ഇത് യൂറോപ്പല്ല, കേരളത്തിലെ കാഴ്ച; വൈറലായ ആ പാർക്കിന്‍റെ മാറ്റങ്ങൾ ഇങ്ങനെയാണ്
text_fieldsകഴിഞ്ഞദിവസം കോഴിക്കോട് ജില്ലയിലെ വടകരക്ക് സമീപം കാരക്കാട്ട് ഉദ്ഘാടനം ചെയ്ത വാഗ്ഭടാനന്ദ പാർക്കിന്‍റെ മനോഹാരിതയാണ് ഇപ്പോൾ സൈബർ ലോകത്തെ ചർച്ചാവിഷയം. യൂറോപ്യൻ രാജ്യങ്ങളെ അനുസ്മരിപ്പിക്കും വിധമാണ് ഈ പാർക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
നാദാപുരം റോഡ് റെയില്‍വേ സ്റ്റേഷന് മുതല്‍ ദേശീയപാത വരെയുള്ള റോഡാണ് മുഖച്ഛായ മാറ്റി വാഗ്ഭടാനന്ദ പാര്‍ക്ക് എന്ന് നാമകരണം ചെയ്തത്. ഓപ്പണ്‍ സ്റ്റേജ്, ബാഡ്മിന്‍റൺ കോര്‍ട്ട്, ഓപ്പണ്‍ ജിം, കുട്ടികളുടെ പാര്‍ക്ക് തുടങ്ങിയവയെല്ലാമുള്ള ഇവിടെ വഴിയോര വിശ്രമ കൂടാരങ്ങളും ആല്‍ച്ചുവടുകള്‍ പോലെയുള്ള ഇടങ്ങളില്‍ കൂട്ടായി ഇരിക്കാനുള്ള സീറ്റിങ് കോര്‍ണറുകളും ധാരാളം ഇരിപ്പിടങ്ങളും ഭിന്നശേഷിക്കാര്‍ക്കടക്കമുള്ള ടോയ്ലെറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. റോഡില്‍ നേരത്തേ തന്നെയുള്ള മത്സ്യമാര്‍ക്കറ്റും ബസ് സ്റ്റോപ്പും കിണറുമെല്ലാം പാര്‍ക്കിന്‍റെ രൂപകൽപ്പനക്കൊത്ത് നവീകരിക്കുകയാണ് ചെയ്തത്.
പാര്‍ക്കിന്‍റെ നവീകരണത്തില്‍ പ്രദേശവാസികളുടെ സജീവ പങ്കാളിത്തവുമുണ്ടായിരുന്നു. രൂപകൽപ്പനയുടെ തുടക്കം മുതല്‍ പ്രദേശവാസികളുടെ അഭിപ്രായങ്ങളും അവരുടെ നിര്‍ദേശങ്ങളും പൂര്‍ണമായി പരിഗണിച്ച് കൊണ്ടാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്.
വാഹനവേഗം നിയന്ത്രിക്കാന്‍ നിശ്ചിത അകലത്തില്‍ ടേബിള്‍ ടോപ് ഹമ്പുകള്‍, ഇരുവശത്തും നടപ്പാത, നടപ്പാതയെ വേര്‍തിരിക്കാന്‍ ഭംഗിയുള്ള ബൊല്ലാര്‍ഡുകള്‍ എന്നിവയും പാർക്കിനെ വ്യതസ്തമാക്കുന്നു.
നടപ്പാതയില്‍ ഉയര്‍ച്ചതാഴ്ചകള്‍ പരിഹരിച്ച് വീല്‍ ചെയറുകളും മറ്റും പോകാന്‍ സഹായിക്കുന്ന ഡ്രോപ് കേര്‍ബുകള്‍, കാഴ്ച വൈകല്യമുള്ളവർക്ക് നടപ്പാത തിരിച്ചറിയാന്‍ സഹായിക്കുന്ന ടാക്റ്റൈല്‍ ടൈലുകള്‍ തുടങ്ങിയ ആധുനിക ക്രമീകരണങ്ങളെല്ലാം പാര്‍ക്കിനെ ഭിന്നശേഷീ സൗഹൃദവും സുരക്ഷിതവുമാക്കുന്നു.
സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് 2.80 കോടി രൂപ ചെലവിലാണ് പാർക്ക് നിർമിച്ചത്. ഇരുപതാം നൂറ്റാണ്ടിൽ സമൂഹത്തിൽ നിലനിന്ന ജാതി വിവേചനങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ പോരാടിയ നവോത്ഥാന നായകൻ വാഗ്ഭടാനന്ദ ഗുരുവിനോടുള്ള ആദരസൂചകമായാണു പാർക്ക് നിർമിച്ചത്. വാഗ്ഭടാനന്ദ ഗുരു സ്ഥാപിച്ച ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്സ് സൊസൈറ്റിക്കായിരുന്നു നിർമാണ ചുമതല. നവീകരിച്ച പാർക്ക് കാണാൻ നിരവധി പേരാണ് എത്തുന്നത്. കോഴിക്കോട് ടൗണിൽനിന്ന് 55ഉം വടകരയിൽനിന്ന് അഞ്ച് കിലോമീറ്ററുമാണ് ഇങ്ങോേട്ടക്കുള്ള ദൂരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.