താമരപ്പൂക്കൾ നിറഞ്ഞ തടാകത്തിന് നടുവിൽ വരംഗയിലെ തടാക ക്ഷേത്രം
text_fieldsവെളുത്ത താമരപ്പൂക്കൾ നിറഞ്ഞ തടാകത്തിന് നടുവിൽ പുരാതനവും അതിസുന്ദരവുമായ ജൈനക്ഷേത്രം. അതാണ് കേരെ ബസതി. കേരെ എന്നാൽ തടാകമെന്നാണ് അർഥം. വരംഗയിലെ തടാകക്ഷേത്രവും അവിടേക്കുള്ള തോണിയാത്രയും അതിനടുത്തുള്ള നേമിനാഥ ബസതിയും തൊട്ടടുത്തുള്ള വയലേലകളും എല്ലാം കൂടി തരുന്ന ഒരു മനോഹാരിതയും ശാന്തതയും സ്വച്ഛതയും പറഞ്ഞറിയിക്കാൻ വയ്യാത്ത അനുഭവമാണ്. പുരാതനമായ ജൈന ക്ഷേത്രങ്ങൾ കൊണ്ട് നിറഞ്ഞ കർണാടകയിലെ ഷിമോഗ ജില്ലയിൽ ഉഡുപ്പിക്കടുത്തുള്ള ഒരു ഗ്രാമമാണ് വരംഗ.
ചതുർകോണ മുഖമുള്ള ക്ഷേത്രവും അതിനുചുറ്റും തടാകവും അതിൽ വിരിഞ്ഞുനിൽക്കുന്ന താമരപ്പൂക്കളും തോണിയിൽ പോകുമ്പോൾ പിരിഞ്ഞുപോകാൻ കൂട്ടാക്കാതെ കൂടെ വരുന്ന മത്സ്യക്കുഞ്ഞുങ്ങളുടെ പറ്റവും എല്ലാം ചേർന്ന് അലൗകികമായ അനുഭൂതിയാണ് നമ്മുടെ ഉള്ളിൽ നിറക്കുക.
ജൈനന്മാർ പണി കഴിപ്പിച്ച ബസതികളിൽ ഏറ്റവും മനോഹരമായ ബസതിയാണ് വരംഗയിലെ തടാക ക്ഷേത്രമെന്ന് നിസംശയം പറയാം. നിർമിതിയുടെ അതുല്യത കൊണ്ടും പഴക്കം കൊണ്ടും പ്രശസ്തമായ ഈ ജൈന ക്ഷേത്രം 12ാം നൂറ്റാണ്ടിലാണ് പണികഴിപ്പിച്ചിട്ടുള്ളത്. തോണിമാർഗം വഴി മാത്രമേ കേരെ ബസതിയിലേക്ക് പ്രവേശിക്കാൻ കഴിയൂ. ഇതിനടുത്തുള്ള ജൈനമഠത്തിൽ നിന്നും ടിക്കറ്റെടുത്താൽ മഠം അധികൃതർ തന്നെ സന്ദർശകർക്കായി ഒരുക്കിയ തോണിയിൽ കയറി ബസതിയിലെത്താം. 10 രൂപമാത്രമാണ് ടിക്കറ്റ്.
ക്ഷേത്രത്തിലെ മൂൽനായക് അതായത് പ്രധാന പ്രതിഷ്ഠ 23ാമത്തെ തീർഥങ്കരനായ പാർശ്വനാഥനാണ്. ചതുഷ് കോണരീതിയിലാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. നാലു ഭാഗത്തും നാലു തീർഥങ്കരന്മാരെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത് എങ്കിലും പാർശ്വനാഥനാണ് പ്രധാനം. പാർശ്വനാഥൻ, നേമിനാഥൻ, ശാന്തിനാഥൻ, അനന്തനാഥൻ എന്നിവരുടെ വിഗ്രഹങ്ങൾ നാല് പ്രധാന ദിശകളിലേക്ക് പ്രതിഷ്ഠിച്ചിരിക്കുന്നു. കഷ്ടിച്ച് ഒരാൾക്ക് മാത്രം കടന്നുപോകാൻ കഴിയുന്ന വളരെ ഇടുങ്ങിയ ഇടവഴിയിലൂടെ നടന്നുവേണം നാല് തീർഥങ്കരന്മാരേയും കാണേണ്ടത്. തോണിയിലൂടെയുള്ള യാത്ര പോലെ തന്നെ ഇടുങ്ങിയ പ്രദക്ഷിണ വഴിയിലൂടെ നൂണ്ടുകയറിയുള്ള നടപ്പും ഒരു പ്രത്യേക അനുഭവമാണ്.
നേമിനാഥ ബസതിയിൽ നിന്ന് കണ്ടെടുത്തിട്ടുള്ള ലിഖിതം അനുസരിച്ച്, കുലശേഖര രാജാവിന്റെ ഭരണകാലത്ത്, അദ്ദേഹത്തിന്റെ രാജ്ഞിയുടെ ഉത്തരവനുസരിച്ചാണ് തടാകം പണിതതെന്ന് പറയുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിൽ ഏകദേശം 11 മുതൽ 14 ഏക്കർ വരെ വിസ്തൃതിയുള്ള തടാകം കുഴിച്ചെടുത്ത് ചതുർമുഖ ബസതി പണിയുകയായിരുന്നു.
നേമിനാഥ ബസതി
കേരെ ബസതിയേക്കാൾ പഴക്കമുള്ള ബസതിയാണ് നേമിനാഥ ബസതി. തടാകത്തിനു നടുവിൽ സ്ഥാപിച്ചിരിക്കുന്നു എന്നതാണ് കേരെ ബസതിയുടെ പ്രത്യേകതയെങ്കിൽ നേമിനാഥ ബസതി യഥാർഥ ജൈനപരമ്പര്യത്തിന്‍റെ പ്രൗഢി വിളിച്ചോതുന്നതുന്നതാണ്. കാർക്കളെ പട്ടണത്തിൽ നിന്ന് ഏകദേശം 24 കിലോമീറ്റർ വടക്ക് കാർക്കളെ -അഗുംബെ റോഡിലാണ് ബസതി സ്ഥിതി ചെയ്യുന്നത്. 1000ത്തോളം വർഷം പഴക്കമുള്ള ചന്ദ്രനാഥ ബസതിയും 850 വർഷത്തോളം പഴക്കമുള്ള മത്തദ ബസതിയും ഇതിനടുത്തുതന്നെയാണ് ഉള്ളത്. 1200 വർഷം പഴക്കമുള്ള ഈ നേമിനാഥ അല്ലെങ്കിൽ നേമിശ്വര ക്ഷേത്രം ഇപ്പോഴും സജീവമായ ആരാധനയും മതപരമായ ആചാരങ്ങളും തുടരുന്നു. പരിസരത്ത് വളരെ കുറച്ച് ജൈനവിശ്വാസികൾ മാത്രമേ ഉള്ളുവെങ്കിലും ആരാധാന ക്രമങ്ങൾക്കൊന്നും വ്യത്യാസം വരുത്തിയിട്ടില്ലെന്നും പൂജാരി പറയുന്നു. എങ്കിലും വിശ്വാസികളേക്കാൾ ടൂറിസ്റ്റുകളും സന്ദർശകരുമാണ് കൂടുതലായും വരംഗയിലെത്തുന്നത്.
22-ാമത്തെ ജൈന തീർത്ഥങ്കരനായ നേമിനാഥന് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമാണിത്. പൂർണമായും കരിങ്കല്ലിലാണ് ബസതി പണി തീർത്തിരിക്കുന്നത്. 1000 വർഷത്തോളം പഴക്കമുണ്ടെങ്കിലും പുരാതന രീതിയിൽ തന്നെ ഇത് സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ബസതിയിലേക്കുള്ള കവാടം കടന്ന് പ്രവേശിക്കുക വിശാലമായ മുറ്റത്തേക്കാണ്. കരിങ്കല്ലിൽ കൊത്തിയെടുത്ത രണ്ട് ആനകൾ കാവൽ നിൽക്കുന്ന കവാടത്തിലൂടെ വേണം അകത്തേക്ക് പ്രവേശിക്കാൻ. ചിത്രപ്പണികളുള്ള തൂണുകളും ശിൽപങ്ങളും നിറഞ്ഞ ബസതി കരിങ്കൽ കൊത്തുപണികളുടെ മനോഹാരിത വിളിച്ചോതുന്നു. അഞ്ചടിയിലധികം ഉയരമുള്ള നേമിനാഥനാണ് പ്രധാന പ്രതിഷ്ഠ. ഒരു വശത്ത് പദാമാവതി ദേവിയുടെ പ്രതിഷ്ഠയുമുണ്ട്. വരംഗരായ എന്ന രാജാവാണ് വരംഗയിലെ നേമിനാഥ ക്ഷേത്രം സ്ഥാപിച്ചതെന്ന് പറയപ്പെടുന്നു. ഹംച ജൈന പാരമ്പര്യത്തിന്‍റെ ഒരു ശാഖയാണ് വരംഗയിലെ ജൈന മഠം.
കർണാടകയിലെ വരംഗ ജൈന ക്ഷേത്രങ്ങളിൽ ഏറ്റവും പഴക്കമേറിയ രണ്ടാമത്തെ ക്ഷേത്രമാണ് വരംഗ ജൈന മഠത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന മത്തദ ബസദി അഥവാ ചന്ദ്രപ്രഭാ ബസദി.
എട്ടാമത്തെ ജൈന തീർത്ഥങ്കരനായ ചന്ദ്രപ്രഭക്കാണ് ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്. ഈ ജൈനക്ഷേത്രത്തിലെ പ്രധാന ആകർഷണം തീർത്ഥങ്കരനായ ചന്ദ്രപ്രഭയുടെ പത്മാസന ഭാവത്തിലുള്ള മനോഹരമായ വിഗ്രഹമാണ്. എന്തുകൊണ്ടും മനസ്സുു കുളിർപ്പിക്കുന്ന അനുഭവമായിരിക്കും വരംഗയിലെ തടാക ക്ഷേത്ര സന്ദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.