സാബിത്തിന്റെ ലോകസഞ്ചാരം
text_fields‘നിങ്ങൾ ഭൂമിയിലൂടെ യാത്ര പോകുക, അല്ലാഹുവിന്റെ സൃഷ്ടിപ്പുകൾ എങ്ങിനെയാണെന്ന് കണ്ട് മനസിലാക്കുക’... ഈ ഖുർആൻ വചനം മുറുകെപ്പിടിച്ച് സൈക്കിളിൽ യാത്ര തുടരുകയാണ് മംഗലാപുരം സ്വദേശി ഹാഫിസ് സാബിത്ത്. 21ാം വയസിൽ വെറുമൊരു ആവേശത്തിന് സൈക്കിളുമെടുത്തിറങ്ങിയതല്ല ഈ ചെറുപ്പക്കാരൻ, കൃത്യമായ ലക്ഷ്യമുണ്ട്.
മദീനയിലെത്തണം, ഈജിപ്തിലെത്തി പ്രശസ്തമായ അൽ അസ്ഹർ യൂനിവേഴ്സിറ്റിയിൽ പഠനത്തിന് ചേരണം. ഈ ലക്ഷ്യത്തിലേക്ക് സൈക്കിൾ ചവിട്ടുകയാണ് ഖുർആൻ മനപാഠമാക്കിയ ഹാഫിസ് സാബിത്ത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളും ഒമാനും താണ്ടി ദുബൈയിലെത്തി നിൽക്കുന്നു സാബിത്തിന്റെ യാത്ര.
മുൻപ് കേരളം മുഴുവൻ ചുറ്റിക്കറങ്ങിയതിന്റെ ആത്മവിശ്വാസത്തിലാണ് സാബിത്ത് ലോകം ചുറ്റാനിറങ്ങിയത്. കഴിഞ്ഞ വർഷം ഒക്ടോബർ 20നായിരുന്നു യാത്ര തുടങ്ങിയത്. രണ്ട് ഭൂഖണ്ഡങ്ങളിലായി 11 രാജ്യങ്ങൾ താണ്ടുകയാണ് ലക്ഷ്യം. 200 ദിവസം കൊണ്ട് 15,000 കിലോമീറ്റർ യാത്രചെയ്യണം.
പൂർണമായും സൈക്കിളിൽ യാത്ര ചെയ്യണമെന്നായിരുന്നു ആഗ്രഹം. എന്നാൽ, കേരളം, കർണാടക, മഹാരാഷ്ട്ര, ഗോവ എന്നിവ പിന്നിട്ടപ്പോഴാണ് പാകിസ്താൻ വിസ ലഭിക്കാനുള്ള ബുദ്ധിമുട്ടുകൾ മനസിലാക്കുന്നത്. ഇതോടെ മുംബൈയിൽ നിന്ന് വിമാന മാർഗം ഒമാനിലെത്തി. അവിടെ നിന്നാണ് സൈക്കിളിൽ ദുബൈയിലെത്തിയത്. ഇനി സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ, കുവൈത്ത്, ജോർദാൻ, ഇസ്രായേൽ, പലസ്തീൻ വഴി ഈജിപ്തിൽ എത്തണം.
മക്കയിലെത്തി ഉംറ നിർവഹിച്ച് മദീനയിലെത്തി പ്രവാചകൻ മുഹമ്മദ് നബിയുടെ ഖബറിടം സന്ദർശിക്കണമെന്നതാണ് ആദ്യത്തെ ആഗ്രഹം. അതുകൊണ്ട് തന്നെ ഈ യാത്രക്ക് പേരിട്ടിരിക്കുന്നത് ‘ഹബീബിന്റെ ചാരത്തേക്ക്’ എന്നാണ്. ഇതിന് ശേഷമായിരിക്കും അടുത്ത ലക്ഷ്യം മുൻനിർത്തിയുള്ള ഈജിപ്ഷ്യൻ യാത്ര. അതിനാൽ തന്നെ ഇതൊരു പഠന യാത്രയും ഒപ്പം ആത്മീയ സഞ്ചാരവുമാണ്.
ഇതോടൊപ്പം വിവിധ നാടുകളുടെ സംസ്കാരം അടുത്തറിയാനും വൈവിധ്യങ്ങൾ ആസ്വദിക്കാനും ലക്ഷ്യമിടുന്നു. ദിവസവും 70 മുതൽ 100 വരെ കിലോമീറ്റർ സൈക്കിൾ ചവിട്ടും. 6-8 മണിക്കൂർ യാത്രയുണ്ടാവും. ആകെ 15,000 കിലോമീറ്റർ യാത്രയുണ്ടാവും.
ഈജിപ്തിലെ പ്രശസ്തമായ അൽ അസ്ഹർ യൂനിവേഴ്സിറ്റിയിൽ ഒരുവർഷ കോഴ്സിനാണ് അഡ്മിഷൻ ലഭിച്ചിരിക്കുന്നത്. സ്വന്തം അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടാണ് യാത്ര. ആരുടെയും സ്പോൺസർഷിപ്പില്ല. 10 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ ഒന്നര ലക്ഷം രൂപയും സൈക്കിളിനായാണ് ചെലവാക്കിയത്. Sabi inspires എന്ന സാമൂഹിക മാധ്യമ പേജിലൂടെ സാബിത്തിന്റെ യാത്രാവിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.