കോവിഡിന് മുന്നിലും പകച്ചില്ല; ഈ ചരിത്ര നഗരത്തിൽ ആറ് മാസത്തിനിടെ എത്തിയത് മൂന്ന് ലക്ഷം സഞ്ചാരികൾ
text_fieldsകഴിഞ്ഞ എട്ട് മാസമായി ലോകം കോവിഡിന് മുന്നിൽ പകച്ചുനിൽക്കുകയാണ്. ലോകത്തിെൻറ യാത്രാക്രമങ്ങളെ കൂടിയാണ് ഈ മഹാമാരി തകർത്തെറിഞ്ഞത്. എന്നാൽ, അപ്പോഴും ഇന്ത്യക്കാർ യാത്രകൾ കുറച്ചിട്ടില്ലെന്നാണ് കണക്കുകൾ പറയുന്നത്. പ്രത്യേകിച്ച് രാജ്യത്തെ ഏറ്റവും പ്രശസ്ത സഞ്ചാര കേന്ദ്രമായ ജയ്പുരിൽ നിരവധി പേരാണ് എത്തിയത്.
കഴിഞ്ഞ ആറ് മാസത്തിനിടെ മൂന്ന് ലക്ഷം സഞ്ചാരികൾ രാജസ്താെൻറ തലസ്ഥാന നഗരിയിലെത്തിയെന്ന് കണക്കുകൾ പറയുന്നു. ജയ്പുരിനെ സംബന്ധിച്ച് ഇത് വലിയൊരു കണക്കല്ലെങ്കിലും കോവിഡ് കാലത്ത് നോക്കുേമ്പാൾ ഏറെ പ്രാധാന്യമുള്ളതാണ്. വിദേശ യാത്രകൾ പരിമിതമായതിനാൽ കൂടുതൽ ഇന്ത്യക്കാരും പ്രാദേശിക ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടിരുന്നത്. ഇതിനാൽ തന്നെ ആഭ്യന്തര ടൂറിസം പിങ്ക് സിറ്റിയിലടക്കം അഭിവൃദ്ധി പ്രാപിക്കുകയാണ്.
ലോക്ഡൗണിന് ശേഷം അൺലോക്ക് 1.0 വേളയിൽ ചരിത്ര സ്ഥലങ്ങൾ ആദ്യമായി തുറന്നപ്പോൾ മുതൽ വിനോദസഞ്ചാരികളുടെ കുതിച്ചുചാട്ടം ഉണ്ടായതായി പുരാവസ്തു വകുപ്പ് ഡയറക്ടർ പ്രകാശ് ചന്ദ്ര ശർമ്മ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സഞ്ചാരികളെ അനുവദിക്കുന്നത്. മാസ്കും സാമൂഹിക അകലവും നിർബന്ധമാണ്.
നവംബർ 24 മുതൽ തന്നെ ആംബർ കോട്ടയിൽ ആന സവാരി ആരംഭിച്ചിരുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ കോട്ടകൾക്കും കൊട്ടാരങ്ങൾക്കും പ്രശസ്തമാണ് ജയ്പുർ. രാജ്യാന്തര വിനോദ സഞ്ചാരികൾക്കും ഈ നഗരം ഏറെ പ്രിയങ്കരമാണ്. വിദേശികൾ കൂടി എത്തിയാൽ ജയ്പുർ അതിെൻറ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തും. ജെയ്സാൽമീർ അടക്കമുള്ള രാജസ്താനിലെ മറ്റു നിരവധി സ്ഥലങ്ങളിലേക്കും ഇപ്പോൾ സഞ്ചാരികൾ ഒഴുകാൻ തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.