Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightവിയറ്റ്നാമിന്‍റെ...

വിയറ്റ്നാമിന്‍റെ ഗ്രാമീണ കാഴ്ചകളിലേക്ക്, അതും സൈക്കിളിൽ...

text_fields
bookmark_border
വിയറ്റ്നാമിന്‍റെ ഗ്രാമീണ കാഴ്ചകളിലേക്ക്, അതും സൈക്കിളിൽ...
cancel

ഒക്ടോബർ അഞ്ച്, കുളിരണിഞ്ഞ പ്രഭാതം. തലേ ദിവസം ഡിറ്റിനോട് ഒരാഗ്രഹം സൂചിപ്പിച്ചിരുന്നു. നിൻ ബിന്നിൽ (Ninh Binh), അടുത്തുള്ള നാട്ടിൻ പുറ പ്രദേശത്തേക്ക് ഒരു യാത്ര. അതു സൈക്കിൾ സവാരിയായാൽ ഏറ്റവും നന്ന്. വിയറ്റ്നാം ജനതയെ കണ്ടറിയാനുള്ള ഒരവസരം ഒരുക്കി നൽകണം എന്നതായിരുന്നു ആഗ്രഹമായി മുന്നിൽ വെച്ചത്. ഞങ്ങൾക്ക് താമസമൊരുക്കിയ റിസോർട്ട് തന്നെ ആ ചെറിയ അങ്ങാടിയിൽ നിന്നു അൽപം ഉള്ളിലേക്കായി ഒറ്റപ്പെട്ട പ്രദേശത്താണ്.

റിസോർട്ടിനു മുമ്പിലൂടെ വെള്ളിച്ചില്ലം വിതറി തുള്ളിത്തുള്ളി അല്ലെങ്കിലും ഒരു കൊച്ചരുവി ഒഴുകുന്നുണ്ട്. മൊത്തത്തിൽ ഒരു ഗ്രാമീണ അന്തരീക്ഷത്തിൽ തന്നെയാണ് ഞങ്ങൾ നിൽക്കുന്നത്. രാവിലെ ആറരയായപ്പോൾ ഒരു ടൂ വീലറുമോടിച്ച് ഡിറ്റ് എത്തി. പത്ത് സൈക്കിളുകൾ ഞങ്ങളെയും നോക്കി റിസോർട്ടിനു മുമ്പിൽ കാത്തിരിപ്പുണ്ട്. ഒമ്പത് പേർ സൈക്കിൾ സവാരിക്കും മൂന്നു പേർ മോണിങ് വാക്കിനും തയാറായി. ഒരു മണിക്കൂർ സമയമാണ് ഗ്രാമ സന്ദർശനത്തിന് അനുവദിച്ചത്. സ്കൂട്ടറിൽ ഡിറ്റും ഞങ്ങളെ അനുഗമിച്ചു. റിസോർട്ടിൽ നിന്നും മെയിൻ റോഡിലേക്കുള്ള പാതയിൽ, പാതി ദൂരം പിന്നിട്ടാൽ ജനവാസ കേന്ദ്രമായി. റോഡിന്റെ ഇടതുവശത്ത് ചെറുതും വലുതുമായ വീടുകൾ. കോഴി, താറാവ്, ആടുകൾ എന്നിവയെ കൂടുകളിലും കാണാനാകും. എല്ലാ വീടുകളിലും നായയുമുണ്ട്. റോഡിന്റെ മറുഭാഗം തോടുകളും കുളങ്ങളും വയലുകളും നിറയെ ജലത്താൽ സമൃദ്ധവുമാണ്. മത്സ്യബന്ധനത്തിനു വേണ്ടി കെട്ടി നിർത്തിയ കൂടുകളും ചെറു വഞ്ചിയും വീശുവലകളുമുണ്ട്.

റോഡിനിരുവശവും പപ്പായ മരങ്ങൾ, ആരോഗ്യത്തോടെ നിരന്നു നിൽപ്പുണ്ട്. പഴുത്ത് തുടുത്തതും പഴുക്കാനുള്ള തയാറെടുപ്പിൽ സ്വർണ വർണ്ണം വാരിപ്പൂശിയവരുമായ പപ്പായകൾ. ഒറ്റനോട്ടത്തിൽ കേരളത്തിലെ ഒരു ഗ്രാമമല്ലെന്നു ആർക്കും പറയാൻ കഴിയില്ല. വീട്ടുകാർ സ്വന്തം മുറ്റം മാത്രമല്ല, റോഡും തൂത്ത് വാരി വൃത്തിയാക്കുന്ന കാഴ്ച മലയാളിക്ക് പുതിയ അനുഭവമായിരിക്കും. നമ്മുടെ വൃത്തി ബോധം അവസാനിക്കുന്നത് അയൽപക്കക്കാരന്റെ വസ്തു ആരംഭിക്കുന്നിടത്താണല്ലോ! തികച്ചുമൊരു ഗ്രാമീണ അന്തരീക്ഷമാണോ കണ്ടതെന്ന് ചോദിച്ചാൽ "അല്ല, ഒരു സെമി കേഡർ" എന്നു പറയുന്നതായിരിക്കും ഉചിതം. എങ്കിലും "നാട്ടിൻപുറം നന്മകളാൽ സമൃദ്ധം" എന്ന കവി വചനത്തോട് നീതി പുലർത്തുന്ന അന്തരീക്ഷം.

വഴിയിലുടനീളം മരങ്ങളിലും കെട്ടി നാട്ടിയ പോസ്റ്റുകളിലും പാറിക്കളിക്കുന്ന ചെങ്കൊടിയും അൽപമകലെ ഒരു പാർട്ടി ഓഫിസും കണ്ടു. പാർട്ടി ഓഫിസും ചെങ്കൊടിയും കണ്ടതോടെ ക്യൂബ മുകുന്ദനായി പരിവർത്തനം ചെയ്യപ്പെട്ട് സാജു സൈക്കിളിൽ പാർട്ടി ഓഫിസിനു മുമ്പിൽ കുറച്ചുനേരം ചുറ്റിക്കറങ്ങിയതും ഭാഷ വശമുള്ള ആരെയും കണ്ടു കിട്ടാത്തതിനാൽ തിരിച്ചു പോരുന്ന ദൃശ്യവും കാണാനുള്ള ഭാഗ്യം സിദ്ധിച്ചു😀. അനുവദിച്ചു നൽകിയ ഒരു മണിക്കൂറിനുള്ളിൽ തന്നെ " നടരാജ മോട്ടോർ സർവിസുകാരും സൈക്കിൾ യജ്ഞക്കാരും" തിരിച്ചെത്തി. അപ്പോഴും ഞാൻ പൂർണ തൃപ്തനല്ലായിരുന്നു. ഞാൻ മനസ്സിൽ കണ്ടത് കർഷക തൊഴിലാളി/കർഷകർ/മറ്റു തൊഴിലുകളാൽ നിത്യവൃത്തി കഴിക്കുന്നവർ എന്നിവർ താമസിക്കുന്ന ഇടങ്ങളിൽ കറങ്ങി അവരോട് കുശലം പറഞ്ഞ്, അവരുടെ ജീവിതാവസ്ഥ നേരിൽ കണ്ടു പരിചയപ്പെടുന്ന ഒരു യാത്രയായിരുന്നു. എന്തായാലും തിരികെ എത്തി. വിയർപ്പാറിയവർ മുറ്റത്തെ സ്വിമ്മിങ് പൂളിൽ നീരാട്ടിനിറങ്ങി. ചൂടുവെള്ളം തന്നെ വേണമെന്ന ശാഠ്യക്കാർ അവരവരുടെ വില്ലകളിലേക്കും നീങ്ങി.

ശുചീകരണ യജ്ഞം കഴിയുമ്പോഴേക്കും ബ്രേക്ക്ഫാസ്റ്റ് റെഡി. ബുൾസ് ഐ / സ്ക്രാമ്പിൾഡ് എഗ്ഗ് / ബ്രെഡ് റോസ്റ്റ് എന്നിവയും സൂപ്പുകളുടെ വ്യത്യസ്ഥ രുചി ഭേദങ്ങളും റെഡി. ഫ്രൂട്ട്സും പച്ചിലകളും ധാരാളമുണ്ട്. കോഫി ആവശ്യപ്പെട്ടവർക്ക് അതും ലഭിച്ചപ്പോൾ ഇന്നത്തെ ശകുനം തരക്കേടില്ലെന്ന് തോന്നി. എട്ടരമണിയോടെ റിസോർട്ട് സ്റ്റാഫിനോട് യാത്ര പറഞ്ഞ് ഞങ്ങൾ മെയിൻ റോഡിലേക്ക് നടത്തമാരംഭിച്ചു. അതിനു മുമ്പു തന്നെ റിസോർട്ട് സ്റ്റാഫും ഡിറ്റും ഞങ്ങളുടെ ലഗ്ഗേജുകൾ ബസ്സിൽ എത്തിച്ചു കഴിഞ്ഞിരുന്നു.

ഇന്നത്തെ യാത്ര, പഗോഡകൾ എന്നറിയപ്പെടുന്ന ബുദ്ധ ക്ഷേത്രങ്ങളിലേക്കായിരുന്നു. ബുദ്ധദേവന്റെ വ്യത്യസ്ത ഭാവങ്ങൾ പകർത്തിയ 500 ബുദ്ധപ്രതിമകൾ ഉൾകൊള്ളുന്ന Bai Din Pagoda യുമുണ്ടിതിൽ. ബുദ്ധ ക്ഷേത്രങ്ങളുടെ ഒരു complex ആയാണ് ഇതറിയപ്പെടുന്നത്. വിയറ്റ്നാമിലെ ഏറ്റവും വലിയ പഗോഡയും ഇതത്രെ. Hang toi cave, Trang Anലെ നദിയിലെ തുഴവള്ള യാത്ര എന്നിങ്ങനെ ഇന്നത്രെ കാര്യപരിപാടികൾ അതിദീർഘമത്രെ! "കായലിന്നക്കരെ പോകാനെനിക്കൊരു കളിവള്ളമുണ്ടായിരുന്നു" എന്ന ഗാനം മൂളി Trang Anനെ ലക്ഷ്യം വെച്ച് നീങ്ങിയ യാത്രയിൽനിന്ന് തുടങ്ങാം. നാലു പേർക്ക് സഞ്ചാരികളാകാവുന്ന തുഴവള്ളങ്ങൾ നിരനിരയായി യാത്രികരെ കാത്തു നിൽക്കുന്നതു കാണാൻ തന്നെ എന്തൊരു ചന്തം! നൂറുകണക്കിന് വള്ളങ്ങളാണ് നമ്മെ ഒളികണ്ണിട്ടു നോക്കിക്കൊണ്ടിരിക്കുന്നത്. ഞങ്ങൾ 12 പേർ മൂന്നു തുഴവള്ളങ്ങളിലേക്ക് വിഭജിക്കപ്പെട്ടു.

ഓരോന്നിലും വൈദഗ്ധ്യമുള്ള തുഴക്കാരുമുണ്ട്. ഭൂരിപക്ഷവും സ്ത്രീകളാണ്; അവർ ഏറെ വിദഗ്ധരുമാണ്. ഞങ്ങളുടെ വള്ളങ്ങൾ. പുഴയുടെ പച്ചപ്പിലേക്കിറങ്ങി തുഴച്ചിൽ ആരംഭിച്ചപ്പോഴാണ് ഇക്കണ്ടതൊന്നുമല്ല കാഴ്ചകൾ എന്ന് മനസ്സിലായത്. എത്ര നൂറുകൾ ഉണ്ടെന്ന് എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്തത്രയും വള്ളങ്ങളാണ് ഇരു വശത്തേക്കുമായി യാത്ര തുടരുന്നത്. പല വേഷക്കാർ, പല ഭാഷക്കാർ, പല പ്രായക്കാർ, പല ശരീര പ്രകൃതിയുള്ളവർ, ഗൗരവം വിടാത്തവർ, പുഞ്ചിരി കെടാത്തവർ! വള്ളത്തിൽ തുഴച്ചിൽകാരിക്കു പുറമെ നാലു സഹയാത്രികർക്കും തുഴയാനുള്ള പങ്കായമുണ്ട്. പക്ഷെ വള്ളം കൃത്യമായി നീങ്ങുന്നത് തുഴക്കാരിയുടെ വൈദഗ്ധ്യം കൊണ്ടാണ്. ഞങ്ങൾ ലൈഫ് ജാക്കറ്റണിഞ്ഞ്, പങ്കായം കൈയിലെടുത്തപ്പോൾ "പൂമരം" പാട്ട് മനസ്സിലേക്കോടിയെത്തി.

" ഞാനും ഞാനുമെന്റാളും

ആ പന്ത്രണ്ട് പേരും

ഭാവന കൊണ്ട് കപ്പലുണ്ടാക്കി

കപ്പലിലാണേ ആ കുപ്പായക്കാരി "

തുഴച്ചിലുകാരിയെ മനസ്സിൽ ധ്യാനിച്ച് ഞങ്ങളും പങ്കായം വീശി. ഞങ്ങളുടെ മൂന്ന് വള്ളങ്ങളും അടുത്തടുത്ത് സഞ്ചരിക്കണമെന്നും ഓരോ വള്ളക്കാരും തൊട്ടടുത്ത വള്ളക്കാരെ വിഡിയോയിൽ പകർത്തണമെന്നുമായിരുന്നു ഭരണഘടനയിലെ "അലിഖിത നിയമം". തുഴച്ചിലും വിഡിയോ പിടുത്തവും തകൃതിയായി നടക്കുന്നതിനിടെ വഞ്ചിപ്പാട്ടും തുടങ്ങി.

"കുട്ടനാടൻ പുഞ്ചയിലെ

കൊച്ചുപെണ്ണേ കുയിലാളെ

കൊട്ടു വേണം കുഴൽ വേണം കുരവ വേണം. "

ഉടൻ തന്നെ മറുപടിപ്പാട്ടു ലഭിച്ചു.

" പുഴയോരത്ത് തോണി എത്തീല".

പാട്ടും മറുപാട്ടുകളുമായി നേരം പോയതും ദൂരം പിന്നിട്ടതും ഞങ്ങൾ അറിഞ്ഞതേയില്ല. നിർഭാഗ്യം ഞങ്ങളെ പിടികൂടിയ ഒരു ദിവസമായിരുന്നു അന്നത്തേത്. തലേന്നാൾ പെയ്ത കനത്ത മഴ കാരണം പുഴയിൽ ക്രമാതീതമായി വെള്ളം ഉയർന്നതിനാൽ ഈ യാത്രയിലെ ഏറ്റവും ആസ്വാദ്യകരമായ ഐറ്റം എന്ന് വിശേഷിപ്പിക്കപ്പെട്ട, ഗുഹകൾക്കുള്ളിലേക്ക് നദിയിലൂടെ തുഴഞ്ഞു പോകാനുള്ള അവസരം നഷ്ടപ്പെട്ടു. ഗുഹയുടെ മുകളറ്റം വരെ വെള്ളം ഉയർന്നിരിക്കുന്നതിനാൽ വള്ളത്തിന് പ്രവേശിക്കാൻ ഇടമില്ല! Trang An Grottes എന്നറിയപ്പെടുന്ന ഗുഹകൾ. Cave എന്നും Grottoe എന്നും പറഞ്ഞാൽ ഗുഹയെന്ന് തന്നെയാണ് ഉദ്ദേശിക്കുന്നതെങ്കിലും Natural, Artificial എന്നീ അർഥങ്ങളാലാണ് ഇവ യഥാക്രമം നിലകൊള്ളുന്നത്. Halong Bayയിൽ കുറഞ്ഞ അളവിലെങ്കിലും ഗുഹാ സഞ്ചാരം ഞങ്ങൾക്ക് ലഭിച്ചിരുന്നെങ്കിലും ഈ നഷ്ടത്തിന്റെ നൊമ്പരം ഞങ്ങളെ അലട്ടിയിരുന്നു. മല തുരന്ന് മാർഗം ഒരുക്കിയ മായക്കാഴ്ചകളിലൂടെ അര മണിക്കൂർ തുഴഞ്ഞു മുന്നേറാനുള്ള അവസരം നഷ്ടപ്പെട്ടത് വലിയൊരു നഷ്ടം തന്നെ ആയിരുന്നു. KARSTS, GROTTOES എന്നിവ വിയറ്റ്നാം പ്രത്യേകതകളിൽ പ്രമുഖമത്രെ. പ്ലാസ്റ്റർ ഓഫ് പാരീസ് നിർമിതിക്കുപയോഗിക്കുന്ന calcium Sulphate, അലിയുന്ന പാറകളായ Lime stone, Marble, Gypsum എന്നിവയൊക്കെയാണ്. അണ്ടർ ഗ്രൗണ്ട് അരുവികൾക്ക് ചുറ്റുമുള്ള Grottoe കളിൽ കാണുന്ന അസംസ്കൃത വസ്തുക്കൾ. പ്രകൃതി ഒരുക്കി വെച്ചതും മനുഷ്യൻ സൃഷ്ടിച്ചൊരുക്കിയതുമായ വർണക്കാഴ്ചകളുടെ മായാലോകം.

ഈ യാത്ര അന്ന് നിർവഹിക്കാൻ കഴിയാത്തത് Compensate ചെയ്യുവാൻ അധിക സമയം തുഴ വഞ്ചിയുമായി നദിയിൽ കറങ്ങാൻ കിട്ടിയ അവസരം ഉപയോഗിച്ച് നദിയുടെ സ്നിഗ്ദത നുകർന്നു തുഴഞ്ഞു നീങ്ങിയപ്പോൾ മനസ്സിന്റെ കിളിവാതിൽ തള്ളിത്തുറന്ന് എത്തി നോക്കിയത് Robert Frost ന്റെ stopping by woods on a snowy evening എന്ന കവിതയിലെ അവസാന വരികളാണ്.

And miles to go before l sleep

And miles to go before l sleep.

ഇടക്കിടെ കണ്ടു കിട്ടിയ ജെട്ടികളിൽ ഞങ്ങളുടെ തുഴവള്ളങ്ങൾ അടുപ്പിക്കും. ബുദ്ധ ക്ഷേത്രങ്ങളിലേക്ക് പ്രവേശിക്കാനുള്ള അത്തരം ജെട്ടികളിലൂടെ ഒന്നിലേറെ ബുദ്ധ ക്ഷേത്രങ്ങൾ ഞങ്ങൾ സന്ദർശിച്ചു. പൊന്നിൽ കുളിച്ച് തിളങ്ങി നിൽക്കുന്ന ബുദ്ധദേവന്മാരാണ് ഇവിടങ്ങളിൽ ഞങ്ങളെ സ്വാഗതം ചെയ്യാൻ ഉണ്ടായിരുന്നത്. പഗോഡകളുടെ സാമ്രാജ്യം. നിർമിതികൾക്കെല്ലാം സമാനരൂപമാണ്. കൂറ്റൻ പ്രതിമകളാണ് മിക്കയിടത്തും.

ഗ്രഹണി പിടിച്ചവൻ ചക്കക്കൂട്ടാൻ കണ്ടത് പോലെ, ആർത്തി പൂണ്ട് ഏതെല്ലാം ദൃശ്യങ്ങളാണ് കാമറയാൽ പകർത്തേണ്ടതെന്ന് തീരുമാനിക്കാൻ ആവാതെ ബഹളമയമായ മനസ്സ്. ചില്ലകളിൽനിന്ന് ചില്ലകളിലേക്ക് ഊയലാട്ടം നടത്തുന്ന കുരങ്ങു മനസ്സ്. കാഴ്ചകളെ മനസ്സിലേക്കാവാഹിച്ച് കുടിയിരുത്തുക എന്നത് മാത്രമായിരുന്നു മുന്നിൽ കണ്ട ഏക പോം വഴി.

(തുടരും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vietnam travelogue
News Summary - To Vietnam's rural sights, that too by bicycle...
Next Story