽ ചെന്നിരുന്നു. കണ്ണെത്താ ദൂരത്തോളം മലനിരകളാണ്. അതിലൂടെയെല്ലാം ലാവ ഒലിച്ചിറങ്ങിയ കാഴ്​ച. നിസ്സഹായരായ ഒരുപാട് പേരുടെ സ്വപ്​നങ്ങൾ ഈ ലാവയിൽ മൂടപ്പെട്ടിട്ടുണ്ടാകും. 4.30നുള്ള ബസ്​ പിടിച്ചു കതാനിയയിലെത്തി.

ലാവയിൽ മൂടപ്പെട്ട വീട്​

ഒടുക്കത്തെ ക്ഷീണം. റൂമിൽ പോയി കുളിച്ചതോടെയാണ്​ ആശ്വാസമായത്. ഹോസ്​റ്റൽ സ്​റ്റാഫുമായി കുറച്ചുനേരം സംസാരിച്ചു. അവിടത്തെ ടൂറിസ്​റ്റ്​ കേന്ദ്രങ്ങളെക്കുറിച്ചും നാളെ എനിക്ക് പോകാനുള്ള ബസ് റൂട്ടിനെ കുറിച്ചുമെല്ലാം വിശദമായവർ പറഞ്ഞുതന്നു. വളരെ സൗഹാർദപരമായ പെരുമാറ്റം.

എന്ത് സഹായം ചെയ്യാനും അവർക്ക്‌ സന്തോഷമേയുള്ളൂ. രാത്രി ഭക്ഷണം കഴിക്കാനും നഗര കാഴ്​ചകൾ കാണാനുമായിറങ്ങി. അടിപൊളി സീഫുഡ്​ കിട്ടുന്ന സ്ഥലമാണ് സിസിലി. പഴയ ആംഫി തിയറ്ററുകളും കത്തീഡ്രലുകളുമെല്ലാം ധാരാളമുണ്ടിവിടെ. ഒരു കവലയിൽ റോഡി​െൻറ നടുവിലായി പുരാതന ആംഫി തിയറ്ററി​െൻറ ശേഷിപ്പുകൾ വേലികെട്ടി സംരക്ഷിച്ചുവെച്ചിട്ടുണ്ട്. എത്ര കലാസൃഷ്​ടികൾക്ക്​ വേദിയായ മണ്ണാകുമത്​.

അടിപൊളി സീഫുഡ്​ കിട്ടുന്ന സ്ഥലമാണ് സിസിലി

കഴിഞ്ഞ നാല്​ ദിവസം പിസ്സയുടെ ജന്മനാടായ നാപോളിയിലായിരുന്നല്ലോ. അന്നെല്ലാം വ്യത്യസ്​ത രീതിയിലെ പിസ്സകൾ നടന്ന്​ അകത്താക്കുകയായിരുന്നു. ഇനി വേറെ വല്ലതും പരീക്ഷിക്കാമെന്നുറച്ചു. സീഫുഡ്​ തന്നെ ഓർഡർ ചെയ്​തു. തികച്ചും വ്യത്യസ്​തവും രുചികരുവുമായ ഭക്ഷണമാണ്​ തീൻമേശയിൽ നിറഞ്ഞത്​.

അവ ആസ്വദിച്ച്​ കഴിച്ചപ്പോഴേക്കും നഗരത്തിൽ ഇരുട്ടുവീണിരുന്നു. നാളെ തോർമിന എന്ന തീര നഗരത്തിലേക്കാണ്​ യാത്ര. അതിന്​ മുമ്പ്​ നന്നായൊന്ന്​ ഉറങ്ങണം. നിയോൺ ബൾബുകൾ പ്രകാശംപരത്തുന്ന വഴികളിലൂടെ ഹോസ്​റ്റൽ ലക്ഷ്യമാക്കി വേഗത്തിൽ നടന്നു.

(തുടരും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:italytravelsicily
Next Story