ലോക ടൂറിസം ഭൂപടം: തലസ്ഥാനം സഞ്ചാരികളുടെ പ്രിയ ലക്ഷ്യസ്ഥാനം
text_fieldsതിരുവനന്തപുരം: ലോക ടൂറിസം ഭൂപടത്തിൽ സഞ്ചാരികളുടെ പ്രിയ ഇടമായി തലസ്ഥാനം. പ്രമുഖ ട്രാവൽ വെബ്സൈറ്റായ സ്കൈ സ്കാനറിന്റെ ട്രെൻഡിങ് ഡെസ്റ്റിനേഷൻ പട്ടികയിലാണ് തലസ്ഥാനം ഇടംനേടിയത്. 2025ൽ കൂടുതൽ വിനോദസഞ്ചാരികൾ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന ട്രെൻഡിങ് ഡെസ്റ്റിനേഷനുകളുടെ പട്ടികയിൽ പത്താം സ്ഥാനമാണ് തിരുവനന്തപുരത്തിന്.
ഡെസ്റ്റിനേഷനുകൾക്കായുള്ള ഇന്റർനെറ്റ് തിരച്ചിലിൽ കഴിഞ്ഞ 12 മാസത്തെ വർധന അടിസ്ഥാനമാക്കിയാണ് പട്ടിക. 66 ശതമാനമാണ് വർധന. ഇറ്റലിയിലെ റെജോ കലാബ്രിയ ആണ് പട്ടികയിൽ ഒന്നാമത്. ഹെൽത്ത്-വെൽനെസ് ടൂറിസത്തിലെ നേട്ടവും തിരുവനന്തപുരത്തെ പട്ടികയിൽ മുൻനിരയിൽ എത്തിച്ചു.
തിരുവനന്തപുരത്തെയും കേരളത്തെയും സംബന്ധിച്ച് സന്തോഷകരമായ അംഗീകാരമാണിതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പുതിയ കാലത്ത് ഹെൽത്ത്-വെൽനെസ് ടൂറിസത്തിന് വലിയ പ്രാധാന്യമാണുള്ളത്.
ലോകപ്രശസ്തമായ അനേകം കാഴ്ചകളുള്ള തിരുവനന്തപുരത്തെ പൈതൃകനഗരമാക്കാനുള്ള പ്രവൃത്തി പൂർത്തിയാകുന്നു. മാനവീയംവീഥി വലിയ ശ്രദ്ധ നേടി. പ്രതിമകളുടെ ചരിത്രം പറയുന്ന പദ്ധതി അവസാനഘട്ടത്തിലാണ്. ചന്ദ്രശേഖർ നായർ സ്റ്റേഡിയം ഓവർബ്രിഡ്ജും ചാക്ക ഓവർബ്രിഡ്ജും ദീപാലംകൃതമാക്കാനുള്ള പ്രവർത്തനം പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.