കടലാഴങ്ങളെ കടഞ്ഞെടുത്ത മത്സ്യങ്ങൾ
text_fieldsഷാര്‍ജയുടെ കടല്‍ ജീവിതത്തിന്റെ അടിത്തറയാണ് അല്‍ഖാന്‍. മുത്തുവാരാന്‍ കടലിന്റെ അഗാധ നീലിമയിലേക്ക് മുങ്ങാങ്കുഴിയിട്ട തലമുറയുടെ വീടുകള്‍ കടലോരത്തുതന്നെയുണ്ട്. ഈ പൗരാണിക വസതികളെ വരും തലമുറക്കായി കണ്ണിലെ കൃഷ്ണമണി പോലെ കത്തുസംരക്ഷിക്കുകയാണ് ഷാര്‍ജ. മിന റോഡിലൂടെ സഞ്ചരിച്ചാല്‍ ഈ വീടുകളും കാവല്‍ മാളികകളും ആസ്വദിക്കാം. ഈ പാര്‍പ്പിട സമുച്ചയത്തോട് ചേര്‍ന്നാണ് ഷാര്‍ജ അക്വേറിയം പ്രവര്‍ത്തിക്കുന്നത്. ചുരുങ്ങിയ ചിലവില്‍ കടലിന്റെ അടിത്തട്ടിലെ കൗതുകങ്ങളും മത്സ്യ ജീവിതവും കാണുവാനുള്ള അവസരമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. 2008 ലാണ് അക്വേറിയം പ്രവർത്തനം തുടങ്ങിയത്. സമുദ്രജീവികളെ പ്രദർശിപ്പിക്കുന്ന, യു.എ.ഇ സർക്കാരിനു കീഴിലുള്ള ആദ്യത്തെ വലിയ കേന്ദ്രമാണിത്.
കടലിനെ അകാലമരണത്തില്‍ നിന്ന് രക്ഷിക്കാന്‍ പ്ലാസ്റ്റിക്കുകള്‍ വലിച്ചെറിയുന്ന ശീലം ഒഴിവാക്കണമെന്ന സന്ദേശത്തോടെയാണ് കാഴ്ച്ചകള്‍ ആരംഭിക്കുന്നത്. വലിയൊരു ഗര്‍ത്തത്തിലൂടെ പോകുന്ന രീതിയിലാണ് ഇതിന്റെ നിര്‍മാണം. രണ്ടുനിലകളിലായി 21 അക്വേറിയങ്ങളാണ് കടലാഴത്തിന്റെ മാന്ത്രിക കഥ പറയാൻ ഒരുക്കിയിരിക്കുന്നത്. ഓരോന്നിലും 18 ലക്ഷം ലിറ്റര്‍ വെള്ളമാണ് പ്രതിദിനം ഉപയോഗിക്കുന്നത്. ഇവ പുനരുപയോഗിക്കുകയും ചെയ്യും. ഓരോ അക്വേറിയത്തിന് സമീപത്തും മത്സ്യങ്ങളുടെ ജീവിതം പറയുന്ന മോണിറ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. കോമാളി മത്സ്യം, മൊറേ ഈലുകള്‍, കടല്‍ കിരണങ്ങള്‍, റീഫ് സ്രാവുകള്‍ എന്നിവ ഉള്‍പ്പെടെ അവിശ്വസനീയമായ നൂറിലധികം സമുദ്ര ജീവിതങ്ങളെ ഇവിടെ കാണാം. പാറക്കെട്ടിലും പവിഴപ്പുറ്റുകളിലും തടാകങ്ങളിലും കണ്ടല്‍ക്കാടുകളിലും വിഹരിക്കുന്ന മത്സ്യ വിസ്മയങ്ങളില്‍ നിന്ന് കാഴ്ച്ചയെ പറിച്ചുമാറ്റാന്‍ സാധിക്കില്ല. യു.എ.ഇയിലെ ആദ്യത്തെ, ഏറ്റവും വലിയ സര്‍ക്കാര്‍ വിദ്യാഭ്യാസ കേന്ദ്രമാണിത്. 6500 ചതുരശ്ര മീറ്ററാണ് വിസ്തൃതി.
കടലാമകളുടെ പുനരധിവാസ കേന്ദ്രം കൂടിയാണിത്. അകത്ത് നടന്നു ക്ഷീണിച്ചാല്‍ വി.ആര് ഗെയിമുകള്‍ കളിക്കാം. കടല്‍ ജീവിതം തന്നെയാണ് ഗെയിമിലും ഇതൾ വിടര്‍ത്തുന്നത്. 13 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് പ്രവേശനം. നടപ്പാതകളിലൂടെ മീനുകള്‍ ഒഴുകി പോകുകയാണെന്ന് തോന്നും ചിത്രങ്ങള്‍ കണ്ടാല്‍. തുരങ്കങ്ങളിലൂടെ സഞ്ചരിച്ചാല്‍ തിയറ്ററിലെത്തും. മുകളിലേക്കുള്ള പടവുകളില്‍ മീനുകള്‍ ഇരിക്കുന്നതായി അനുഭവപ്പെടുത്തുന്ന ആവിഷ്കാരങ്ങള്‍. ചില്ലുപാലത്തിലൂടെ മീനുകളെ കണ്ട് നടക്കുവാൻ അവസരമുണ്ട്. അക്വേറിയത്തിലെ കാഴ്ച്ചകള്‍ അവസാനിച്ചാല്‍ മ്യൂസിയത്തിലേക്ക് പ്രവേശിക്കാം. പൗരാണിക കാല മത്സ്യങ്ങളുടെ ഫോസിലുകള്‍, കപ്പലുകളില്‍ ഉപയോഗിക്കുന്ന കോമ്പസ്, മുത്തിന്റെ മാറ്റളക്കുന്ന പൗരാണിക രീതികള്‍ തുടങ്ങി നിരവധി സംഭവങ്ങളുണ്ട് അകത്ത്.
പ്രത്യേക സൗകര്യങ്ങൾ
- സൗജന്യ വൈഫൈ
- മുതിര്‍ന്ന പൗരന്മാര്ക്കും നിശ്ചയദാര്‍ഢ്യമുള്ളവര്‍ക്കും വീല്‍ചെയര്‍ പ്രവേശനം
- കുഞ്ഞുങ്ങള്‍ക്കായി അമ്മമാരുടെ മുറി
- ലഘുഭക്ഷണത്തിനും ഭക്ഷണത്തിനുമുള്ള കഫെ
- ഒരു പ്രാര്‍ത്ഥനാ മുറി
സമയം
- ശനി മുതല്‍ വ്യാഴം വരെ രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയും വെള്ളിയാഴ്ച വൈകുന്നേരം നാല് മുതല്‍ രാത്രി 10:00 വരെയും തുറക്കും. ഞായറാഴ്ചകളില്‍ പ്രവേശനമില്ല.
ടിക്കറ്റ്
- രണ്ട് വയസിനും 12നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് 15 ദിര്‍ഹം
- 13 വയസ് മുതലുള്ളവർക്ക് 25 ദിര്‍ഹം.
- അക്വേറിയം, ഷാര്‍ജ മാരിടൈം മ്യൂസിയം എന്നിവ സന്ദര്‍ശിക്കുന്നതിനായി ഷാര്‍ജ അക്വേറിയത്തിലേക്കുള്ള ടിക്കറ്റുകള്‍ മാത്രം മതി.
സൗജന്യ പ്രവേശനം ആര്‍ക്കെല്ലാം
- രണ്ടുവയസ്സിന് താഴെയുള്ള കുട്ടികള്‍
- 60 വയസും അതില്‍ കൂടുതലുമുള്ള മുതിര്‍ന്ന പൗരന്മാര്
- നിശ്ചയദാര്‍ഢ്യ വിഭാഗക്കാർ
- സര്‍ക്കാര്‍ സ്കൂള്‍ ട്രിപ്പുകള്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.