ഖത്തറികളുടെ ഇഷ്ട വിനോദസഞ്ചാര കേന്ദ്രങ്ങളായി തുർക്കിയയും തായ് ലൻഡും
text_fieldsദോഹ: ആഗോള യാത്രകളും വിനോദസഞ്ചാരമേഖലയും കോവിഡ് മഹാമാരിക്ക് മുമ്പുണ്ടായിരുന്ന പൂർവസ്ഥിതിയിലേക്ക് മടങ്ങിയെത്തുമ്പോൾ യൂറോപ്പിലെയും ഏഷ്യയിലെയും മുൻനിര വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ദോഹയിൽനിന്നുള്ള സന്ദർശകരുടെ എണ്ണം വർധിക്കുന്നു. തുർക്കിയ, തായ്ലൻഡ്, ജർമനി, ബ്രിട്ടൻ എന്നീ രാജ്യങ്ങളാണ് ഖത്തറിൽ നിന്നുള്ള യാത്രക്കാരധികവും അവധി ചെലവഴിക്കുന്നതിനായി തെരഞ്ഞെടുക്കുന്നതെന്ന് ടൂറിസം മേഖലയിലെ വിദഗ്ധർ പറയുന്നു.
സാധാരണ വിശ്രമയാത്രകൾക്ക് പുറമേ മെഡിക്കൽ ടൂറിസം മേഖലയും ഉയർന്നു വന്നിരിക്കുകയാണെന്നും ഖത്തറിൽ നിന്നും ഏറ്റവും കൂടുതൽ പേർ തെരഞ്ഞെടുക്കുന്നത് തുർക്കിയയും തായ്ലൻഡുമാണെന്നും ഹാപ്പി ജേർണി ട്രാവൽസ് ഓപറേഷൻ മാനേജർ ഇർഫാൻ ഒമർ പറഞ്ഞു. ഖത്തറിൽ നിന്നുള്ള യാത്രക്കാർക്ക് തുർക്കിയ എപ്പോഴും ആകർഷകമായ ഇടമാണ്. തുർക്കിയയിൽ ഇസ്തംബൂൾ, കപ്പഡോഷ്യ, അൻറാലിയ, ഇസ്മിർ എന്നീ കേന്ദ്രങ്ങളാണ് അവർക്ക് ഏറെ പ്രിയമെന്നും ഇർഫാൻ ഒമർ ദി പെനിൻസുലയോട് പറഞ്ഞു. ലണ്ടൻ, മ്യൂണിക്, ബാങ്കോക്ക് തുടങ്ങിയ നഗരങ്ങളിലേക്കും ഖത്തറിൽ നിന്നുള്ള സന്ദർശകർ വർധിച്ചിട്ടുണ്ട്.ലോകകപ്പ് കാലത്ത് നവംബർ, ഡിസംബർ മാസങ്ങളിൽ നിരവധി പേരാണ് ഖത്തറിലെത്തിയത്. നിരവധി ഖത്തരികളും താമസക്കാരും ഇക്കാലയളവിൽ പുറത്ത് പോകുകയും ചെയ്തു. ജനുവരിയിലും ഖത്തറിൽനിന്ന് നിരവധി പേർ മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നുണ്ട്.
പരിശോധനക്കും ചികിത്സക്കുമായി നിരവധി പേരാണ് ഖത്തറിൽ നിന്നും തുർക്കിയയിലേക്കും തായ്ലൻഡിലേക്കും യാത്ര ചെയ്യുന്നത്. ലണ്ടനും ഒരുപാടു പേർ ചികിത്സക്കും മറ്റുമായി ആശ്രയിക്കുന്ന മറ്റൊരു കേന്ദ്രമാണ്. മെഡിക്കൽ ടൂറിസം രംഗത്ത് ലോകത്ത് തന്നെ ഏറ്റവും മുൻനിരയിലുള്ള കേന്ദ്രങ്ങളിലൊന്നാണ് തുർക്കിയ. കഴിഞ്ഞ വർഷം ആദ്യ ഒമ്പത് മാസങ്ങളിൽ നിന്നായി മെഡിക്കൽ ടൂറിസത്തിൽ നിന്നു മാത്രം രാജ്യം 160 കോടി ഡോളറാണ് സമ്പാദിച്ചതെന്ന് തുർക്കിയ ഹെൽത്ത് കെയർ കമ്പനി പറയുന്നു.
ചികിത്സക്കായി തായ്ലൻഡ് തെരഞ്ഞെടുക്കുന്നവർക്ക് ഈയിടെ ഒരുവർഷത്തെ വിസ സർക്കാർ പ്രഖ്യാപിച്ചിരുന്നു. തെക്ക് കിഴക്കനേഷ്യയിലെ മികച്ച ആരോഗ്യ സംവിധാനങ്ങളും ചെലവു കുറഞ്ഞ ചികിത്സയും സൗന്ദര്യവർധക ചികിത്സയിലെ ആധുനിക സൗകര്യങ്ങളുമാണ് തായ്ലൻഡിലേക്ക് സന്ദർശകരെ ആകർഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.