ലങ്ക സ്വപ്നംപോലെ...
text_fieldsദാരിദ്ര്യത്തിലും ആന്തരികമായ നന്മയും കരുത്തും മാന്യതയും ലങ്കൻ ജനത പുലര്‍ത്തുന്നുണ്ട്. സോളോ ട്രിപ്പിന് സ്ത്രീകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഡെസ്റ്റിനേഷനാണ് ലങ്ക. ഒരിടത്തും അമാന്യമായ വര്‍ത്തമാനങ്ങളില്ല, തുറിച്ചുനോട്ടങ്ങളില്ല. കേരളത്തിൽ നിന്നാണ് എന്നറിയുേമ്പാൾ കൂടുതൽ ഇഷ്ടം പ്രകടിപ്പിക്കുന്നതായാണ് അനുഭവം.
ഒറ്റച്ചാട്ടം. കടൽതാണ്ടി മറുകരയെത്തിയാൽ ലങ്ക. അങ്ങനെ സ്വപ്നംകണ്ട കുട്ടിക്കാലം ആർക്കാണ് ഇല്ലാതിരിക്കുക? വേണ്ട. ധനുഷ്കോടി സന്ദർശിച്ചിട്ടുണ്ട് എങ്കിൽ ആ മുനമ്പിന്റെ അറ്റത്തുകൂടി കടലിലൂടെ നടന്ന് ലങ്കയിലെത്തണമെന്ന് വെറുതെയെങ്കിലും നിരീച്ചിട്ടുണ്ടാവില്ലേ. സത്യമാണ്, നൂറുകണക്കിന് കഥകളിലൂടെ, ഇതിഹാസത്തിലൂടെ, മിത്തുകളിലൂടെ ശ്രീലങ്ക നമ്മോട് ചേർന്നുനിൽക്കുന്നു. ഒരിക്കൽ ‘സിലോൺ’ മലയാളിയുടെ ഭാഗ്യാന്വേഷണങ്ങളുടെ നാടായിരുന്ന കഥ വേറെ.
സത്യത്തിൽ ശ്രീലങ്ക തൊട്ടടുത്താണ്. ഒറ്റച്ചാട്ടത്തിന്റെ സമയമേ വേണ്ടൂ. കൊച്ചിയിൽനിന്ന് ഒരു മണിക്കൂർകൊണ്ട് കൊളംബോയിൽ ഇറങ്ങാം. സുന്ദരവും പ്രശാന്തവുമായ നാടിന്റെ ഒാരോ കോണും നിങ്ങളെ പിടിച്ചുവലിക്കും. ആതിഥ്യമര്യാദകളിൽ സ്വയം മറക്കും. ഒരു ദ്വീപ് രാജ്യത്തെക്കുറിച്ചുള്ള പലതരം ധാരണകൾ എല്ലാം ലങ്കയിൽ എത്തുേമ്പാൾ തെറ്റും. അതിനാൽ മുൻവിധികൾ എല്ലാം മാറ്റിവെച്ച് ലങ്കയെ അറിയാൻ ശ്രമിക്കുക.
മറ്റൊരു കേരളം
നമ്മൾ മറ്റൊരു കേരളത്തിൽ ചെന്നിറങ്ങിയതായേ തോന്നൂ. സിംഹളീസിൽ എഴുതിയ ബോർഡുകൾ മാത്രമാണ് ചിലപ്പോഴെങ്കിലും സ്ഥലവിഭ്രാന്തിയിൽ നിന്ന് രക്ഷിക്കുക. നമ്മുടെ വീടുകള്‍, പലചരക്കുകടകള്‍, പച്ചക്കറി കടകള്‍ എല്ലാം തനിപ്പകര്‍പ്പായി അവിടെയുണ്ട്. കൊളംബോയിൽനിന്ന് യാത്രക്കാരുടെ പ്രിയ ഇടമായ കാൻഡിയിലേക്കോ സിഗ്രിയയിലേക്കോ സഞ്ചരിക്കുേമ്പാൾ നമ്മുടെ നാട് പിന്നിലോട്ട് ഒാടിമറയുന്നതാണ് കാണുക.
ശ്രീലങ്ക ശാന്തമാണ്
ആഭ്യന്തരയുദ്ധം ഏകപക്ഷീയമായി, കൂട്ടക്കൊലയിലൂടെ അടിച്ചമർത്തിയതോടെ ശ്രീലങ്ക ശാന്തമാണ്. എന്നാൽ, ‘യുദ്ധടൂറിസം’ എന്ന മട്ടിലോ അല്ലാതെയോ സഞ്ചാരികൾ ഇപ്പോൾ അധികവും സഞ്ചരിക്കുന്നത് ജാഫ്നയിലേക്കും തമിഴ് മേഖലകളിലേക്കുമാണ്. കൊളംേബായിൽനിന്ന് 400 കിലോമീറ്ററുണ്ട് ജാഫ്നയിലേക്ക്. തമിഴ് ഗ്രാമങ്ങളുടെയും തീരദേശ സംസ്കാരത്തിന്റെയും സുന്ദരമായ കാഴ്ചകളാണ് അവിടെ കാത്തിരിക്കുന്നത്. അനുരാധപുരവും കണ്ടാണ് മിക്കവരുടെയും ജാഫ്ന യാത്ര. ജാഫ്നയിലേക്ക് ഇപ്പോള്‍ സുഖമായി, പ്രശ്നമില്ലാതെ വണ്ടിയോടിക്കാനാവുമെന്നും സുന്ദരമായ ആ നാട് കാണേണ്ടതാണെന്നും യാത്രയിൽ ഒപ്പമുണ്ടായിരുന്ന ഡ്രൈവർ ധനുഷ് നിർബന്ധിക്കുേമ്പാൾ അവിടെയും കാണാതെ മടങ്ങാൻ മടിയാകും.
വിസ ഒാൺ അറൈവൽ
കൊളംബോയും തൊട്ടടുത്തുള്ള ഹിൽസ്റ്റേഷനായ കാൻഡിയും സിഗ്രിയയുമാണ് സന്ദർശകർ കൂടുതലായി എത്തുന്നത്. കാൻഡിയിലേക്ക് 120 കി.മീറ്റർ. സിഗ്രിയയിലേക്ക് 177 കി. മീറ്ററും. കാഴ്ചയുടെ ധാരാളിത്തമാണ് രണ്ടിടത്തും നമ്മെ ക്ഷീണിപ്പിക്കുക. കാൻഡിയിലേക്ക് പൈതൃകപാതയിലൂടെ കുതിക്കുന്ന ട്രെയിനുണ്ട്. പ്രകൃതിയെ അറിഞ്ഞുേപാകാൻ മിക്കവരും െട്രയിൻ ആണ് ആശ്രയിക്കുന്നത്. മലകൾക്കിടയിലൂടെ, വയലുകളെയും വാഴത്തോപ്പുകളെയും പിന്നിട്ടുള്ള യാത്ര സ്വപ്നംപോലെ സുന്ദരം. കാന്‍ഡിയിലെ മലമുകളിലെ ബുദ്ധമത ദേവാലയമായ സാന്ദഗിരി മഹാസേയയിലെത്തിയപ്പോള് മഴ തിമര്ത്തുപെയ്തു. ചവിട്ടുപടികള്‍ കയറിയെത്തിയപ്പോള്‍ മഴക്കൊപ്പം കോടയും തണുപ്പും പരന്നുവന്നു. കേരളത്തിലെ അതേ കാലാവസ്ഥതന്നെയാണ് ലങ്കയിലും. ജൂണിൽ മഴക്കാലം തുടങ്ങും. ആഗസ്റ്റു മുതൽ ഫെബ്രുവരിവരെയാണ് സീസൺ. ഏപ്രിൽ, മേയ് മാസങ്ങളിൽ യാത്ര ഒഴിവാക്കുന്നതാവും നല്ലത്. യാത്രക്ക് വിസ മുൻകൂട്ടി എടുക്കേണ്ടതില്ല. കൊളംബോ വിമാനത്താവളത്തിൽ നിമിഷങ്ങൾ കൊണ്ട് വിസ ഒാൺ അറൈവൽ അടിച്ചുതരും. അഥവാ മുൻകൂട്ടി വിസ വേണമെന്ന് നിർബന്ധമാണെങ്കിൽ ഒരാൾക്ക് 25 ഡോളർ ഫീസായി നൽകണം.
തിരിച്ചുവരവിനൊരുങ്ങുന്ന ലങ്ക
സമ്പന്നമായ ഭൂതകാലത്തില്‍നിന്ന് ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയ ശ്രീലങ്ക കരകയറാനുള്ള ശ്രമത്തിലാണ്. വിനോദ സഞ്ചാരമാണ് അവർ കാണുന്ന ഒരു വഴി. ദാരിദ്ര്യത്തിലും ആന്തരികമായ നന്മയും കരുത്തും മാന്യതയും ലങ്കൻ ജനത പുലര്‍ത്തുന്നുണ്ട്. സോളോ ട്രിപ്പിന് സ്ത്രീകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഡെസ്റ്റിനേഷനാണ് ലങ്ക. ഒരിടത്തും അമാന്യമായ വര്‍ത്തമാനങ്ങളില്ല, തുറിച്ചു നോട്ടങ്ങളില്ല, വിനോദ സഞ്ചാരകേന്ദ്രങ്ങളിലെ പതിവ് പിടിച്ചുവലിക്കലുകളില്ല. ഇന്ത്യയിൽനിന്നാണ്, കേരളത്തിൽനിന്നാണ് എന്നറിയുേമ്പാൾ കൂടുതൽ ഇഷ്ടം പ്രകടിപ്പിക്കുന്നതായാണ് അനുഭവം. ശ്രീലങ്കന്‍ രൂപക്ക് ഇന്ത്യന്‍ രൂപയേക്കാള്‍ മൂല്യം കുറവാണ്. അവരുടെ ഒരു രൂപ നമ്മുടെ .28 പൈസയാണ്. അതുകൊണ്ട് ചെറിയ തുകക്ക് നന്നായി ആഘോഷിക്കാം. നമ്മുടെ വടയും സമൂസയുമടക്കം എതാണ്ട് എല്ലാം അവിടെ ലഭിക്കും. ഇന്ത്യനല്ലാത്ത തദ്ദേശീയമായ വിഭവങ്ങളും ധാരാളം.
ഏകാകിയായി ബുദ്ധന്
ലങ്കയുടെ ഓരോ മുക്കിലും മൂലയിലും ബുദ്ധനുണ്ട്. മലയുടെ മുകളിലും വയലുകളിലും തിരക്കേറിയ കവലകളിലുമെല്ലാം ഏകാകിയായി ബുദ്ധന് ധ്യാനത്തിലിരിക്കുന്നു. കാന്‍ഡിയിലെ ‘ടെംപ്ള്‍ ഓഫ് ടൂത്ത്’ മുതല്‍ കൊളംബോ നഗരത്തിലെ ഗംഗാരാമയ്യ അമ്പലംവരെ കാണാന്‍ ഏറെ. കൊളംബോ നഗരത്തിൽപെട്ട മേഖലയിലെ റെഡ് മോസ്ക് (Jami-Ul-Alfar Mosque) കാണേണ്ടതു തന്നെ. ഇന്ത്യൻ മുസ്ലിംകൾ പണി കഴിപ്പിച്ചതാണ് 115 വർഷം പഴക്കമുള്ള പള്ളി. നഗരത്തിലെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നാണ് പേട്ട (Pettah). കൊളംബോയിൽ സ്വാതന്ത്ര്യ ചത്വരം, കാളീശ്വരം കോവിൽ, കൊളംബോ ബീച്ച്, ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരം കൂടിയ ലോട്ടസ് ടവർ, കടൽതീരത്തെ പഴയ പാർലമെന്റ് മന്ദിരം എന്നിങ്ങനെ മഹാനഗരത്തിൽ കാണാനും അറിയാനും ഒത്തിരി. ബുദ്ധദേവാലയങ്ങളിലടക്കം ഒരിടത്തും നിയന്ത്രണങ്ങളുടെ കാർക്കശ്യമില്ല. സംസ്കാരങ്ങളെ അപമാനിക്കാതിരിക്കുക മാത്രമേ സന്ദർശകർ ചെയ്യേണ്ടതുള്ളൂ. ബുദ്ധവിഗ്രഹങ്ങൾക്ക് നേരെ പിൻതിരിഞ്ഞ് നിന്ന് ചിത്രങ്ങൾ എടുക്കരുത്.
കൊളംബോ വർണപ്രപഞ്ചം
കൊളംബോ തിരക്കില്ലാത്ത, ശാന്തമായ നഗരമാണ്. കൊളോണിയല്‍ എടുപ്പുകളും ദാരിദ്ര്യവും സമ്പന്നതയും വിളിച്ചുപറയുന്ന കെട്ടിടങ്ങളുമെല്ലാം അവിടെയുണ്ട്. കാന്‍ഡിയിലും സിഗ്രിയയിലും മറ്റ് ഉൾനാടുകളിലുമെല്ലാമുള്ളത് ദാരിദ്ര്യത്തിന്റെ മുഖമാണ്. താമസിക്കുന്ന വീടുകളിലും വസ്ത്രങ്ങളിലും ഒന്നും ആഡംബരം ദൃശ്യമല്ല. മുട്ടോളമെത്തുന്ന പാവാടയും ഫ്രോക്കുമാണ് മിക്കവരുടെയും വേഷം. എന്നാല്‍, അതല്ല കൊളംബോയില്‍. വർണപ്രപഞ്ചം. അതിസമ്പന്നര്‍ താമസിക്കുന്ന നഗരമാണത്. ഇന്ത്യയിലെ യുവത്വത്തെപ്പോലെ ശ്രീലങ്കന്‍ ചെറുപ്പവും യൂറോപ്പിലേക്ക് നാടുവിടാന്‍ സ്വപ്നം കാണുന്നതായി തോന്നി. സ്വന്തമായി ഒരു വാഹനം വാങ്ങുക വിലയുടെ ആധിക്യം മൂലം കഴിയില്ലെന്ന് ശ്രീലങ്കക്കാര്‍ പറയുന്നത് സത്യം. അതേസമയം, ഇന്ത്യയിൽനിന്ന് ഇപ്പോൾ ധാരാളം ‘ഡെസ്റ്റിനേഷൻ വെഡിങ്ങുകൾ’ കൊളംബോയിൽ നടക്കുന്നുണ്ട്. ‘ചെലവ് കുറഞ്ഞ’ ആഡംബര വിവാഹങ്ങൾക്ക് അവിടം നല്ലൊരു വേദിയാണെന്നതിൽ സംശയമില്ല.
ലങ്ക മാറുന്നു
കൊളംബോ അടിമുടി മാറുകയാണ്. ഏക്കറുകണക്കിന് കടൽ നികത്തി അവിടെ പോർട്ട് സിറ്റി ഒരുങ്ങിക്കൊണ്ടിരിക്കുന്നു. നിക്ഷേപകർക്ക് വേണ്ടി ദുബൈ സിറ്റിപോലെ ഒന്ന് നിർമിച്ചെടുക്കാനാണ് അതി ബൃഹത്തായ പദ്ധതി ഒരുങ്ങുന്നത്. ടൂറിസം വികസിപ്പിക്കാൻ പഴമയുടെ സൗന്ദര്യം മാത്രം പോരെന്നതാകും പുതിയ നീക്കത്തിന് പിന്നിൽ. അതുവഴി മറ്റൊരു ലങ്കയിലേക്ക് ചുവടുമാറ്റം അവിടെ നടക്കുന്നുവെന്ന് പെെട്ടന്ന് തിരിച്ചറിയാനാകും. ഒരു അഞ്ചു-പത്ത് വർഷം കഴിഞ്ഞ് ചെല്ലുേമ്പാൾ തീർത്തും മാറിപ്പോയ ലങ്കയാകും സന്ദർശകരെ കാത്തിരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.