യൂറോപ്യൻ യൂനിയൻ പാർലമെന്റ് കാണാം; ഒപ്പം അറിയാം ബ്രസൽസ് വിശേഷങ്ങളും
text_fieldsബെൽജിയം തലസ്ഥാനമായ ബ്രസൽസ് സുന്ദരമായ ഒരു നഗരമാണ്. ഭംഗിയായും വൃത്തിയായും പരിപാലിക്കുന്ന നിരത്തുകളും നടപ്പാതകളും പൊതു ഇടങ്ങളുമൊക്കെയുള്ള ബ്രസൽസ് ആരെയും ആദ്യ കാഴ്ചയിൽ തന്നെ മോഹിപ്പിക്കും. നിരവധി അന്താരാഷ്ട്ര സംഘടനകളുടെ പ്രധാന ഓഫിസുകള്‍ ഇവിടെ ഉള്ളതുകൊണ്ട് ബ്രസൽസ് ‘യൂറോപ്പിന്റെ തലസ്ഥാനം’ എന്നാണ് അറിയപ്പെടുന്നത്.
ബ്രസൽസിന്റെ മുഖമുദ്രകളായ മാനേക്കൻ പിസ്, ഗ്രാൻഡ് പ്ലേസ്, ആറ്റോമിയം, യൂറോപ്യൻ പാർലമെന്റ് തുടങ്ങിയവ സന്ദർശിച്ചതിന്റെ വിശേഷങ്ങള്‍ നോക്കാം.
യൂറോപ്പിൽ യാത്ര ചെയ്യാൻ അനുയോജ്യമായ സമയം വസന്തകാലമാണ്. അരങ്ങൊഴിയുന്ന ശൈത്യത്തിന്റെ നേരിയ തണുപ്പും തെളിഞ്ഞ ആകാശവും എങ്ങും പൊട്ടിവിരിയുന്ന നാനാതരം പുഷ്പങ്ങളുടെ വർണ്ണചാരുതയും, അങ്ങനെ ഒരു യാത്രികനെ പ്രകൃതി മാടിവിളിക്കുന്ന മനോഹരമായ സമയം.
ഫാസ്റ്റ് ട്രെയിന്‍ ആയ ഐ.സി.ഇയിൽ ജർമനിയിലെ ഫ്രാങ്ക്ഫർട്ട് മെയിന്‍ സ്റ്റേഷനില്‍ നിന്ന് ബ്രസൽസിലേക്ക് എത്തിയപ്പോൾ സമയം വൈകുന്നേരം ആയിരുന്നു. സെൻട്രൽ സ്റ്റേഷനിൽ നിന്ന് താമസം ബുക്ക് ചെയ്ത ഇബിസ് ഹോട്ടലിലേക്ക് മെട്രോ ട്രെയിനില്‍ യാത്രയായി.
‘മനേക്കൻ പിസ്’ ശിൽപം
ബ്രസൽസിന്റെ മാസ്റ്റർപീസ് ലാൻഡ്മാർക്കായ മാനേക്കൻ പിസ് കാണാനിറങ്ങിയത് അടുത്ത ദിവസം രാവിലെയാണ്. സംഭവം എന്താണെന്ന് ഒരു രൂപരേഖ മനസ്സിൽ ഉണ്ടായിരുന്നു. ബ്രസല്‍സിന്റെ തിരക്കുപിടിച്ച തെരുവീഥിയായ ‘റൂ ഡെ ഇറ്റു’വിൽ പരസ്യമായി മുള്ളുന്ന ഒരു ബാലന്റെ ചെമ്പുശില്പമാണ് ബ്രസൽസിന്റെ ടൂറിസ്റ്റ് ഭൂപടത്തിൽ ഒന്നാം സ്ഥാനത്തുള്ള ‘മനേക്കൻ പിസ്’.
1619ലാണ് ആദ്യമായി ഈ ശില്പം സ്ഥാപിച്ചത്. അതിനുശേഷം പലതവണ ഇത് മോഷണം പോയത്രേ. 1965ൽ ഉണ്ടാക്കിയ ഒരു മാതൃകയാണ് നമ്മൾ ഇപ്പോൾ കാണുന്നത്. പല രസകരമായ കഥകളും മനേക്കൻ പിസിന്റെ നിർമ്മാണത്തിനു പിന്നിലുണ്ട്. അതിലേറ്റവും പ്രശസ്തമായത് ജൂലിയൻസ്കെ എന്ന പേരുള്ള ഒരു കുട്ടിയുടെ കഥയാണ്.
പതിനാലാം നൂറ്റാണ്ടിൽ ബ്രസൽസിനെ ആക്രമിച്ച വിദേശശക്തികൾ രാജാവിന്റെ കൊട്ടാരം സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചു തകർക്കാൻ തീരുമാനിച്ചു. ഈ പദ്ധതി ഒളിച്ചിരുന്നു കേട്ട ജൂലിയൻസ്കെ എന്ന ബാലൻ രാത്രി ആ ബോംബിൽ മൂത്രമൊഴിച്ച് നിർവീര്യമാക്കിയത്രെ. അങ്ങനെ രാജാവിനെയും കൊട്ടാരത്തെയും രക്ഷിച്ച വീരപുത്രന്‍ ജൂലിയൻസ്കെയുടെ സ്മരണാർത്ഥമാണ് ഈ ശില്പം സ്ഥാപിച്ചിരിക്കുന്നത്. സീസണനുസരിച്ച് പല വേഷവിധാനങ്ങൾ മനേക്കൻ പിസിനെ അണിയിക്കാറുണ്ട്. ചില അവസരങ്ങളിൽ ഫൗണ്ടനിൽ വെള്ളത്തിനു പകരം ബിയർ നിറക്കും. അങ്ങനെ മൂത്രമൊഴിച്ചു വരുന്ന ബിയർ ഗ്ലാസിലാക്കി കാഴ്ചക്കാരായ സഞ്ചാരികൾ കുടിക്കും. മനേക്കൻ പിസിനെ വളഞ്ഞ് നിന്ന് ഫോട്ടോ എടുക്കുന്ന ടൂറിസ്റ്റുകളുടെ കാഴ്ചയും രസകരമാണ്.
‘റൂ ഡെ ഇറ്റു’വിൽ നിന്ന് അല്പം നടന്നാൽ ഗ്രാൻഡ് പ്ലേസിലെത്താം. നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ആഢ്യത്വമുള്ള ഒരു ചത്വരം ആണ് ഗ്രാൻഡ് പ്ലേസ്. ശില്പചാതുരിയുള്ള കെട്ടിടങ്ങൾ അതിരിടുന്ന സ്ക്വയറിന്റെ ഭംഗി കാൻവാസിലൊപ്പിയെടുക്കുന്ന ചിത്രകാരന്മാരും കുതിരവണ്ടികളും തെരുവ് കച്ചവടക്കാരുമൊക്കെ ചേർന്ന് ഒരുത്സവാന്തരീക്ഷം ഗ്രാൻഡ് പ്ലേസിനു കൊടുക്കുന്നുണ്ടായിരുന്നു. എല്ലാ രണ്ടു വർഷത്തിലുമൊരിക്കല്‍ ആഗസ്റ്റ് മാസത്തില്‍ നമ്മുടെ അത്തപ്പൂക്കളം പോലെ പൂക്കൾ കൊണ്ടുള്ള ഒരു കാർപെറ്റ് ഗ്രാൻഡ് പ്ലേസിലൊരുക്കുമത്രെ. ഗ്രാൻഡ് പ്ലേസിൽ നിന്നിറങ്ങിയപ്പോൾ സമയം ഉച്ചകഴിഞ്ഞിരുന്നു. ഗ്രാൻഡ് പ്ലേസിനു സമീപവും മനേക്കൻ പിസിനു പരിസരത്തുമായി ബെൽജിയം ചോക്ലറ്റ് ലഭിക്കുന്ന ധാരാളം കടകളുണ്ട്. വായിലിട്ടാൽ അലിഞ്ഞലിഞ്ഞു തീരുന്ന കയ്പ്പും മധുരവുമുള്ള ഡാർക്ക് ചോക്ലറ്റ്സ് മുതല്‍ പല രൂപത്തിലും ഭാവത്തിലും രുചിയിലുമുള്ള കൊതിയൂറുന്ന ചോക്ലറ്റുകള്‍. ബെൽജിയത്തിലെ പ്രധാന വ്യവസായങ്ങളിലൊന്നാണ് ചോക്ലറ്റ് നിർമ്മാണം.
ബ്രസല്‍സിന്റെ പ്രതീകമായ ആറ്റോമിയം കാണാന്‍ ആണ് അടുത്തതായി പോയത്. ഒരു ആറ്റത്തിന്റെ ആന്തരികഘടനയുടെ രൂപത്തിലുള്ള ഒരു പടുകൂറ്റൻ നിർമിതിയാണ് ആറ്റോമിയം. ആറ്റോമിയത്തിന്റെ ഉള്ളിലേക്ക് കയറാനുള്ള ടിക്കറ്റ് ഓൺലൈന്‍ വഴി മുന്‍കൂട്ടി എടുത്തിരുന്നതിനാല്‍ ക്യൂ ഒഴിവാക്കാനായി. 1958ൽ ബ്രസൽസില്‍ നടന്ന ’വേൾഡ് എക്സ്പോ’യുടെ ഭാഗമായി നിർമ്മിച്ച ആറ്റോമിയം വ്യത്യസ്തതയുള്ള ഒരു മനോഹര നിർമിതിയാണ്. ആന്ദ്രേ വാറ്റ്റിക് എന്ന ബെൽജിയൻ എൻജിനീയർ രൂപകല്പന ചെയ്ത ആറ്റോമിയം ഉരുക്ക് കൊണ്ട് നിർമിച്ച്, സ്റ്റെയിൻലെസ് സ്റ്റീല്‍ പാളികൾ കൊണ്ട് പൊതിഞ്ഞ ഒമ്പതു ഗോളങ്ങൾ പരസ്പരം സ്റ്റീൽ പൈപ്പുകൾ വഴി ബന്ധിപ്പിച്ചിരിക്കുന്നു. ഈ ട്യൂബുകൾക്കകത്തുകൂടിയാണ് മുകളിലേക്കുള്ള ലിഫ്റ്റുകൾ നീങ്ങുന്നത്.
ഇതിനകത്ത് ഏറ്റവും താഴെ ഒരു എക്സിബിഷൻ ഹാൾ ഉണ്ട്. കൂടാതെ മറ്റ് ഗോളങ്ങളിൽ വൈവിധ്യമാർന്ന പരിപാടികൾക്ക് ഉപയുക്തമാക്കാവുന്ന തരത്തിലുള്ള കോൺഫറൻസ് ഹാളുകളും. ഏറ്റവും ഉയരെയുള്ള ഗോളത്തിൽ ഒരു റെസ്റ്റാറന്റ് ആണ്. അവിടെ നിന്നാൽ ബ്രസൽസിന്റെ ഒരു പനോരമിക് വ്യൂ കാണാം. ആറ്റോമിയത്തിന്റെ ആകെ ഉയരം 102 മീറ്റർ ആണ്. ഏറ്റവും മുകളിലായി ബെൽജിയം പതാക പാറിക്കളിക്കുന്നുണ്ട്. 60 വർഷത്തിലധികമായി ആറ്റോമിയം ബെൽജിയത്തിലെ ഒരു പ്രധാന ടൂറിസ്റ്റ് പോയന്റായി നിലനിൽക്കുന്നു. ഇന്ന് നഗരത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമെന്നതിലുപരി ഒരു കലാ സാംസ്കാരിക കേന്ദ്രം എന്ന നിലയിൽ കൂടി പ്രവർത്തിക്കുന്ന ആറ്റോമിയം 1958ലെ ‘വേൾഡ് എക്സ്പോ’ക്ക് ശേഷം പൊളിച്ചുകളയാന്‍ ഉദ്ദേശിച്ച് നിർമിച്ചതായിരുന്നു.
എന്നാൽ ഇതിന്റെ ജനപ്രീതിയും എക്സ്പോയുടെ വിജയവും കാരണം അധികാരികൾ ഇത് നിലനിർത്താൻ തീരുമാനിക്കുകയായിരുന്നു. ഇവിടം പ്രതിവർഷം 600,000ത്തിലധികം സന്ദർശകരെത്തുന്ന യൂറോപ്പിന്റെ തലസ്ഥാനത്തെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രവും ബ്രസൽസിന്റെയും ബെൽജിയത്തിന്റെയും ചിഹ്നവുമാണ്. പാരിസിന് ഈഫൽ ഗോപുരം എന്നപോലെയാണ് ബ്രസൽസിന് ആറ്റോമിയം.
ആറ്റോമിയത്തിന് ചുറ്റുമുള്ള ഒസെഗെം പാർക്ക് മനോഹരമായി ലാൻഡ്‌സ്‌കേപ്പ് ചെയ്ത് വിശാലമായ പുൽത്തകിടികളും ചെടികളും മരങ്ങളും നട്ടുപിടിപ്പിച്ചും ജലധാരകൾ സൃഷ്ടിച്ചും സുന്ദരമാക്കിയിട്ടുണ്ട്. ആറ്റോമിയത്തിനടുത്തായി ഒരു ‘മിനിയേച്ചർ യൂറോപ്പ’ പാർക്കുമുണ്ട്. ലണ്ടൻ ബ്രിഡ്ജും ഈഫൽ ടവറും പിസാ ഗോപുരവുമൊക്കെ ഉൾപ്പടെ ലോകത്തിലെ പ്രധാന ആകർഷണങ്ങളുടെ ചെറിയ ചെറിയ രൂപങ്ങളാണ് മിനിയേച്ചർ പാർക്കിൽ.
‘യൂറോപ്പിന്റെ തലസ്ഥാനം’ എന്നറിയപ്പെടുന്ന ബ്രസൽസിലെ യൂറോപ്യൻ പാർലമെന്റ് മന്ദിരമാണ് അടുത്ത ദിവസം രാവിലെ സന്ദർശിച്ചത്. യൂറോപ്യൻ കമീഷന്‍, യൂറോപ്യൻ കൗൺസില്‍, യൂറോപ്യൻ പാർലമെന്റ്, നാറ്റോ, യൂറോ കണ്ട്രോള്‍ തുടങ്ങി അനേകം ഔദ്യോഗിക സംഘടനകളുടെ മാത്രമല്ല ആയിരക്കണക്കിന് പ്രോഫിറ്റ് / നോണ്‍ പ്രോഫിറ്റ് ഓർഗനൈസേഷനുകളുടെ പ്രധാന വേദി കൂടിയാണ് ബ്രസൽസ്. യൂറോപ്യൻ യൂനിയൻ ഭരിക്കുന്ന മിക്ക സംഘടനകളുടെയും ആസ്ഥാന കെട്ടിടങ്ങള്‍ അടങ്ങുന്ന യൂറോപ്യൻ ക്വാർട്ടറിലേക്കാണ് അടുത്തതായി പോകുന്നത്. അവിടെയാണ് യൂറോപ്യൻ പാർലമെന്റ്. അതിന്റെ പ്രധാന ഓഫിസാണ് ബ്രസൽസിൽ. യൂറോപ്യൻ പാർലമെന്റിനുള്ളിലെ സന്ദർശനം അനുവദിച്ചിരിക്കുന്നത് അതിന്റെ പ്രവർത്തനങ്ങളെ കുറിച്ചും ലക്ഷ്യത്തെക്കുറിച്ചുമൊക്കെ സന്ദർശകരെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ്.
യൂറോപ്യൻ പാർലമെന്റിലേക്കുള്ള പ്രവേശനം സൗജന്യമായിരുന്നു. പാർലമെന്റില്‍ സെഷന്‍ നടക്കുന്ന സമയം ആയിരുന്നതിനാൽ പ്രത്യേക പാസ് എടുത്ത് കർശനമായ സുരക്ഷാ ചെക്കിങ്ങിനുശേഷം പാസ്പോർട്ട് നൽകിയാണ് ഉള്ളിലേക്ക് പ്രവേശിച്ചത്. ആദ്യം തന്നെ മുകളിലത്തെ നിലയിലെ ഗാലറിയിലേക്കാണ് പോയത്. അവിടെ നിന്ന് നോക്കിയാല്‍ താഴെ പാർലമെന്ററി സെഷന്‍ നടക്കുന്നത് കാണാന്‍ സാധിക്കുമായിരുന്നു. വിവിധ ഭാഷകൾ സംസാരിക്കുന്ന നൂറുകണക്കിന് ആളുകൾക്ക് വിവിധ വിഷയങ്ങള്‍ ചർച്ച ചെയ്യാനും നിയമനിർമ്മാണത്തിനായി ഒരുമിച്ച് പ്രവർത്തിക്കാനും ഇവിടെ കഴിയുന്നു. അവിടെ നിന്ന് പിന്നീടു അകത്തെ മറ്റ് കാഴ്ചകളിലേക്ക് നടന്നു.
ഒരു ഓഡിയോ ഗൈഡ് പ്രവേശനസമയത്ത് ലഭിച്ചിരുന്നു. അതിലൂടെ നമ്മള്‍ നില്ക്കുന്ന സ്ഥലത്തെ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. പാർലമെന്റ് എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് വിവരണങ്ങൾ ഓഡിയോ ഗൈഡിൽ അടങ്ങിയിരിക്കുന്നു. യൂറോപ്യൻ പാർലമെന്റിന്റെ ഘടനയെക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ പാനലുകളും ഇടനാഴികളിലെ കലാസൃഷ്‌ടികളും കാണാൻ കഴിഞ്ഞു. യൂറോപ്യൻ ജനാധിപത്യത്തിന്റെ ഈ കേന്ദ്രം എങ്ങനെ പ്രവർത്തിക്കുന്നു, അതിന്റെ അധികാരങ്ങൾ എന്തൊക്കെയാണ്, ചരിത്രപരമായ തീരുമാനങ്ങൾ അതിന്റെ ചുവരുകൾക്കുള്ളിൽ നടന്നതെങ്ങനെയാണ് എന്നെല്ലാം മനസ്സിലാക്കി. യൂറോപ്യൻ പാർലമെന്റ് രാഷ്ട്രീയ ചർച്ചകൾക്കും യൂറോപ്യൻ യൂനിയൻ തലത്തിൽ തീരുമാനങ്ങൾ എടുക്കുന്നതിനുമുള്ള ഒരു പ്രധാന വേദിയാണ്.
പിന്നീട് മെയിന്‍ ഹാളില്‍ കുറച്ചു സമയം വിശ്രമിച്ചതിനു ശേഷം പുറത്തേക്കിറങ്ങി. പാർലമെന്റിന്റെ് മുൻവശത്തു ചരിത്രപ്രസിദ്ധമായ ബർലിന്‍ മതിലിന്റെ് പൊളിച്ചു കളഞ്ഞ ഒരു ഭാഗം പ്രതീകാത്മകമായി കൊണ്ടുവന്നു വെച്ചിരിക്കുന്നത് കണ്ടു.
അതിനു ശേഷം പാർലമെന്റ് സമുച്ചയത്തിലെ ‘സ്റ്റാച്ച്യു ഓഫ് യൂറോപ്’ (Statue of Europe - Unity in Peace) കണ്ടു. സമീപമായുള്ള മനോഹരമായ ലിയോപോൾഡ പാർക്കില്‍ പുതുക്കിപണിത ഈസ്റ്റ്മാൻ കെട്ടിടത്തിലെ ‘ഹൗസ് ഓഫ് യൂറോപ്യൻ ഹിസ്റ്ററി’യിലേക്കാണ് (House of European History) പിന്നീടു പോയത്. 25 ഏക്കറിലായുള്ള വിശാലമായ പാർക്ക്, 1880ലാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. മനോഹരമായ തടാകവും ഒരു ഔട്ട്ഡോര്‍ പിക്നിക്ക് സ്പോട്ടും ഇവിടെയുണ്ട്.
യൂറോപ്യൻ പാർലമെന്റിനരികിലായുള്ള സ്ട്രീറ്റില്‍ 200 മീറ്റർ നടന്നാല്‍ ശരവണഭവന്‍ റസ്റ്റാറന്റ് ഉണ്ട് എന്ന് അറിഞ്ഞു. വേഗം തന്നെ അവിടേക്ക് പോയി രുചികരമായ ഒരു മസാല ദോശ കഴിച്ചു. ശേഷം നഗരത്തിലെ മറ്റു കാഴ്ചകളിലേക്ക് നീങ്ങി.
ഏവർക്കും ഇഷ്ടപ്പെടുന്ന വളരെ ആകർഷകമായ പ്രദേശമാണ് ബ്രസൽസ്. വീതിയുള്ള വീഥികള്‍, മനോഹരമായ നടപ്പാതകള്‍, പാതയോരങ്ങള്‍ ചെടികളാലും പുൽമേടുകളാലും അലംകൃതം, ശില്പുങ്ങള്‍, ഭംഗിയുള്ള കെട്ടിടങ്ങള്‍ ഇവയൊക്കെയായിരുന്നു എവിടെയും. ബെൽജിയം ചോക്ലറ്റുകള്‍ പോലെ തന്നെ മധുരകരമായ രണ്ടു ദിവസത്തെ യാത്രാനുഭവങ്ങളുടെ സന്തോഷവുമായി നിറഞ്ഞ മനസ്സോടെ ബ്രസൽസ് ഇന്റർനാഷനൽ എയർപോർട്ടില്‍ നിന്ന് ഖത്തര്‍ എയർവേസ് വിമാനത്തില്‍ അടുത്ത ദിവസം രാവിലെ ദോഹയിലേക്ക് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.