Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightഹലോങ് ബേയുടെ സൗന്ദര്യം...

ഹലോങ് ബേയുടെ സൗന്ദര്യം നുകർന്ന് ഒരു ക്രൂയിസ് യാത്ര...

text_fields
bookmark_border
ഹലോങ് ബേയുടെ സൗന്ദര്യം നുകർന്ന് ഒരു ക്രൂയിസ് യാത്ര...
cancel

വിയറ്റ്നാം ഭക്ഷണവിഭവങ്ങളെ പരിചയപ്പെട്ട ആദ്യാനുഭവത്തിനു ശേഷം പ്രധാന ലക്ഷ്യം Halong Bay ആയിരുന്നു. അവിടെ നങ്കൂരമിട്ടിരിക്കുന്ന ക്രൂയിസ് ഞങ്ങളെ കാത്ത് കിടപ്പാണ്. ഉച്ചഭക്ഷണ സമയമാവുമ്പോഴേക്കും എത്തിയാൽ മതി. ഇന്നത്തെ രാത്രിവാസം ക്രൂയിസിലാണ്. രണ്ട് പേർക്ക് ഒരു ബെഡ്റൂം. ഉച്ചഭക്ഷണവും രാത്രി ഭക്ഷണവും താമസവുമെല്ലാം ഉൾക്കടലിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന LA REGINA എന്ന സുന്ദരൻ ക്രൂയിസിൽ. അവിടെ റിപ്പോർട്ട് ചെയ്യുന്നതിനു മുമ്പ് ഡിറ്റ് ഞങ്ങളെ കൊണ്ടുപോയത് Legend Pearl എന്നറിയപ്പെടുന്ന മുത്തുച്ചിപ്പികളുടെയും മുത്തുകളുടെയും വർണ ലോകത്തേക്കാണ്.

ചിപ്പികൾ വളരുന്ന വിശാലമായ ജലശേഖരം; നന്നായി രൂപകൽപ്പന ചെയ്ത പണിശാല, അതിസുന്ദരമായ ഷോറൂമുകൾ. അതിലേറെ എന്നെ ആകർഷിച്ചത് കടൽ നീല ഡ്രസ്സിൽ ലളിതവും സുന്ദരവുമായി ഓരോ ഘട്ടങ്ങളും വിശദീകരിച്ചു തരുന്ന, demonstration കാഴ്ചകൾ നമുക്കു മുമ്പിൽ തുറന്നിടുന്ന ഒട്ടേറെ ചിത്രശലഭ സുന്ദരികളായിരുന്നു. മുത്തിന്റെയും ചിപ്പിയുടെയും A to Z വിവരണങ്ങൾ, എളുപ്പം മനസ്സിലാക്കാൻ കഴിയുന്ന സുന്ദരമായ ഇംഗ്ലീഷ് ഭാഷയിൽ തടസ്സമില്ലാതെ വിവരിച്ചു തരുന്ന ആതിഥ്യമര്യാദ. അതിനുശേഷം മുത്ത് ഉപയോഗിച്ച് നിർമിച്ച ആഭരണശാലയുടെ അതിവിശാലതയിലേക്ക്. രണ്ടര ലക്ഷം മുതൽ 12 ലക്ഷം വരെ V N D (വിയറ്റ്നാം ഡോംഗ്) Price ടാഗുമായി ഞങ്ങളെ മാടി വിളിക്കുന്ന ആഭരണ വൈവിധ്യങ്ങൾ. ചുറ്റിക്കറങ്ങി അധികം വൈകാതെ അവിടെ നിന്നും തിരിച്ചിറങ്ങി.

അടുത്തതായി വാഹനം നിർത്തിയത് ഒരു പഴയ മ്യൂസിയത്തിനു മുമ്പിലായിരുന്നു. "THU VIEN QUANG NINH MUESEUM " ബഹുമാന്യനായ പി. സീതി ഹാജി എം.എൽ.എയുടെ പേരിൽ പടച്ചിറക്കിയ പഴയ കാല ട്രോൾ പോലെ എന്റെ പേരിലും പുതിയതെന്തെങ്കിലും നിർമിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ ആ പേര് ഉച്ചത്തിൽ വായിക്കാൻ ഞാൻ മുതിർന്നില്ല. [KSEB സബ്‌സ്റ്റേഷനു മുമ്പിൽ എഴുതി വെച്ചിരുന്ന 110 K V SUBSTATION എന്ന ബോർഡ് ഐ.ഐ.ഒ, കെ.വി. സബാസ്റ്റ്യൻ എന്ന് സീതി ഹാജി വായിച്ചു എന്നായിരുന്നു പ്രചുര പ്രചാരം നേടിയിരുന്ന അന്നത്തെ ട്രോൾ! ഞങ്ങളോടൊപ്പമുള്ള ഡിറ്റ് ചരിത്രത്താളുകളിലേക്ക് പ്രഭാഷണം തിരിച്ചുവിട്ടു. വിയറ്റ്നാം യുദ്ധത്തിൽ ഉപയോഗിച്ചിരുന്ന യുദ്ധോപകരണങ്ങളുടെയും മറ്റ് ആന്റ്വിക്കുകളുടെയും മ്യൂസിയമാണത്. പീരങ്കികളും യുദ്ധോപകരണങ്ങളും മറ്റും മ്യൂസിയത്തിനു പുറത്തും ഓരങ്ങളിലും റോഡിനഭിമുഖവുമായി കാണാൻ കഴിഞ്ഞു. അവയോടൊപ്പം ഫോട്ടോ എടുത്തും Halong Bayയുടെ പ്രകൃതി സൗന്ദര്യം ദൂരക്കാഴ്ചയായി ആസ്വദിച്ചും ഒറ്റക്കും കൂട്ടായും ചിത്രങ്ങൾ പകർത്തുന്ന തിരക്കിലായിരുന്നു ഞങ്ങൾ. ഞാനും ഭാര്യയും ഡിറ്റിനെയും അടുത്ത് നിർത്തി ഫോട്ടോ പിടിച്ചു. തെങ്ങുകൾക്കും കടലിടുക്കുകൾക്കുമിടയിൽ തല ഉയത്തി നിൽക്കുന്ന പാറമലകളുടെ ബാക്ക് ഗ്രൗണ്ടിൽ ഞങ്ങളോടൊപ്പം ഡിറ്റും നിറഞ്ഞ ചിരിയോടെ മൊബൈൽ ചിത്രങ്ങളിൽ പങ്കാളിയായി. അവധി ദിവസമായതിനാൽ മ്യൂസിയത്തിനകത്ത് കയറാൻ സാധിച്ചില്ല. Something is better than Nothing എന്ന സൂത്രവാക്യമുപയോഗിച്ച് കണ്ട കാഴ്ചകൾ മനോഹരം, കാണാനുള്ളത് അതിമനോഹരം എന്ന ന്യായത്തിൽ പുറം കാഴ്ചകൾ ആവോളം ആസ്വദിച്ചു.

ഇനി നേരെ Halong Bay ലേക്കുള്ള Reception Centre ലേക്ക്. ബസ്സിൽ നിന്നിറങ്ങി ലഗേജുകൾ ചുമലിൽ തൂക്കി Reception സെന്ററിന്റെ അകത്തളത്തിലേക്ക് കടന്നു. അവിടെ പുതിയ ഗൈഡ് ടീന ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. ഡിറ്റ് ഞങ്ങളെ ടീനയെ ഏൽപിച്ച് അടുത്ത ദിവസം തിരിച്ചെത്തിക്കൊള്ളാമെന്ന വാഗ്ദാനത്തോടെ താൽക്കാലികമായി വിട ചൊല്ലി. ഉൾക്കടലിൽ നങ്കൂരമിട്ടിരിക്കുന്ന ക്രൂയിസിലെത്താനുള്ള ബോട്ട് ടിക്കറ്റുമായി ടീന ഞങ്ങളോടൊപ്പം LA REGINAയിലേക്ക് അനുഗമിച്ചു. അവിടെയെത്തി ഈരണ്ടു പേർക്കായി അനുവദിച്ച മുറികളുടെ താക്കോൽ കൈപ്പറ്റി എല്ലാവരും റൂമിലെത്തി. മുക്തകണ്ഠം കുളിയും തേവാരവും നിർവഹിച്ചു, പുതു മനുഷ്യരായി ഡൈനിങ് ഹാളിലേക്ക്. ക്രൂയിസിന്റെ താഴെ നിലയിലും ഒന്നാം നിലയിലുമാണ് റൂമുകൾ ഉള്ളത്. ഒന്നാം നിലയിലാണ് ഡൈനിങ് ഹാൾ. അവിടെയുള്ള ഗോവണി കയറിയാൽ ഓപ്പൺ ടെറസ്സാണ്. Halong Bay യുടെ സർവസൗന്ദര്യങ്ങളും കണ്ണുകളിൽ ഒപ്പിയെടുക്കാനുള്ള സൗകര്യപ്രദമായ ഇടം. Halong Bay എന്നത് Gulf of Tankin ലെ ദ്വീപ് സമൂഹങ്ങളത്രെ. 1,50,000 ഹെക്ടറിൽ വ്യാപിച്ചു കിടക്കുന്ന 1600 ദ്വീപ് സമൂഹങ്ങൾ. ഐലൻഡുകൾക്കു കാവൽ ഭടന്മാരായി പച്ചപ്പിനാൽ സമൃദ്ധമായ പാറ മലകൾ. 8000 വർഷങ്ങൾക്കു മുമ്പ് പ്രകൃതി ഒരുക്കിയെടുത്ത അതിവിചിത്രമായ വർണ്ണക്കാഴ്ചകൾ.

പാറമലകൾ ഒട്ടുമിക്കതും Lime stone എന്ന ചുണ്ണാമ്പുകല്ലുകളാൽ സമൃദ്ധം. വെള്ളത്തിനടിയിൽ മുക്കി, Gulf of Tonkin അവയ്ക്കു വരുത്തി തീർത്ത മാറ്റങ്ങൾ, ഗുഹകളാൽ സമ്പന്നമായ കടലിടുക്കുകളും മലകളും, ഹരിതാഭമായ നയന സുന്ദരമായ പാറമലകൾ. സൗന്ദര്യം വിവരിക്കാൻ ഭാഷ അപര്യാപ്തമാവുന്നത്ര കാഴ്ചകളുടെ കൂമ്പാരം. Maze Caves അഥവാ സങ്കീർണമായ ഗുഹകളുടെ ധാരാളിത്തം. മല കയറ്റമെന്ന ട്രക്കിങ്ങിന്, ഗുഹാ പര്യവേക്ഷണത്തിന്, കയാക്കിങ്ങിന്, മുങ്ങിയും പൊങ്ങിയും കടലിൽ നീന്തുന്നതിന്, ഗുഹകളെ ഒന്നൊന്നായി താണ്ടി വഞ്ചി തുഴയുന്നതിന്....... എന്തെല്ലാം വർണക്കാഴ്ചകളാണവിടെ തയാറായി നിൽക്കുന്നത്. രാവണന്റെ അർധസഹോദരനായിരുന്ന കുബേരന്റെ കൊട്ടാരത്തിലകപ്പെട്ട കണക്കെ എങ്ങോട്ട് നോക്കേണ്ടു എന്നത്ഭുതപ്പെടുത്തുന്ന മായാലോകം. അസുര ശിൽപിയായ മയാസുരനാണോ ഇവയുടെയെല്ലാം തച്ചുശാസ്ത്രജ്ഞനും ശിൽപിയുമെന്ന് ശങ്കിച്ചു പോവുന്ന തരത്തിൽ പ്രകൃതി ഒരുക്കിയ ലീലാ വിലാസം. ഏറ്റവും ആകർഷകമായി തോന്നിയത് നടത്തിപ്പിൽ വിയറ്റ്നാം ടൂറിസം ഡിപ്പാർട്ട്മെന്റ് പുലർത്തുന്ന കാര്യക്ഷമതയും ജാഗ്രതയുമാണ്. ഇന്ത്യയുടെ പല പ്രദേശങ്ങളും നമ്മുടെ കൊച്ചു കേരളം പ്രത്യേകിച്ചും, പ്രകൃതി സൗന്ദര്യം കനിഞ്ഞനുഗ്രഹിക്കപ്പെട്ട ദേശങ്ങളത്രെ. ഇവിടെ വ്യക്തമായ പ്ലാനിങ്ങില്ലാതെ, കെടുകാര്യസ്ഥതയാൽ അന്നം മുടക്കികളായി, വെള്ളാനകളായി മാറുന്നു എന്നതാണ് വസ്തുത.

ശബരിമലക്കു പോയ വ്യക്തിയെ പുലി പിടിച്ചു മരണപ്പെട്ടതിന്റെ പതിനാറടിയന്തിരത്തിന് പായസമടക്കമുള്ള സദ്യ ഉണ്ടുവന്ന അയൽപക്കത്തെ ചെറുക്കൻ പിറ്റെ ദിവസം പായസം വേണമെന്ന് ശാഠ്യം പിടിച്ചപ്പോൾ അവന്റെ അമ്മ പറഞ്ഞതു പോലെ, മോനേ .... അച്ഛൻ മലക്കു പോവാഞ്ഞിട്ടല്ല; മലയിൽ പുലി ഇല്ലാഞ്ഞിട്ടുമല്ല: യോഗം വേണം മക്കളെ.... യോഗം വേണം. വിയറ്റ്നാമിലും തായ്ലൻഡിലും കറങ്ങിയ നാളുകളിലെല്ലാം പ്രകൃതിയെ, അതാതിന്റെ സാധ്യതകളെ അവർ എത്ര ഭംഗിയായാണ് രാഷ്ട്ര സമ്പത്താക്കി മാറ്റുന്നത് എന്നു കണ്ടപ്പോൾ നമ്മളും അറിയാതെ പറഞ്ഞു പോവുന്നു, യോഗം വേണം മക്കളെ ....യോഗം വേണം എന്ന്.

ഭക്ഷണ ഹാളിൽ സമ്മേളിക്കുമ്പോൾ റസ്റ്റാറന്റിലെ പ്രഭാത ഭക്ഷണത്തിന്റെ ആശങ്കകൾ ഉള്ളിലുണ്ടായിരുന്നെങ്കിലും തീർത്തും നിരാശരാക്കിയില്ല എന്നതാണു സത്യം. ബുഫെ ആയതിനാൽ കണ്ടും കേട്ടും തിരിച്ചറിഞ്ഞും തെരഞ്ഞെടുക്കാവുന്ന ആഹാര പദാർഥങ്ങൾ. ലോട്ടറി അടിച്ചത് എന്റെ ശ്രീമതിക്കായിരുന്നു. സ്‌റ്റീം റൈസും വിവിധയിനം പഴവർഗങ്ങളും നേരത്തെ പരിചയിച്ച പച്ചില സമൃദ്ധിയുമുണ്ട് നിരത്തി വെച്ച പാത്രങ്ങളിൽ. നോൺ വെജുകാർക്കാവട്ടെ മത്സ്യമാംസാദികൾ ഇനം തിരിച്ചു കാത്തു കിടപ്പുണ്ട്. മധുര പലഹാരങ്ങൾ പല രൂപത്തിലുണ്ട്. ഡൈനിങ് ഹാളിന്റെ വിശാലതയിലേക്ക് തുറന്നു വെച്ച വലിയ തട്ടുകളിൽ ബിവറേജുകൾ നിരന്നിരിപ്പുണ്ട്. മാർട്ടിനിയും ഷിവാസ് റീഗലും വാറ്റ് 69 നുമെല്ലാം പളുങ്ക് കുപ്പികളിലിരുന്നു പുഞ്ചിരിക്കുന്നുണ്ടെങ്കിലും കഴുത്തിൽ തൂക്കിയ ഡോളർ റേറ്റിന്റെ ഞെട്ടിക്കുന്ന price tag ആയിരിക്കാം തല്പര കക്ഷികളെ ഇവ കണ്ടില്ലെന്നു നടിക്കാൻ പ്രേരിപ്പിച്ചത്😀.

ഭക്ഷണ ശേഷം, ആണ്ടി കളിക്കളത്തിലേക്കിറങ്ങി എന്ന ചൊല്ലുപോലെ ഞങ്ങൾ കാഴ്ചകളുടെ തൃശ്ശൂർ പൂരത്തിലേക്കിറങ്ങാൻ ക്രൂയിസറിൽ വന്നെത്തിയ ബോട്ടിലേക്ക് നടന്നിറങ്ങി. ഓരോരുത്തരും മൊബൈലിലും കാമറകളിലും ചിത്രങ്ങൾ പകർത്തുന്ന തിരക്കിൽ വ്യാപൃതരായി. മൊബൈലിലല്ലേ സ്റ്റോറേജ് പരിമിതിയുള്ളൂ. കണ്ണുകളിലാവാഹിക്കാൻ ആരെയും ഭയപ്പെടേണ്ടല്ലോ! ഓരോ ഗുഹയും താണ്ടി ഞങ്ങളുടെ ബോട്ട് മുന്നേറുമ്പോൾ മുകളിലെ പാറകളിൽ നിന്നും കിനിഞ്ഞിറങ്ങുന്ന വെള്ളത്തുള്ളികൾ മുഖത്തിക്കിളി കൂട്ടി പാറി വീഴുമ്പോൾ കിട്ടുന്ന കുളിർമ മാത്രം മതിയായിരുന്നു ജീവിതകാലം മുഴുവൻ ഈ യാത്രയെ ഓർമയിൽ സൂക്ഷിക്കാൻ. കയാക്കിങ്ങുകാരുടെ അർമാദിക്കൽ, സ്വയം തുഴയാൻ മടികാണിച്ച്‌ അനുസരണയുള്ള കുട്ടികളായി ബോട്ടിൽ ഒതുങ്ങിക്കൂടിയവർ, കടലിന്റെയും ഉൾക്കടലിന്റെയും അഗാധതകളിൽ വിദൂരത്തായി നങ്കൂരമിട്ട് കിടക്കുന്ന ക്രൂയിസറുകൾ. പകൽ സമയത്ത് ഇവ സമ്മാനിക്കുന്ന കാഴ്ച ഇതാണെങ്കിൽ, രാത്രിയിൽ ദേവലോക പ്രഭാപൂരത്തിൽ മുങ്ങിയ കാഴ്ചകളാണല്ലോ കാത്തിരിക്കുന്നത് എന്ന ചിന്ത സമ്മാനിച്ച ആഹ്ലാദത്തെ അളക്കാനുള്ള മാപിനികൾ ഈ ലോകത്തുണ്ടാവാനിടയില്ല.

വലിയ ബോട്ടിലും ഒരാൾ തുഴയുന്ന ചെറുവഞ്ചിയിലും ഗുഹകൾ ചുറ്റിക്കറങ്ങി മറ്റൊരു പോയന്റിൽ ഞങ്ങളെ ഇറക്കിയപ്പോൾ വേറൊരു ബോട്ട് ഞങ്ങളെ കാത്ത് കിടപ്പുണ്ടായിരുന്നു. അതിൽ കയറി പാറഗുഹകളിലൂടെ സഞ്ചരിച്ചെത്തിയത് കുരങ്ങ് മലയിലെ ദൃശ്യങ്ങളിലേക്കും മറ്റൊരു കടലിടുക്കിലേക്കുമായിരുന്നു. സ്വയം തുഴഞ്ഞു പോകാവുന്ന ചെറുവഞ്ചികൾ അവിടെയും കാത്തിരിപ്പുണ്ട്. ചാറ്റൽ മഴ ചെറുമഴയായി രൂപാന്തരം പ്രാപിക്കുന്നതു കണ്ടപ്പോൾ ഞങ്ങളുടെ ബോട്ട് TITOP ഐലന്റിലേക്ക് നീങ്ങി. അവിടെ ഞങ്ങളെ കണ്ണെറിഞ്ഞു മാടി വിളിക്കുന്ന മലയുടെ ഉച്ചിയിൽ കയറിയാൽ Halong Bay യുടെ മുഴുവൻ സൗന്ദര്യവും നുകരാം. 250ലേറെ പടവുകൾ താണ്ടി മുകളിൽ എത്തിക്കഴിഞ്ഞാൽ കിട്ടുന്ന കാഴ്ച അഭൗമമത്രെ. കാൽമുട്ട് വേദന സന്തത സഹചാരിയായ എന്റെ നേർ പാതിയെ, ഐലന്റ് ഭംഗിയും ചുററുപാടുമുള്ള കാഴ്ചകളും ഒരു മണിക്കൂർ നേരം കണ്ടാസ്വദിക്കാൻ വിടുകയല്ലാതെ മറ്റൊരു മാർഗവുമില്ലായിരുന്നു. അഥവാ ഞാൻ നിർബന്ധിച്ച് മല കയറ്റത്തിന് കൊണ്ടുപോയാൽ, ഈ മോഡൽ സ്പെയർ പാർട്സ് കമ്പനി ഇറക്കുന്നില്ല എന്നതിനാൽ നട്ടും ബോൾട്ടും ബെയറിംഗ്സും മാറ്റി ഇടാൻ പ്രയാസപ്പെടേണ്ടിയും വരും.

മലകയറ്റം ഇഷ്ടമായിരുന്നതിനാൽ പ്രായം എനിക്കൊരു തടസ്സമേ ആയിരുന്നില്ല. വിയറ്റ്നാം കോളനി എന്ന സിനിമയിൽ ഇന്നസെന്റ് പറഞ്ഞതു പോലെ, ഇതുപോലെ എത്ര പടികൾ ചാടിക്കടന്നവനാണീ പി.കെ. ജോസപ്പ് എന്ന ഭാവത്തിൽ കയറിത്തുടങ്ങിയവർ പത്തമ്പത് പടികൾക്കപ്പുറം വണ്ടി സൈഡാക്കി ശ്വാസം വലിച്ചു വിടുന്ന കാഴ്ചക്ക് ദൃക്സാക്ഷി ആവാൻ, മുയലുകളെ മറികടന്ന ഈ ആമക്കു കഴിഞ്ഞപ്പോൾ Old is Gold എന്ന ചൊല്ല് അന്വർഥവുമായി. ഉച്ചിയിൽ എത്തിയപ്പോൾ അവിടെ നാട്ടുവാൻ ഇന്ത്യൻ പതാക കൈവശമില്ലല്ലോ എന്ന രാജ്യസ്നേഹ ദുഃഖം കണ്ണീർക്കണങ്ങളായി പൊഴിഞ്ഞത്, സന്തോഷാശ്രുക്കളാക്കി ഇനം മാറ്റി അവിടെ അർപ്പിച്ചു. നാലു വശത്തേക്കും ശിരസിനെ ഓസിലേഷനിലിട്ടപ്പോൾ അപാരസുന്ദര നീലാകാശത്തിനു കീഴെ പാരാവാരമായ കടൽക്കാഴ്ചകൾക്കു നടുവിൽ ഒരു പച്ചത്തുരുത്തായി തല ഉയർത്തി നിൽക്കുന്ന മലയുടെ മുകളിൽ കയറിനിൽക്കാൻ ലഭിച്ച ഭാഗ്യത്തെ താലോലിക്കുകയായിരുന്നു ഞാൻ. കശ്മീരിനെ കുറിച്ച് ജവഹർലാൽ നെഹ്റു പറഞ്ഞ വാക്കുകൾ ഓർമയിൽ തെളിഞ്ഞു.

ഭൂമിയിൽ ഒരു സ്വർഗമുണ്ടെങ്കിൽ അതിതാണ്, അതിതാണ്. താഴെ ക്രൂയിസൂകളെല്ലാം ചെറുബോട്ടുകളായും, ബോട്ടുകൾ ചെറുവഞ്ചികളായും വഞ്ചികൾ കൊതുമ്പുകളായും അതിവിശാലമായ ജലപ്പരപ്പിൽ ഒഴുകി നടക്കുന്ന പ്രതീതി. അപൂർവ സുന്ദര ദൃശ്യങ്ങളുടെ ധാരാളിത്തം! ഏതൊരു കയറ്റത്തിനും ഒരിറക്കം കാണും എന്ന പൊതു തത്വം തെറ്റിക്കാതിരിക്കാൻ വേണ്ടി മാത്രം ഞങ്ങൾ അതീവ ശ്രദ്ധയോടെ മലയിറക്കം ആരംഭിച്ചു. പൊട്ടും പൊളിയും വരുത്താതെ എല്ലാവരും വിജയകരമായി ലാൻഡ് ചെയ്തു. വിയർത്തൊട്ടിയവർ താഴെയിരുന്ന് ക്ഷീണമകറ്റി.

ഈ ഐലൻഡിൽ സീ ബാത്തിങ് സൗകര്യം ഉണ്ടായിരുന്നു. പലരും ഇതും ഉപയോഗപ്പെടുത്തി. അതിഭാഗ്യവാനായ ആദുവിന് (ആദിൽ) ജെല്ലി ഫിഷ് നൽകിയ ചെറുകടിയാൽ ചെറിയ തടിപ്പും ചൊറിച്ചിലും കടിയേറ്റ ഭാഗത്ത് ലഭിക്കുകയും ചെയ്തു. കടൽ നീരാട്ടു കഴിഞ്ഞവർ റിട്ടേൺ പോയന്റിൽ ഒത്തുകൂടിയപ്പോഴേക്കും, സന്ധ്യ മയങ്ങും നേരം.... ഗ്രാമച്ചന്ത പിരിയുന്ന നേരം എന്ന ഗാനത്തിന്റെ വരികൾ ഓർമയിൽ തെളിഞ്ഞു തുടങ്ങിയിരുന്നു. ക്രൂയിസിലേക്ക് തിരികെ കൊണ്ടു പോകാനുള്ള ബോട്ടുമായി ഗൈഡ് പ്രത്യക്ഷപ്പെട്ടതിനാൽ അന്നത്തെ ചുറ്റിക്കളിയുടെ മംഗളഗാനം പാടാൻ സമയമായെന്ന് ബോധ്യമായി.

രാത്രി ഭക്ഷണത്തിനായി ക്രൂയിസിലെ ഡൈനിങ് ഹാളിൽ എത്തിയപ്പോൾ അവിടെ ശൂന്യമായിരുന്നു. മുകളിൽ നിന്നു ശബ്ദം കേൾക്കുന്നതിനാൽ ഓപ്പൺ ടെറസ്സിലേക്ക് കയറി. അവിടെ ഞങ്ങൾക്ക് പങ്കെടുക്കാവുന്ന പാചക പരിശീലനത്തിനുള്ള ഒരുക്കങ്ങളുടെ ആവേശത്തിലാണ് ടീന. കഞ്ഞി വെള്ളം കട്ടിയാക്കി ഉണ്ടാക്കിയെടുക്കുന്ന, കാഴ്ചയിൽ ടിഷ്യു പേപ്പറാണെന്ന് തോന്നിക്കുന്ന വസ്തു. അതിനെ ചിക്കൻ റോൾ ചുരുട്ടിയെടുക്കാവുന്ന വലുപ്പത്തിൽ മുറിച്ച ശേഷം അരിഞ്ഞു വെച്ച കുറേ ചേരുവകൾ ഉള്ളിൽ വെച്ച് ചുരുട്ടി പാകം ചെയ്തെടുത്ത് രുചി നോക്കുന്ന രംഗത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. ടീനയാണ് ഷെഫ് കം ഡമൺസ്ട്രേറ്റർ. അതിലുള്ള Ingredients എന്തായിരിക്കുമെന്ന ശങ്കയാൽ ഞാൻ ഗാലറിയിലിരുന്ന് കളി കണ്ടതല്ലാതെ ഗ്രൗണ്ടിലിറങ്ങി കളിച്ചില്ല. രാത്രിയുടെ നിശ്ശബ്ദതയിൽ ചുറ്റും വെളിച്ചം വിതറിയ ക്രൂയിസുകളുടെ ധാരാളിത്തത്തിൽ കാഴ്ചകൾ കണ്ടു മതിയായി താഴെ ഇറങ്ങി ഡൈനിങ് ടേബിളിൽ റിപ്പോർട്ട് ചെയ്തപ്പോൾ പരാതിരഹിത ഭക്ഷണങ്ങളാൽ അത്താഴം സമൃദ്ധമായി.

മലകയറ്റവും അർമാദിക്കലും ശരീരത്തിനു നൽകിയ ക്ഷീണം അകറ്റാൻ, അപ്പോഴേക്കും കണ്ണുകളിൽ ഊഞ്ഞാലു കെട്ടി ആട്ടം തുടങ്ങിയ ഉറക്കത്തെ ബെഡ്‌ഡിലേക്ക് കെട്ടഴിച്ചു വിട്ടു.😀

(തുടരും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travaloguecruise shipHalong Bay
News Summary - To Halong Bay on a cruise
Next Story