സഞ്ചാരികളേ, സുന്ദരമാണ് സലാല
text_fieldsമസ്കത്ത്: ഈ വർഷം സഞ്ചരിക്കേണ്ട വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് സലാലയും. ന്യൂയോർക് ടൈംസ് തയാറാക്കിയ 52 വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയിലാണ് ഗൾഫിലെ കേരളം എന്നറിയപ്പെടുന്ന സലാല ഇടംപിടിച്ചിരിക്കുന്നത്. അറബ് ലോകത്തുനിന്ന് പട്ടികയിൽ ഇടംനേടിയ മറ്റൊരു സ്ഥലം അൽജീരിയയിലെ തസിലി എൻ അജറാണ്.
ഇന്ത്യയിലെ കേരളം, ന്യൂസിലൻഡിലെ ഓക്ക്ലൻഡ്, ജപ്പാനിലെ മോറിയോക്ക എന്നിവയാണ് പട്ടികയിൽ വരുന്ന മറ്റു ചില പ്രദേശങ്ങൾ. പ്രകൃതിക്കും മനസ്സിനും കുളിര് പകർന്നെത്തുന്ന ഖരീഫ് കാലത്തെയും ഇതോടെ പച്ചപ്പണിയുന്ന സലാലയെക്കുറിച്ചുമെല്ലാം ന്യൂയോർക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്. ജൂൺ 21 മുതൽ സെപ്റ്റംബർ 21 വരെ നീളുന്ന ഖരീഫ് മഴക്കാലം ആസ്വദിക്കാൻ നിരവധി സഞ്ചാരികളാണ് ദോഫാറിലെ സലാലയിൽ എത്താറുള്ളത്.
സുൽത്താനേറ്റിന്റെ മറ്റു ഭാഗങ്ങളും ഇതര ഗൾഫ്നാടുകളും വേനൽച്ചൂടിൽ വെന്തുരുകുമ്പോഴാണ് പ്രകൃതിയുടെ വരദാനമെന്നവണ്ണം സലാലയിൽ കുളിരണിയിച്ച് മഴയെത്തുന്നത്. ഇതോടെ സലാല പച്ചപ്പണിഞ്ഞ് സഞ്ചാരികളെ ആകർഷിക്കുന്ന പ്രദേശമായി മാറും.
അൽ ബലീദ് ആർക്കിയോളജിക്കൽ പാർക്ക്, ഫ്രാങ്കിൻസെൻസ് ലാൻഡ് മ്യൂസിയം എന്നിവയും ഈ നഗരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഒമാനിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ സലാലയിലെ ജനസംഖ്യ ഏകദേശം 3,30,000 ആണ്. മഗ്സെയിൽ, ഫസയ, ഹഫ എന്നിവയുൾപ്പെടെ പ്രദേശത്തെ ശാന്തമായ നിരവധി ബീച്ചുകളെക്കുറിച്ചും ന്യൂയോർക് ടൈംസ് പരാമർശിക്കുന്നുണ്ട്.
ഖരീഫ് സീസണിൽ നിരവധി അന്താരാഷ്ട്ര എയർലൈനുകൾ സലാലയിലേക്ക് പ്രത്യേക സർവിസ് നടത്താറുണ്ട്. കഴിഞ്ഞ ഖരീഫ് സീസണിൽ സലാല വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത് 4,63,848 പേരാണ്. ജൂൺ 21 മുതൽ സെപ്റ്റംബർ 21 വരെയുള്ള കാലയളവിലെ കണക്കാണിത്. മുൻവർഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 46 ശതമാനത്തിന്റെ വർധനയാണ് വന്നിട്ടുള്ളത്.
വിസ് എയർ, ൈഫ്ല ദുബൈ, ഗൾഫ് എയർ, ജസീറ എയർവേസ്, കുവൈത്ത് എയർവേസ്, ഫ്ലൈനാസ്, ഖത്തർ എയർവേസ് എന്നിവയുൾപ്പെടെ ഖരീഫ് സീസണിൽ എല്ലാ ജി.സി.സി രാജ്യങ്ങളും സലാല വിമാനത്താവളത്തിലേക്ക് നേരിട്ട് വിമാന സർവിസുകൾ നടത്തിയിരുന്നു. ഖരീഫ് സീസണിൽ നല്ല തിരക്കാണ് സലാല വിമാനത്താവളത്തിൽ അനുഭവപ്പെട്ടത്.
സലാം എയർ ഇക്കാലയളവിൽ 1372 ആഭ്യന്തര വിമാന സർവിസുകൾ നടത്തി. ഖരീഫിന് ശേഷവും ദോഫാർ ഗവർണറേറ്റിനെ വിനോദസഞ്ചാര കേന്ദ്രമാക്കി പരിവർത്തിപ്പിക്കാനുള്ള ശ്രമമാണ് നിലവിൽ പൈതൃക, ടൂറിസം മന്ത്രാലയത്തിന്റെ നടന്നുവരുന്നത്. ഇതിന്റെ ഭാഗമായി പച്ചപുതച്ച് നിന്നിരുന്ന സലാലക്ക് ആവേശക്കാഴ്ചകൾ സമ്മാനിച്ച് ‘ടൂർ ഓഫ് സലാല’ സൈക്ലിങ്, അയൺമാൻ ട്രയത്ലൺ മത്സരങ്ങളും നടന്നിരുന്നു. മറ്റു സാമൂഹിക-സാംസ്കാരിക പരിപാടികളും ദോഫാറിലെ വ്യത്യസ്ത സ്ഥലങ്ങളിൽ അരങ്ങേറി.
ശൈത്യകാലത്തിന്റെ ഭാഗമായി ഈ സീസണിന്റെ തുടക്കത്തിൽ ചെക്ക് റിപ്പബ്ലിക്, സ്ലൊവാക്യ എന്നിവിടങ്ങളിൽനിന്ന് സഞ്ചാരികൾ സലാലയിൽ എത്തിയിരുന്നു. ജബൽ സംഹാൻ റിസർവ്, കുന്തിരിക്ക മരങ്ങൾക്കായുള്ള വാദി ദ്വാക തുടങ്ങിയവയെല്ലാം സഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങളാണ്. വന്യജീവികളെയും ധാരാളം ദേശാടനപ്പക്ഷികളെയും ദോഫാർ ഗവർണറേറ്റിൽ കണ്ടുവരാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.