ഇവിടം സ്വർഗമാണ്
text_fieldsഭൂമിയിലെ സ്വർഗം എന്നറിയപ്പെടുന്ന കശ്മീരിൽ ഇത് മഞ്ഞു പൂക്കും കാലമാണ്. രണ്ടു സീസണിലാണ് കശ്മീരിൽ സന്ദർശകർ ഏറെയെത്തുന്നത്. മഞ്ഞും കുളിരും ആസ്വദിക്കാൻ ഡിസംബർ, ജനുവരി മാസങ്ങളിലും പൂക്കളും ഫലങ്ങളും മധുവും മണവും പരന്ന ജൂൺ, ജൂലൈ വസന്തകാലത്തും. എന്നാൽ, കശ്മീരിലെ കാലാവസ്ഥ കണക്കുകൂട്ടിയതുപോലെയായിക്കൊള്ളണമെന്നില്ല. പ്രത്യേകിച്ച് മഞ്ഞിന്റെ കാര്യം. ഞങ്ങൾ ആറുപേരായിരുന്നു യാത്രാസംഘത്തിൽ.
ഗുൽമാർഗിലേക്കായിരുന്നു ആദ്യ ദിവസത്തെ പ്ലാൻ. എന്നാൽ, നേരം പുലർന്നപ്പോൾ ആശങ്കയെല്ലാം അസ്ഥാനത്തായി. മഞ്ഞിൽ പൊതിഞ്ഞ കശ്മീരായിരുന്നു ഞങ്ങളുടെ മുന്നിൽ. അക്ഷരാർഥത്തിൽ വിസ്മയ കാഴ്ച. കട്ടപിടിച്ച മഞ്ഞിൽ ശുഭ്രവസ്ത്രധാരിയായ കശ്മീരെത്ര മനോഹരം.
വീടുകൾ,റോഡുകൾ, കടകൾ, മരങ്ങൾ, മൈതാനങ്ങൾ എല്ലായിടവും ഒറ്റ രാത്രികൊണ്ട് മഞ്ഞിലാണ്ടു. ശിഖരങ്ങളും ചില്ലകളുമടക്കം ഒരിഞ്ചും വിടാതെ മഞ്ഞു പൂത്ത മരങ്ങൾ. പ്രകൃതിയാകെ മഞ്ഞിന്റെ മേലാപ്പ്. ആകാശം നിലക്കാതെ മഞ്ഞുപെയ്തുകൊണ്ടിരിക്കുകയാണ്.
അപ്പോഴാണ് ഞങ്ങളുടെ ഡ്രൈവറായിരുന്ന സഹൂർബായ്, തമാശമട്ടിൽ ഇവിടത്തെ ഒരു പഴഞ്ചൊല്ല് പറഞ്ഞുതന്നത്. ‘മുംബൈയിലെ ഫാഷൻ, കശ്മീരിലെ കാലാവസ്ഥ ഇവയൊന്നും മുൻകൂട്ടി പ്രവചിക്കാൻ കഴിയില്ല’. ശരിയാണ്, മഞ്ഞിനായി കാത്തും കൊതിച്ചും വന്ന് നിരാശരായ എത്രയെത്ര സഞ്ചാരികൾ.
ഗുൽമാർഗ്
കുന്നും മലയും വളവും തിരിവുമുള്ള ചുരം കയറിയുള്ള ഗുൽമാർഗ് യാത്ര, കശ്മീർ സന്ദർശനത്തിന്റെ അവിസ്മരണീയ അനുഭവവും അനുഭൂതിയുമാണ്. റോഡാകെ കട്ടിയുള്ള മഞ്ഞാകും. സാധാരണ വാഹനങ്ങൾക്ക് കയറിപ്പോകാൻ കഴിയാത്ത മഞ്ഞുപാത. അതിനാൽ ചുരം ആരംഭിക്കുന്നതിനു മുമ്പേ, ടയറുകളിൽ ചങ്ങല ഘടിപ്പിച്ച വാഹനങ്ങളിലേക്ക് മാറും. വാഹനത്തിനു മാത്രമല്ല, സഞ്ചാരികൾക്കും വേണം മഞ്ഞിനെ പ്രതിരോധിക്കാനുള്ള മുന്നൊരുക്കം.
മഞ്ഞിലേക്ക് പറ്റിയ കോട്ടും ഷൂവും കണ്ണടയും നിർബന്ധം. ഇത് വാടകക്ക് എടുക്കാറാണ് പതിവ്. ഇതിനായി ധാരാളം കടകളുണ്ടിവിടെ. കച്ചവടക്കാരുടെ കെണിയിൽ പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷണം, ടോയ് ലറ്റ് തുടങ്ങിയ സൗകര്യങ്ങളെല്ലാം അവിടെയുണ്ട്.
മഞ്ഞിന്റെ തോതനുസരിച്ച് ഗുൽമാർഗിനെ രണ്ടാക്കി തിരിച്ചിട്ടുണ്ട്. ഓരോ ഘട്ടത്തിലേക്കും എത്തുന്നത് കേബ്ൾ കാർ സർവിസിലൂടെയാണ്. എട്ടു മിനിറ്റോളം യാത്ര ചെയ്താണ് ആദ്യ ഫെയ്സിൽ എത്തുന്നത്.
ആദ്യ ഫെയ്സിലെ ആസ്വാദനത്തിനുശേഷം വീണ്ടും കേബ്ൾ കാറിലാണ് രണ്ടാമത്തെ ഫെയ്സിൽ എത്തുക. ആദ്യ ഫെയ്സിൽ മഞ്ഞിന്റെ പൂതി തീരാത്തവർക്ക് സെക്കൻഡ് ഫെയ്സിൽ പോകാം. ഇവ രണ്ടിനും നേരത്തേ ഓൺലൈനിൽ ബുക്കിങ് സൗകര്യമുണ്ട്.
മഞ്ഞ് കണക്കിലേറെയായാൽ ഇവിടേക്കുള്ള പ്രവേശനം തടയുകയും ചെയ്യും. എല്ലായിടവും മഞ്ഞായാൽ പിന്നെയെന്തിന് പ്രത്യേകം മഞ്ഞുമല? മഞ്ഞിന്റെ ആധിക്യം കാരണം സെക്കൻഡ് ഫെയ്സ് അന്ന് അടച്ചിട്ടിരിക്കുകയായിരുന്നു. ഒന്നിൽതന്നെ അഞ്ചടിയോളം ഘനത്തിൽ മഞ്ഞായിരുന്നു. ഇതിനു പുറമെ കാറ്റിൽ തൂവൽ പറക്കുന്നേപാലെ നിലക്കാതെ രാപ്പകൽ മഞ്ഞു പെയ്തുകൊണ്ടുമിരുന്നു.
പഹൽഗാം
ഞങ്ങളുടെ അടുത്ത ലക്ഷ്യം കശ്മീരിലെ മറ്റൊരു പ്രധാന സഞ്ചാര കേന്ദ്രമായ ‘ഇടയന്മാരുടെ താഴ് വര’ എന്നറിയപ്പെടുന്ന പഹൽഗാമായിരുന്നു.
പഹൽഗാമിലേക്കു പുറപ്പെട്ട രണ്ടാം ദിവസം മഞ്ഞ് പിന്നെയും കൂടിയിരുന്നു. താമസിക്കുന്ന ഹോട്ടലിനു മുന്നിൽ നിർത്തിയിട്ട വാഹനങ്ങളെല്ലാം മഞ്ഞിൽ പൊതിഞ്ഞിരിക്കുകയാണ്. റോഡിലൂടെ വാഹനങ്ങൾക്ക് നീങ്ങാൻ കഴിയുന്നില്ല. ആറടിയോളം ഘനത്തിലാണ് മഞ്ഞ് പരന്നുകിടക്കുന്നത്.
വാഹനങ്ങളുടെ മുകളിൽനിന്ന് മഞ്ഞുകട്ടകൾ ഉരുണ്ടുവീഴുന്നു. മഞ്ഞുകാരണം നിന്നുപോവുകയും തെന്നുകയും ചെയ്യുന്ന വാഹനങ്ങൾ പൊലീസുകാർ തള്ളിനീക്കി സഹായിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു.
പഹൽഗാമും ഗുൽമാർഗ് പോലെ മഞ്ഞിന്റെ തോതനുസരിച്ച് വിവിധ ഫെയ്സാക്കി തിരിച്ചിട്ടുണ്ട്. മഞ്ഞ് കൂടിയാൽ അപകട സാധ്യതയുണ്ട്. അതിനാൽ ഇവിടേക്കുള്ള റോഡും ഇത്തരം ഘട്ടത്തിൽ അടച്ചിടും. പഹൽഗാമിൽ മനോഹരമായ ബേതാബ്, ആറു, ബൈസരൺ, ചന്ദൻ തുടങ്ങിയ താഴ്വരകളും കാണാനുണ്ട്.
തോക്കേന്തിയ പട്ടാളക്കാർ എല്ലായിടത്തും നിലയുറപ്പിച്ചതു കാണാം. കശ്മീരിന്റെ അശാന്തി ഓർമിപ്പിക്കുന്ന കാഴ്ച. സഞ്ചാരികൾക്ക് ഇതിൽ ഭയപ്പെടാനൊന്നുമില്ല. പഹൽഗാമിലേക്കുള്ള വഴി നീളെ ആപ്പിൾ തോട്ടങ്ങളും വാൾനട്ട് മരങ്ങളും വില്ലോമരങ്ങളും കാണാമായിരുന്നു. വസന്തകാലത്തെ അഴകുള്ള കാഴ്ചയായ ആപ്പിൾതോട്ടങ്ങളും കുങ്കുമം, കടുക് വയലുകളും ഇപ്പോൾ വെള്ളപ്പരവതാനി വിരിച്ചിരിക്കുകയാണ്.
യാത്രാ സംഘത്തിലെ ഖമർ ബാനുവും അസീലും നസീലും രോഷ്നയും രണ്ടു വയസ്സു കഴിഞ്ഞ റൂഹാനുമെല്ലാം അഞ്ചടി മഞ്ഞിന്റെ പരവതാനിയിൽ ആറാടി. ചാറ്റൽ മഴപോലെ വർഷിച്ചുകൊണ്ടിരിക്കുന്ന മഞ്ഞിൽ നനയുമെന്ന് ഒട്ടും പേടിക്കേണ്ട. മണൽപോലെ കൈകൊണ്ട് തട്ടിക്കളയാം. പാറിപ്പോകും.
വിവിധ ആകൃതിയിലാണ് മഞ്ഞ് പറന്നുവീഴുന്നത്. മഞ്ഞു വാരി കളിക്കാം. രൂപങ്ങളുണ്ടാക്കാം.നിലത്ത് വീണ് കട്ടിയായ മഞ്ഞിലൂടെ നടക്കാം, ഓടിക്കളിക്കാം. ചുരുട്ടാനും മടക്കാനുമെല്ലാം പറ്റുന്ന മഞ്ഞിന്റെ കാര്യം അത്ഭുതംതന്നെയല്ലേ. കശ്മീർ പാതയോരത്ത് നിറഞ്ഞുനിൽക്കുന്ന വില്ലോമരംകൊണ്ടാണ് ക്രിക്കറ്റ് ബാറ്റുണ്ടാക്കുന്നത്. ബാറ്റുകളുടെ ഒരു നിർമാണ ഫാക്ടറി ഞങ്ങൾ സന്ദർശിച്ചു. തടിക്കഷണങ്ങൾ ബാറ്റുകളായി മാറുന്നതുവരെയുള്ള ഓരോ ഘട്ടവും അവർ കാണിച്ചുതന്നു.
ശ്രീനഗറിൽനിന്ന് പഹൽഗാമിലേക്കുള്ള യാത്രക്കിടെ സഹൂർബായി ചൂണ്ടിക്കാട്ടി, ചോരപ്പാടുകൾ മായാത്ത പുൽവാമയിലേക്ക്. രാജ്യത്തെ നടുക്കിയ പുൽവാമ സ്ഫോടനത്തെപ്പറ്റി സഹൂർബായിക്ക് ഒരുപാട് പറയാനുണ്ടായിരുന്നു.
ശിക്കാര
‘ശ്രീനഗറിന്റെ രത്നം’ എന്നറിയപ്പെടുന്ന ദാല്‍ തടാകത്തിലെ ശിക്കാര (ചെറുതോണി) വഞ്ചിയാത്രയായിരുന്നു പിറ്റേ ദിവസത്തെ ലക്ഷ്യം. തടിയില്‍ നിർമിച്ച ബോട്ടുകളാണ് ശിക്കാര എന്നറിയപ്പെടുന്നത്.
മൂന്നാം ദിവസമായപ്പോഴേക്ക് മഞ്ഞു പെയ്ത്തിന്റെ തീവ്രത പിന്നെയുംകൂടി, തണുപ്പും. അന്നത്തെ പരിപാടി ശിക്കാരയായതിനാൽ റോഡിലെ ഗതാഗതക്കുരുക്കും മഞ്ഞു പെയ്ത്തും തടസ്സമായില്ല. വിശാലമായ ജലാശയത്തിലൂടെയുള്ള മൂന്നു മണിക്കൂർ നീണ്ട യാത്രക്ക് അര മണിക്കൂറിന്റെ ദൈർഘ്യംപോലും തോന്നിയില്ല. അത്രക്ക് ആസ്വാദ്യമായ യാത്രയായിരുന്നു. തോണികളിൽ എന്തെല്ലാം കച്ചവടങ്ങളാണ് ഒഴുകിക്കൊണ്ടിരിക്കുന്നത്.
മത്സ്യ, മാംസ വിഭവങ്ങളും കശ്മീരി കഹ്വയുമൊക്കെയായി ഒരു റസ്റ്റാറന്റായിരുന്നു ആദ്യം വന്ന തോണി. പിന്നെയതാ നാനാതരം കളിക്കോപ്പുകളുമായി മറ്റൊരു തോണിക്കാരൻ. ഓരോ തോണിയും ഞങ്ങളുടെ ശിക്കാരയോട് ചേർത്തുനിർത്തും. ജലപ്പരപ്പിൽ കടകളും മാർക്കറ്റും (ഫ്ലോട്ടിങ് മാർക്കറ്റ്) കൃഷിയിടങ്ങളുമുണ്ട്.
എല്ലാ ദിവസവും പുലർച്ചെ ഇവിടെ പച്ചക്കറി മാർക്കറ്റും പ്രവർത്തിക്കാറുണ്ടെന്ന് തോണിക്കാരൻ പറഞ്ഞു. ജലാശയ തുരുത്തുകളിൽ കഴിയുന്ന കുടുംബങ്ങളെയും കണ്ടു. ഇവർക്ക് സ്വന്തം തോണിയുണ്ടാകും. ഇതിലാണ് പുറത്തേക്കു പോകുന്നതും തിരിച്ചു വരുന്നതും.
ഹോട്ടലിലും കാറിലുമെല്ലാം തണുപ്പിനെ തടുക്കാൻ ഹീറ്റർ പ്രവർത്തിക്കുന്നുണ്ട്. പക്ഷേ, ശിക്കാരയിൽ ഈ സംവിധാനം പ്രായോഗികമല്ല. അതിനാൽ തണുപ്പ് കൂടിയ ദിവസങ്ങളിൽ ഇതത്ര സുഖകരമാവില്ല. മഞ്ഞ് വല്ലാതെ കൂടിയാൽ ശിക്കാര സർവിസ് ഉണ്ടാവില്ല. തൊട്ടടുത്ത ദിവസം മഞ്ഞിന്റെ ആധിക്യത്തിൽ റോഡുകളിലൂടെ വാഹനങ്ങൾ നീങ്ങാതെയായി. വിമാനങ്ങൾക്ക് ലാൻഡ് ചെയ്യാനോ പറന്നുയരാനോ പറ്റുന്നില്ല. വിമാന സർവിസുകളെല്ലാം നിന്നു. കശ്മീരിലേക്കും തിരിച്ചുമുള്ള യാത്രയെല്ലാം നിന്നു.
കശ്മീരാകെ മഞ്ഞിൽ മുങ്ങിയിരുന്നു. ഫെബ്രുവരി ആറോടെ മഞ്ഞു പെയ്ത്ത് തെല്ലൊന്ന് കുറഞ്ഞെങ്കിലും ആവോളം ആസ്വദിക്കാൻ കശ്മീരിന്റെ മഞ്ഞും കുളിരും അവശേഷിക്കുന്നുണ്ടായിരുന്നു.
കശ്മീരി കഹ്വയും വസ്വാനും
കുങ്കുമവും ബദാമും അവിടത്തെ മറ്റു പല ചേരുവകളും ചേർത്തുണ്ടാക്കുന്ന ഇളം മഞ്ഞനിറത്തിലുള്ള പ്രത്യേക രുചിയും ഔഷധഗുണവുള്ളതാണ് കശ്മീരി കഹ്വ (കോഫി). ബിരിയാണി മോഡലിൽ പ്രത്യേകതരം ഭക്ഷണമാണ് കശ്മീരി വസ്വാൻ.
പ്രകൃതിയുടെ മനോഹാരിത മാത്രമല്ല, പ്രശസ്തമായ ഹസ്റത് ബാൽ, മുഗൾ, ജാമിഅ പള്ളികൾ, മുഗള്‍ ഗാര്ഡന്, പാരി മഹല്‍, ഇന്ദിര ഗാന്ധി മെമ്മോറിയല്‍ ട്യൂലിപ് ഗാര്ഡന്, ഹസ്റത് ബാല്‍ ഷ്രൈന് തുടങ്ങിയ ചരിത്ര സ്മാരകങ്ങളും കശ്മീരിൽ കാണാനും പഠിക്കാനുമുണ്ട്. കശ്മീരിനോളം സുന്ദരിയായ മറ്റൊരു നഗരവും നമ്മുടെ രാജ്യത്തുണ്ടോ, സംശയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.