ആറളം വന്യജീവി സങ്കേതത്തിലെത്തുന്നവരെ അഭ്യാസങ്ങളുമായി സ്വീകരിക്കുകയാണ് ഇവർ
text_fieldsകേളകം (കണ്ണൂർ): ആറളം വന്യജീവി സങ്കേതത്തിലെത്തുന്ന സഞ്ചാരികൾക്ക് പ്രവേശന കവാടത്തിൽ കൗതുക കാഴ്ചയായി മലയണ്ണാനുകളുടെ അഭ്യാസങ്ങൾ. പശ്ചിമഘട്ട മലനിരകളിൽ കണ്ടുവരുന്ന മലയണ്ണാനുകൾ (malabar gaint squirrels) പരിസ്ഥിതി വിനോദ സഞ്ചാര മേഖലയും ജൈവവൈവിധ്യങ്ങളുടെ നിറകുടവുമായ ആറളം വന്യജീവി സങ്കേതത്തിന്‍റെ സവിശേഷതകളിൽ പെട്ടതാണ്.
വളയഞ്ചാൽ പ്രവേശന കവാടം കടന്നാൽ സഞ്ചാരികൾക്ക് ഇവയുടെ സാന്നിധ്യം മനസ്സിനെ കുളിർപ്പിക്കും. ഇൻറർപ്രട്ടേഷൻ സെന്‍ററിനോട് ചേർന്ന പാർക്കും പരിസരവും ഇവയുടെ വിഹാരകേന്ദ്രമാണ്.
കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തുള്ള വന്യജീവി സങ്കേതമാണ് ആറളം. സമുദ്രനിരപ്പിൽനിന്ന് 50 മുതൽ 1589 മീറ്റർ വരെ ഉയർന്നുകിടക്കുന്ന ഇവിടം ആയിരത്തിലേറെ സപുഷ്പികളായ സസ്യജാലങ്ങളാൽ സമൃദ്ധമാണ്. 49 ഇനം സസ്തനികളും 53 ഉരഗജീവികളും ഇരുന്നൂറിലേറെ ഇനം പക്ഷികളും 249 തരം ചിത്രശലഭങ്ങളും ചേർന്ന ജൈവമണ്ഡലം. കണ്ണിൽ കാണാത്തതും തിരിച്ചറിഞ്ഞിട്ടല്ലാത്തതുമായ ജീവികളും സസ്യങ്ങളും ആറളത്തിന്‍റെ സവിശേഷതയാണ്.
നിത്യഹരിത വനങ്ങളും ആർദ്ര ഇലപൊഴിയും വനങ്ങളും ചോലവനങ്ങളും പുൽമേടുകളുമെല്ലാം ഇൗ ജൈവവൈവിധ്യത്തിന്‍റെ മാറ്റുകൂട്ടുന്നു. 1589 മീറ്റർ ഉയരത്തിലുള്ള അമ്പലപ്പാറയാണ് ഏറ്റവും ഉയർന്ന പ്രദേശം. വിവിധയിനം കുരങ്ങുകളും മാനുകളും പുലികളും കാട്ടാനകളും കടുവകളും വിഹരിക്കുന്ന ആറളം വനത്തിൽ സഞ്ചാരികളുടെ മനം കുളിർപ്പിക്കുന്ന രാമച്ചി, മീൻമുട്ടി എന്നീ വെള്ളച്ചാട്ടങ്ങളുമുണ്ട്. കണ്ണൂരിൽനിന്ന് ഏകദേശം 60 കിലോമീറ്റർ ദൂരമുണ്ട് ആറളത്തേക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.