Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightമോഹക്കാഴ്ചകളിൽ...

മോഹക്കാഴ്ചകളിൽ അലഞ്ഞുതിരിഞ്ഞങ്ങനെ

text_fields
bookmark_border
മോഹക്കാഴ്ചകളിൽ അലഞ്ഞുതിരിഞ്ഞങ്ങനെ
cancel
പച്ചപ്പും താഴ്‌വരകളും െവള്ളച്ചാട്ടങ്ങളും നദികളും തുരങ്കങ്ങളും പാലങ്ങളും കടന്ന്​ മേഘങ്ങൾക്കിടയിലൂടെ ഒരു ട്രെയിൻ യാത്ര

വയനാടൻ ചുരത്തിലൂടെ ട്രെയിനിൽ പോകുന്നത് ഒന്നുസങ്കൽപിച്ചുനോക്കൂ! ഏതാണ്ട് അതേ ഫീൽ കിട്ടുന്ന ഒരു യാത്രയുണ്ട്. ‘പൈതൃക റെയിൽവേ’ നിലനിന്നിരുന്ന പുനലൂർ-ചെങ്കോട്ട പാതയിലൂടെ തമിഴ്നാട്ടിലെ കുറ്റാലത്തേക്ക്. മീറ്റർഗേജ് പാളത്തിന്‍റെ കൗതുകം ബ്രോഡ്ഗേജിന്​ വഴിമാറിയെന്നതൊഴിച്ചാൽ ഈ യാത്ര അവിസ്മരണീയ അനുഭവംതന്നെയാണ്​ അന്നുമിന്നും. കൊല്ലത്തുനിന്ന്​ തമിഴ്‌നാട്ടിലേക്ക് പോകുന്ന ഈ ​െറയിൽപാത സഞ്ചാരികൾക്ക് ദൃശ്യമനോഹര കാഴ്ചകളാണ് നൽകുന്നത്. പുനലൂരിനും ആര്യങ്കാവിനുമിടയിൽ ചെറുതും വലുതുമായ അഞ്ച്​ തുരങ്കങ്ങൾ, പാലങ്ങൾ, കഴുതുരുട്ടിയിൽ കൊല്ലം-തിരുമംഗലം ദേശീയപാതക്ക്​ (മുമ്പ്​ ദേശീയ പാത 208, ഇപ്പോൾ 744) സമാന്തരമായി കോട്ടവാതിലുകളുടെ സൗന്ദര്യവുമായി പതിമൂന്ന് കണ്ണറപ്പാലം, വനത്തിനിടയിലൂടെയുള്ള യാത്ര എന്നിവയൊക്കെ വളരെ ചെലവ്​ കുറഞ്ഞ ഈ യാത്രയിൽ ആസ്വദിക്കാം. തെൻമല കടന്ന്​ ആര്യങ്കാവ് തുരങ്കത്തിലൂടെ തീവണ്ടി പുറത്തെത്തുന്നത് തമിഴ്നാട്ടിലേക്കാണ്. ചെങ്കോട്ടയും തെങ്കാശിയും രാജപാളയവും ശിവകാശിയും ഉൾപ്പെടെ പേരുകേട്ട പലയിടങ്ങളും ഈ യാത്രയിൽ കൂട്ടുകൂടാനെത്തും. ‘അലഞ്ഞുനടക്കുന്ന ഒരാൾ മാത്രമേ പുതിയ പാതകൾ കണ്ടെത്തുകയുള്ളൂ’ എന്ന നോർവീജിയൻ പഴഞ്ചൊല്ല് ഓർത്തുകൊണ്ട്​ യാത്രതുടങ്ങാം...

കുറ്റാലം, വെള്ളച്ചാട്ടങ്ങളുടെ കേന്ദ്രം

പശ്ചിമഘട്ടത്തിൽ 550 അടി ഉയരത്തിലും സമുദ്രനിരപ്പിൽനിന്ന് 167 മീറ്റർ ഉയരത്തിലും സ്ഥിതിചെയ്യുന്ന കുറ്റാലം വെള്ളച്ചാട്ടം തമിഴ്​നാട്ടിൽ തെങ്കാശി ജില്ലയിൽപെടുന്ന പ്രദേശമാണ്​. ‘സ്പാ ഓഫ് ദ സൗത്ത്’ എന്നാണ്​ ഇത് അറിയപ്പെടുന്നത്​. ചെങ്കോട്ട റെയിൽവേ സ്​റ്റേഷനിൽ ഇറങ്ങി ഓട്ടോറിക്ഷ പിടിച്ചാൽ ചെങ്കോട്ട ബസ്​സ്റ്റാൻഡിൽ എത്താം. അവിടെനിന്ന്​ കുറ്റാലത്തേക്ക്​ 10 മിനിറ്റ്​ ഇടവിട്ട്​ ബസുണ്ട്​. പശ്ചിമഘട്ടത്തിലെ പൊതിഗൈ മലനിരകളിൽ നിന്നുത്ഭവിക്കുന്ന ഒമ്പത് വെള്ളച്ചാട്ടങ്ങളാണിവിടത്തെ മുഖ്യ ആകർഷണം. പിന്നെ നിരവധി ക്ഷേത്രങ്ങളും. കുറ്റാലത്തെ പ്രധാന വെള്ളച്ചാട്ടങ്ങൾ പേരരുവി, ഐന്തരുവി, പഴയരുവി എന്നിവയാണ്. പുലിയരുവി, ചെമ്പകദേവിയരുവി, ചിത്തിര അരുവി, തേനരുവി, പുതു അരുവി, പഴത്തോട്ട അരുവി എന്നിവയാണ് മറ്റുള്ളവ.

ഭംഗിയും വലുപ്പവും കൂടുതൽ പേരരുവിക്കു തന്നെ. ഏകദേശം100 മീറ്റർ ഉയരത്തിൽനിന്ന്​ താഴേക്ക്​ പതിക്കുന്ന ഈ വെള്ളച്ചാട്ടം മെയിൻ ഫാൾസ് എന്നാണറിയപ്പെടുന്നത്. തൊട്ടടുത്ത് തന്നെ കുറ്റ്രാലനാഥർ (ശിവൻ) ക്ഷേത്രവും സ്ഥിതിചെയ്യുന്നു. 19 മീറ്റർ താഴ്ചയുള്ള പൊങ്ങുമകടൽ എന്ന പ്രകൃതിദത്ത ഗർത്തമാണ് വെള്ളത്തിന്‍റെ ഒഴുക്ക് തടസ്സപ്പെടുത്തുന്നത്. ഈ ഗർത്തം ജലപ്രവാഹത്തിന്‍റെ ആഘാതം കുറക്കുകയും വെള്ളത്തിന്‍റെ വേഗം കുറക്കുകയും ചെയ്യുന്നു. അതിനാൽ സുരക്ഷിതമായി കുളിക്കാനാകും. അഞ്ച്​ വെള്ളച്ചാട്ടങ്ങൾ ഒന്നുചേരുന്ന സൗന്ദര്യമാണ് ഐന്തരുവിയുടേത്. വലിയൊരു പാറയിടുക്കിലേക്ക്​ ചാടിയെത്തുന്നതാണ് പഴയരുവി. മൂന്നിടങ്ങളിലും സുരക്ഷിതമായി കുളിക്കാനാകുമെന്നത്​ മ​റ്റൊരു സവിശേഷത​.

ഓരോ വെള്ളച്ചാട്ടത്തിലേക്കും പ്രത്യേകം പോകണം. ചിലയിടങ്ങളിൽ നിയന്ത്രണമുണ്ട്. മഴ കനക്കുമ്പോൾ സ്ഥിരമായി വെള്ളപ്പാച്ചിൽ ഉണ്ടാകാറുള്ള ഇടം കൂടിയാണിത്​. മുന്നറിയിപ്പുകൾ പലപ്പോഴും കാര്യമായി എടുക്കാത്തതുമൂലമുള്ള അപകടങ്ങൾ ഒഴിച്ചാൽ താരതമ്യേന സുരക്ഷിതമാണ്​ ഇവിടം. സാഹസികമായി വീണ്ടും മുകളിലേക്ക് കയറിയാൽ തേനരുവിയിലെ ഗംഭീര വെള്ളച്ചാട്ടത്തിലെത്താം. മല കയറാൻ വനം വകുപ്പിന്‍റെ സമ്മതം വേണം. വഴി ദുർഘടം തന്നെ. മെയിൻ ഫാൾസിൽനിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്നു. ഈ വെള്ളച്ചാട്ടങ്ങൾ രൂപപ്പെടുന്ന കുന്നുകൾക്ക് ചുറ്റുമുള്ള നിരവധി തേൻ ചീപ്പുകളിൽ നിന്നാണ് വെള്ളച്ചാട്ടത്തിന് ഈ പേര് ലഭിച്ചത്.

ശക്തമായ അടിയൊഴുക്കും വെള്ളപ്പൊക്കവും കാരണം വർഷത്തിൽ ഭൂരിഭാഗം സമയവും തേനരുവിയിലേക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുന്നു. പേരരുവിയിൽനിന്ന്​ എട്ട്​ കിലോമീറ്റർ പോയാൽ ഐന്തരുവിയായി. ഇവിടെ വെള്ളച്ചാട്ടം അഞ്ചായിപ്പിരിഞ്ഞ്​ വീഴുന്ന മനോഹര കാഴ്ച കാണാം. ഇതിനടുത്ത് തന്നെയാണ്​ പഴത്തോട്ട അരുവിയും പുലി അരുവിയും. ഔഷധസസ്യങ്ങളാൽ സമ്പന്നമായ പൊതിഗൈ മലകളിൽ നിന്ന് വരുന്നതിനാൽ ഈ ജലത്തിന്​ ഔഷധഗുണമുണ്ടെന്നാണ്​ വിശ്വസിക്കപ്പെടുന്നത്​.

പതിമൂന്ന് കണ്ണറപ്പാലം

പതിമൂന്ന് കമാനമുള്ള കണ്ണറപ്പാലം കൊളോണിയൽ കാലഘട്ടത്തിലെ നിർമിതികളാൽ ശ്രദ്ധേയമാണ്. കൊല്ലം ജില്ലയിലെ കഴുതുരുട്ടിയിലാണ് ഈ എൻജിനീയറിങ്​ വിസ്മയം. 102 മീറ്റർ നീളവും അഞ്ച്​ മീറ്റർ പൊക്കവുമുള്ള പതിമൂന്ന് കണ്ണറപ്പാലത്തിന് വർഷം ​100 കഴിഞ്ഞിട്ടും ജീർണതകളൊന്നുമില്ല. ബ്രിട്ടീഷ് ഭരണകാലത്ത് സുർക്കി രീതിയിൽ പണികഴിപ്പിച്ച പാലത്തിന്‍റെ നിർമാണത്തിന് സിമന്‍റ്​ ഉപയോഗിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. കൊല്ലം-ചെങ്കോട്ട മീറ്റർഗേജ് പാത ഇതിന്​ മുകളിലൂടെയാണ് കടന്നുപോകുന്നത്, താഴെയായി കൊല്ലം-തിരുമം‌ഗലം ദേശീയപാതയും. 100 അടിയോളം ഉയരമുള്ള 13 കരിങ്കൽ തൂണുകളാണ് പാലത്തെ താങ്ങിനിർത്തുന്നത്.

കല്ലടയാറിന്​ മുകളിലെ പാലത്തിലൂടെ പോകുമ്പോൾ പുനലൂർ തൂക്കുപാലം കാണാം. ചെങ്കോട്ടവരെ വേഗം വളരെ കുറച്ചാണ് ട്രെയിനുകൾ പോകുന്നത്. തെന്മല സ്റ്റേഷൻ കഴിഞ്ഞാൽ കാനനഭംഗി നിറച്ച്​ നോക്കെത്താ ദൂരത്തോളം മലനിരകൾ ദൃശ്യമാകും. തമിഴ്നാട്ടിലെത്തിയാൽ പിന്നെ കണ്ണെത്താ ദൂരത്തോളം വയൽക്കാഴ്ചകൾ. കാറ്റാടിയന്ത്രങ്ങളും അകമ്പടിയായി വിളഞ്ഞുനിൽക്കുന്ന കൃഷിയിടങ്ങളിലൂടെയുമാണ്​ പിന്നെ യാത്ര. സ്ഥലനാമ ബോർഡിൽ മലയാളം തമിഴിന്​ വഴിമാറുന്ന സ്റ്റേഷനായ ഭഗവതിപുരവും കാണാം.

ചെലവ്​ തീരെ കുറവ്

കുത്തനെയും വളഞ്ഞും ഉൾപ്പെടെ വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിലൂടെയാണ് റൂട്ട്. അത്​ യാത്രയുടെ കൗതുകവും ആകർഷണീയതയും വർധിപ്പിക്കുന്നു. പശ്ചിമഘട്ടത്തിന്‍റെ മനോഹാരിത അനുഭവിക്കാനും പ്രദേശത്തിന്‍റെ സാംസ്കാരിക പൈതൃകം കാണാനും ഇതിലും ചെലവ്​ കുറഞ്ഞ യാത്ര വിരളമായിരിക്കും. കോട്ടയത്തുനിന്ന്​ ചെങ്കോട്ട വരെ വെറും 75 രൂപയാണ്​ ട്രെയിൻ ടിക്കറ്റ്​. കൊല്ലം-ചെങ്കോട്ട റെയിൽപാതയുടെ ഏറ്റവും പ്രധാന സവിശേഷതകളിലൊന്ന് പശ്ചിമഘട്ടത്തിലൂടെയുള്ള അതിമനോഹര യാത്രയാണ്. കൊല്ലം ജില്ലയിൽ ആര്യങ്കാവിനടുത്ത് സ്ഥിതിചെയ്യുന്ന പാലരുവി വെള്ളച്ചാട്ടവും ഈ യാത്രയുടെ പ്ലാനിങ്ങിൽ പെടുത്താവുന്നതാണ്​. പേരു പോലെ തന്നെ പാലൊഴുകുന്നതാണെന്ന് തോന്നിപ്പിക്കുന്നതാണീ വെള്ളച്ചാട്ടത്തിന്‍റെ ഭംഗി.

എല്ലാ കടലുകൾക്കും, എല്ലാ അതിർത്തികൾക്കും, എല്ലാ രാജ്യങ്ങൾക്കും, എല്ലാ വിശ്വാസങ്ങൾക്കും അപ്പുറത്തേക്ക് പോകാൻ ഒരിക്കലും മടിക്കരുതെന്നാണ്​ ഏതൊരു സഞ്ചാരിയും മനസ്സിൽ സൂക്ഷിച്ചുവെക്കേണ്ട ആപ്തവാക്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travel newsTravel Destinations
News Summary - Travel News
Next Story