ചില യൂറോപ്യൻ കാഴ്ചകൾ
text_fieldsപ്രവാസി മലയാളിയും യാത്രകളെ ഏറെ ഇഷ്ടപ്പെടുകയും ചെയ്യുന്ന കമർ ബക്കറും കുടുംബവും യൂറോപ്യൻ രാജ്യങ്ങളായ ഫ്രാൻസ്, സ്വിറ്റ്സർലണ്ട് എന്നിവിടങ്ങളിൽ നടത്തിയ യാത്രകളുടെ ചുരുക്കവിവരണമാണിത്. ഓരോ ദേശത്തേയും പ്രത്യേകതകൾ ഒട്ടും അതിശയോക്തിയില്ലാതെ അദ്ദേഹം മനോഹരമായി വിവരിച്ചിട്ടുണ്ട്.
പ്രണയപ്പാലത്തിലെ പൂട്ടുകൾ
വളരെ രസകരമായ ഒരു അനുഭവമാണ് ഫ്രാൻസിൽ വെച്ച് ഉണ്ടായത്. പാരീസിലെ ഒരുകാൽനടപ്പാലത്തിലൂടെ നടക്കുകയായിരുന്നു. അതിന്റെ സവിശേഷതയെന്നാൽ വാസ്തുവിദ്യാരൂപകല്പന തന്നെയാണ്. ആർക്കിടെക്റ്റ് മാർക്ക് മിംറാം രൂപകല്പന ചെയ്ത ഈ പാലം അതിമനോഹരവും ആധുനികവുമായ രൂപകൽപ്പനയ്ക്ക് പേരുകേട്ടതാണ്. സ്റ്റീലും മരവും കൊണ്ടാണ് ഈ പാലം നിർമിച്ചിരിക്കുന്നത്. നടക്കുമ്പോൾ ചവിട്ടടിയുടെ അകമ്പടി സാമാന്യം നല്ല ഒച്ചയുണ്ടാക്കും. ഏതാണ്ട് നൂറ് മീറ്റർ നീളവും പതിനഞ്ച് മീറ്റർ വീതിയുമുള്ള പാലം സീൻ നദിക്ക് കുറുകെ, ഇടത് കരയിലെ മ്യൂസി ഡി ഓർസെയെയും വലതുകരയിലെ ട്യൂലറീസ് ഗാർഡനുമായി ബന്ധിപ്പിക്കുന്നതാണ്.
പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും നഗരത്തിന്റെ ഭംഗി ആസ്വദിക്കാനുള്ള ഒരു ജനപ്രിയ സ്ഥലമാക്കിയ നടപ്പാലത്തിന്റെ രണ്ടു സൈഡിലുമുള്ള ബലിഷ്ടമായ കൈവരികളിൽ നിറയെ ചെറിയ തരം അല്ലെങ്കിൽ ഇടത്തരം പൂട്ടുകൾ ഇട്ടത് മാല ബൾബുകൾ പോലെ ഞാന്ന് കിടക്കുന്നത് കണ്ടപ്പോഴാണ് അതിന്റെ കാര്യവും കാരണവും അന്വേഷിച്ചിറങ്ങിയത്. പുതിയ പൂട്ടുകൾ സന്ദർശകർക്ക് വിൽക്കാനായി നമ്മുടെ പൂരപ്പറമ്പിൽ കാണുന്ന പോലെ ഏതാനും വഴി വാണിഭക്കാർ വിത്യസ്ത വലുപ്പത്തിലുള്ള പൂട്ടുകൾ വിരിപ്പിൽ നിരത്തി കച്ചവടം പൊടിപൊടിക്കുന്നു. പ്രണയബന്ധിതരായവരിൽ ഒരാൾ കാമുകനോ കാമുകിയോ ഈ പാലത്തിൽ വന്ന് തന്റെ പ്രണയം അലസാതിരിക്കാനും പ്രണയം മൂപ്പെത്താതെ അടിച്ചു പിരിയാതിരിക്കാനും മനസ്സിൽ പ്രാർഥിച്ച് കൈവരിയിൽ ഒരു പൂട്ടിനെ / പൂട്ടുകളെ ബന്ധിച്ച് താക്കോൽ നദിയിലേക്ക് എറിയുന്ന ഒരു അടിപൊളി ചടങ്ങാണിത്.
കമിതാക്കളിൽ ഒരാൾ കൂട്ടുകാരുമായോ ഒറ്റക്കോവന്നാണ് ഈ കലാപരിപാടി നടത്തുന്നത്. ഏതാനും സുന്ദരികൾ വന്ന് പൂട്ടുവാങ്ങി ലോക്ക് ചെയ്ത് താക്കോൽ നദിയിലേക്ക് എറിയുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാനും, അവരുടെ കൂടെ കൂടാനും കണ്ടു നിന്ന ഞങ്ങളെയും ക്ഷണിച്ചു. എന്തായാലും ഓരോരോ സരകരമായ ആചാരങ്ങൾ! നാല് യൂറോവിന്റെ പൂട്ടിട്ട് ഞങ്ങളും കാശ് കളഞ്ഞു! ഫ്രാൻസിന്റെ ഓർമകൾക്കായി.
ലൂസെർൺ താടാകത്തിലൂടെ യാത്ര
മനോഹരമായ ഒരു ദിനത്തിലെ ശാന്തമായ യാത്ര, സ്വിറ്റ്സർലന്റിലെ ലൂസേർണിലെ അതിശയകരമായ നീലനദിയിലൂടെയുള്ള ബോട്ട് യാത്ര ജീവിതത്തിലെ നല്ലൊരു അനുഭവമാണ്. ശാന്തമായ വെള്ളത്തിന് മുകളിലൂടെ ബോട്ടിന്റെ മുകൾ തട്ടിലിരുന്ന് സഞ്ചരിക്കുമ്പോൾ തണുത്ത കാറ്റ് വന്ന് നമ്മുടെ മുഖത്തെയും ശരീരത്തേയും ചുംബിക്കുന്നു. ചുറ്റുമുള്ള പ്രകൃതി സൗന്ദര്യവുമായി ഈ ശീതക്കാറ്റ് ഇണക്കവും സൃഷ്ടിക്കുന്നു.
പച്ചപ്പട്ടു പുതച്ചു കിടക്കുന്ന പർവ്വതനിരകളുടെ പശ്ചാത്തലത്തിലാണ് നമ്മുടെ നോക്കെത്താ ദൂരങ്ങൾ ഉയർന്നു നിൽക്കുന്നത്. പലപ്പോഴും, മൂടൽമഞ്ഞിന്റെ മൃദുവായ മൂടുപടത്തിൽ പൊതിഞ്ഞിരിക്കുന്ന അന്തരീക്ഷവും ആകാശവും ഇവിടത്തെ ഭൂപ്രകൃതിക്ക് മാസ്മരിക സ്പർശം നൽകുന്നു. ഇത് നമ്മുടെ മനസ്സുകളെയും പ്രകൃതിയുടെയും നദീജലത്തിന്റെ ആഴങ്ങളിൽ അലിയാൻ സഹായിക്കുന്നു. ആകർഷകമായ വാസ്തുവിദ്യയിൽ തീർത്ത പാർപ്പിട സമുച്ചയങ്ങളും പൊതു, സർക്കാർ സ്ഥാപനങ്ങളും നടപ്പാതകളും നദിയുടെ ഇരുകരകളിലുമുള്ള ഹരിത കുന്നുകളും യാത്രാബോട്ടുകളും വിശാലമാ ബോട്ടു ജട്ടിയും ഭക്ഷണശാലകളടക്കമുള്ള നദീക്കര കാഴ്ച്ചകളും കണ്ട് ബോട്ടിന്റെ മൃദുലമായ ചാഞ്ചാട്ടത്തിൽ മുന്നോട്ടയുമ്പോൾ ജലത്തിന്റെ താളാത്മകമായ ശബ്ദത്തിൽ ലയിച്ച് നമ്മുടെ ലോകം ഉന്മേഷദായകവമായ ഒരു ശാന്തതക്ക് മുകളിൽ അനന്ദനൃത്തം ചെയ്യുന്ന അനുഭവമാണ്.
ചെറിയ ചൂടുമാത്രമുള്ള സൂര്യപ്രകാശത്തിൽ പ്രിയപ്പെട്ടവരോടൊപ്പമുള്ള ഈ ക്രൂയിസ് യാത്ര ദൈനംദിന ജീവിതത്തിന്റെ തിരക്കുകളിൽ നിന്നുള്ള പൂർണമായ രക്ഷപ്പെടലും പ്രകൃതിയുടെ ലളിതമായ ആനന്ദങ്ങളെ തൊട്ടറിയാനുള്ള അവസരവുമാകുന്നു. സമാനതകളില്ലാത്ത ലൂസേർണിന്റെ സൗന്ദര്യവും വീക്ഷിച്ച് വിവിധ ദേശക്കാരുമൊത്തു സഞ്ചരിച്ച് അനുഭവിച്ചറിയുന്ന അനുഭൂതി വിശേഷങ്ങൾ ജീവിതകാലം മുഴുവൻ സൂക്ഷിക്കാനാവുന്ന ഓർമ്മകളും ചിത്രങ്ങളും നമുക്ക് സമ്മാനിക്കും.
കപെൽബ്രൂക്ക് അഥവാ ചാപ്പൽ ബ്രിഡ്ജ്
ചരിത്രവും മനോഹരമായ കലാസൃഷ്ടികളും കൂടിയ ഒരു സാംസ്കാരിക നിർമിതിയാണ് സ്വിറ്റ്സർലൻഡിലെ ലൂസെർണിലെ ‘കപെൽബ്രൂക്ക് ’ അഥവാ ചാപ്പൽ ബ്രിഡ്ജ്. 1365ൽ നിർമിച്ചതും 204 മീറ്റർ നീളമുള്ളതുമായ ഈ പാലം, റിയൂസ് നദിക്ക് മീതെ തടികൊണ്ട് പൊതിഞ്ഞ ഒരു നടപ്പാലമാണ്. സെന്റ് പീറ്റേഴ്സ് ചാപ്പലിന്റെ പേരിലാണ് ഈ പാലം അറിയപ്പെടുന്നത്. പതിനേഴാം നൂറ്റാണ്ടിലെ ഇന്റീരിയർ പെയിന്റിങ്ങുകൾക്ക് പ്രശസ്തമായ ഈ പാലം, യൂറോപ്പിലെ ഏറ്റവും പഴക്കം ചെന്ന മരം കൊണ്ട് പൊതിഞ്ഞ പാലം കൂടിയാണ്.
1993ൽ ആകസ്മികമായി ഉണ്ടായ തീപിടിത്തത്തിൽ പാലം ഭാഗികമായി നശിച്ചെങ്കിലും പിന്നീട് പുനഃസ്ഥാപിച്ച് ഇന്നും വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. 17ാം നൂറ്റാണ്ടിൽ ചേർത്ത സീലിങ്ങിലെ പെയിന്റിങ്ങുകൾ ലൂസേണിന്റെ ചരിത്രത്തിൽ നിന്നുള്ള ദൃശ്യങ്ങൾ ചിത്രീകരിക്കുന്നു. റിയൂസ് നദിക്ക് കുറുകെയുള്ള ഈ മനോഹരമായ പാലം മധ്യകാലഘട്ടത്തിലേക്ക് ഒരു അദ്വിതീയ കാഴ്ച പ്രദാനം ചെയ്യുന്നു, കൂടാതെ ഫോട്ടോഗ്രാഫിക്ക് പറ്റിയ സ്ഥലവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.