മഞ്ഞും കടലും മരുഭൂമിയും; സഞ്ചാരികൾക്ക് പറുദീസക്കാലം
text_fieldsമഞ്ഞണിഞ്ഞ മരുഭൂമി, രാത്രിയിലും അതിരാവിലെയും മഞ്ഞിൽ കുളിച്ചാണ് സീലൈൻ ഉണരുന്നത്. പ്രകൃതിയുടെ അപൂർവ വിരുന്നായ പുലകർ കാലത്തെ ആഘോഷമാക്കാൻ നിരവധി സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. കടലും മരുഭൂമിയും മഞ്ഞും സഞ്ചാരികളും ഒരു ഫ്രെയിമിൽ ഒന്നിക്കുന്ന സീലൈനിലെ ഒരു പ്രഭാത കാഴ്ച (അഷ്കർ ഒരുമനയൂർ)
ദോഹ: സ്വർണനിറത്തിൽ മണൽതരികളും നീലനിറത്തിൽ കടലും സംഗമിക്കുന്ന ലോകത്തിലെ മൂന്ന് സ്ഥലങ്ങളിലൊന്ന് ഖത്തറിലാണ്, സീലൈൻ ബീച്ച്. അധിക പേരും സീലൈനിലെത്തി കുറച്ചു നേരം ചെലവഴിച്ച് ദോഹയിലേക്ക് തന്നെ മടങ്ങുകയാണ് പതിവ്. എന്നാൽ മിസൈദിലെ സീലൈൻ മുതൽ സൗദി അറേബ്യയുടെ അതിർത്തിയിലുള്ള ഖോർ അൽ ഉദൈദ് വരെ നീണ്ടുകിടക്കുന്ന ഈ അപൂർവ പ്രദേശം ഖത്തറിന്റെ സ്വകാര്യ അഹങ്കാരങ്ങളിലൊന്ന് കൂടിയാണ്.
ഖത്തറിന്റെ തെക്ക്-കിഴക്കായി നിരന്ന് കിടക്കുന്ന ഖോർ അൽ ഉദൈദ് (ഇൻലൻഡ് സീ) യുനെസ്കോയുടെ പ്രകൃതി പൈതൃകപ്പട്ടികയിലും ഇത് ഇടം നേടിയിട്ടുണ്ട്.
ശൈത്യകാലമായാൽ ഖത്തറിലെത്തുന്ന സന്ദർശകരുടെയും പ്രാദേശിക സഞ്ചാരികളുടെയും ഇഷ്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഈ പ്രദേശം.
അന്തരീക്ഷം തണുത്ത് തുടങ്ങിയാൽ നവംബർ മുതൽ മാർച്ച്-ഏപ്രിൽ വരെ സ്വദേശികൾക്കും പ്രവാസികൾക്കും വിദേശങ്ങളിൽനിന്നെത്തുന്ന സഞ്ചാരികളുമെല്ലാം ഓടിയെത്തുന്ന ഇടം കൂടിയാണ് സീലൈൻ. സീലൈനിലേക്കും അവിടെനിന്ന് ഖോർ അൽ ഉദൈദിലേക്കുമുള്ള യാത്ര ഈയിടെ പതിവായി മാറിയിട്ടുണ്ട്. സീലൈനിൽനിന്നും മരുഭൂമിയിലൂടെ മണൽക്കൂനകൾ കയറിയിറങ്ങി 45 കിലോമീറ്ററോളം സഞ്ചരിച്ച് വേണം ഇൻലാൻഡ് സീയിലെത്താൻ.
രണ്ട് വാഹനങ്ങളിലായി കുടുംബങ്ങളുമൊത്താണ് ഞങ്ങൾ യാത്ര പോയത്. ഫോർ വീൽ ഡ്രൈവ് വാഹനങ്ങൾക്ക് മാത്രം സഞ്ചരിക്കാൻ കഴിയുന്ന പാതയാണിവിടം. നേരത്തേ നിശ്ചയിച്ച പ്രകാരം രാത്രി എട്ട് മണിയോടെയാണ് പുറപ്പെട്ടത്. സീലൈനിൽനിന്ന് വാഹനങ്ങളിലെ ടയറുകളിലെ കാറ്റ് കുറച്ചുവേണം മുന്നോട്ടു നീങ്ങാൻ.
അല്ലെങ്കിൽ മണലിൽ സഞ്ചരിക്കാനാവാതെ വാഹനങ്ങൾ താഴ്ന്നിറങ്ങിപ്പോകും. ശൈത്യകാലമായതിനാൽ ഇൻലാൻഡ് എത്തുന്നത് വരെ പലയിടത്തും ടെന്റുകൾ സജീവമായിരുന്നു. ഓരോ ടെന്റുകളുടെ അതിർത്തികൾ നിർണയിച്ചിരുന്നത് എൽ.ഇ.ഡി സ്ട്രിപ്പുകളായിരുന്നു. ക്വാഡ് ബൈക്കുകളും ബഗ്ഗികളും പല വർണങ്ങളിലുള്ള ലൈറ്റുകളുമായി തലങ്ങും വിലങ്ങും ചീറിപ്പായുന്നത് കാണാം.
യാത്രക്കിടെ ഒരു തവണ വാഹനം മണലിൽ പണിമുടക്കി. കുറച്ചു നേരം പരിശ്രമിച്ചെങ്കിലും വിഫലം. അതിനിടെ ഒരാൾ വരുന്നു, നിർദേശങ്ങൾ തരുന്നു, വാഹനത്തിൽ പിന്നിൽ ബെൽറ്റ് ബന്ധിച്ച് പിറകോട്ട് വലിക്കുന്നു, എല്ലാം ശുഭം. അപരിചതനെ പരിചയപ്പെടാനും വിവരങ്ങൾ ചോദിക്കാനും നീങ്ങിയപ്പോഴേക്കും അദ്ദേഹം ഏറെ വിദൂരത്തായിപ്പോയിരുന്നു, മറ്റൊരു വാഹനം അദ്ദേഹത്തെ കാത്തിരിപ്പുണ്ടാകും.
രാത്രി 11 ഓടെ സൗദി ബോർഡറിനടുത്ത് തീരത്തോടടുത്ത് ഉറച്ച ഒരു സ്ഥലത്തായി ടെന്റടിച്ചു. വേലിയേറ്റമോ വേലിയിറക്കമോ ഇല്ലെന്ന് ഉറപ്പുവരുത്തിയായിരിക്കണം ക്യാമ്പ് ചെയ്യേണ്ടത് എന്ന് പ്രത്യേകം ഓർമപ്പെടുത്തുകയാണ്. അല്ലെങ്കിൽ പണി കിട്ടും. തൊട്ടടുത്തായി രണ്ട് മൂന്ന് കാബിനുകളും ചൂണ്ടക്കാരും ഉള്ളതിനാലും ചെറിയ വെളിച്ചത്തിന്റെ സാന്നിധ്യവുമാണ് അവിടെ തിരഞ്ഞെടുക്കാൻ കാരണം. ആകാശനിരീക്ഷണത്തിന് യോജിച്ച ഇടം, തെളിഞ്ഞ ആകാശവും എണ്ണിയാലൊടുങ്ങാത്ത നക്ഷത്രക്കൂട്ടങ്ങളും കാണാമായിരുന്നു. പാട്ടും കളിയുമായി കുറച്ച് സമയം ചെലവഴിച്ച് ഭക്ഷണവും കഴിച്ച് എല്ലാവരും ടെന്റുകളിലേക്ക് ഊളിയിട്ടു.
ഖോർ അൽ ഉദൈദിലെ സൂര്യോദയവും അസ്തമയവും അവിസ്മരണീയ അനുഭവങ്ങളിലൊന്നാണ്. പുലർച്ചെ പ്രഭാതകൃത്യങ്ങളെല്ലാം തീർത്ത് എല്ലാവരും സൂര്യോദയം കാണാനായി കാത്തിരുന്നു. കടലിനെയും മരുഭൂമിയെയും ചെഞ്ചായമണിയിച്ചു സൂര്യൻ പതുക്കെ തലപൊക്കിത്തുടങ്ങി. കുറച്ചു നേരം കൂടി അവിടെ ചെലവഴിച്ച് മടക്കയാത്ര തുടങ്ങി. രാത്രിയാത്രയും ഇരുട്ടമായതിനാൽ മരുഭൂമിയുടെ വശ്യതയും വന്യതയും അനുഭവിക്കാൻ സാധിച്ചിരുന്നില്ല.
ഇൻലാൻഡിൽ രാത്രി താമസത്തിനൊരുക്കിയ ടെന്റ്
തിരികെയാത്രയിൽ നോക്കെത്താ ദൂരത്തോളം മണൽക്കൂനകൾ. തലേദിവസം വെള്ളം കയറിയിറങ്ങിയ ചതുപ്പിലൂടെ വേണം മുന്നോട്ട് നീങ്ങാൻ. ചളി തെറിപ്പിച്ച് വാഹനം മുന്നോട്ട് കുതിച്ചു തൊട്ടടുത്ത വലിയൊരു മണൽക്കൂനയിൽനിന്നു. ഓരോ കാലടിയിലും മണലിൽ കാലുകൾ പൂണ്ടുപോകുന്നത്രയും മിനുസമുള്ള തരിമണൽ.
തണുത്ത കാറ്റ് പരന്ന് കിടക്കുന്ന മണലിനെ കാൻവാസാക്കി പലവിധ ചിത്രപ്പണികൾ ചെയ്തുകൊണ്ടിരുന്നു. കുന്നിൻ മുകളിൽനിന്ന് നോക്കിയാൽ അങ്ങകലെ താഴെ കടൽ. ഉപ്പിന്റെ അമിതസാന്നിധ്യത്താൽ ചില പ്രദേശങ്ങൾ മഞ്ഞ് പെയ്തത് പോലെ വെളുത്ത നിറത്തിൽ കാണപ്പെടുന്നുണ്ട്. ചിലയിടങ്ങളിൽ കറുപ്പണിഞ്ഞ് ചതുപ്പ് നിലങ്ങളും.
വാഹനം വീണ്ടും മുന്നോട്ട് നീങ്ങി. ഇതിനിടയിൽ ചതുപ്പുനിലങ്ങളും ഉപ്പ് പ്രദേശങ്ങളും താണ്ടിയിരുന്നു. മണൽക്കൂനകളിലൂടെ കുത്തനെ കയറിയും ഇറങ്ങിയും അവസാനം സീലൈനിലെത്തി.
സീലൈനിലിറങ്ങി കുറച്ചു നേരം അവിടെ ചെലവഴിച്ചു. സഞ്ചാരികളെ കാത്ത് സവാരിക്കായി ഒട്ടകങ്ങളും കുതിരകളും അവിടെ നേരത്തേതന്നെ അണിഞ്ഞൊരുങ്ങി സജ്ജമാക്കിയിട്ടുണ്ടായിരുന്നു. ഒരു ബദൂവിയൻ മാതൃകയിലുള്ള ടെന്റുകളിലൊന്നിൽ കയറി കാവ നുണയുകയും ഖത്തറിന്റെയും അറബികളുടെയും ആതിഥ്യമര്യാദ അനുഭവിച്ചറിയുകയും ചെയ്തു. കുട്ടികൾക്കായി പോണി സവാരിയും അവിടെയുണ്ട്.
മരുഭൂമിയിലെ യാത്ര
ഈ വർഷം മുതൽ സഞ്ചാരികൾക്കായി സീലൈൻ ഫെസ്റ്റിവലും ഖത്തർ ടൂറിസം ഇവിടെ ഒരുക്കിയിട്ടുണ്ട്. ജനുവരി മൂന്നിന് ആരംഭിച്ച സീലൈൻ മഹോത്സവം 27 വരെ നീളും. ആകർഷമായ വിനോദ പരിപാടികൾ ഇതോടനുബന്ധിച്ച് തയാറാക്കിയിട്ടുണ്ട്. എല്ലാ വെള്ളിയാഴ്ചകളിലും കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ടും സന്ദർശകർക്ക് നേരിൽ കാണാം.
ഇതിനകം തന്നെ രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ സീലൈനെ കൂടുതൽ ജനപ്രിയമാക്കുകയാണ് ഇതിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്. സാഹസികതയും ശാന്തതയും അതോടൊപ്പം പ്രകൃതിയോടിണങ്ങി കുറച്ച് സമയം ചെലവഴിക്കലും ആഗ്രഹിക്കുന്നവർക്ക് മരുഭൂമി ഒരു തെരഞ്ഞെടുപ്പാണ്.
ശൈത്യകാലത്തെ മരുഭൂമിയുടെ ആകർഷണം അത് മറ്റ് യാത്രകളിൽ നിന്നെല്ലാം വ്യത്യസ്തമായിരിക്കും. ജി.സി.സിക്ക് പുറമെ അന്താരാഷ്ട്ര യാത്രക്കാരും ഈയിടെയായി മരുഭൂമിയിലെ വാസം തിരഞ്ഞെടുക്കുന്ന പ്രവണത വർധിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.