ഷാർജ സഫാരി: ഷാർജയിലെ കൊച്ചു ആഫ്രിക്ക
text_fieldsആഫ്രിക്കൻ പ്രദേശങ്ങളിൽ മാത്രം കണ്ടുവരുന്ന പ്രത്യേകതരം ജീവജാലങ്ങളുടെ സാന്നിധ്യമാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. വംശനാശ ഭീഷണി നേരിടുന്നവ ഉൾപ്പെടെ 120 ഇനം ആഫ്രിക്കൻ മൃഗങ്ങളാണിതിലുള്ളത്. സന്ദർശകർക്ക് മൃഗങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ കാൽനടയായി കറങ്ങാനും മൃഗങ്ങളെക്കുറിച്ച് അറിയാനും ഇവിടെ അവസരമുണ്ട്
യു.എ.ഇയിലെ ഒരു കൊച്ചു ആഫ്രിക്ക എന്നറിയപ്പെടുന്ന 'ഷാർജ സഫാരി' വേനൽകാല അടച്ചിടലിന് ശേഷം വീണ്ടും സന്ദർശകർക്കായി തുറന്നിരിക്കയാണ്. പുതിയ സീസണിൽ എത്തുന്നവർക്ക് വിവിധ തരം പക്ഷികളെയും മൃഗങ്ങളെയും കാണാനും രസകരമായ പ്രകൃതിദത്ത ചുറ്റുപാടുകൾ ആസ്വദിക്കാനും അവസരമൊരുക്കിയിട്ടുണ്ട്. 12ഹാബിറ്റാറ്റുകളിലായി അമ്പതിനായിരത്തിലേറെ ജീവികളാണ് ഇവിടെയുള്ളത്. ആഫ്രിക്കൻ പ്രദേശങ്ങളിൽ മാത്രം കണ്ടുവരുന്ന പ്രത്യേകതരം ജീവജാലങ്ങളുടെ സാന്നിധ്യമാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. വംശനാശ ഭീഷണി നേരിടുന്നവ ഉൾപ്പെടെ 120 ഇനം ആഫ്രിക്കൻ മൃഗങ്ങളാണിതിലുള്ളത്. സന്ദർശകർക്ക് മൃഗങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ കാൽനടയായി കറങ്ങാനും മൃഗങ്ങളെക്കുറിച്ച് അറിയാനും ഇവിടെ അവസരമുണ്ട്. അറബികൾ 'സുഡാനിലെ നൈൽ' എന്നുവിളിക്കുന്ന നൈജർ പുഴ മേഖലയിലെ പരിതസ്ഥിതി രൂപപ്പെടുത്തിയതാണ് സഫാരിയിലെ ഇത്തവണത്തെ പുതിയ കാഴ്ചാനുഭവം. കഴിഞ്ഞ സീസണെ അപേക്ഷിച്ച് പുതുമയുള്ള കാഴ്ചകളുമായാണ് സഫാരി ഇത്തവണ തുറന്നത്.
കഴിഞ്ഞ വർഷമാണ് ഷാർജ സഫാരി ആരംഭിച്ചത്. മരുഭൂമിയുടെ നടുവിൽ ആഫ്രിക്കൻ വനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ആഫ്രിക്കയിൽ കാണുന്ന രീതിയിലുള്ള പുല്ലുമേഞ്ഞ വീടുകളും ജീവജാലങ്ങൾക്ക് പരിചരണത്തിന് പ്രത്യേക സൗകര്യങ്ങളും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ആഫ്രക്കയിലെ വിവിധ പ്രദേശങ്ങളുടെ പേരുകളിൽ അറിയപ്പെടുന്ന വിവിധ ഏരിയകൾ ഒരുക്കിയിട്ടുണ്ടിവിടെ. ഇതിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ ആഫ്രിക്കയുടെ കിഴക്കൻ തീരത്ത് ചിതറിക്കിടക്കുന്ന ദ്വീപുകളിലും ദ്വീപസമൂഹങ്ങളിലും കാണപ്പെടുന്ന വന്യജീവികളുള്ളതാണ് ആദ്യ മേഖല. ഇത് 'ഇന്റോ ആഫ്രിക്ക' എന്നറിയപ്പെടുന്നു. രണ്ടാമത്തെ പ്രദേശമായ സഹ്ൽ, മരുഭൂമികൾ, പുൽമേടുകൾ, വൈവിധ്യമാർന്ന വന്യജീവികൾ എന്നിവ നിറഞ്ഞതാണ്. സവന്ന, സരംഗതി, ഗോറൻഗോറോ തുടങ്ങിയ മറ്റു ഏരിയകളും വൈവിധ്യമാർന്ന ജീവികളെയും ആവാസവ്യവസ്ഥയെയും പരിചയപ്പെടുത്തുന്നു. വേനൽകാലത്ത് മൃഗങ്ങളുടെ സുരക്ഷ കൂടി കണക്കിലെടുത്താണ് ഷാർജ സഫാരി അടച്ചിടുന്നത്. യു.എ.ഇയിലെ ചൂട് കുറഞ്ഞതോടെയാണ് വീണ്ടും തുറക്കുന്നത്. ശൈത്യകാലം തുടങ്ങുന്നതോടെ പകൽ സമയത്തെ സന്ദർശനം ആനന്ദകരമായിരിക്കും. കുട്ടികളടങ്ങുന്ന കുടുംബത്തോടൊപ്പം ഷാർജയിൽ സന്ദർശനത്തിന് യോജിച്ച ഇടങ്ങളിലൊന്നാണിത്.
ടിക്കറ്റ് നിരക്കുകൾ ഇങ്ങനെ
ഷാർജ സഫാരിക്കുള്ളിൽ 2-3 മണിക്കൂർ നടന്ന് കാണുന്നതിന് 40 ദിർഹമിന്റെ ബ്രോൺസ് ടിക്കറ്റ് എടുക്കണം. മൂന്ന് മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്ക് 15 ദിർഹം. എന്നാൽ, ബ്രോൺസ് ടിക്കറ്റിൽ സഫാരിയുടെ പ്രത്യേക മേഖലയിൽ മാത്രമെ സന്ദർശിക്കാൻ അനുമതിയുണ്ടാവൂ. സിൽവർ ടിക്കറ്റിന് 120 ദിർഹമാണ് നിരക്ക്. കുട്ടികൾക്ക് 50 ദിർഹം. സഫാരിക്കുള്ളിലെ ബസിൽ യാത്ര ചെയ്ത് അഞ്ച്-ആറ് മണിക്കൂർ കാഴ്കൾ കാണാം. ഒന്നൊഴികെ എല്ലാ മേഖലയിലേക്കും പ്രവേശനമുണ്ടാകും. 275 ദിർഹം നൽകി ഗോൾഡ് ടിക്കറ്റെടുത്താൽ ആഡംബര കാറിൽ യാത്ര ചെയ്ത് കാഴ്ചകൾ കാണാം. രണ്ട് മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്ക് 120 ദിർഹമാണ് നിരക്ക്. സ്വന്തമായി ഗൈഡിനെയും കൂടെ അയക്കും. എല്ലാ മേഖലയിലും പ്രവേശനമുണ്ടാകും. ആറ് പേരടങ്ങിയ സംഘത്തിന് 1500 ദിർഹമിനും ഒമ്പത് പേർക്ക് 2250 ദിർഹമിനും 12 പേർക്ക് 3500 ദിർഹമിനും ഗോൾഡ് ടിക്കറ്റെടുക്കാം. രാവിലെ എട്ട് മുതൽ വൈകുന്നേരം 6.30 വരെയാണ് തുറന്നിരിക്കുന്നത്. ഗോൾഡ്, സിൽവർ ടിക്കറ്റുകാർ ഉച്ചക്ക് രണ്ടിന് മുൻപും ബ്രോൺസ് ടിക്കറ്റുകാർ വൈകുന്നേരം നാലിന് മുൻപ് സഫാരിയുടെ ഉള്ളിൽ പ്രവേശിച്ചിരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.