ബാണാസുരയിൽ സഞ്ചാരികളുടെ തിരക്ക്
text_fieldsവെള്ളമുണ്ട: നീണ്ട ഇടവേളക്ക് ശേഷം ലഭിച്ച വേനലവധിയിൽ ബാണാസുര ഡാമിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. കോവിഡ് തുടങ്ങിയതു മുതൽ ആളൊഴിഞ്ഞ് താളംതെറ്റിയ കേന്ദ്രം പഴയ പ്രതാപത്തിലേക്ക് ഉയർന്നു. പെരുന്നാളിനു ശേഷം വൻ തിരക്കാണ് അനുഭവപ്പെട്ടത്. ദിനംപ്രതി 10,000ത്തിലതികം പേരാണ് ഡാമിലെത്തുന്നത്.
കഴിഞ്ഞ ഞായറാഴ്ച മാത്രം 12,225 മുതിർന്നവരും 2210 കുട്ടികളും ഡാം സന്ദർശിച്ചു. പത്തുലക്ഷം രൂപയിലധികമാണ് കഴിഞ്ഞ ഒരു ദിവസത്തെ വരുമാനം. കഴിഞ്ഞ ഒരു മാസത്തിലധികമായി സഞ്ചാരികളുടെ തിരക്ക് ദിനംപ്രതി വർധിക്കുന്നത് പതിവുകാഴ്ചയാണ്. അയൽ സംസ്ഥാനങ്ങളിൽനിന്നടക്കം നിരവധി സന്ദർശകരാണ് ഇവിടേക്ക് എത്തിയത്.
നിയന്ത്രണങ്ങൾ കഴിഞ്ഞതിനു ശേഷമുള്ള ഈ സീസണിലെ ഏറ്റവും വലിയ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. വാഹനം പാർക്ക് ചെയ്യുന്ന സ്ഥലങ്ങളെല്ലാം നിറഞ്ഞുകവിഞ്ഞു. ഇതോടെ മണിക്കൂറുകൾ നീണ്ട ഗതാഗത തടസ്സവും അനുഭവപ്പെട്ടു.
ഇനി ദൃശ്യങ്ങൾ പകർത്താം; ടിക്കറ്റ് എടുക്കാതെ
ജില്ലയിൽ ഡി.ടി.പി.സിക്ക് കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ കാമറ ഫീസ് ഒഴിവാക്കി
കല്പറ്റ: വയനാട് ജില്ല ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ (ഡി.ടി.പി.സി) കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് കാമറ ഫീസ് ഒഴിവാക്കി. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികളുടെ കാമറകള്‍ പ്രവേശിപ്പിക്കുന്നതിന് ഇതുവരെ ഫീസ് ഈടാക്കിയിരുന്നു. വയനാട് ഡി.ടി.പി.സിയുടെ കീഴില്‍ വരുന്ന മുഴുവന്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലും കാമറകള്‍ക്ക് ഈടാക്കിയ ടിക്കറ്റാണ് ജില്ല ടൂറിസം പ്രമോഷന് കൗണ്‍സില്‍ ഒഴിവാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു. പ്രകൃതിരമണീയ വയനാടന്‍ കാഴ്ചകള്‍ ലോകം മുഴുവന്‍ കാണണമെന്ന ആഗ്രഹമാണ് തീരുമാനത്തിന് പിന്നിലെന്ന് ജില്ല കലക്ടര്‍ എ. ഗീത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.