‘താച്ചി താഴ്‌വര’; ഹിമാചലിന്‍റെ നിഗൂഢ ഭംഗിയിലേക്കൊരു യാത്ര
text_fieldsനേരം പുലർന്ന് തുടങ്ങുന്നേയുള്ളു. ഡൽഹിയിൽ നിന്നും കുളുവിലേക്കുള്ള പാതയിൽ ഒട്ട് (aut) എന്ന ബസ് സ്റ്റോപ്പിൽ ഇറങ്ങി എങ്ങോട്ടെന്നില്ലാതെ നോക്കി നിന്നു.. താച്ചിയിലേക്കുഉള്ള ആദ്യത്തെ ബസ് വരാൻ ഇനിയും സമയം ഉണ്ടെന്ന് അടുത്തുള്ള ചായക്കടക്കാരൻ പറഞ്ഞു. അവിടുന്ന് തന്നെ ഒരു ചായയും കുടിച്ചു മഞ്ഞു വീണു കിടക്കുന്ന വഴിയിലൂടെ വെറുതെ അങ്ങോട്ടുമിങ്ങോട്ടും നടക്കാൻ തുടങ്ങി...
7.30നു തന്നെ താച്ചിയിലേക്കുഉള്ള ആദ്യത്തെ ബസ് വന്നു. പേരിനു മാത്രം രണ്ടോ മൂന്നോ യാത്രക്കാർ... ഒട്ടിൽ നിന്നും കുറച്ചു ദൂരം മുന്നോട്ട് പോയി ബാലി ചൗക്കിയിൽ നിന്നും വലതു വശത്തേക്കുള്ള ചെറിയ പൊട്ടിപൊളിഞ്ഞ റോഡിലൂടെ മഞ്ഞു കണങ്ങളെ വകഞ്ഞു മാറ്റി ദുർഘടമായ പാതയിലൂടെ ബസ് മുന്നോട്ട് പോകുകയാണ്. ആദ്യമൊക്കെ ആളൊഴിഞ്ഞ വണ്ടിയിൽ കർഷകരും സ്കൂൾ കുട്ടികളുമൊക്കെ തിങ്ങി നിറഞ്ഞു. വിടർന്ന കണ്ണുകൾ ഉള്ള വെളുത്തു തുടുത്ത ഒരു പെൺകുട്ടി എന്റെ സീറ്റിന്‍റെ അരികിലിലേക് വന്നിരുന്നു.. മാസ്ക് താടിയിലേക് താഴ്ത്തി വെച്ചിട്ടുണ്ട്. സ്കൂളിൽ കയറുമ്പോൾ മാത്രമേ മാസ്ക് ശരിയായ ദിശയിൽ വെക്കാറുള്ളു എന്നും തന്റെ ഗ്രാമത്തിൽ ആർക്കും കൊറോണ വന്നിട്ടില്ല, പിന്നെ എന്തിന് ഈ മാസ്ക് വെക്കുന്നു എന്നൊക്കെ പരിഭവങ്ങൾ പറഞ്ഞു തുടങ്ങി. വളരെ പെട്ടന്ന് തന്നെ നമ്മളോട് ഇണങ്ങി ചേർന്ന് പല വിശേഷങ്ങളും പങ്കു വെക്കുന്നതിനിടയിൽ സ്കൂളിന്റെ മുന്നിലായി വണ്ടി നിർത്തി. കുട്ടികൾ ഓരോരുത്തരായി ഇറങ്ങി തുടങ്ങിയപ്പോൾ, പറഞ്ഞു തീരാത്ത വിശേങ്ങളുമായി ബാഗും എടുത്തു അവളും ധൃതിയിൽ പുറത്തേക്കിറങ്ങി.
ആളൊഴിഞ്ഞ ബസിൽ വിരലിൽ എണ്ണാവുന്ന കർഷകർ മാത്രമേയുള്ളു. മട്ടറും (ഗ്രീൻപീസ്) റാഡിഷും വിളയുന്ന തോട്ടത്തിലേക്കാണ് അവർ പണിക്കു പോകുന്നത്. കുന്നും മലകളും താണ്ടി ചെമ്മണ്ണു വിരിച്ച പാതയിലൂടെ പൊടിയും പറത്തി ആടിയുലഞ്ഞു കൊണ്ട് വണ്ടി താച്ചിയുടെ ഉയരങ്ങളിലേക് കയറി തുടങ്ങി. ഇലകൾ കൊഴിഞ്ഞ ആപ്പിൾ മരത്തിൽ പൊതിഞ്ഞിരിക്കുന്ന മഞ്ഞു കണത്തെ പുലർകാല വെയിൽവന്നു അലിയിച്ചു കളയുന്ന മനോഹരമായ കാഴ്ചകൾക്കൊപ്പം താഴ്‌വരയെ കീറിമുറിച്ചു ഒരു ബസിനു മാത്രം കടന്നു പോകാനുള്ള വീതിയുള്ള പാതയിലൂടെ പോകുമ്പോൾ ഭീതിയും തോന്നിത്തുടങ്ങി..
ഏകദേശം ഒമ്പത് മണിയോടെ താച്ചിയിലെ അവസാന ഗ്രാമത്തിൽ ബസ് ഇറങ്ങി. ബഡ്ലൂഥാറിലേക് ഇനിയും മൂന്നു കിലോമീറ്ററിലധികം ദൂരമുണ്ട്. ടാക്സി സർവിസ് ഉണ്ടെങ്കിലും കാഴ്ചകൾ കണ്ടു പതിയെ നടക്കാമെന്നു തീരുമാനിച്ചു ഗ്രാമത്തിലേക് യാത്ര തിരിച്ചു. ആ ഗ്രാമത്തിൽ മലപ്പുറം കരുവാരകുണ്ട് സ്വദേശിയായ ജുബിഷ് ഒരു ഹോം സ്റ്റേ നടത്തുന്നുണ്ട്. ഭക്ഷണവും താമസവും അവിടെ തന്നെയാണ് ബുക്ക് ചെയ്തിരിക്കുന്നത്. മലയാളി ഉണ്ടെന്ന ധൈര്യത്തിൽ തന്നെയാണ് ഹിമാലയത്തിലെ ആൾ തിരക്കില്ലാത്ത പുതിയ ഒരു സ്ഥലത്തേക്ക് യാത്ര തിരിച്ചതും.
പോകുന്ന വഴികളിൽ കൂട്ടം കൂട്ടമായി ചേർന്ന് തോട്ടങ്ങളിൽ ജോലിക്കു പോകുന്ന സ്ത്രീകളെ കാണാം. ഹിമാചലിലെ മലാന പോലുള്ള ഗ്രാമങ്ങളിലെ ജനങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ സമീപനമായിരുന്നു താച്ചിയിലെ ജനങ്ങൾ. ആദ്യമായി കാണുമ്പോൾ തന്നെ പുഞ്ചിരിയോടെ നമ്മുടെ മുഖത്തേക്ക് നോക്കും. ബഡ്ലൂഥാറിലേക്കുഉള്ള വഴി ചോദിച്ചപ്പോൾ അങ്ങകലെ കാണുന്ന മൊബൈൽ ടവറിനെ ലക്ഷ്യമാക്കി നടക്കാൻ പറഞ്ഞു. ഹിന്ദി ഭാഷയിൽ അല്ല അവർ സംസാരിച്ചത്, ഗ്രാമങ്ങളിലെ ലോക്കൽ ഭാഷയായ പഹാടി ഭാഷയാണ്. മൊബൈൽ ടവർ എന്ന വാക് ഉച്ചരിച്ചത് കൊണ്ട് മാത്രമാണ് അവർ പറഞ്ഞത് എന്തായിരിക്കും എന്ന് എനിക്ക് ഉൾകൊള്ളാൻ പറ്റിയത്. രാജ്മയും ചോളവും വിളയുന്ന കൃഷി ഭൂമിയിലൂടെ അവർ ചൂണ്ടി കാണിച്ച ദിക്കിനെ ലക്ഷ്യമാക്കി മുന്നോട്ടു നടന്നു. വെയിൽ തട്ടി ആപ്രിക്കോട്ടു മരങ്ങളിൽ നിന്നും മഞ്ഞു തുള്ളികൾ ബാഷ്പമായി ദേഹത്തേക്ക് വീഴുന്നുണ്ട്. കുറച്ചു ദൂരം പിന്നിട്ടപ്പോൾ തന്നെ മലയുടെ മുകളിലായി ഹിപ്പി ഗോത്ര എന്ന ഹോം സ്റ്റേ കണ്ടു തുടങ്ങി. കുത്തനെയുള്ള കയറ്റം കയറി മുകളിൽ എത്തിയപ്പോൾ തന്നെ കിതച്ചു തളർന്നുപോയി. കുറച്ചു നേരം വിശ്രമിച്ച ശേഷം ചൂടുവെള്ളത്തിൽ കുളി കഴിഞ്ഞപ്പോൾ യാത്രയിലെ ക്ഷീണം എങ്ങോ പോയി മറഞ്ഞു...
തൊട്ടടുത്തായി താമസിക്കുന്ന ദീദിയും മക്കളും ഹോം സ്റ്റേയിലേക്ക് വന്നു. ദീദിയുടെ മകൾക്കും മരുമകൾക്കും ഹിന്ദി അറിയാം. പക്ഷേ ദീദിക് പഹാടി ഭാഷ മാത്രം അറിയുള്ളു. ഗ്രാമത്തിലെ കൊച്ചു കുട്ടികൾ വരെ ഹിന്ദി സംസാരിക്കും, കാരണം സ്കൂളിൽ പ്രാദേശിക ഭാഷ ഹിന്ദിയാണ്. ആദ്യമായി കണ്ട ഒരാളെ പോലെ അല്ലായിരുന്നു അവരുടെ സമീപനം. ഇടയ്ക്കിടെ വന്നു പോകുന്ന അതിഥിയെ പോലെ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. തൊട്ടുമുകളിൽ ആയി പ്രാചീന രീതിയിൽ തടി കൊണ്ട് ഉണ്ടാക്കിയ അവരുടെ വീട്ടിലേക് എന്നെയും കൂട്ടികൊണ്ട് പോയി. വീടിന്റെ മുറ്റത്ത് ഒരു സൈഡിൽ മണ്കലത്തിൽ ചാരായം വാറ്റുന്നുണ്ട്. ശർക്കരയും ആപ്രിക്കോട്ടു പഴങ്ങളും ചേർത്ത് വാറ്റി എടുക്കുന്നതിനെ ദാരു എന്നാണ് പറയപ്പെടുന്നത്.
ഈ കാലാവസ്ഥയിൽ അവർക്കു ഇത് കൂടിയേ തീരു. മിക്കവാറും വീടുകളിൽ ഇത് സ്വന്തമായി ഉണ്ടാകുന്നുണ്ട്. ഹിമാലയൻ ജനങ്ങളുടെ ജീവിതത്തിലേക്കു ഇറങ്ങി ചെന്നാൽ ഇതുപോലെയുള്ള രസകരമായ ജീവിതരീതികൾ നമുക്ക് കാണാൻ കഴിയും. അതിനിടയിൽ ദീദി ഒരു ഗ്ലാസ് ദാരുവുമായി എന്റെ മുന്നിലേക്ക് വന്നു. ഇതൊന്നും ഞാൻ ഉപയോഗിച്ച് ശീലമില്ലെന്നു അവരെ പറഞ്ഞു മനസ്സിൽ ആകാൻ ഒത്തിരി പ്രയാസപ്പെട്ടു.
താച്ചിയുടെ താഴ്‌വരയിലേക്ക്
ഉച്ചയോടെ ഹോം സ്റ്റേയിലെ ഒരു മലയാളി സുഹൃത്തു ബാസിയോടൊപ്പം താച്ചിയുടെ താഴ്വരകൾ കാണാനായി ഇറങ്ങി. ഇടതൂർന്ന പൈൻ മരങ്ങൾക്കിടയിലൂടെ താഴേക്കു നടന്നു. മഞ്ഞു പാളികൾ പലയിടത്തും ചിതറി കിടക്കുന്നുണ്ട്. അരുവിയിലെ ജലം മുഴുവൻ ഐസ് ആയി ഉറഞ്ഞു പോയിട്ടുണ്ട്. അതുകൊണ്ട് ആകാം നിശബ്ദമായ ഒരു അന്തരീക്ഷം അവിടെ തളം കെട്ടി നിന്നിരുന്നത്. ഏപ്രിൽ-മെയ് മാസങ്ങളിൽ താച്ചിക്ക് വേറൊരു മുഖമാണത്രെ. എങ്ങോട്ട് നോക്കിയാലും പല തരത്തിലുള്ള പൂക്കൾ വിരിഞ്ഞു നിൽക്കുമെന്നും അരുവികൾ ഒക്കെ നിറഞ്ഞു കവിഞ്ഞു ശബ്ദ മുഖരിതമായി തല തല്ലി ഒഴുകുന്ന കാഴ്ചകൾ കാണാമെന്നും ബാസി പറഞ്ഞു. പർവത നിരകളിലെ പച്ചപ്പ് നല്ല വ്യക്തമായി കാണാം കഴിയും. നവംബർ-ഡിസംബർ മാസങ്ങളിൽ താഴ്‌വരകളിലേക് പോകുന്ന വഴികളൊക്കെ മഞ്ഞു കൊണ്ട് മൂടും. കുറച്ചു ദൂരം മുന്നോട്ട് നടന്നപ്പോൾ മലമുകളിൽ നിന്നും അരുവിയിലേക് ശക്തിയായി വെള്ളം വീഴുന്നുണ്ട്, അതിനു അടുത്തായി തടി കൊണ്ട് ഉണ്ടാക്കിയ ഒരു ഒറ്റമുറി കൂടാരവും കാണാം. അതിന്റെ മുൻ ഭാഗം താഴിട്ടു പൂട്ടിയിട്ടുണ്ട്.
ഗോതമ്പും മറ്റു ധാന്യങ്ങളും പൊടിക്കുന്ന മില്ല് ആണിത്. അതിന്റെ വേറൊരു പ്രത്യേകത ഇത് കറന്റ് ഉപയോഗിച്ച് അല്ല പ്രവർത്തിപ്പിക്കുന്നത്. യന്ത്രത്തിന്റെ അടിഭാഗത്തു നിന്നും മുളയുടെ അകൃധിയിൽ ഉള്ള ഉരുണ്ട തടികഷ്ണം അരുവിയിലേക്ക് നീളുന്നുണ്ട്. അവിടെ തടിയും ഇരുമ്പും കൊണ്ട് ഉണ്ടാക്കിയ ഒരു വലിയ ടർബയിൻ വെച്ചിട്ടുണ്ട്. തടിയുടെ അഗ്രഭാഗം ടർബൈനുമായി ബന്ധിപ്പിക്കുന്നു. ടർബയിനിൽ മലമുകളിൽ നിന്നും ശക്തിയായി താഴേക്കു വരുന്ന വെള്ളം തട്ടുമ്പോൾ ടർബയിൻ കറങ്ങുകയും അങ്ങനെ കൂടാരത്തിനകത്തു തടിയുമായി ബന്ധിപ്പിച്ചിരിക്കുന്ന യന്ത്രം കറങ്ങുകയും ധാന്യങ്ങൾ പൊടിക്കുകയും ചെയ്യും. നവംബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ അതി ശൈത്യം ആയതു കൊണ്ട് വെള്ളത്തിനുവേണ്ടത്ര ശക്തി ഉണ്ടാകില്ല. ഐസ് കട്ടകളായി പൊടിഞ്ഞു വീഴുന്ന രീതിയിൽ ആണ് വെള്ളത്തിന്റെ ഗതി. അതുകൊണ്ട് ഈ സമയങ്ങളിൽ കൂടുതൽ പേരും വൈദ്യുതി ഉപയോഗിച്ചുള്ള മില്ലുകളെ ആശ്രയിക്കും. മുൻവശം താഴിട്ടു പൂട്ടിയിരിക്കുന്നതിനാൽ അകത്തേക്ക് കയറാനും പറ്റിയിട്ടില്ല.
വൈകുന്നേരം തിരിച്ചു റൂമിലേക്കു എത്തി. തണുപ്പ് കൂടിക്കൂടി വരുന്നുണ്ട്. കിച്ചണിൽ രാത്രിയിലേക്കുള്ള അത്താഴത്തിന്റെ ഒരുക്കങ്ങൾ ആണ്. സഹായത്തിനായി ദീദിയും മകളും മരുമകളും ഉണ്ട്. ദീദിയുടെ മകൾ മിഷ്യനിൽ പരത്തുന്നതിനേക്കാൾ ഭംഗിയായി റൊട്ടി ഒരു മിനിറ്റ് കൊണ്ട് കൈ കൊണ്ട് റൗണ്ട് ആയി തട്ടി പരത്തുന്നത് അത്ഭുതത്തോടെ നോക്കി നിന്നുപോയി. ഇടക്കിടെ ഹിന്ദി പാട്ട് ഉച്ചത്തിൽ വെച്ച് അതിന്റെ താളമൊക്കെ ആസ്വദിച്ചാണ് പാചകം ചെയ്യുന്നത്. രാവിലെ എഴുന്നേറ്റ് മഞ്ഞുരുകുന്ന മലകൾക്കിടയിലൂടെ ഉദിച്ചുയരുന്ന സൂര്യോദയം കാണണമെന്ന ഉദ്ദേശ്യത്തോട് കൂടി അലാറവും സെറ്റ് ചെയ്തു ഉറങ്ങാൻ കിടന്നു. രാവിലത്തെ അതി ശക്തമായ തണുപ്പിൽ അലാറമൊക്കെ തോറ്റുപോയി. 10 മണിക്ക് ശേഷമാണു പുറത്തേക് ഇറങ്ങിയത്.
11 മണിക്ക് ഒരു വണ്ടി വരുമെന്നും അതിൽ കയറി താച്ചിയുടെ ഏറ്റവും ഉയരങ്ങളിലേക്കുള്ള മല നിരകളിലേക് പോകണം എന്ന് പറഞ്ഞത് കൊണ്ട് രാവിലെ തന്നെ അതിനുള്ള തയാറെപ്പുകൾ തുടങ്ങി. ഭക്ഷണം ഒക്കെ കിച്ചണിൽ റെഡി ആക്കി വെച്ചിട്ടുണ്ട്. നമ്മുടെ വീടുപോലെ ഭക്ഷണം എടുത്ത് കഴിക്കണം. പിന്നെ നമുക്ക് ഇഷ്ടം ഉള്ള ഭക്ഷണം നമുക്ക് വേണമെങ്കിൽ സ്വന്തമായി ഉണ്ടാക്കാം. ഞാൻ പോയിട്ടുള്ള മറ്റേതു ഹോം സ്റ്റേയിൽ നിന്നും വ്യത്യസ്തമായ ഒരു രീതിയായിരുന്നു ഇവിടെ. കൃത്യം 11 മണിക്ക് തന്നെ വണ്ടി വന്നു. ബഡ്ലുഥാറിൽ നിന്നു പതുക്കെ പതുക്കെ ഉയങ്ങളിലേക്ക് കയറിതുടങ്ങി. പോകുന്ന വഴികളിൽ നിറയെ മനോഹരമായ കൊത്തുപണികളോട് കൂടിയ വീടുകൾ കാണാം. തടികൊണ്ട് ഉണ്ടാക്കിയ വീടുകളിൽ കരിങ്കല്ല് കഷണങ്ങൾ സ്ലേറ്റ് പോലെ ചെത്തി മിനുക്കിയാണ് മേൽക്കൂരകൾ നിർമിച്ചിരിക്കുന്നത്. ഓരോ വീടിന്റെ മുറ്റത്തും പലതരം കൃഷികളുണ്ട്.
വേലികളിൽ പല വർണങ്ങളിലുള്ള ചെടികൾ പൂത്തു തളിർത്തു നിൽക്കുന്നു. വീടുകൾ കഴിഞ്ഞു മുന്നോട്ട് പോകുമ്പോൾ ഒരു വശത്ത് അഗാധമായ ഗർത്തവും മറുവശത്ത് ചിന്നി ചിതറി ഒഴുകുന്ന അരുവിയും. മുകളിലേക്കു കയറുന്തോറും തണുപ്പ് കൂടി കൂടി വന്നു. അരുവിയുടെ കള കള ശബ്ദം നേർത്തു ഇല്ലാതായി. മുകളിൽ അരുവികൾ ഐസ് പോലെ ഉറഞ്ഞു പോയത് കൊണ്ടാണ്. 12 മണിയോടെ താച്ചിയുടെ ഏറ്റവും ഉയരത്തിലുള്ള സ്പാനിഥാർ എന്ന സ്ഥലത്തെത്തി. ഇവിടെ നിന്നാണ് പാര ഗ്ലൈഡിങ് ആരംഭിക്കുന്നത്. കൊടും തണുപ്പിൽ കൈ കാലുകൾ വിറച്ചു തുടങ്ങി. വണ്ടിയുടെ ഡ്രൈവർ കുറച്ചു കരിയിലകളും വിറകും കൂട്ടിയിട് തീയിട്ടു. തത്കാലം ഒരാശ്വാസം തോന്നി. ഏകദേശം 3 മണിയോടെ പാര ഗ്ലൈഡിങ് അവസാനിപ്പിച്ചു ഷെട്ടി നാഗ് ക്ഷേത്രത്തിലേക്ക് പോയി. സ്പാനിഥാറിൽ നിന്നും 3 കിലോമീറ്റർ ഉള്ളു അവിടേക്കു. സമുദ്ര നിരപ്പിൽ നിന്നും 10060 അടി ഉയരത്തിൽ സ്ഥിതി ചെയുന്ന ഈ ക്ഷേത്രത്തെ മഞ്ഞു മൂടിയ ക്ഷേത്രം എന്ന് വേണമെങ്കിൽ വിശേഷിപ്പികാം. 4 മണി കഴിഞ്ഞപ്പോൾ തന്നെ മഞ്ഞു വന്നു മൂടാൻ തുടങ്ങി, പോരാത്തതിന് ശക്തമായ കാറ്റും വീശി തുടങ്ങി.
സുഖകരമായ കാലാവസ്ഥയല്ല എന്ന് തോന്നിയപ്പോൾ അവിടെ നിന്നും പെട്ടന്ന് മടങ്ങേണ്ടി വന്നു. തിരിച്ചു റൂമിലേക്കു എത്തിയപ്പോൾ തന്നെ സന്ധ്യ മയങ്ങി. ഉച്ചയോടെ തിരിച്ചു വരണമെന്ന ഉദ്ദേശ്യത്തോടെയാണ് അങ്ങോട്ടേക്ക് പോയത്. കാലാവസ്ഥ മോശമായതു കൊണ്ട് പാരാഗ്ലൈഡിങ് ഒരുപാടു വൈകിയാണ് ആരംഭിച്ചത്. ഉച്ചക്കുള്ള ഭക്ഷണം ഒന്നും കഴിക്കാൻ പറ്റിയില്ല. ഉച്ച ആയപ്പോൾ നമ്മുടെ നാട്ടിലെ അരി പോലെ അവിടെ ഉപയോഗിക്കുന്ന രാജ്മ ഉപയോഗിച്ച് ചോറും കറികളും ഒക്കെ റെഡിയാക്കി ദീദി നമ്മളെയും കാത്തു ഇരുന്നു.
രാത്രിയിൽ പതിവ് പോലെ ഭക്ഷണം ഉണ്ടാക്കാൻ ദീദിയും മക്കളുമെത്തി. ഉരുളകിഴങ്ങും ദാൽ പരിപ്പും കൊണ്ട് എരിവുള്ള കറി ഉണ്ടാക്കി തന്നപ്പോൾ ക്യാരറ്റും പഞ്ചസാരയും കൊണ്ട് മധുരമുള്ള ഹൽവ ഞാൻ അവർക്കായി പാചകം ചെയ്തു. ഹൽവ കഴിച്ചു ദീദി പഹാടി ഭാഷയിൽ എന്തൊക്കെയോ പറയുന്നുണ്ട്.. ( ബഡ്ലുഥാറിൽ പൂക്കൾ വിരിയുന്ന സമയം വീണ്ടും വരണം എന്നാണ്).
രാവിലെ 8.30നു തന്നെ ബഡ്ലൂഥാറിൽ നിന്നും യാത്രപറഞ്ഞു താച്ചിലെ ബസ് സ്റ്റോപ്പിലേക്ക് യാത്രയായി. ദീദിയും മക്കളും വാതിക്കൽ തന്നെയുണ്ട്. തലേ ദിവസത്തെ സന്തോഷമൊന്നുമില്ല മുഖത്ത്. കുത്തനെയുള്ള വഴികളിലൂടെ താഴേക്കു താഴേക്കു നടന്നു ഇറങ്ങി. അവർ ഇപ്പോഴും വാതിലിൽ എന്നെയും നോക്കി നിൽപുണ്ടാവും. തിരിഞ്ഞു നോക്കാൻ എനിക്ക് തോന്നിയില്ല കാരണം ആ ചിരിയും വിടർന്ന കണ്ണുകളും തന്നെയാണ് മനസ്സിൽ തെളിയുന്നത്.. അതങ്ങനെ തന്നെ ഇരിക്കട്ടെ...
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.