Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
trevi fountain
cancel
Homechevron_rightTravelchevron_rightDestinationschevron_rightട്രെവിയിലെ...

ട്രെവിയിലെ ജലസ്പര്‍ശമേറ്റ്, സ്പാനിഷ് പടവുകളിറങ്ങിവരുമ്പോൾ

text_fields
bookmark_border

ഇറ്റാലിയൻ സിനിമയിലെ ഇതിഹാസമായ ഫെഡറിക്കോ ഫെല്ലിനിയുടെ ലാ ഡോള്‍സെ വിറ്റ [La Dolce Vita ] കണ്ടവരുടെ മനസ്സിൽനിന്ന് റോമിലെ ട്രെവി ജലധാര മാഞ്ഞുപോയിക്കാണില്ല. ഗോസിപ്പ് പത്രപ്രവർത്തകനായി വേഷമിടുന്ന നായകൻ മാർസെലോ മെസ്ത്രോയ്നിയെ ചിത്രത്തിലെ നായികയായ സ്വീഡിഷ് താരറാണി അനീറ്റ എക്ബെർഗ് ജലധാരയിലേക്കിറങ്ങാൻ പ്രണയ പാരവശ്യത്തോടെ ക്ഷണിക്കുന്ന രംഗങ്ങൾ ചിത്രീകരിച്ചതോടെയാണ് റോമാ നഗരത്തിലെത്തുന്നവരുടെ പ്രധാന ആകർഷണ കേന്ദ്രമായി ട്രെവി ഫൗണ്ടൻ മാറുന്നത്.

1996 ഡിസംബറിൽ മാർസെല്ലോയുടെയും 2015 ജനുവരിയിൽ അനീറ്റയുടെയും വേർപാടുകാലത്ത് ജലധാര നിശ്ചലമാക്കിയും ചിന്നിച്ചിതറി ഉയർന്നുപൊങ്ങിയ ജലകണികകളിൽ ഇരുവരുടെയും മുഖചിത്രങ്ങൾ പ്രതിഫലിപ്പിച്ചും റോമാക്കാർ തങ്ങളുടെ കലാപ്രതിഭകൾക്ക്​ ഒാർമകളിൽനിന്നൊരിക്കലും മായാത്ത സ്നേഹമുദ്രകൾ ചാർത്തി നൽകി.


rome


2017 മേയ് ഒമ്പതി​െൻറ പ്രഭാതത്തിലാണ് വെനീസിൽനിന്ന് റോമയിലെത്തുന്നത്. എവിടെത്തിരിഞ്ഞാലും ശിൽപഭംഗിയുള്ള നിർമിതികളാണ്; തൂണുകളും പ്രതിമകളും മ്യൂസിയങ്ങളും ലൈബ്രറികളും ഓഫിസ് മന്ദിരങ്ങളും എല്ലാമെല്ലാം. ശിൽപചാരുത നഷ്​ടമാകാതെ എങ്ങും പുരാതന റോമാ നഗരം പുനർജനിച്ച ദൃശ്യങ്ങൾ.

എല്ലാം കണ്ണുനിറയെ കാണാനോ റോമാക്കാരിയായ ഗൈഡ് പറയുന്നത് കാതുനിറയെ കേൾക്കാനോ കഴിയാതെ പരവശരായിപ്പോവും, ഞങ്ങളെപ്പോലെ ധിറുതിയിൽ കടന്നുപോവേണ്ടിവരുന്ന ഏതു യാത്രികരും. റോമിൽ അലയാൻ ഒന്നര ദിവസം മാത്രമാണുള്ളത്. ചുറ്റുമുള്ളതെല്ലാം നഗ്നനേത്രങ്ങളിൽ പകർത്തണം. കുറെയേറെ കാഴ്ചകൾ കാമറയിലും.


trevi fountain


അതിപുരാതന റോമാ സാമ്രാജ്യത്തോളം പഴക്കമുണ്ട്, ഈ നീരൊഴുക്കിന്​. ദാഹാർത്തരായ പട്ടാളക്കാരെ അകലെയുള്ള പ്രകൃതിദത്തമായ നീരുറവയുടെ പ്രഭവ സ്ഥാനത്തേക്ക് നയിച്ച ഒരു പെൺകിടാവിനെ കാണാമത്രെ, റോമാ ചരിതത്തി​െൻറ താളുകൾ പരതുമ്പോൾ. പിന്നീട് ഈ ജലസ്രോതസ്സിന് അക്വ വിര്‍ഗോ എന്ന് പേരിട്ടു, ആ കന്യകയുടെ ഓർമക്കായി. കാലം ചെന്നപ്പോൾ നഗരത്തിലേക്കുള്ള ജലലഭ്യത ഉറപ്പുവരുത്താൻ പുരാതന റോമിലെ അതിവിദഗ്ധരായ എൻജിനീയർമാർ പദ്ധതിയുണ്ടാക്കി; ചുറ്റുമുള്ള കുന്നുകളിൽനിന്നുള്ള നീരൊഴുക്കുകൾ നഗരത്തി​െൻറ പല ഭാഗങ്ങളിലുള്ള നീർത്തടങ്ങളിൽ ശേഖരിച്ചു. അവയിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു ട്രെവിയിലേത്.

റോമിലെ മൂന്നു തെരുവുകളുടെ സംഗമ സ്ഥാനമാണ് ഇത് എന്നതിനാലാണത്രെ Tre Vie എന്ന പേര് വന്നത്. 1730ൽ ക്ലമൻറ്​ പന്ത്രണ്ടാമൻ മാർപാപ്പയാണ് ഈ ജലധാരയുടെ നവീകരണത്തിനായ് ഒരു രൂപകൽപന മത്സരം നടത്തിയത്. പ്രമുഖരായ പല ശിൽപികളെയും പിന്നിലാക്കി റോമക്കാരനായ നിക്കോള സാല്‍വി രൂപകൽപനക്കുള്ള അവകാശം നേടി. ഒരു കൊട്ടാരത്തി​െൻറ പൂമുഖവും ഗ്രീക്ക് ദേവൻമാരുടെ ശിൽപങ്ങളും നീരൊഴുക്കുമായി സംയോജിപ്പിച്ച്​ 1732ൽ ആണ് ഇതി​െൻറ നിർമാണം തുടങ്ങുന്നത്. സമുദ്ര ദേവനായ ഓഷ്യാനസ് നടുവിൽ ഇടം നേടി. സമൃദ്ധിയുടെയും ആരോഗ്യത്തി​െൻറയും ദേവൻമാർ വശങ്ങളിലും.

trevi fountain


26 മീറ്ററാണ് ഉയരം. 49 മീറ്റർ വീതിയും. ശിൽപിയായ സാൽവി മരണപ്പെട്ട് 11 വർഷത്തിന് ശേഷം 1762ലാണ് ഈ നീർധാര ഒഴുകിത്തുടങ്ങുന്നത്. ബൊറെക്ക്യു ശിൽപമാതൃകയിൽ നിർമിച്ച ട്രെവി ഫൗണ്ടൻ റോമാ നഗരത്തിലുള്ള ഒട്ടനവധി ജലധാരകളിൽ വെച്ചേറ്റവും പ്രശസ്തമായതാണ്. തെരുവോരത്ത് നിറഞ്ഞുകാണുന്ന കടകളിലൊന്നിൽനിന്ന് ഇറ്റാലിയൻ ഐസ്ക്രീം വാങ്ങി നുണഞ്ഞുകൊണ്ട് ഞങ്ങൾ നടക്കുകയാണ്. അന്നേരം തെല്ലകലെനിന്ന് ഒഴുകിയെത്തുന്ന ജലമർമരങ്ങൾ നിങ്ങളുടെ കാതുകളെ ശ്രദ്ധാലുവാക്കും.

ജലധാരക്കരികിലേക്ക് നല്ല ജനപ്രവാഹമുണ്ട്. പല രാജ്യക്കാർ, പല പ്രായക്കാർ, പല ഭാഷക്കാർ, പല വേഷക്കാർ. ചിലരെല്ലാം ജലധാരക്ക്​ പുറംതിരിഞ്ഞുനിന്ന് തലക്കുമുകളിലൂടെ വെള്ളത്തിലേക്ക് നാണയത്തുട്ടുകൾ എറിയുന്നതും അത് കാമറയിൽ പകർത്തുന്നതും കണ്ടു. ഏതോ ഒരു മിത്തി​െൻറ പുനരാഖ്യാനമാവാം ഈ നാണയമേറ്. സമൃദ്ധമായ ജലപ്രവാഹത്തിനായി ജലദേവതയെ അല്ലെങ്കിൽ ദേവൻമാരെ പ്രീതിപ്പെടുത്തുന്നതിന് ആദ്യ കാലങ്ങളിൽ തുടങ്ങിയതാവാം. ഹിമവൽ സാനുക്കളിലേക്കുള്ള യാത്രാമധ്യേ ഹരിദ്വാറിലും ഋഷികേശിലും തങ്ങുമ്പോൾ ഗംഗയിലേക്ക് നാണയമെറിയുന്ന ആളുകളെ കാണാമല്ലോ. ഒരുപക്ഷേ, അതുപോലെയുള്ള ഒരു പുരാവൃത്തം ഇതിനു പിന്നിലുമുണ്ടാവാം.


trevi fountain


എന്നാൽ 1954ൽ ഇറങ്ങിയ, ജീന്‍ നെഗുലെസ്കോ സംവിധാനം ചെയ്ത 'ജലധാരയിലെ മൂന്നു നാണയങ്ങള്‍' എന്ന ഹോളിവുഡ് ചിത്രം ഈ മിത്തിന് മറ്റൊരു പൊരുള്‍ സമ്മാനിച്ചതായി പറയപ്പെടുന്നു. പിന്തിരിഞ്ഞുനിന്ന് വലതു കൈകൊണ്ട് ഇടതു ചുമലിന് മുകളിലൂടെ ട്രെവി നീരൊഴുക്കിലേക്ക് ഒരുതവണ നാണയമെറിഞ്ഞാൽ നിങ്ങൾ ഒരിക്കൽകൂടി ആ അനശ്വര നഗരത്തിലെത്തുമെന്നാണ്​ വിശ്വാസം! രണ്ടാമതൊന്നുകൂടി ആ ജലധാരയിലേക്ക് നാണയത്തുട്ടെറിഞ്ഞാൽ നിങ്ങൾ വീണ്ടുമൊരിക്കൽ അവിടെയെത്തുക മാത്രമല്ല, ഒരു റോമാ സുന്ദരിയുമായി പ്രണയം പൂത്തുലയുകകൂടി ചെയ്യും. മൂന്നാമതും നാണയമെറിഞ്ഞാലോ? നിങ്ങൾ രണ്ടാമതും റോമിലെത്തും, ഇറ്റാലിയൻ സുന്ദരിയുമായി പ്രണയത്തിലാവും, ആ പ്രണയം സഫലമാവും!

എത്രയെത്ര മനോഹരമായ ആചാരങ്ങൾ. മനുഷ്യരെ പ്രത്യാശാഭരിതരാക്കുന്ന സുന്ദര സുരഭില വിശ്വാസങ്ങൾ. പക്ഷേ, ഒരുവട്ടം പരീക്ഷിക്കാൻ ഒരു യൂറോയുടെ നാണയത്തുട്ടെങ്കിലും വേണം. അന്ന് 71 രൂപ കൊടുത്താലേ ഒരു യൂറോ കിട്ടൂ. അതുമല്ല, കണ്ടതു വീണ്ടും കാണാനല്ല, കാണാത്ത കാഴ്ചകളിലേക്കാണല്ലോ നാം ഇനി സഞ്ചരിക്കേണ്ടത്. എല്ലാ ദിവസവും ഒരു മണിക്കൂർ ഈ ഫൗണ്ടൻ നിശ്ചലമാകും, നാണയത്തുട്ടുകൾ ശേഖരിക്കാൻ. കാരിത്താസ് എന്ന റോമൻ കാത്തലിക്​ സന്നദ്ധ സംഘടനക്കാണ് ഈ തുക കൈമാറുന്നത്. ഒരു വർഷം ഒന്നര മില്യൺ യൂറോക്ക് തുല്യമായ നാണയങ്ങൾ ഇവിടെനിന്ന് കിട്ടുന്നുണ്ടത്രെ! ആ നാട്ടിലെ പാവപ്പെട്ടവർക്കും വീടില്ലാത്തവർക്കും സമാശ്വാസം നൽകാൻ വേണ്ടിയാണത്രെ അവർ ഈ തുക വിനിയോഗിക്കുന്നത്.

spanish steps


സ്പാനിഷ് പടവുകളില്‍

ട്രെവിയിൽനിന്ന് കഷ്​ടിച്ച് ഒരു കിലോമീറ്ററേയുള്ളൂ സ്പാനിഷ് പടവുകൾക്കരികിലെത്താൻ. 15 മിനിറ്റ് നേരത്തേ നടത്തം മാത്രം. റോമൻ ബോറോക്യു ശിൽപ രചന രീതിയിലാണ് ഇതി​െൻറയും നിർമാണം. അതിശയകരമായ ചലനാത്മകത നമ്മെ അനുഭവിപ്പിക്കുന്നു എന്നതാണ് ഈ രചനാ രീതിയുടെ സവിശേഷത. പഴയ റോമാ നഗരഹൃദയത്തി​െൻറ കിഴക്കേ മൂലയിലുള്ള 138 പടവുകൾ അവ്യവസ്ഥിതമായി ഒരു ചിത്രശലഭത്തി​െൻറ മാതൃകയിൽ രൂപകൽപന ചെയ്തിരിക്കുന്നത് അന്ന് അത്രയൊന്നും പ്രശസ്തനല്ലാത്ത ഫ്രാൻസെസ്കോ ഡി സാൻക്റ്റിസ് എന്ന ശിൽപിയാണ്.

ഫ്രാൻസി​െൻറ അധീനതയിലായിരുന്ന ട്രിനിറ്റ ഡി മോണ്ടി പള്ളിയെ താഴെയുള്ള സ്പാനിഷ് എംബസി ചത്വരവുമായി ബന്ധിപ്പിക്കാനാണ് 1723ൽ ഈ ഗോവണിപ്പടികൾ ഉണ്ടാക്കുന്നത്. വെറുതെ ഇരിക്കാനും ചുറ്റുമുള്ള കാഴ്ചകൾ നുകരാനും നിത്യതയെ പുൽകി നിൽക്കുന്ന റോമാനഗരത്തി​െൻറ അന്യാദൃശമായ ചിത്രങ്ങൾ നെഞ്ചിലേറ്റാനും അനുയോജ്യമായ ഒരിടമാണ് സ്പാനിഷ് പടവുകൾ. അനുപമമായ ശിൽപചാരുതയുള്ള ഇവിടം എല്ലാ കാലത്തും കവികളെയും ശിൽപ - ചിത്രകലാതല്‍പരരെയും ആകർഷിച്ചിരുന്നു.


spanish steps


നവം നവങ്ങളായ രചനകൾ ഇവിടെ പിറവി കൊണ്ടു. ശ്രേഷ്ഠ കലാപ്രവർത്തകരുടെ മോഡലുകളാവാൻ സുന്ദരികളായ സ്ത്രീകൾ ഇവിടേക്കൊഴുകി. ആദ്യം റോമാക്കാരും പിന്നെപ്പിന്നെ അതിരുകൾ ഭേദിച്ച് ലോകമെങ്ങുമുള്ള സഞ്ചാരികളും ഈ ചത്വരത്തിൽ ചുറ്റിത്തിരിയാനെത്തി. ഒരു ഭേദങ്ങളുമില്ലാത്ത ഒത്തുചേരലിന്‍റെ ഇടമായി മാറി, യൂറോപ്പിലെ ഏറ്റവും വീതിയുള്ള ഈ ചവിട്ടുപടിക്കെട്ടുകൾ.

പടവുകൾ കേറിത്തുടങ്ങുമ്പോൾ വലതു മൂലയിൽ പ്രസിദ്ധനായ ആംഗലേയ കവി ജോൺ കീറ്റ്സിെൻറ വീടു കാണാം. 1821ൽ വെറും 25 വയസ്സു മാത്രമുള്ളപ്പോൾ, ഇവിടെ വെച്ചാണ് കീറ്റ്സ് മരണത്തെ വരിച്ചത്‌. ലോർഡ് ബെയറനും പി.ബി ഷെല്ലിക്കുമൊപ്പം കാൽപനിക കവിതയുടെ രണ്ടാം തലമുറയിൽപ്പെട്ട ആ ഭാവഗായക​െൻറ സ്മരണകളുറങ്ങുന്ന ഭവനം ഇന്നും സാഹിത്യ സഞ്ചാരികളെ ആകർഷിക്കുന്നു. 1819ലാണ്​ ആസ്വാദകർ എന്നുമെന്നുമോർക്കുന്ന ആറു ഭാവഗീതങ്ങൾ കീറ്റ്സ് രചിക്കുന്നത്.


spanish steps


വസന്തർത്തുവിനെ വരവേറ്റുകൊണ്ട് ഒന്നിനുപിറകെ ഒന്നായ് അഞ്ചു ഗീതകങ്ങൾ. ചിതാഭസ്മ കലശത്തിനോട്‌ [Ode on a Grecian Urn], ആലസ്യത്തിനോട്‌ [Ode on Indolence]പിന്നെ, വിഷാദത്തിനോടും [Ode on Melancholy] രാപ്പാടിയോടും [Ode to a Nightingale] ആത്മാവിനോടും [Ode to Psyche] സംവദിക്കുന്ന, കാലത്തെ അതിജീവിക്കുന്ന കവിതകള്‍. തൊട്ടുപിന്നാലെ ശരത്കാല രചനയായിവന്ന To Autumn ആറാമത്തേതും.

ചരിത്രത്തി​െൻറയും കലയുടെയും സാഹിത്യത്തി​െൻറയും സംസ്​കാരത്തി​െൻറയും കളിത്തൊട്ടിലായ പഴയ റോമാ നഗരത്തിലെ ട്രെവിയിലെ ജലസ്പര്‍ശമേറ്റ്, സ്പാനിഷ് പടവുകളിറങ്ങിവരുമ്പോൾ ഉണർന്നിരിക്കയാണോ അതോ സ്വപ്നം കാണുകയാണോ എന്നോർത്തു പോയി, ഒരു നിമിഷം. ഒപ്പം ചിതറിയ ഓർമകളിൽ നിന്ന് തപ്പിയെടുക്കാൻ ശ്രമിച്ചുവോ, Ode to a Nightingale ലെ അവസാന വരികൾ?

"Was it a vision, or a waking dream

Fled is that music: - do I wake or sleep."

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trevi fountainspanish steps
News Summary - Touch the water on the trevi, as you descend the Spanish stairs
Next Story