ബാക്കു, ഖബാല,ഖുബുസ്താൻ
text_fieldsഈ പേരുകൾ ഒരുപക്ഷേ നിങ്ങളെ ആശ്ചര്യപ്പെടുത്തിയേക്കാം. അസർബൈജാന്റെ തലസ്ഥാന നഗരി എന്ന നിലയിൽ ബാകു പലർക്കും സുപരിചിതമാണ്. ദശാബ്ദങ്ങൾക്ക് മുമ്പ് പ്രമുഖ അറബ് പത്രപ്രവർത്തകൻ ഫഹ്മി ഹുവൈദി എഴുതിയ ഒരു കുറിപ്പിന്റെ മലയാള വിവർത്തനം പ്രബോധനം വാരിക പ്രസിദ്ധീകരിച്ചപ്പോൾ അതിന്റെ തലക്കെട്ട് ‘ബാകുവിൽ നിന്ന് ദുഃഖത്തോടെ’ എന്നായിരുന്നു. തലക്കെട്ടിന്റെ അന്ത്യപ്രാസം കാരണമാവാം അന്നേ ബാക്കു എന്ന സ്ഥലനാമം മനസ്സിലുണ്ട്. ബാക്കുവിൽ നടന്ന ഏതോ ഉന്നതതല നയതന്ത്ര സമ്മേളനത്തെ വിലയിരുത്തിയുള്ള ഒരു കുറിപ്പായിരുന്നു അതെന്നാണ് ഓർമ.
അസർബൈജാന്റെ തലസ്ഥാനവും രാജ്യത്തിലെ പ്രധാനപട്ടണവുമാണ് ബാകൂ. കാസ്പിയൻ കടൽ അതിരിടുന്ന ഒരു പുരാതന നഗരം. ബാകുവിൽനിന്ന് ഏകദേശം ഇരുനൂറ്റമ്പത് കിലോമീറ്റർ ദൂരത്തിൽ കിടക്കുന്ന അസർബൈജാനിലെ മറ്റൊരു പട്ടണമാണ് ഖബാല. ഖബാലയിലേക്കുള്ള യാത്ര മനോഹരമാണ്. പാതക്കിരുവശങ്ങളിലും മാപ്പിൽ മരങ്ങൾ (Maples) ഇലപൊഴിച്ചു നിൽക്കുന്നതും മഞ്ഞണിഞ കാക്കസ് പർവതനിരകൾ നമ്മിലേക്ക് അടുത്ത് വരുന്ന പ്രതീതിയും ഒരു ചുവർചിത്രത്തിലെ മനോഹരകാഴ്ച പോലെ നമ്മെ മോഹിപ്പിക്കും.
അസർബൈജാന്റെ ആർക്കിയോളജി പ്രാധാന്യമുള്ള സ്ഥലമാണ് ഖുബുസ്ഥാൻ. ഈ സ്ഥലങ്ങൾ തേടിയാണ് ഇത്തവണ ഞങ്ങൾ നാലുപേർ അസർബൈജാൻ ലക്ഷ്യവെച്ചത്. നവംബർ 30 വ്യാഴം വൈകീട്ട് വിസയർ വഴി അബൂദബിയിൽനിന്ന് പുറപ്പെട്ട് ഏകദേശം മൂന്ന് മണിക്കൂർ യാത്ര ചെയ്തപ്പോൾ ബാകു അന്തർദേശീയ വിമാനത്താവളത്തിൽ ഫ്ലൈറ്റ് ലാൻഡ് ചെയ്തു. വിമാനത്തിൽ നിന്ന് പുറത്തിറങ്ങുമ്പോൾ തന്നെ മഞ്ഞുറഞ്ഞ കാറ്റിന്റെ ഗന്ധം ഞങ്ങളനുഭവിച്ചു. വിമാനത്താവളത്തിൽ കാത്തു നിന്ന അസർബൈജാനി ടാക്സി ഡ്രൈവർ ഞങ്ങളെ വരവേറ്റു. അദ്ദേഹം അസർബൈജാൻ ഭാഷമാത്രമാണ് സംസാരിക്കുന്നത്. ഞങ്ങൾക്കദ്ദേഹം ഗൂഗിൾ ട്രാൻസ്ലേഷൻ വഴി എല്ലാം പറഞ്ഞു തരുന്നുണ്ട്.
ടാക്സിയിൽ അസർബൈജാൻ റാപ് സംഗീതത്തിന്റെ ശബ്ദഘോഷം. അരമണിക്കൂർ കൊണ്ട് ഞങ്ങൾക്കായി ബുക്ക് ചെയ്ത ഹോട്ടൽ നിലനിൽക്കുന്ന സബയിൽ എന്ന സ്ഥലത്തെത്തി. ഹോട്ടലിൽ ചെക്കിൻ ചെയ്തു പെട്ടെന്ന് തന്നെ ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങി. പുറത്ത് ജാക്കറ്റില്ലാതെ ഇറങ്ങാനാവാത്ത തണുപ്പ്. നേരെ ഡോൾമ എന്നൊരു റെസ്റ്റോറന്റിൽ കയറി. ഇവിടങ്ങളിലെ പല ഷോപ്പുകളും റെസ്റ്റോറെന്റുകളും ഭൗമാന്തർ ഭാഗത്താണ്. കടുത്ത തണുപ്പിൽനിന്ന് ഇത് നല്ല രക്ഷയാണ്. അകത്ത് നേരിയ ചൂടും അനുഭവപ്പെടും. ഡോൾമ റെസ്റ്റോറന്റും ഇതുപോലെ ഭൂമിക്കടിയിലാണ്.
കബാബ്, ടിക്ക, ഹുമ്മൂസ്, റൊട്ടി തുടങ്ങിയവ ഇവിടുത്തെ ഭക്ഷണങ്ങളിൽ പ്രധാനം. ബസുമതി അരിയും മാംസവും പരിപ്പുകളും ഡ്രൈ ഫ്രൂട്സുകൾ ചേർത്ത് കേക്ക് ആകൃതിയിൽ ഉണ്ടാക്കുന്ന ഷാ പ്ലായും പ്രമുഖ ഇനമാണ്. മിതമായ വിലയും അതോടൊപ്പം രുചികരവും, ഗുണമേന്മയുള്ളതും ആണ് ഭക്ഷണങ്ങൾ. അസർബൈജാനിലെ ചായയും കിടിലനാണ്.
അടുത്ത ദിവസം കാലത്ത് ആറുമണിക്കുതന്നെ ഞങ്ങളുടെ ഗൈഡും ഡ്രൈവറുമായി ഷോമോ എത്തി. അദ്ദേഹവും അസർബൈജാനിയാണ്. ഇംഗ്ലീഷ് കുറച്ചൊക്കെ വഴങ്ങും. ചുറുചുറുക്കും മാന്യതയും അദ്ദേഹത്തിൽ പ്രകടം . ഖബാലയിലേക്കാണ് ഞങ്ങളുടെ യാത്ര. നേരം വെളുത്തിട്ടില്ല. പോകുന്ന വഴിയിൽ വണ്ടി ഒരു കൊച്ചു കോഫീഷോപ്പിനടുത്ത് നിറുത്തി. കോഫി ഏത് വേണം എന്നൊരു സംശയം. ഒടുവിൽ ഷോമോ സജസ്റ്റ് ചെയ്ത കോഫി തന്നെ ഓർഡർ ചെയ്തു . സംഗതി കൊള്ളാം കൊടും തണുപ്പിലുള്ള ആ കോഫി ഞങ്ങൾക്ക് നല്ലൊരു ഊർജം നൽകി. യാത്ര തുടരുകയാണ്.
പാതക്കിരുവശവും കൊയ്തതൊഴിഞ്ഞ പാടം പോലുള്ള സ്ഥലങ്ങൾ. നേരം വെളുത്തുവരുന്നു. കുറെ ദൂരം വീടുകൾ ഒന്നുമില്ല. ചില സ്ഥലങ്ങളിൽ വീടുകൾ കൂട്ടത്തോടെ കാണാം. ചരിത്ര പാഠപുസ്തകത്തിലൊക്കെ വായിക്കുന്ന ഒരു പുരാതന സ്ഥലങ്ങളിലൂടെ പോകുന്ന അനുഭവമാണ് ഈ യാത്ര. ചില സ്ഥലങ്ങൾ മഞ്ഞ് ആണെന്ന് തൊന്നുമെങ്കിലും ശരിക്കും അത് ഉപ്പുറഞ്ഞ പാടങ്ങളാണ്. വെള്ള നിറത്തിൽ അത് കാണാം. അനാർ, കാക്കപ്പഴം എന്നിവ അസർബൈജാനിൽ സുലഭമായി കൃഷിചെയ്യുന്നുണ്ട്.
റോഡിൽ റഷ്യൻ നിർമിത കാർ ആയ ലാട കാറുകൾ ആണ് ഭൂരിഭാഗവും. ഈ കാറുകൾ തന്നെയും ഒരു ആന്റിക്ക് കാഴ്ചയാണ് നമുക്ക് സമ്മാനിക്കുന്നത്. ലാട ഒരു ബഡ്ജറ്റ് വാഹനമായിട്ടാണ് കണക്കാക്കപ്പെടുന്നത്. റഷ്യയിൽ ഗ്യാരേജുകൾ പൊതുവിൽ കുറവായതിനാൽ കാറിന്റെ ഉടമക്ക് തന്നെ അറ്റകുറ്റപണികൾ ചെയ്യാൻ കഴിയുന്ന വിധത്തിലുള്ള ലളിതവും എന്നാൽ ഉറപ്പേറിയതുമാണ് ഇതിന്റെ നിർമ്മാണ രീതി എന്നാണ് പറയപ്പെടുന്നത്. ഇരുപത്തഞ്ചും മുപ്പതും വർഷം വരെ ഉപയിഗിക്കുന്ന ലാട കാറുകൾ നിരവധിയാണ് എന്ന് ഷോമോ ഞങ്ങളോട് പറഞ്ഞു. ബാകൂ സിറ്റിയിൽ ലാടയുടെ പഴയ കാറുകൾ അനുവദിക്കുന്നില്ല എന്നും അദ്ദേഹം പറയുന്നു.
നമ്മുടെ നാട്ടിലോ ഗൾഫ് രാജ്യങ്ങളിലോ കാണുന്നത് പോലുള്ള കോൺക്രീറ്റ് വീടുകൾ അല്ല ഇവിടെ. ഷീറ്റ് ഉപയോഗിച്ചുള്ള ചെരിഞ്ഞ മേൽക്കൂരകൾ. ഇരുണ്ട പച്ചയും ചുവപ്പും നിറങ്ങളാണ് മേൽക്കൂരകൾക്ക് അധികവും. തണുപ്പ് കാലാവസ്ഥയായതിനാൽ ആവും ആളുകളെ കൂടുതലും പുറത്ത് കാണില്ല.
ചെറിയ ഷോപ്പുകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിൽ എല്ലാം അസർബൈജാനി ഭാഷാമാത്രം അറിയുന്നവരെയാണ് നാം കണ്ടുമുട്ടുക. ഇംഗ്ലീഷ് അറിയുന്ന സാധാരണക്കാർ വളരെ വിരളം. എണ്ണ സമ്പന്ന രാജ്യമാണ് അസർബൈജാൻ. പോകുന്ന വഴിയിൽ പലയിടങ്ങളിലും എണ്ണപ്പാടങ്ങൾ കാണാം. ഹാലിബർടോൺ , ലുക്കോയിൽ എന്നിവരുടെ വലിയ ഫെസിലിറ്റികളും പലയിടത്തും കാണാനായി. ഖബാലയിലെ പ്രധാന ആകർഷണം അവിടുത്തെ മഞ്ഞു മലയാണ്. മലയിലേക്ക് എത്താൻ റോപ്പ് കാർ ഉണ്ട്. കുന്നിൻ ചെരുവുകളിലായി വിവിധ നിറത്തിലുള്ള വീടുകൾ കാണാൻ മനോഹരമാണ്.
അസർബൈജാനിലെ മറ്റൊരു ആകർഷണമാണ് ബർണിങ് മൗണ്ടൈൻ അല്ലങ്കിൽ കത്തുന്ന മല(Yqnardag ). 4000 വർഷമായി അവിരാമം ആളിക്കത്തുന്ന തീയാണ് ഇത്. ഭൂക്കടിയിൽ നിന്ന് പുറത്തേക്ക് വരുന്ന പ്രകൃതിവാതകമാണ് ആണ് ഈ തീക്ക് കാരണം എന്ന് വിലയിരുത്തപ്പെടുന്നു. അസർബൈജാനിലെ പുരാതന മതവിശ്വാസികൾ അഗ്നിയാരാധകരായ സൊരാഷ്ട്രിയന്മാരാണ്.
നേരത്തെ പലയിടത്തും ഉണ്ടായിരുന്ന പ്രകൃതിവാതക പ്രസരണം നിലച്ചുപോയതിനാൽ തീയും അണഞ്ഞു. അങ്ങനെ അണഞ്ഞ ഒന്നാണ് ഫെയർ ടെംപിൾ . ഇയപ്പോഴത് ഗ്യാസ് പൈപ്പ്ലൈൻ വഴി നിലനിർത്തുന്നു. യുനെസ്കോയുടെ വേൾഡ് ഹെറിറ്റേജിൽ ഉൾപെടുത്തിയതാണ് ഫയർ ടെംപിൾ.
കളിമൺ വോൾകാനോ അഥവാ മഡ് വോൾകാനോ ആണ് ഈ രാജ്യത്തിന്റെ മറ്റൊരു ആകർഷണം. ഖുബുസ്താൻ എന്ന സ്ഥലത്ത് നിരവധി കളിമൺ കൂനകൾ കാണാം. മരംകോച്ചുന്ന തണുപ്പാണിവിടെ. ഭൂമിക്കടിയിൽ നിന്ന് പുറംതള്ളുന്ന ഈ കളിമണ്ണ് ഔഷധവീര്യമുള്ളതാണ് എന്ന് പറയപ്പെടുന്നു. ഖൂബുസ്താനിൽ തന്നെയുള്ള ആർക്കിയോളജി സൈറ്റ്, ചുവർ ചിത്രങ്ങൾ കഥപറയുന്നതാണ്.
ഖബാലയും, ഖുബുസ്ഥാനും, ഫെയർ ടെംപിളും, ഇസ്മയിലി ഫോറെസ്റ്റും, യനാർദ്ദങ്ങും, ബാകുവിലെ നാഷണൽ മ്യൂസിയവും, നഗരത്തിന്റെ പനോരാമിക് കാഴ്ച നൽകുന്ന ഫ്യൂണികുലാറും (funicular), കാസ്പിയൻ കടൽ തീരവും കണ്ടുതീരുമ്പോഴേക്കും ഞങ്ങൾക്ക് മടങ്ങാനുള്ള സമയമായി. ഡിസംബർ മൂന്നിന് ഞായറാഴ്ച ഉച്ചയോടെ എയർപോർട്ടിലേക്ക്. എയർ അറേബ്യയുടെ അബൂദബി ഫ്ളൈറ്റിൽ ആറുമണിയോടെ മടക്കം. രണ്ട് പകലും മൂന്ന് രാത്രിയും അങ്ങനെ എന്നും ഓർമ്മകളിൽ സൂക്ഷിക്കുന്ന യാത്രയായി മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.