മോസ്കോ… അത്ഭുതങ്ങളുടെ മഹാ നഗരം
text_fieldsയാത്രകൾക്കിടയിലെ ഇടവേളകൾ എന്നെ അസ്വസ്ഥപ്പെടുത്താറുണ്ടായിരുന്നു. എപ്പോഴും രാജ്യങ്ങളുടെ അതിർവരമ്പുകൾ ഭേദിച്ച് ലോകം കീഴടക്കണമെന്ന അതിയായ ആഗ്രഹം മാത്രമായിരുന്നു മനസ്സിൽ. ഓരോ യാത്രകൾ അവസാനിക്കുമ്പോഴും പുതിയലോകവും സംസ്കാരവും തേടിയുള്ള ചിന്തകളുടെ അലച്ചിലായിരിക്കും. ചിന്തകളുടെ അകക്കാഴ്ചകളാണ് യാത്രകളെ എപ്പോഴും മനോഹരമാക്കുന്നതും.
26 ഓളം രാജ്യങ്ങളിലൂടെ സഞ്ചരിച്ച എനിക്ക് അതിശയകരമായ അനുഭവങ്ങൾ സമ്മാനിച്ച ഒരു യാത്രയായിരുന്നു ചുവപ്പൻ ചക്രവാളമുള്ള മോസ്കോയിലേക്കുള്ള യാത്ര. യു.എ.ഇ ആണ് എന്റെ യാത്ര സ്വപ്നങ്ങൾക്ക് നിറം പകർന്നത്. ഒപ്പം കൂട്ടിന് നല്ല സുഹൃത്തുക്കളെ കൂടി ലഭിച്ചപ്പോൾ യാത്ര ലക്ഷ്യങ്ങളൊക്കെ എളുപ്പമുള്ളതായി. ഞങ്ങൾ അഞ്ച് പേരടങ്ങുന്ന സുഹൃത്തുക്കളാണ് റഷ്യയിലേക്കുള്ള യാത്ര പങ്കാളികൾ. ദുബൈയിലെ ഒരു ഏജൻസി വഴി 650 ദിർഹം കൊടുത്താണ് മോസ്കോയിലേക്ക് വിസ തരപ്പെടുത്തിയത്. ഷാർജയിൽ നിന്നും എയർ അറേബ്യ വിമാനത്തിലാണ് മോസ്കോയിലേക്കുള്ള യാത്ര. രാവിലെ ഒമ്പതി മണിക്കായിരുന്നു ചെങ്കോട്ട ലക്ഷ്യമാക്കി ഞങ്ങൾ പറന്നത്. കരയും കടലും താണ്ടി അഞ്ച് മണിക്കൂർ നേരത്തെ യാത്രക്കൊടുവിൽ മോസ്കോയുടെ ആകാശത്ത് വിമാനം വട്ടമിടാൻ തുടങ്ങി.
വിൻഡോ സീറ്റിലിരുന്ന് മേഘത്തുണ്ടുകൾക്കിടയിലൂടെ ലോകത്തെ ഏറ്റവും വലിയ രാജ്യത്തെ കാഴ്ചകൾ കാണാൻ തുടങ്ങി. ഉച്ച തിരിഞ്ഞ് ഒരു മണിയോടടുപ്പിച്ച് ഡോം ഡേവ് അന്താരാഷ്ട്ര വിമാനത്തിൽ ഞങ്ങൾ സുരക്ഷിതമായി ലാന്റ് ചെയ്തു. വിസാ നടപടി ക്രമങ്ങൾ കടുപ്പമേറിയതാണ്.
ഇന്ത്യക്കാരാണെന്നറിഞ്ഞപ്പോൾ യാത്രാ രേഖകൾ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കി. ഒരു മണിക്കൂറോളം തടഞ്ഞു വെച്ചതിന് ശേഷമാണ് പുറത്തേക്കിറങ്ങാൻ അനുവദിച്ചത്. വിമാനത്താവളത്തിൽ നിന്നും മോസ്കോയിലേക്ക് 42 കിലോമീറ്റർ ദൂരമുണ്ട്. അർബാത് സ്ട്രീറ്റിലാണ് ഞങ്ങൾ ഹോട്ടൽ ബുക്ക് ചെയ്തത്. എയർപോർട്ടിൽ നിന്ന് ട്രെയിൻ മാർഗമാണ് ഞങ്ങൾ മോസ്കൊയിലേക്ക് യാത്ര തിരിച്ചത്. ഏറ്റവും ആധുനികമായ സംവിധാനങ്ങളും ഉയർന്ന നിലവാരവും വൃത്തിയുള്ളതുമായ ബോഗികൾ. ഇന്ത്യൻ സഞ്ചാരികൾ റഷ്യയിലെത്തുന്നത് പൊതുവെ കുറവാണെന്ന് എയർപോർട്ടിൽ നിന്നും മനസ്സിലാക്കി.
അര മണിക്കൂറിനുള്ളിൽ മോസ്കോയിലെത്തി. ആൽപൈൻ മരങ്ങൾക്കിടയിലൂടെ വിശാലമായ റോഡുകളും നദികളും കടന്നുള്ള ആദ്യ യാത്ര തന്നെ ഹൃദ്യമായിരുന്നു. സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയ ഞങ്ങളെ വരവേറ്റത് ചാറ്റൽ മഴയായിരുന്നു. സമയം നാല് മണിയോടാതിരിക്കുന്നു. ടാക്സിയെടുത്ത് നേരെ താമസ സ്ഥലമായ അർബാത് സ്ട്രീറ്റിലേക്കു പോയി. അറബിക് ഫുഡും ഹലാൽ ഫുഡും ലഭിക്കുന്ന നിരവധി ഭോജനശാലകൾ അർബാത് സ്ട്രീറ്റിൽ കാണാം. ഭക്ഷണത്തിന് ശേഷം യാത്രാ ക്ഷീണമകറ്റാൻ നന്നായൊന്നുറങ്ങി. അടുത്തദിവസം രാവിലെ പട്ടണക്കാഴ്ചകൾ തേടി ഇറങ്ങി. ഇ സ്കൂട്ടറുകൾ ഉപയോഗിച്ചാണ് മഹാ നഗരത്തിലെ ഞങ്ങളുടെ യാത്ര .
റെഡ് സ്ക്വയർ
മോസ്കോയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും പ്രസ്തമായ സ്ക്വയറുകളിലൊന്നാണ് റെഡ് സ്ക്വയർ. റെഡ്സ്ക്വയറിലെ പ്രധാന കാഴ്ചകളിലൊന്ന് ലെനിന് സ്മാരകമാണ്. നിരവധി ചരിത്രങ്ങളുടെ സത്ത പേറി നിൽക്കുന്ന റെഡ് സ്ക്വയറിന്റെ കാഴ്ച്ച രാജ്യത്തിന്റെ പ്രതാപം വിളിച്ചോതുന്നതാണ്. റെഡ് സ്ക്വയറിലെ മറ്റൊരു മനോഹര കാഴ്ചയാണ് ഈ ചത്വരത്തിൽ ഓരം പറ്റി നിൽക്കുന്ന സെന്റ് ബേസിൽ കത്തീഡ്രൽ ചർച്ച്.
ചർച്ചാണെങ്കിലും വിശ്വാസികളെയോ പതിവ് ആരാധന രീതികളെയോ ഇവിടെ എവിടെയും കാണാൻ കഴിയില്ല . അതിന്റെ വർണാഭമായ ഉള്ളി ആകൃതിയിലുള്ള താഴികക്കുടങ്ങൾ മനോഹര കാഴ്ചയാണ്. 1555-61 കാലയളവിലാണ് ഈ ആരാധനാലയം നിർമിക്കപ്പെട്ടത്. ഇതിന്റെ സങ്കീർണമായ പാറ്റേണുകളും തിളക്കമുള്ള നിറങ്ങളും ആശ്ചര്യപ്പെടുത്തുന്ന കാഴ്ചകളാണ്. നിലവിൽ സെന്റ് ബേസിൽ ചരിത്ര മ്യൂസിയം ആണ്.
തല ഉയർത്തി നിൽക്കുന്ന ക്രെംലിൻ
സാർ ചക്രവർത്തിമാരുടെ രാജകീയ വസതി ഉൾകൊണ്ടിരുന്ന മോസ്കോയിലെ മനോഹരമായ കോട്ട സമുച്ചയമാണ് ക്രെംലിൻ. തലസ്ഥാന നഗരത്തിന്റെ മധ്യ ഭാഗത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. കോട്ടയ്ക്കകത്ത് ഏഴോളം പള്ളികളുണ്ട്. സ്വർണ്ണ നിറത്തിലുള്ള താഴികക്കുടങ്ങളും ഗോപുരങ്ങളും ചുറ്റു മതിലും ഉൾപ്പെടുന്നതാണ് ക്രെംലിൻ കോട്ട സമുച്ചയം. നിലവിൽ റഷ്യൻ ഫെഡറേഷന്റെ പ്രസിഡണ്ടിന്റെ വസതിയാണ് ക്രെംലിൻ.
കത്തീഡ്രൽ മോസ്ക്
വലിയ പെരുന്നാൾ നമസ്കാരത്തിനായി വെളുപ്പിന് മൂന്നു മണിക്കായിരുന്നു മോസ്കോയിലെ ചരിത്രപ്രസിദ്ധമായ പള്ളി തേടി ഞങ്ങൾ യാത്രയായത്. മഹാ നഗരത്തിന്റെ ആത്മീയവും സാംസ്കാരികവുമായ വൈവിധ്യങ്ങൾക്ക് പെരുന്നാൾ നംസ്കാരത്തിലൂടെ ഞങ്ങൾ സാക്ഷ്യം വഹിച്ചു. മോസ്കോയുടെ മഹത്തായ സംസ്കാരത്തെ കുറിച്ചുള്ള ഗ്രാഹ്യത്തിന് മറ്റൊരു തലം നൽകുന്നതായിരുന്നു പട്ടണത്തിൽ തല ഉയർത്തി നിൽക്കുന്ന കത്തീഡ്രൽ മോസ്ക് സന്ദർശനം
അർബാത് സ്ട്രീറ്റ്
തലസ്ഥാന നഗരിയിലെ ഏറ്റവും പഴക്കം ചെന്ന തെരുവുകളിലൊന്നാണ് അർബാത് സ്ട്രീറ്റ്. പതിനഞ്ചാം നൂറ്റാണ്ട് മുതൽ ഈ തെരുവ് നിലവിലുണ്ട്. നിരവധി എഴുത്തുകാരുടെയും കരകൗശല വിദഗ്ദൻമാരുടെയും വാസസ്ഥലമായിരുന്ന ഈ സ്ട്രീറ്റ് അർബാത് ജില്ലയുടെ ഹൃദയ ഭാഗമാണ്. വൈകുന്നേരങ്ങളിൽ സജീവമാകുന്ന അർബാത് സ്ട്രീറ്റിൽ കാഴ്ചകളേറെയുണ്ട്. നിരവധി കലാകാരന്മാരെയും സംഗീതജ്ഞരെയും ഇവിടെ കാണാൻ സാധിക്കും . മുട്ടും പാട്ടും ഗിറ്റാറുമൊക്കെ സ്വയം നിയന്ത്രിച്ചുകൊണ്ടുള്ള പരിപാടികൾ നമ്മേ അത്ഭുതപ്പെടുത്തും.
വിത്യസ്തങ്ങളായ നിരവധി ഗ്രന്ഥ ശാലകളും ഇവിടെ കാണാം. റഷ്യൻ ഭാഷകളിൽ മാത്രമുള്ള പുസ്തകങ്ങളാണ് വിൽക്കപ്പെടുന്നത്. റഷ്യക്കാർ അവരുടെ ഭാഷ മാത്രം സംസാരിക്കാനാഗ്രഹിക്കുന്നവരാണ്. എങ്കിലും എല്ലാ അന്വേഷണങ്ങൾക്കും സഹകരണ മനോഭാവത്തോടുകൂടിയുള്ള പ്രതികരണം അവരുടെ ഹൃദയ വിശാലത വിളിച്ചോതുന്നതാണ്.
അയൽ രാജ്യങ്ങളായ ഉസ്ബെക്കിസ്ഥാൻ, കിർഗിസ്ഥാൻ എന്നിവിടങ്ങളിലെ ഭക്ഷണങ്ങൾ മോസ്കോയിൽ ഏറെക്കുറെ എല്ലായിടത്തും ലഭ്യമാണ്. അത്ഭുത നഗരമാണ് മോസ്കൊ 1935ൽ 80 മീറ്ററോളം ഭൂമിക്കടിയിൽ പല നിലകളിലായി സ്ഥാപിച്ച മെട്രോ ഏവരെയും ആശ്ചര്യപ്പെടുത്തും. ചെങ്കോട്ട പ്രതീക്ഷിച്ച് മോസ്കോയിലെത്തിയ ഞങ്ങൾക്ക് കമ്മ്യൂണസത്തിന്റെ ചുവപ്പോ ചെങ്കൊടിയോ എവിടെയും കാണാൻ കഴിഞ്ഞില്ല. മൂന്നു ദിവസത്തെ മോസ്കൊ സന്ദർശനം പൂർത്തിയാക്കി പിറ്റേ ദിവസം സെന്റ് പീറ്റർബർഗിലേക്ക് യാത്ര തിരിക്കാനായി മനസിലുറപ്പിച്ചു.
സെന്റ് പീറ്റർബർഗ്
കോട്ടകളുടെയും കൊട്ടാരങ്ങളുടെയും നാടായ മോസ്ക്കോയോട് വിടപറഞ്ഞ് സെന്റ് പീറ്റർബർഗിലേക്ക് യാത്ര തിരിക്കുകയാണ് .17ാം നൂറ്റാണ്ടിൽ റഷ്യയുടെ തലസ്ഥാനമായിരുന്ന മഹാ നഗരം. മോസ്കോയിൽ നിന്ന് സെന്റ് പീറ്റർബർഗിലേക്ക് 650 ഓളം കിലോമീറ്ററുകൾ താണ്ടണം. ബുള്ളറ്റ് ട്രെയ്നിൽ മൂന്നര മണിക്കൂർ സമയമെടുക്കും. പച്ചപ്പരവതാനി വിരിച്ച പുൽമേടുകളെ തലോടിയാണ് തീവണ്ടി ലക്ഷ്യ സ്ഥാനത്തേക്ക് കുതിച്ചു പായുന്നത്. കാടും പുഴയും താണ്ടി കണ്ണെത്താ ദൂരത്തെ കാഴ്ചകൾ കണ്ട് കൊണ്ടിരുന്നപ്പോൾ സമയം പോയതറിഞ്ഞില്ല.
പ്രകൃതിയുടെ മടിത്തട്ടിലിരുന്നുള്ള പ്രയാണത്തിൽ ഇടക്കെവിടെയോ ഉറക്കിലേക്ക് വഴുതിവീണ ഞാൻ റഷ്യൻ ഭാഷയിലുള്ള അനൗൺസ്മെന്റ് കേട്ടാണ് ഉണർന്നത്. അതെ ലക്ഷ്യ സ്ഥാനത്തെത്തിയിരിക്കുന്നു. ബാൾട്ടിക് കടലിലെ തുറമുഖ നഗരമാണ് സെന്റ്പീറ്റർബർഗ് .1703ൽ പീറ്റർ ദ ഗ്രേറ്റ് സ്ഥാപിച്ച ഈ നഗരം 17ാം നൂറ്റാണ്ടിൽ രാജ്യ തലസ്ഥാനമായിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണിത്. നേവ നദിയിലെ ക്രൂയിസ്, ഹെമിറ്റേജ് മ്യൂസിയം, സെന്റ് ഐസക് കത്തീഡ്രൽ എന്നീ കാഴ്ചകൾ കണ്ട് പിറ്റെ ദിവസം ഷാർജയിലേക്ക് മടങ്ങി. കാഴ്ചകളുടെ ലോകമാണ് ഈ മഹാ നഗരം. ഇവിടുത്തെ ചില മ്യൂസിയങ്ങളിലെ കാഴ്ചകൾ പോലും മാസങ്ങളെടുത്ത് കാണേണ്ടതാണ്. ഓരോ യാത്രയും അവസാനിക്കുന്നത് ഒരായിരം പുതിയ യാത്രക്കുള്ള ഊർജം നൽകിയാണ്. അവിസ്മരണീയ കാഴ്ചകൾ സമ്മാനിച്ച റഷ്യക്ക് വിട.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.